ADVERTISEMENT

സൂപ്പർസ്റ്റാർ രജനികാന്തിന്റെ സിനിമ. രജനികാന്തിനൊപ്പം ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടം. അമിതാഭ് ബച്ചനും മഞ്ജു വാരിയരും റാണാ ദഗ്ഗുപതിയുമടക്കമുള്ള വൻതാരനിര.  വേട്ടയാൻ സിനിമയ്ക്ക് ടിക്കറ്റെടുക്കുമ്പോൾ ജയിലർ പോലെ സീൻ–റ്റു–സീൻ മാസ് എന്റർടെയ്നർ പ്രതീക്ഷിക്കുന്നവരായിരിക്കും പ്രേക്ഷകർ. അവർക്കുമുന്നിൽ വളരെപതുക്കെ കഥ പറയുന്ന, കൃത്യമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഒരു സ്ലോ പേസ് ക്ലാസ് സിനിമയാണ് വേട്ടയാനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതിമാനുഷികമായ ഗൂസ് ബംപ്സ് സീനുകളും ത്രില്ലിങ്ങ് ആക്‌ഷൻ സീനുകളുമൊക്കെ ഒരു പരിധിക്കപ്പുറത്തേക്ക് പോയിട്ടില്ല. എന്നാൽ അത്യാവശ്യം മോശമല്ലാത്ത ഇന്റർവെൽ ട്വിസ്റ്റും രജനി ആരാധകർക്ക് വേണ്ടിയുള്ള രണ്ടോ മൂന്നോ രോമാഞ്ചിഫിക്കേഷൻ സീനുകൾ ഒരുക്കാനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കബാലിയും കാലയും പോലെ കൃത്യമായ ദളിത് രാഷ്ട്രീയം ചർച്ച ചെയ്യുന്ന രജനികാന്ത് സിനിമയാണ് വേട്ടയാൻ. 

മഞ്ജു വാരിയർ, രജനികാന്ത്, അമിതാഭ് ബച്ചൻ
മഞ്ജു വാരിയർ, രജനികാന്ത്, അമിതാഭ് ബച്ചൻ

തമിഴ്നാട് പൊലീസിലെ എൻകൗണ്ടർ സ്പെഷലിസ്റ്റായ കന്യാകുമാരി ജില്ലയിലെ എസ്പിയായാണ് രജനികാന്തിന്റെ വരവ്. മനുഷ്യാവകാശ ലംഘനങ്ങളാണെന്നു വാദിക്കുന്ന നിയമവിദഗ്ധനാണ് അമിതാഭ് ബച്ചൻ. സർക്കാർ സ്കൂളിലെ സാമൂഹികപ്രശ്നങ്ങൾ സമൂഹത്തിനു മുന്നിലെത്തിക്കാൻ ശ്രമിക്കുന്ന ശരണ്യയെന്ന സാധാരണക്കാരിയായ അധ്യാപിക എസ്പിയുടെ സഹായം തേടിയെത്തുകയാണ്. ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടി പോവുന്ന ശരണ്യ സ്കൂളിൽവച്ച് കൊല്ലപ്പെടുന്നു. തനിക്കേറെ പ്രിയപ്പെട്ട അധ്യാപികയായ ശരണ്യയുടെ കൊലപാതകത്തിനുപിന്നിലെ കുറ്റവാളിയെ എൻകൗണ്ടറിലൂടെ തീർക്കുകയെന്ന ലക്ഷ്യത്തിനായി രജനികാന്തിനെ ചെന്നൈയിലേക്ക് വിളിപ്പിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ ലക്ഷ്യം കൈവരിച്ച നായകനുമുന്നിൽ അവശേഷിക്കുന്നത് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമാണ്. ആരായിരുന്നു യഥാർഥ കൊലയാളി ?

