ADVERTISEMENT

ആവർത്തിക്കപ്പെടുന്ന ചില പാറ്റേണുകളുണ്ട് ക്രൈം ത്രില്ലർ സിനിമകൾക്ക്. ഒഴിവാക്കാൻ സാധിക്കാത്ത ആ പാറ്റേണിൽ നിന്നുകൊണ്ടു തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. ഒട്ടും ലളിതമല്ലാത്ത അക്കാര്യം അതിഗംഭീരമായി നടപ്പിലാക്കിയിരിക്കുകയാണ് നവാഗത സംവിധായകനായ അരുൺ വർമയും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും. സുരേഷ് ഗോപി– ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം സാധാരണമായൊരു പ്ലോട്ടിൽനിന്ന് ഉരുവാക്കപ്പെട്ട അസാധാരണമായൊരു ത്രില്ലർ സിനിമയാണ്. 

ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ തിരക്കഥാകൃത്ത് സച്ചി ഒരുക്കിയ ദ്വന്ദ നായക കോർക്കലുകളുടെ ഒരു മിഥുൻ മാനുവൽ‌ തോമസ് പതിപ്പാണ് ഗരുഡൻ. നേരും നീതിയും കളങ്ങൾ മാറി വരുമ്പോൾ ആർക്കൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പം പ്രേക്ഷകരിലുമുണ്ടാകും. അതും മലയാളത്തിന്റെ രണ്ടു പ്രിയതാരങ്ങൾ തിരശീലയിൽ കൊമ്പുകോർക്കുമ്പോൾ! എന്നാൽ, നായക കഥാപാത്രങ്ങളുടെ താരപ്പകിട്ടിന്റെ കെട്ടുകാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യിപ്പിക്കാതെ, സിനിമയുടെ നിയന്ത്രണം പൂർണമായും തിരക്കഥ ഏറ്റെടുക്കുകയാണ്. ഗരുഡനിൽ നായകപക്ഷത്തിരിക്കുന്നത് സിനിമയുടെ കഥയും തിരക്കഥയുമാണ്. അത് കരുത്തുറ്റ പ്രകടനത്തിലൂടെ അവിസ്മരണീയമാക്കുകയാണ് മലയാളികളുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപിയും ബിജു മേനോനും.

ആഘോഷിക്കപ്പെട്ട ഒട്ടേറെ പൊലീസ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുരേഷ് ഗോപിയുടെ കരിയറിലെ മറ്റൊരു മികവുറ്റ കഥാപാത്രമാണ് ഗരുഡനിലെ ഡിസിപി ഹരീഷ് മാധവ്. കാഴ്ചയിലും പ്രകടനത്തിലും മുൻ സുരേഷ് ഗോപി കഥാപാത്രങ്ങളുടെ നിഴൽ പോലുമില്ല. എന്നാൽ, ഡയലോഗ് ഡെലിവറിയിലും പെർഫോമൻസിലും സുരേഷ് ഗോപി എന്ന ആൿഷൻ ഹീറോയുടെ തിളക്കവും മിനുപ്പും പ്രേക്ഷകർക്ക് അനുഭവപ്പെടും. നെടുനീളൻ ഡയലോഗുകളിലൂടെയല്ല ഗരുഡനിലെ ഹരീഷ് മാധവ് പ്രേക്ഷകരുടെ ഇഷ്ടവും കയ്യടിയും നേടുന്നത്. അയാളുടെ നീതിബോധവും കൃത്യനിർവഹണത്തിലെ സൂക്ഷ്മതയും കൃത്യതയും തിരിച്ചടികളിലെ നിസ്സഹായതയും സുരേഷ് ഗോപി എന്ന നടൻ ഏറ്റവും സത്യസന്ധമായി ആവിഷ്കരിച്ചിരിക്കുന്നു. കാലം ചെല്ലുന്തോറും വീര്യം കൂടുന്നൊരു നടൻ തന്റെയുള്ളിലും ഉണ്ടെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ഗരുഡനിലൂടെ സുരേഷ് ഗോപി. 

സുരേഷ് ഗോപിയുടെ ഹരീഷ് മാധവ് എന്ന പൊലീസ് ഉദ്യോഗസ്ഥനൊപ്പം തലയുയർത്തി നിൽക്കുന്നുണ്ട് ബിജു മേനോൻ അവതരിപ്പിച്ച നിഷാന്ത് എന്ന കോളജ് അധ്യാപകനും. ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുന്ന മധ്യവയസ്കന്റെ രോഷവും വാശിയും കൃത്യമായും ശക്തമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് അദ്ദേഹം. കുറച്ചുകാലമായി ഒരിക്കൽ പോലും പ്രേക്ഷകരെ നിരാശനാക്കിയിട്ടില്ല ബിജു മേനോൻ എന്ന നടൻ. ഗരുഡനിലും പതിവു തെറ്റിക്കാതെ ബിജു മേനോൻ 'ആറാടുന്നുണ്ട്'. അതൊരു ഗംഭീര പകർന്നാട്ടമാണ്. പ്രേക്ഷകർ ഒരിക്കലും മിസ് ചെയ്യരുതാത്ത നിമഷങ്ങൾ‌! 

