ADVERTISEMENT

ഗഹനമായ വിഷയം സിനിമാ സങ്കേതങ്ങളിലൂടെ ലളിതമായും സരസമായും അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് കൃഷാന്തിന്റെ പുരുഷപ്രേതം. സിനിമയുടെ പേരിൽ പ്രേതമുണ്ടെങ്കിലും മലയാള സിനിമ കണ്ടു പരിചയിച്ച തരത്തിലുള്ള 'പ്രേതപ്പട'മല്ല ഈ സിനിമ. കെട്ടിലും മട്ടിലും ആദ്യന്തം പുതുമയുള്ള റിയലിസ്റ്റിക്കായ പൊലീസ് പടമെന്ന വിശേഷണമാകും ചിത്രത്തിനു ചേരുക. ചില പൊലീസ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം പൊതുജനത്തിനും ഡിപ്പാർട്ട്മെന്റിന‌ും ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ‘പുരുഷപ്രേതം’ അവതരിപ്പിക്കുന്നത്. 

 

വ‌ൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ കൃഷാന്ത് ഒരുക്കിയിരിക്കുന്ന പുരുഷപ്രേതം ചിരിപ്പിക്കുകയും അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയെന്ന് നിസംശയം ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ആദ്യചിത്രം മുതൽ കൃഷാന്ത് പിന്തുടരുന്ന ഫിലിം മേക്കിങ് രീതി കൂടുതൽ തെളിമയോടെ ഈ ചിത്രത്തിലും ആവർത്തിക്കുന്നു. തിരഞ്ഞെടുത്ത വിഷയം, കഥാപാത്രസൃഷ്ടി, അഭിനേതാക്കളുടെ പ്രകടനം, അതു കോർത്തു വയ്ക്കുന്ന ഛായാഗ്രഹണവും ശബ്ദസങ്കലനും ചിത്രസംയോജനവും! കൃഷാന്തിന് മാത്രം സാധ്യമാകുന്ന ശൈലി തന്നെയാണ് പുരുഷപ്രേതത്തെയും ‌വേറിട്ടു നിറുത്തുന്നത്. 

 

പുഴയിൽ പൊങ്ങിയ അജ്ഞാത മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് പുരുഷപ്രേതത്തിന്റെ കഥ തുടങ്ങുന്നത്. അന്വേഷണത്തിന്റെ ചുമതല ഡിപ്പാർട്ട്മെന്റിൽ സൂപ്പർ സെബാസ്റ്റ്യൻ എന്നു വിളിപ്പേരുള്ള എസ്.ഐ സെബാസ്റ്റ്യന്റനും. സിനിമ തുടങ്ങുന്നതു തന്നെ നല്ല എരിവും പുളിവും ചേർത്ത സൂപ്പർ സെബാസ്റ്റ്യന്റെ സർവീസ് സ്റ്റോറി പറച്ചിലിലൂടെയാണ്. പൊടിപ്പും തൊങ്ങലും വച്ച് തന്റെ വീരകൃത്യങ്ങൾ സഹപ്രവർത്തകർക്കു മുന്നിൽ പറയാറുള്ള സെബാസ്റ്റ്യന്റെ വലംകയ്യാണ് കോൺസ്റ്റബിൾ ദിലീപ്. പുഴയിൽ കണ്ടെത്തിയ ഒരു അജ്ഞാത മൃതദേഹം സെബാസ്റ്റ്യന്റെയും ദിലീപിന്റെയും സർവീസിലുംജീവിതത്തിലും വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്.   

 

ഒരു വിഷയം സംസാരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ടു കിടക്കുന്ന സങ്കീർണപ്രശ്നങ്ങളുടെ അടരുകൾ കൃത്യമായും ലളിതമായും സിനിമയിൽ ചേർത്തു വയ്ക്കുക എന്നു പറയുന്നത് തീർച്ചയായും ഏറെ വെല്ലുവിളിയാണ്. കൃഷാന്തിന്റെ പുരുഷപ്രേതം കാണുമ്പോൾ പ്രേക്ഷകർ ആലോചിക്കുക, ഇതൊക്കെ ഇത്ര സിംപിളാണോ എന്നാകും ! അധികാരവ്യവസ്ഥതിയുടെ പൊള്ളത്തരത്തെയും, ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ കെടുകാര്യസ്ഥിതിയെയും ലിംഗനീതിയുടെ അനിർവചനീയമാനദണ്ഡങ്ങളുടെയും നേർക്കാഴ്ചകളാണ് പുരുഷപ്രേതത്തിന്റെ ഓരോ ഫ്രെയിമും. അതു കാണുമ്പോൾ പ്രേക്ഷകർ ചിരിച്ചു പോകുന്നത് അത്രയും പരിചിതമാണ് അതു നൽകുന്ന അനുഭവപരിസരം എന്നതുകൊണ്ടു കൂടിയാണ്. 