വളരെ പതുക്കെ തുടങ്ങി, സമൂഹത്തിലെ അനീതിയും അടിച്ചമർത്തലുമൊക്കെ അവതരിപ്പിച്ചാണ് സിനിമ മുന്നോട്ടുപോവുന്നത്. ആദ്യ ഇരുപതുമിനിറ്റ് കടക്കുന്നതുവരെ എംജിആറും എം.എൻ. നമ്പ്യാരും മരിച്ചത് ഇവരാരും അറിഞ്ഞിട്ടില്ലേയെന്ന സംശയമൊക്കെ തോന്നിയേക്കും. പക്ഷേ പിന്നീടങ്ങോട്ട് കഥയുടെ രീതി മാറുകയാണ്. ശക്തമായ ഒരു ഇന്റർവെൽ സീക്വൻസിലാണ് ദൈർഘ്യമുള്ള ആദ്യപകുതി ചെന്നവസാനിക്കുന്നത്. അത്യാവശ്യം മോശമല്ലാത്ത രീതിയിൽ രണ്ടാംപകുതി പ്രേക്ഷകരെ പിടിച്ചിരുത്തും. പക്ഷേ ഒരു രജനികാന്ത് സിനിമയിൽനിന്ന് പ്രതീക്ഷിക്കുന്നത്ര ആവേശമൊന്നും ചിത്രത്തിലൊന്നടങ്കം അനുഭവപ്പെടുന്നുമില്ല. അതിനൊരു കാരണമുണ്ട്.

സവർണരെല്ലാം നല്ലവരാണെന്നും ദലിതർ മോശക്കാരാണെന്നുമുള്ള മുൻവിധി ഈ സമൂഹത്തിന്റെ മനസ്സിന്റെ അടിത്തട്ടിൽ അടിച്ചുറപ്പിച്ചതാരാണ്? കറുത്തവനെ കാണുമ്പോൾ കള്ളനാണെന്നും മോശക്കാരനാണെന്നുമുള്ള മുൻവിധിയോടെ പൊലീസും സമൂഹവും കാണുന്നതെന്തുകൊണ്ടാണ്? അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിന്റെ ഉള്ളിൽ നീറുന്ന ഈ സത്യത്തെ സൂപ്പർതാരത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുമെന്ന് ഉറപ്പുള്ള സിനിമയിലൂടെ സമൂഹത്തിന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് സംവിധായകൻ ടി.ജെ.ജ്ഞാനവേൽ. 

fahadh-rajinikanth-bacchan

രണ്ടു ചോദ്യങ്ങളാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്കു മുന്നിൽ സംവിധായകൻ വയ്ക്കുന്നത്. കുറ്റകൃത്യം ചെയ്ത ഒരാളെ സകല മനുഷ്യാവകാശങ്ങളെയും കാറ്റിൽപ്പറത്തി പൊലീസ് എൻകൗണ്ടർ ചെയ്യുന്നത് ശരിയാണോ? എവിടെ കുറ്റകൃത്യം നടന്നാലും ഇരുണ്ടനിറമുള്ളവരും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമായിരിക്കും കുറ്റവാളിയെന്ന് സമൂഹം ചിന്തിക്കാൻ കാരണമെന്താണ്? ഉത്തരമില്ലാത്ത ഈ രണ്ടു ചോദ്യങ്ങളും ഒരു മാസ് മസാല സിനിമയുടെ ചട്ടക്കൂടിൽനിന്നു കൊണ്ട് തമിഴ് പ്രേക്ഷകർക്കുമുന്നിൽ വയ്ക്കുകയാണ് ജ്ഞാനവേൽ. ദ്രാവിഡരാഷ്ട്രീയത്തിന്റെ വിയർപ്പിന്റെ രുചിയറിയുന്ന തമിഴ്മക്കൾക്ക് ‘ജയ് ഭീമി’ന്റെ സംവിധായകൻ പറയുന്ന ആശയം കൃത്യമായി ഉൾക്കൊള്ളാൻ കഴിയും.

