ചിരിപ്പിച്ചും പ്രണയിച്ചും ചാക്കോച്ചൻ; പദ്മിനി റിവ്യു - Padmini Movie Review

padmini-movie-revieww
SHARE

പദ്മിനി എന്ന പേര് ഒരു മനുഷ്യന്റെ ജീവിതത്തെയാകെ അനിശ്ചിതത്വത്തിലാക്കുന്ന കഥപറയുന്ന ചിത്രമാണ് 'പദ്മിനി'.  നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ  സെന്ന ഹെഗ്‌ഡെയും കുഞ്ഞിരാമായണത്തിന്റെ രചയിതാവായ ദീപു പ്രദീപും കൈ കോർക്കുമ്പോൾ മലയാളികൾക്ക് ലഭിച്ചത് മറ്റൊരു ഫീൽ ഗുഡ് സിനിമയാണ്.  സീരിയസ് കഥാപത്രങ്ങളിലേക്ക് കളം മാറ്റി ചവിട്ടിയ കുഞ്ചാക്കോ ബോബൻ പഴയ പ്രണയനായകന്റെ വേഷമെടുത്തണിയുന്നു എന്നതാണ് പദ്മിനിയുടെ പ്രത്യേകത.  കുഞ്ചാക്കോ ബോബൻ, അപർണ്ണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ, സജിൻ ചെറുകയിൽ എന്നീ യുവതാരങ്ങൾ അണിനിരക്കുമ്പോൾ മലയാളത്തിൽ മറ്റൊരു സെന്ന ഹെഗ്‌ഡെ മാജിക്ക് സംഭവിക്കുകയാണ്.

കവിയും കോളേജ് അദ്ധ്യാപകനുമാണ് രമേശൻ.  മുപ്പത്തിനാലാം വയസ്സിലാണ് രമേശൻ വിവാഹിതനാകുന്നത്.  ആദ്യരാത്രിയിൽ ഭാര്യ രമേശനോട് ഒരാഗ്രഹമേ പറഞ്ഞുള്ളൂ രമേഷേട്ടനോടൊപ്പം പാടവരമ്പിലൂടെ നിലാവത്ത് നടക്കണം.  ആ ആഗ്രഹം കവിയായ രമേശന്റെ ഉള്ളിൽ തന്നെ തൊട്ടു.  പിന്നെ ഒന്നും ആലോചിച്ചില്ല രമേശൻ പുതുപ്പെണ്ണായ സ്‌മൃതിയുടെ കയ്യുംപിടിച്ച് നിലാവിലേക്കിറങ്ങി.  ദൂരെ ആല്മരച്ചുവട്ടിൽ അവളെക്കാത്ത് ഒരു പ്രീമിയർ പദ്മിനി കിടപ്പുണ്ടായിരുന്നു.  ആദ്യരാത്രിയിൽ ഭാര്യ പ്രീമിയർ പദ്മിനി കാറിൽ ഒളിച്ചോടിപ്പോയതോടെ രമേശന് പദ്മിനി എന്ന ഇരട്ടപ്പേര് ലഭിക്കുന്നു.  ജീവിതത്തിൽ ഒരു കൂട്ടുവേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഒരിക്കൽ കൈപൊള്ളിയ അനുഭവം രമേശനെ പിന്നിലേക്ക് വലിക്കുകയാണ്.  ഒടുവിൽ തന്നെ കളിയാക്കി വിളിക്കുന്ന പദ്മിനി എന്ന പേരുള്ള ഒരു പെൺകുട്ടിയെ തന്നെ രമേശൻ വീണ്ടും പ്രണയിക്കുന്നു.  പക്ഷെ അവർക്ക് ഒരുമിക്കാൻ മുന്നിൽ നിരവധി കടമ്പകളുണ്ടായിരുന്നു.