 

പത്രങ്ങളിൽ ചെറിയ തലക്കെട്ടിൽ പ്രത്യക്ഷപ്പെടുന്ന 'അജ്ഞാത മൃതദേഹം കണ്ടെത്തി' എന്ന വാർത്തയും അതിനൊപ്പം ചിലപ്പോഴെങ്കിലും ചേർക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോയും രണ്ടാമതൊരു നോട്ടം കൊണ്ടുപോലും ആരും ശ്രദ്ധിക്കാറില്ല. അത്തരം ഓരോ വാർത്തയ്ക്കു പിന്നിലും എണ്ണിയിലൊടുങ്ങാത്ത സങ്കീർണതകളുള്ള നടപടിക്രമങ്ങളുണ്ടെന്ന് കാണിച്ചു തരികയാണ് പുരുഷപ്രേതം എന്ന സിനിമ. ഒരു വഴിപാട് പോലെ ആവർത്തിക്കുന്ന പ്രേതപരിശോധനയും വാർത്ത കൊടുക്കലും മോർച്ചറി സൂക്ഷിപ്പും പലപ്പോഴും അവസാനിക്കുന്നത് പൊതു ശ്മശാനത്തിലെ കുഴിച്ചിടലിലാണ്. അതിനിടയിൽ ചട്ടം പടി നടക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ വരുത്തുന്ന വീഴ്ചകളിൽ ഉത്തരം പറയേണ്ടി വരുന്നത് പലപ്പോഴും ഈ ശ്രേണിയിൽ ഏറ്റവും താഴെ കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാകും. 

 

പ്രശാന്ത് അലക്സാണ്ടർ, ജഗദീഷ് എന്നീ രണ്ടു അഭിനേതാക്കളുടെ അതിഗംഭീരപ്രകടനമാണ് പുരുഷപ്രേതത്തിന്റെ പ്രധാന ആകർഷണം. സൂപ്പർ സെബാസ്റ്റ്യനായി പ്രശാന്ത് അലക്സാണ്ടർ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുമ്പോൾ അതിനൊപ്പം തിളങ്ങി നിൽക്കുന്നുണ്ട് ജഗദീഷിന്റെ കോൺസ്റ്റബിൾ ദിലീപ്. ഈയടുത്ത കാലത്തായി ക്യാരക്ടർ റോളുകളിൽ സ്വന്തം അഭിനയശൈലിയുടെ പൊളിച്ചെഴുത്ത് നടത്തുന്ന ജഗദീഷ് ഈ ചിത്രത്തിലും അത് ആവർത്തിക്കുന്നു. പ്രശാന്ത് അലക്സാണ്ടറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സൂപ്പർ സെബാസ്റ്റ്യൻ. സിനിമയിലെ നായകൻ പ്രശാന്തിന്റെ സൂപ്പർ സെബാസ്റ്റ്യനാണ്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന ഈ കഥാപാത്രത്തെ സൂക്ഷ്മമായി തന്റെ  അഭിനയശരീരത്തിനുള്ളിലേക്ക് ആവാഹിക്കാൻ പ്രശാന്തിന് കഴിഞ്ഞിട്ടുണ്ട്. 