സിനിമയുടെ മൊത്തം ആവേശത്തിലേക്ക് ഇഴുകിച്ചേരാതെ മനസിലായോ എന്ന പാട്ട് നിൽക്കുന്നുണ്ട്. എന്നാൽ ‘ഹണ്ടർ’ തീമുമായി ആദ്യാവസാനം അനിരുദ്ധിന്റെ ബിജിഎം ശ്രദ്ധേയമാണ്. 

‘ജയ് ഭീം’ പോലെ മൂർച്ചയേറിയ പ്രമേയം സിനിമയാക്കിയ ജ്ഞാനവേൽ ഇത്തവണ പതിവ് ‘സൂപ്പർതാര’ സിനിമകളിൽ കണ്ടുവരുന്ന കോർപറേറ്റ് വില്ലനെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തിരക്കഥയിൽ യാതൊരു പുതുമയും കാണാനാകില്ല. ലോകേഷ് കനകരാജ്, നെൽസൺ സിനിമകളിൽ കാണുന്ന പൊടി പാറുന്ന ആക്‌ഷൻ രംഗങ്ങളെ വലിയ ബഹങ്ങളൊന്നുമില്ലാതെ അവതരിപ്പിക്കാനാണ് ജ്ഞാനവേൽ ശ്രമിച്ചത്. അതും സിനിമയുടെ പോരായ്മയാണ്.

ഫഹദ് ഫാസിലാണ് ചിത്രത്തെ പക്കാ എൻറർടെയിനറായി കൊണ്ടുപോവുന്നത്. ബാറ്ററിയെന്നു വിളിപ്പേരുള്ള പാട്രിക്കായി ഫഹദ്ഫാസിലിന്റെ സാന്നിധ്യം അപാരമാണ്. അനായാസമായി കോമഡി ചെയ്ത് ആളെകയ്യിലെടുക്കാൻ ഫഹദിനു കഴിയുന്നുണ്ട്.  ചുരുക്കം സീനുകളിൽ മാത്രമാണ് മഞ്ജുവാരിയരുടെ നായികയുടെ സാന്നിധ്യം. എങ്കിലും ഈസീനുകളിലെല്ലാം മഞ്ജു തീ പാറിക്കുന്നുണ്ട്. അമിതാഭ് ബച്ചന്റെയും റാണാ ദഗ്ഗുപതിയുടെയും കഥാപാത്രങ്ങൾക്ക് പ്രതീക്ഷിച്ചത്ര കനമില്ലെന്ന് ഒറ്റനോട്ടത്തിൽ അനുഭവപ്പെടുന്നുമുണ്ട്.

‘വഴക്ക്’ എന്ന സിനിമയിലൂെട ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോൾ, രമ്യ സുരേഷ്, അലൻസിയർ, സാബുമോൻ, അഭിരാമി എന്നിവരാണ് വേട്ടയ്യനിലെ മറ്റു മലയാളി താരങ്ങൾ. ദുഷാര വിജയനാണ് ശരണ്യയായി എത്തുന്നത്.

അടിപൊളി മാസ് മസാല സിനിമ പ്രതീക്ഷിക്കുന്നവർക്ക് ശരാശരി അനുഭവമായിരിക്കാം ചിത്രം. എന്നാൽ നിലവിൽ വിജയ് അടക്കമുള്ളവരുടെ രാഷ്ട്രീയപ്രവേശനത്തിന്റെ അന്തരീക്ഷത്തിൽ കൃത്യമായ ദ്രാവിഡരാഷ്ട്രീയം പറയുന്ന രജനികാന്തിന്റെ സിനിമ വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിക്കുക. ആമസോൺ പ്രൈമിൽ ചിത്രം ഒടിടി റിലീസായി എത്തുമ്പോൾ ചർച്ച ചെയ്യപ്പെടുക ഈ രാഷ്ട്രീയമായിരിക്കുമെന്നത് ഉറപ്പാണ്.

English Summary:

Vettaiyan Movie Review And Rating

REEL SMILE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com