കെട്ടുറപ്പുള്ള നല്ല കഥയും ശക്തമായ പ്രകടനവും കൊണ്ട് മികവ് പുലർത്തുന്ന പദ്മിനി.  കുഞ്ഞിരാമായണത്തിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച തിരക്കഥാകൃത്ത് ദീപു പ്രദീപ് വീണ്ടും നല്ല തമാശയും വൈകാരികത നിറഞ്ഞ ബന്ധങ്ങളുടെ ഊഷ്മളതയും കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കയ്യടക്കുന്നു.  രമേശന്റെ വ്യഥയും വീർപ്പുമുട്ടലും നിറഞ്ഞ വിരസമായ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഇഴയടുപ്പത്തോടെ അവതരിപ്പിക്കാന്‍ സെന്ന ഹെഗ്ഡെക്ക് കഴിഞ്ഞു.  

കോമഡിയോടൊപ്പം തന്നെ ലളിതമായ പ്രണയവും പദ്മിനിയുടെ പ്രത്യേകതയാണ്.  സെന്ന ഹെഗ്‌ഡെ ചിത്രങ്ങളിൽ പതിവായി കാണുന്ന രാഷ്ട്രീയ ചർച്ചകൾ വേറിട്ട രീതിയിലാണ് പദ്മിനിയിൽ അവതരിപ്പിക്കുന്നത്.  പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി നർമ്മമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.  മനോഹരമായ ഛായാഗ്രഹണവും മികച്ച സൗണ്ട് ട്രാക്കും സിനിമയെ സജീവമാക്കുന്നു.   കഥയുടെ മൂഡിനനുസരിച്ചുള്ള സംഗീതമാണ് ജെയ്ക്സ് ബിജോയുടെ സംഭാവന.

രമേശനായി കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം കാഴ്ചവച്ചു.  ഒരിടവേളയ്ക്ക് ശേഷം പഴയ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ പദ്മിനിയിലൂടെ പുനർജനിയ്ക്കുകയാണ്.  അനിയത്തിപ്രാവിലെ പല രംഗങ്ങളും പദ്മിനിയിൽ പുനരാവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്.  പ്രണയനായകന് ചുറ്റും ഒരു നിര നായികമാർ തന്നെയുണ്ട്.  ഒളിച്ചോടിപ്പോകുന്ന ഭാര്യയായി വിൻസി അലോഷ്യസ് പ്രസരിപ്പിന്റെ മുഖമാകുമ്പോൾ പദ്മിനിയായെത്തുന്നത് മഡോണ സെബാസ്ട്യനാണ്.  മറ്റൊരു പ്രണയനായികയായി ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് അപർണ്ണ ബാലമുരളി അവതരിപ്പിക്കുന്നത്.  ചിത്രത്തിൽ എടുത്തുപറയേണ്ട കഥാപാത്രം ജയൻ ആയെത്തിയ സജിൻ ചെറുകയിലാണ്.  ജയനിലൂടെയാണ് ചിത്രത്തിലെ കോമഡി ട്രാക്ക് സജീവമാകുന്നത്.  സീമ ജി നായർ, മാളവിക മേനോൻ, അനശ്വര, ശ്രീകാന്ത് മുരളി, അൽത്താഫ് സലിം, ആനന്ദ് മഹാദേവൻ, ഗണപതി, ഗോകുലൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  അഭിനേതാക്കളുടെ പ്രകടന മികവ് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.

വളരെ ലളിതമായ ഒരു കോമഡി എന്റർടൈനറാണ് പദ്മിനി.  അടുത്തിടെ ഇറങ്ങിയ പ്രണയ ചിത്രങ്ങളിൽ നിന്ന് വേറിട്ടൊരനുഭവമായിരിക്കും പദ്മിനി നൽകുക.  ചാക്കോച്ചനിലെ പ്രണയനായകനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന കുടുംബ പ്രേക്ഷകർക്ക് രണ്ടു മണിക്കൂർ ചിരിച്ചു രസിക്കാനും കുറച്ച് സമയം മതിമറന്ന് ആസ്വദിക്കാനും വക നൽകുന്ന ചിതമാണ് പദ്മിനി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA