ത്രില്ലടിപ്പിക്കുന്ന പാർട്നേഴ്സ്; റിവ്യൂ
Partners Review
Mail This Article
ഒരുകാലത്ത് മലയാള സിനിമ സംസാരിച്ചിരുന്നത് വള്ളുവനാടൻ ഭാഷയായിരുന്നെങ്കിൽ ഇന്ന് അത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡിന്റെ ഭാഷയായി മാറുകയാണ്. കാസർഗോഡിന്റെ കഥകളുമായി ഒട്ടേറെ സിനിമകൾ അടുത്തിടെ വന്നെങ്കിലും ഏറെ വ്യത്യസ്തതയുള്ള ക്രൈം ത്രില്ലറാണ് ഇക്കുറി തീയറ്ററിലെത്തിയത്. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന 'പാർട്നേഴ്സ്' എന്ന ചിത്രം കാസർഗോഡ് കേന്ദ്രമാക്കി നടക്കുന്ന കൊള്ളയുടെയും കൊലയുടെയും കഥയാണ് പറയുന്നത്.
കാസർഗോഡിലെ ഒരു ഉൾഗ്രാമത്തിൽ ഉഡുപ്പി ഗ്രാമീണ ബാങ്കിന്റെ ശാഖ തുടങ്ങാൻ ഹെഡ്ഓഫീസിൽ നിന്നും നിയോഗിക്കപ്പെട്ടവരാണ് വിഷ്ണു, ചന്തു, ചാക്കോ, റഹിം, ലക്ഷ്മി എന്നിവർ. സ്ഥലത്തെ കൊള്ളപ്പലിശകാരനായ ഭട്ടിന്റെയും അയാളുടെ ആശ്രിതൻ രാഘവന്റെയും ചൂഷണം സഹിക്കാനാകാതെ വശംകെട്ട ഗ്രാമവാസികൾക്ക്, സ്ഥലത്ത് ബാങ്ക് വരുന്നത് ആശ്വാസമായിരുന്നു. ബാങ്കിന്റെ വളർച്ചക്ക് തങ്ങളും പങ്കാളികളാകാം എന്ന വ്യവസ്ഥയിൽ വിറ്റും പെറുക്കിയും ഗ്രാമവാസികൾ ബാങ്കിലേക്ക് പണം നിക്ഷേപിക്കാൻ ഉത്സാഹിച്ചു. എന്നാൽ ആ പണമെവിടെപോകുന്നു എന്ന് ഗ്രാമവാസികളോ ബാങ്ക് ജീവനക്കാരോ അറിയുന്നുണ്ടായിരുന്നില്ല. പ്രൊബേഷൻ ഉദ്യോഗസ്ഥരായ വിഷ്ണുവും കൂട്ടരും ടാർഗറ്റ് തികയ്ക്കാൻ ഭട്ടിന്റെ കയ്യിൽ നിന്ന് കൊള്ളപ്പലിശക്ക് പണമെടുക്കുക കൂടി ചെയ്തു. ഇൻകംടാക്സ് കമ്മീഷണർ പാർത്ഥസാരഥിയുടെ പരിചയത്തിലേക്ക് ദേവരാജൻ എന്ന എക്സ്പോർട്ടർ വന്നുചാടിയതോടെ ഒരു വലിയ ചതിയുടെ ചുരുളഴിയുകയായിരുന്നു.
വിഷ്ണുവായി ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെത്തുന്നത്. ധ്യാനിന്റെ സ്ഥിരം കോമഡി ട്രാക്കിൽനിന്നും വ്യത്യസ്തമായി ഒരല്പം സീരിയസ് സ്വഭാവമുള്ള കഥാപത്രമാണ് വിഷ്ണു. ഏത് കഥാപാത്രവും തനിക്കിണങ്ങും എന്ന് വീണ്ടും തെളിയിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിൽ പാർത്ഥസാരഥി എന്ന ഇൻകംടാക്സ് ഉദ്യോഗസ്ഥനായി കലാഭവൻ ഷാജോൺ തിളങ്ങിയപ്പോൾ, ദേവരാജൻ എന്ന മറ്റൊരു പ്രധാന കഥാപാത്രമായി പ്രശാന്ത് അലക്‌സാണ്ടറുമുണ്ട്. സാറ്റ്‌ന ടൈറ്റസ്, ദേവകി രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി ഡേവിഡ്, നീരജ ശിവദാസ്, വൈഷ്ണവി, ഡിസ്‌നി ജെയിംസ്, തെലുങ്ക് താരം മധുസൂദന റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥ 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് എഴുതിയിട്ടുള്ളത്. ക്രൈം തില്ലറിന് വേണ്ട സസ്പെൻസ് നിലനിർത്തിക്കൊണ്ട് കാണികളെ ആകാംഷയുടെ മുൾമുനയിൽ തളച്ചിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തുടക്കക്കാരനെന്ന നിലക്ക് നവീൻ ജോണിനെ പ്രശംസിക്കാതെ തരമില്ല. കാസര്കോടിന്റെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത ഫൈസൽ അലിയുടെ ഛായാഗ്രഹണത്തിന്, സുനിൽ എസ് പിള്ളയുടെ ഭദ്രമായ എഡിറ്റിംഗ് മിഴിവേകി. ത്രില്ലറിന്റെ മൂഡ് നിലനിർത്തിക്കൊണ്ടു തന്നെ ആസ്വാദ്യകരമായ സംഗീതമാണ് പ്രകാശ് അലക്സ് ചെയ്തിരിക്കുന്നത്.
ബാങ്കിങ് രംഗത്തെ തട്ടിപ്പിന് നിരന്തരം വിധേയകരാകുന്നവരാണ് മലയാളികൾ. കൊള്ളപ്പലിശയ്ക്ക് പണം കടം വാങ്ങി പെരുവഴിയിലാകുന്നവർ വേറെയും. പാവപ്പെട്ടവരുടെ നിസ്സഹായതയും പണക്കാരുടെ ബുദ്ധിയില്ലായ്മയും ചൂഷണം ചെയ്യാൻ കഴുകാൻ കണ്ണുകളുമായി ഇത്തരക്കാർ നമുക്കിടയിലുണ്ട്. ഇത്തരം തട്ടിപ്പിനും വെട്ടിപ്പിനും ഇറങ്ങിത്തിരിക്കുന്ന കൊള്ളസംഘങ്ങളെ തുറന്നു കാണിക്കുന്ന പാർട്നെർസ് ഉറപ്പായും മലയാളികൾ കണ്ടിരിക്കേണ്ട ചിത്രമാണ്.