ലളിതം, കൃത്യം, സുന്ദരം; ‘മൃദുഭാവേ ദൃഢകൃത്യേ’ റിവ്യു
Mrudhu Bhaave Dhruda Kruthye Review

Mail This Article
തറവാടും നാട്ടിൻപുറവും കുസൃതിക്കാരായ പയ്യന്മാരും പ്രണയവും വിരഹവും ഒക്കെ മനോഹരമായി അവതരിപ്പിക്കുന്ന ഫ്രെയിമുകളാലും പുതുമുഖങ്ങളുടെ എണ്ണത്താലും സമ്പന്നമാണ് ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ‘മൃദുഭാവേ ദൃഢകൃത്യേ’. കിഴക്കനാട്ടുകര എന്ന കബഡി പ്രേമികളുടെ നാട്ടിലാണ് ഈ കഥ നടക്കുന്നത്. വലിയ ഒരു കുടിവെള്ള പദ്ധതി നടപ്പാക്കാൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു, വർഷങ്ങൾക്കു ശേഷം തിരികെ നാട്ടിലേക്കെത്തുന്ന ശങ്കർദാസിന്റെ (ടെലിവിഷൻ താരമായ സൂരജ് സൺ)ഓർമകളിലൂടെയാണ് കഥയിലേക്കു നാം കടന്നു ചെല്ലുന്നത്.
ഓർമകളിലൂടെ പോകുമ്പോള്‍ കിഴക്കനാട്ടുകരയിലെ തെക്കുംപുറം, വടക്കുംപുറം ടീമുകളുടെ കബഡി മത്സരത്തിന്റെ ആവേശവും എല്ലാത്തിനും നേതൃത്വം നൽകുന്ന അമ്പാട്ടെ ശങ്കർദാസിന്റെ ഗ്യാംഗുമാണ് കഥയുടെ കേന്ദ്രബിന്ദുക്കളാകുന്നത്. ഏതൊരു നായകനും ഒരു പ്രതിനായകനുണ്ടായാലേ കഥയ്ക്കു രസമുണ്ടാകൂ. എതിർടീമിലെ പ്രതിനായകനായി ഗോപി(ശിവരാജ് അവതരിപ്പിക്കുന്ന കഥാപാത്രം)യുമുണ്ട്.
പരസ്പരം കണ്ടാൽ കടിച്ചുകീറാൻ വെമ്പുന്ന ഈ സംഘങ്ങളുടെ ചെറിയ ഉരസലുകള്‍ നാട്ടിൻപുറത്തെ ഉത്സവത്തിനിടെ വേറൊരു തലത്തിലേക്കു നീങ്ങുന്നു. വലിയൊരു ദുരന്തത്തിലേക്കു വഴിമാറുകയും ചെയ്യുന്നു. പിന്നീട് ആ ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്നത് അപ്രതീക്ഷിത സംഭവവികാസങ്ങളാണ്. മുംബൈയിലെ ഡോണായ സക്കീറ ഭായ്യുടെ സങ്കേതത്തിലേക്കു ഒറ്റയ്ക്കു കേറിച്ചെല്ലാൻ മടിയില്ലാത്ത ശങ്കർദാസ് പക്ഷേ സ്വന്തം നാട്ടിലേക്കു തിരികെ ചെല്ലാൻ മടിച്ചിരുന്നതിനു പിന്നിലൊരു കഥയുണ്ട്. ആ കഥയിലേക്കു ക്ലൈമാക്സിൽ നാം എത്തുമ്പോഴേക്കുമാണ് ഇതുവരെ കൺമുന്നിൽ കണ്ടിരുന്ന സംഭവങ്ങളുടെ പൊരുൾ വ്യക്തമാകുക. ഈ ഘട്ടത്തിൽ സിനിമ ത്രില്ലർ സ്വഭാവത്തിലേക്കു വഴിമാറും, ഒരു ട്വിസ്റ്റിലേക്കും കാണികൾ കടക്കും.
ഒരു സംഭവത്തിൽനിന്നു അടുത്ത സംഭവങ്ങളിലേക്കു നീങ്ങുന്നു സിനിമയെ നിഖിൽ നാരായണന്റെ ഫ്രെയിമുകളുടെ ഒഴുക്ക് നല്ലതുപോലെ സഹായിക്കുന്നുണ്ട്. നായികമാരായെത്തുന്ന ശ്രവണ, മരിയ പ്രിൻസ് എന്നിവരും ആദ്യം എസ്ഐയും പിന്നീട് ഡിവൈഎസ്പിയുമായെത്തുന്ന അനിൽ ആന്റോയും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, അനിൽ ആന്റോ, ദിനേശ് പണിക്കർ, സീമ ജി നായർ തുടങ്ങിയവരെ മാറ്റി നിർത്തിയാൽ ചിത്രത്തിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.
എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ചിരിപൊട്ടിക്കുന്ന നർമ മുഹൂർത്തങ്ങളും സിനിമയുടെ പ്രത്യേകതയാണ്.
ഹൈഡ്രോ എയർടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. വിജയ്ശങ്കർ മേനോനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഥയും അദ്ദേഹം തന്നെ എഴുതിയിരിക്കുന്നു. രവി തോട്ടത്തിൽ തിരക്കഥയും രാജേഷ് കുറുമാലി സംഭാഷണവും ഒരുക്കിയിരിക്കുന്നു. സഹസ്ര എക്സ്പെർടാണ് സഹനിർമാതാക്കള്‍.