 

സ്ത്രീകഥാപാത്രങ്ങളിൽ ശക്തമായ സാന്നിധ്യമാകുന്നത് ദർശന രാജേന്ദ്രന്റെ സൂസനും ദേവകി രാജേന്ദ്രന്റെ സുജാതയുമാണ്. ഈ രണ്ടു സ്ത്രീകളും സത്യത്തിൽ പൊരുതുന്നത് ആണധികാര വ്യവസ്ഥയോടാണ്. അതിന് അവർക്ക് അവരുടേതായ രീതികളും ന്യായങ്ങളുമുണ്ട്. ഇവരെക്കൂടാതെ സിനിമയിൽ വന്നുപോകുന്ന നിരവധി സ്ത്രീകഥാപാത്രങ്ങളുണ്ട്. സ്വാഭാവിക അഭിനയത്തിലൂടെ അവർക്കു നൽകിയ കഥാപാത്രങ്ങളെ ഭംഗിയായി തന്നെ അവർ അവതരിപ്പിക്കുന്നുണ്ട്. ഷിൻസ് ഷാൻ, രാഹുൽ, മാലാ പാർവതി, ജോളി ചിറയത്ത്, ഗീതി സംഗീത തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു 

 

പുരുഷകേന്ദ്രീകൃത സമൂഹം ആഘോഷിച്ചു നടപ്പാക്കുന്ന സ്ത്രീശാക്തീകരണ മാതൃകകളുടെ പൊള്ളത്തരവും സിനിമ തുറന്നു കാണിക്കുന്നുണ്ട്. പൊലീസും കോടതിയും പോലെ നിയമാധികാര വ്യവസ്ഥയുടെ എല്ലാ തട്ടിലും സ്ത്രീസാന്നിധ്യം വർധിക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളിൽ ഇപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് സരസമായി സിനിമ കാണിക്കുന്നുണ്ട്. തുണിയലക്കിക്കൊണ്ടിരിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്. ഗാർഹിക അതിക്രമവും ജീവിക്കാൻ വേണ്ടി സമൂഹത്തിലെ പല തട്ടിലുള്ള സ്ത്രീകൾ നടത്തുന്ന പലവിധ അതിജീവന ശ്രമങ്ങളും സിനിമ പ്രേക്ഷകർക്കു മുമ്പിൽ തുറന്നു വയ്ക്കുന്നു. സമൂഹത്തിന്റെ പല തട്ടിലും തേച്ചിട്ടും മായ്ച്ചിട്ടും പോകാതെ കിടക്കുന്ന ജാതിബോധത്തെ സംവിധായകൻ അഭിസംബോധന ചെയ്യുന്നുണ്ട്. ഒപ്പം ഒരുപാട് പൊലീസ് ഉദ്യോഗസ്ഥരുണ്ടായിട്ടും അഴുകിയ ശരീരം മുങ്ങിയെടുക്കാൻ സഹായി ആകേണ്ടി വരുന്ന ജഗദീഷിന്റെ കഥാപാത്രത്തിലൂടെ ‌സംവിധായകൻ ഒാർമപെടുത്തുന്നതും അതു തന്നെയാണ്. 

 

മനു തൊടുപുഴയുടെ കഥയ്ക്ക് അജിത് ഹരിദാസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൃഷാന്ത് എന്ന സംവിധായകന്റെ ഫിലിം മേക്കിങ് രീതിയോട് ചേർന്നു നിൽക്കുന്നതാണ് തിരക്കഥ. കൃഷാന്ത് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വൈഡ് ഫ്രെയിമിന്റെ അരികിലേക്ക് നിറുത്തുന്ന കഥാപാത്ര പ്ലേസ്മെന്റ് സിനിമയ്ക്ക് നൽകുന്ന ചിത്രഭാഷ മനോഹരമാണ്. അതുപോലെ മികച്ചതാണ് സുഹൈൽ ബക്കറിന്റെ എഡിറ്റിങ്. പ്രധാന കഥ പറഞ്ഞുപോകുന്നതിനിടയ്ക്ക് ചില ഫാസ്റ്റ് കട്ടുകളിൽ നിറയുന്ന യഥാർത്ഥ സംഭവചിത്രങ്ങൾ പുതുമയേറിയ കാഴ്ചയാണ്. അജ്മൽ ഹസ്ബുള്ളയുടെ സംഗീതവും ഫെജോയുടെ റാപ്പുകളും സിനിമയ്ക്ക് അനുയോജ്യമായി അനുഭവപ്പെട്ടു. സോണി ലിവിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം മികച്ച സിനിമ ആസ്വദിക്കുന്ന പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com