2009 കാലഘട്ടം പശ്ചാത്തലമായ റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ് 18 പ്ലസ്. 2023ലെ ന്യൂജെൻ മുഖങ്ങളെക്കൊണ്ട് 2009 ലെ പ്രണയകഥ പറയുമ്പോഴുള്ള കൗതുകമാണ് ചിത്രത്തിന്റെ പ്ലസ്‌പോയിന്റ്. 18+ എന്ന ടൈറ്റിലിൽ തന്നെ പെട്ടെന്ന് ശ്രദ്ധിക്കാത്തവിധം ചിത്രത്തിന്റെ കഥാഗതി ഒളിഞ്ഞിരിപ്പുണ്ട്. അതാണ് ചിത്രത്തിലെ സസ്പെൻസ്. മുന്നോട്ടുപോകുംതോറും മുറുകുന്ന കഥാഗതിയിലും ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.
വടക്കൻ കേരളത്തിലെ ഒരു പാർട്ടിഗ്രാമമാണ് കഥാപശ്ചാത്തലം. അഖിലും ആതിരയും ചെറുപ്പം മുതൽ പരസ്പരം കണ്ടുവളർന്നവരാണ്. പിന്നീട് ആ സൗഹൃദം പ്രണയമായി. അത് വീട്ടുകാർ കയ്യോടെപിടിക്കുന്നു. ജാതി, സാമ്പത്തികം തുടങ്ങിയവയിലെ അന്തരം കാരണം വീട്ടുകാർ തങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ല എന്നുമനസ്സിലായതോടെ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. അതിന് ചങ്കുകളുടെ സപ്പോർട്ടും കിട്ടുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
തണ്ണീർമത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിലെ ഹിറ്റ് കോംബോയിലൂടെ ന്യൂജെൻ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന കഥപറയുകയാണ് 18+. ന്യൂജെൻ ക്യാംപസുകളുടെ ഇഷ്ടതാരങ്ങളാണ് ഇപ്പോൾ നസ്‌ലെനും മാത്യുവും. അതുകൊണ്ടുതന്നെ തിയറ്ററിലെത്തി സിനിമകാണുന്ന ഇരുപതുകളിലുള്ള യുവത്വത്തിന്റെ പൾസ് മനസ്സിലാക്കിയെടുത്ത ചിത്രമാണിത്. ആ പ്രായം കടന്നുപോയവർ മുൻവിധിയുടെ കണ്ണട മാറ്റിവച്ചുവേണം സിനിമകാണാൻ.
നസ്‌ലെനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമാക്കി എത്തുന്നത്. പ്രായത്തിന്റെ എടുത്തുചാട്ടവും അപക്വതകളുമുള്ള അഖിലിനെ, നസ്‌ലെൻഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മീനാക്ഷി ദിനേശാണ് നായിക. അരങ്ങേറ്റം മീനാക്ഷിയും മോശമാക്കിയിട്ടില്ല. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങൾ നസ്‍ലെന്റെ സുഹൃത്തുക്കളായി എത്തുന്നു. ചിത്രത്തിലെ കോമഡിയുടെ ഭൂരിഭാഗവും ഇവരുടെ സംഭാവനയാണ്. മാത്യുവും ചിത്രത്തിലുണ്ടെങ്കിലും സൈഡ് റോളിൽ ഒതുങ്ങുന്നു. ബിനു പപ്പു ചിത്രത്തിൽ ഉടനീളം പ്രാധാന്യമുള്ള കഥാപാത്രമായി മികച്ച പ്രകടനം നടത്തുന്നുണ്ട്. രാജേഷ് മാധവൻ, നിഖില വിമൽ എന്നിവർ അതിഥിവേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്.
2009 കാലഘട്ടം സൂക്ഷ്മമായി പുനഃസൃഷ്ടിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. പഴയ കീപാഡ് ഫോൺ, ബൈക്ക്, കാർ തുടങ്ങി ആ സമയത്തിറങ്ങിയ സിനിമയുടെ പോസ്റ്ററുകൾ (ഡാഡി കൂൾ) വരെ പഴയകാലത്തേക്ക് കൂട്ടികൊണ്ടുപോകുന്നുണ്ട്. ഉത്തരകേരളത്തിലെ സംസ്കാരവും പാർട്ടി സ്വാധീനവും ക്ഷുഭിത യൗവനവുമെല്ലാം ചിത്രം ഭംഗിയായി അടയാളപ്പെടുത്തുന്നുണ്ട്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും നിലവാരം പുലർത്തുന്നു. പുതുതലമുറയുടെ ആഘോഷവും പ്രണയവും പ്രതിഫലിക്കുന്ന രണ്ടുപാട്ടുകളും ഭംഗിയായിട്ടുണ്ട്.
ഒളിച്ചോട്ട പ്രണയകഥകൾ മലയാളത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. കണ്ടുമടുത്തേക്കാവുന്ന ഈ പ്രമേയത്തെ കഴിവതും വ്യത്യസ്തമായി അവതരിപ്പിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. ചിത്രം പറഞ്ഞുവയ്ക്കുന്ന സന്ദേശത്തെക്കുറിച്ച് രണ്ടഭിപ്രായം ഉണ്ടാകാം. അത് പുതുതലമുറയെ മോശമായി സ്വാധീനിക്കാനും സാധ്യതയുണ്ടാകാം. എങ്കിലും പുതുതലമുറയെ ടാർഗറ്റ് ചെയ്തുള്ള സിനിമയിൽ മറിച്ചൊരു കഥാഗതിക്ക് പ്രസക്തിയില്ലല്ലോ...
English Summary: Naslen K Gafoor, Mathew Thomas starrer 18 + movie review