രണ്ടു സൂപ്പർതാരങ്ങളുടെ പ്രതിഭയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയതിന്റെ ക്രെഡ‍ിറ്റ് തീർച്ചയായും സംവിധായകൻ അരുൺ വർമയ്ക്കുള്ളതാണ്. മാസ് സിനിമയുടെ സ്ഥിരം ഫോർമുലയിലേക്ക് വഴുതി വീഴാതെ, പൂർണമായും തിരക്കഥയിലൂന്നിയ സിനിമയൊരുക്കാൻ കാണിച്ച ആർജ്ജവത്തിന് കൊടുക്കണം കയ്യടി. കേന്ദ്ര കഥാപാത്രങ്ങളെ മാത്രമല്ല, ചില സീനുകളിൽ മാത്രം വന്നു പോകുന്ന കഥാപാത്രങ്ങളെപ്പോലും സൂക്ഷ്മമായി കണ്ടെത്തി അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ തലമുതിർന്ന താരങ്ങളെയും പുതുമുഖങ്ങളെയും ഒരുപോലെ കൂട്ടിയിണക്കിയാണ് അരുൺ വർമ ഗരുഡൻ ഒരുക്കിയിരിക്കുന്നത്. ജഗദീഷും സിദ്ദിഖും സ്ക്രീനിൽ സൃഷ്ടിക്കുന്ന ചില നിമിഷങ്ങളുണ്ട്. അവർക്കു മാത്രം സാധ്യമാകുന്ന ചില പ്രകടനങ്ങൾ. അവ അതിമനോഹരമായി അരുൺ ഗരുഡനിൽ ഉൾചേർത്തിരിക്കുന്നു. ആർഡിഎക്സിനു ശേഷം നിഷാന്ത് സാഗറിന്റെ മറ്റൊരു കിടിലൻ കഥാപാത്രത്തെ പ്രേക്ഷകർക്കു ഗരുഡനിൽ കാണാം. അഭിരാമി, ദിവ്യ പിള്ള, ചൈതന്യ പ്രകാശ്, മേഘ, തലൈവാസൽ വിജയ് തുടങ്ങിയവർക്കും ശ്രദ്ധേയമായ കഥാപാത്രങ്ങളുണ്ട്. 

ജിനേഷിന്റെ കഥയ്ക്ക് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ തിരക്കഥ തന്നെയാണ് ഗരുഡന്റെ നട്ടെല്ല്. ത്രില്ലർ സിനിമകളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ച അഞ്ചാം പാതിരയുടെ എഴുത്തുകാരനും സംവിധായകനുമായ മിഥുൻ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന വിശേഷണം വരുമ്പോൾത്തന്നെ പ്രേക്ഷകരുടെ മനസിലും ഒരു ബെഞ്ച്മാർക്ക് സൃഷ്ടിക്കപ്പെടും. അതു തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയാണ് ഗരുഡൻ. പ്രേക്ഷകരുടെ പൾസ് അറിഞ്ഞുള്ള എഴുത്ത്, കാച്ചിക്കുറുക്കിയ ഡയലോഗുകൾ, അതിവൈകാരികതയിലേക്ക് വീണുപോകാത്ത കഥാപാത്ര നിർമിതി, എന്നിങ്ങനെ തിരക്കഥാകൃത്ത് സ്കോർ ചെയ്യുന്ന നിരവധി ഘടകങ്ങളുണ്ട്. ടെയ്ൽ–എൻഡിൽ വരെ കയ്യടിപ്പിക്കുന്ന ആ മാജിക്കിന്റെ ക്രെഡിറ്റ് പൂർണമായും മിഥുൻ മാനുവൽ തോമസിനാണ്.  

സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഒരു ഹൃദയമിടിപ്പു പോലെ കൂടെയുണ്ട് ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം. അതു കേൾക്കുകയല്ല, അനുഭവിക്കുകയാണ്. ഒരേ സമയം ചടുലവും വൈകാരികവുമാണ് അത്. പ്രേക്ഷകരുടെ മനസിനെ ഗരുഡന്റെ കഥാപരിസരത്തു പിടിച്ചു നിറുത്തുന്നതിൽ ജേക്സിന്റെ പശ്ചാത്തലസംഗീതത്തിന് വലിയ പങ്കുണ്ട്. അതുപോലെ മികച്ചതായിരുന്നു അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ക്യാമറയും ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങ്ങും. രണ്ടും പവർ പാക്ക്ഡ്. ട്രാഫിക് മുതൽ മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ഒട്ടേറെ സിനിമകൾ നിർമിച്ച മാജിക് ഫ്രെയിംസിന്റെ ഗ്രാഫുയർത്തുന്ന സിനിമ തന്നെയാണ് ഗരുഡൻ. മലയാളത്തിലെ ത്രില്ലർ സിനിമകളുടെ ഗതി മാറ്റിയ അഞ്ചാംപാതിരയ്ക്കു ശേഷം മറ്റൊരു ട്രെൻഡ് സെറ്ററാകും ഈ ചിത്രം. ത്രില്ലർ സിനിമകളിഷ്ടപ്പെടുന്നവർ ഈ പേരു കൂടി കുറിച്ചു വച്ചോളൂ, നിങ്ങളുടെ മസ്റ്റ് വാച്ച് പട്ടികയിൽ ഉറപ്പായും ഈ ചിത്രം ഉണ്ടാകും. 

English Summary:

Garudan is a Malayalam movie directed by Arun Varma. The film stars Suresh Gopi and Biju Menon in lead roles. Written by Midhun Manuel Thomas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com