‘കഠിന’മല്ല വൈകാരികമാണ് ഈ ‘അണ്ഡകടാഹം’; റിവ്യൂ - Kadina Kadoramee Andakadaham Review

kadina-kadoramee-andakadaham
SHARE

അണ്ഡകടാഹമെന്നാൽ പ്രപഞ്ചം. നമ്മെയെല്ലാം ഉൾക്കൊള്ളുന്ന ഈ അണ്ഡകടാഹത്തിന്റെ ഒരു കോണിൽ ജീവിക്കുന്ന ബച്ചുവിന്റെയും അവന്റെ കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ‘കഠിന കഠോരമി അണ്ഡകടാഹം’. പേര് അതി ‘കഠിന’മാണെങ്കിലും സിനിമ വളരെ ലളിതവും മനോഹരവുമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബച്ചുവിന് ഈ അണ്ഡകടാഹത്തിൽ അനുഭവിക്കേണ്ടിവരുന്ന ചില പ്രശ്നങ്ങളെയും അവയെ ബച്ചു എങ്ങനെ നേരിടുന്നുവെന്നതൊക്കെയാണ് ചിത്രം പറഞ്ഞുപോകുന്നത്.

ഒരു പ്രവാസിയുടെ മകനാണ് ബേസിൽ അവതരിപ്പിക്കുന്ന ബച്ചു എന്ന കഥാപാത്രം. തന്റെ അച്ഛൻ ഒരായുഷ്കാലം മുഴുവൻ പ്രവാസിയായി കഴിയുന്നതിന്റെ വേദനകൾ മനസ്സിലാക്കി താൻ ഒരിക്കലും അത്തരത്തിൽ ഒരു ജീവിതം നയിക്കില്ല എന്നുറപ്പിച്ച് ജീവിക്കുന്ന ചെറുപ്പക്കാരൻ. പുറം നാട്ടിലേക്ക് പോകാതിരിക്കാനായി ബച്ചു പലതരം ബിസിനസുകൾ ചെയ്യുന്നുണ്ട്. എന്നാൽ ഒന്നിലും അയാൾ വിജയം കൈവരിക്കുന്നില്ല. അതിനിടയിലാണ് കോവിഡ് പൊട്ടി പുറപ്പെടുന്നതും ലോക്ഡൗൺ വരുന്നതും. ലോക്ഡൗണിൽ ഇളവുകൾ വന്നപ്പോൾ തന്റെ ബിസിനസ് മെച്ചപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെടുന്ന ബച്ചുവിന് അവിടെയും പരാജയം സംഭവിക്കുന്നു. അങ്ങനെ ബച്ചു മാസ്ക് വിൽപനയ്ക്കായി ഇറങ്ങിത്തിരിക്കുന്നു. വലിയ വിജയമാകും എന്ന് പ്രതീക്ഷിച്ചു തുടങ്ങുന്ന മാസ്ക് വിൽപ്പന ബച്ചുവിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു.

കോവിഡ് എന്ന ഇത്തിരി കുഞ്ഞൻ വൈറസ് വരുത്തിവെച്ച പ്രശ്നങ്ങൾക്ക് ഇന്നും പരിഹാരം തേടിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നാമെല്ലാം കണ്ടതും അനുഭവിച്ചിട്ടുള്ളതുമായ വളരെ ഗൗരവമായ ചില സാമൂഹിക പ്രശ്നങ്ങളെ അതിന്റെ ഗൗരവം ഒട്ടും വിടാതെ ബച്ചുവിന്റെ കഥയിലൂടെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത് നാം അനുഭവിക്കേണ്ടിവന്നതും അതിജീവിക്കേണ്ടി വന്നതുമായ പല ജീവിതസാഹചര്യങ്ങളും ഈ സിനിമ നമ്മെ ഓർമിപ്പിക്കും. കണ്ടെയ്ൻമെന്റ് സോൺ എന്ന പേരിൽ തിരിച്ച് പൂട്ടിയിട്ടപ്പോൾ ആ പ്രദേശത്ത് പെട്ടുപോയ ചിലർക്ക് അനുഭവിക്കേണ്ടിവന്ന യാതനകളും അവിടെ ഒരു മനുഷ്യന് ജീവിക്കാൻ എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുവെന്ന് ഈ ചിത്രം പറഞ്ഞുപോകുന്നു. 

കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ അതിലോലമായ ചില വശങ്ങളും ചിത്രത്തിലുടനീളം നമുക്ക് കാണാൻ സാധിക്കും. ബച്ചുവിന്റെ ബാപ്പയും ഉമ്മയും തമ്മിലുള്ള സ്നേഹം പ്രേക്ഷകരെ കണ്ണീരണിയിക്കുമെന്നുള്ളത് ഉറപ്പാണ്. നിരവധി ചിത്രങ്ങളിലെ ശബ്ദ സാന്നിധ്യമായി മുന്നിലെത്തിയ ശ്രീജയുടെ വളരെ മനോഹരമായ പെർഫോമൻസാണ് ഈ ചിത്രത്തിലുള്ളത്. ശബ്ദ സാന്നിധ്യമായി എത്തിയ ബാപ്പയും പ്രത്യേക കയ്യടിയർഹിക്കുന്നു.

ബച്ചുവിന്റെ ബാപ്പയുടെ സുഹൃത്തായെത്തുന്നത് ഇന്ദ്രൻസാണ്. തനിക്കു കിട്ടുന്ന ഓരോ ചിത്രവും ഏറ്റവും മനോഹരമാക്കണമെന്ന് ഉറപ്പിച്ചിട്ടാണ് അദ്ദേഹം മലയാള സിനിമയിൽ തുടരുന്നത് എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന അഭിനയമാണ് ചിത്രത്തിൽ ഇന്ദ്രൻസ് കാഴ്ച വച്ചിരിക്കുന്നത്.

‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമാണിത്. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അല്പം പക്വത നിറഞ്ഞ കഥാപാത്രമായാണ് ബേസിൽ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ബച്ചുവായി യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന പ്രകടനമാണ് ബേസിലിന്റേത്.  ബിസിനസുകൾ പലപ്പോഴും പാളുമ്പോഴും താൻ എടുത്ത ദൃഢനിശ്ചയത്തിൽ അയാൾ ഉറച്ചുനിൽക്കുന്നത് ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നു. അതിനായി മറ്റു വഴികളിലൂടെ മുന്നേറാൻ അയാൾ വീണ്ടും ശ്രമിക്കുന്നുമുണ്ട്. 

ബച്ചുവിന്റെ സഹോദരിയും അളിയനും തമ്മിലുള്ള പിണക്കവും ഇണക്കവും നാമെല്ലാം തന്നെ നമ്മുടെ കുടുംബങ്ങളിൽ എവിടെയൊക്കെയോ എപ്പോഴും കണ്ടിട്ടുള്ളതുമാണ്. ബിനു പപ്പുവും ഷിബില ഫറയും ദമ്പതികൾക്കിടയിലെ ഇണക്കവും പിണക്കവും കൃത്യമായി അവതരിപ്പിച്ചു.ജാഫർ ഇടുക്കി, സുധീഷ്, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ശ്രീജ രവി, പാർവതി കൃഷ്ണ, സ്നേഹ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഇനിയുള്ള കാലം കോവിഡിനൊപ്പം ജീവിക്കണമെന്ന് പറയുമ്പോഴും, അതുണ്ടാക്കുന്ന വലിയ പ്രശ്നങ്ങളെ അനുഭവിച്ചറിഞ്ഞിട്ടും, ആ മഹാമാരിയെ നിസ്സാരമായി കണക്കാക്കുന്ന ചിലരുടെ കാഴ്ചപ്പാടുകളെയും ചിത്രം മനോഹരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു.  "വീടിനും വീട്ടുകാർക്കും വേണ്ടി എന്താണ് ചെയ്തത്" എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വരാത്ത ഒരു പ്രവാസി പോലും ഉണ്ടാവില്ല. അതുപോലെ തന്നെ ഒരായുഷ്ക്കാലം മുഴുവൻ പ്രവാസിയായി കഴിയുകയും അവിടെത്തന്നെ മരിച്ചുവീഴുകയും ചെയ്ത ഒട്ടേറെപേരുണ്ട്. അവരുടെയെല്ലാം നേർ സാക്ഷ്യമാണ് ഈ ചിത്രമെന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന ചിത്രമാണ് കഠിന കഠോരമി അണ്ഡകടാഹം.

സംവിധായകനായ മുഹാഷിൻ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തൻ്റെ ചുവട് ഉറപ്പിക്കുകയാണ് എന്ന് നിസ്സംശയം പറയാം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളിടെ രചയിതാവ് ഹർഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഹർഷാദിന്റെ തിരക്കഥയോട് കൂറുപുലർത്തുന്ന മേക്കിങ്ങാണ്‌ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. 

സിനിമയുടെ വൈകാരിക രംഗങ്ങളിൽ പ്രേക്ഷകനെയും നുള്ളി നോവിപ്പിക്കുന്ന ഗോവിന്ദ് വസന്തയുടെ സംഗീതം. മു.രി, ഷർഫു, ഉമ്പാച്ചിഎന്നിവരാണ് ഗാനങ്ങൾക്ക് വരികളെഴുതിയത്. കുടുംബത്തിനൊപ്പം മനസ്സുനിറച്ച് ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരു ഫീൽ ഗുഡ് ചിത്രമായ 'കഠിന കഠോരമി അണ്ഡകടാഹം' കോവിഡ് മാലാഖമാർക്കും പ്രതിരോധ പ്രവർത്തകർക്കുമാണ് സമർപ്പിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS