ADVERTISEMENT

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കേരളത്തിൽ തിയറ്ററുകളിലെത്തിയത് ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിലാണ്. ചിത്രത്തിൽ കനി കുസൃതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് പ്രഭ, പ്രഭയുടെ നിനവുകളിലൂടെയാണ് സിനിമ മുന്നേറുന്നത് എന്നതുകൊണ്ടും അവർ സ്വപ്നം കണ്ട പ്രഭാനാളം എന്ന അർഥത്തിലും വളരെയേറെ അനുയോജ്യമായ ഒരു പേരാണ് പ്രഭയായ് നിനച്ചതെല്ലാം. മൂന്ന് സ്ത്രീകളുടെ അതിജീവനവും അവരുടെ അമർത്തിയ കാമനകളുടെ വിങ്ങലും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പായൽ കപാഡിയ ഒരുക്കിയ ചിത്രം കേവലം ചില ആളുകളുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ കുടുക്കിൽ അമർന്നുപോകാനുള്ള ഒന്നല്ല. 

ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച നഗരമായ മുംബൈയിൽ താമസമാക്കിയ മൂന്നു സ്ത്രീകളുടെ കഥയാണ് പ്രഭയായ് നിനച്ചതെല്ലാം പറയുന്നത്. മലയാളികളായ നഴ്സുമാരാണ് പ്രഭയും അനുവും. തിരക്കുപിടിച്ച ആശുപത്രി ജീവിതത്തിനിടയിൽ ഒരുമിച്ചു താമസിക്കുന്ന ഇരുവരും തമ്മിൽ തമ്മിൽ സാന്ത്വനം തേടുന്നവരാണ്.  അതേ ആശുപത്രിയിൽ കുക്കാണ് പാർവതി.  പാർവതിയും പ്രഭയും എല്ലാം തുറന്നുപറയുന്ന സുഹൃത്തുക്കളാണ്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു പരിചയവുമില്ലാത്ത ഒരാൾക്ക് നേരെ കഴുത്തു നീട്ടി എന്നതുകൊണ്ട് മാത്രം ഒരു വിവാഹിതയായി ജീവിക്കുന്നവളാണ് പ്രഭ. വിവാഹത്തിന്റെ ആദ്യനാളുകളിൽ ഭർത്താവ് പകർന്ന അത്യാനന്ദം മാത്രമാണ് പ്രഭയുടെ ജീവിതത്തിലെ ആകെ പ്രതീക്ഷ.  

വിവാഹം കഴിഞ്ഞു ജർമ്മനിയിലേക്ക് പോയ അയാളുടെ ഒരു വിവരവും പിന്നെ കിട്ടിയില്ല. ബാധ്യതകളുള്ള കുടുംബത്തിൽ നിന്നു വന്ന് മുംബൈയിൽ ജോലി ചെയ്യുന്ന കളിചിരി മാറിയിട്ടില്ലാത്ത പെൺകുട്ടിയാണ് നഴ്സായ അനു. ഷിയാസ് എന്ന പയ്യനുമായി അനുവിന് അടുപ്പമുണ്ട്. ഹോസ്പിറ്റലിൽ നിന്ന് നേരത്തെ ഇറങ്ങി മുംബൈയിലെ തിരക്കിൽ ശ്വാസംമുട്ടിയെങ്കിലും പ്രസരിപ്പോടെ ഷിയാസിനരികിലേക്ക് അനു ഓടിയെത്താറുണ്ട്. ഷിയാസുമായുള്ള പ്രണയം പൂർണതയിലെത്തിക്കാനുള്ള വെമ്പലാണ് അനുവിന്.  ആശുപത്രിയിൽ മറ്റു ജീവനക്കാർ അനുവിനെക്കുറിച്ച് അപവാദം പറയുന്നത് പ്രഭയ്ക്ക് സഹിക്കുന്നില്ല. അനുവിനോടുള്ളത് പ്രണയമാണോ എന്ന് തോന്നിക്കുന്ന തരത്തിലുള്ള പൊസസീവ്നെസ് ആണ് പ്രഭയ്ക്ക്. 

തന്നെ ചോദ്യം ചെയ്തതിലുള്ള പ്രതികാരമെന്ന രീതിയിലാണ് അനു മനഃപൂർവം പ്രഭയുടെ മുന്നിൽ വിവസ്ത്രയായി നിൽക്കുന്നത്. അനുവിന്റെ നഗ്നത കാണാനാഗ്രഹമുണ്ടെങ്കിലും പ്രഭ മുഖം തിരിക്കുകയാണ്. നഗരത്തിലെത്തി വർഷങ്ങളായി ഒരേസ്ഥലത്ത് താമസിക്കുകയാണെങ്കിലും ഫ്ലാറ്റ് നിർമാണക്കമ്പനി പാർവതിയെ കുടിയിറക്കുന്നു. പാർവതിക്കും ഏക അത്താണി പ്രഭയാണ്. ഒടുവിൽ തങ്ങളെ മൂടിയ എല്ലാ ആധികളും ആടകളും കടൽത്തീരത്തെ പൂഴിമണ്ണിൽ അഴിച്ചുവച്ച് അനുവും ഷിയാസും രതിയിലേർപ്പെടുന്ന ദൃശ്യം പ്രഭ കാണാനിടയാകുന്നു. ഈ മൂന്ന് സ്ത്രീകളുടെ ജീവിതത്തിലേക്ക് പൊടുന്നനെ അരിച്ചരിച്ചെത്തുന്ന വെളിച്ചമാണ് ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ഓൾ വി ഇമേജിൻ ആസ് ലൈറ്റ് സിനിമയിൽ നിന്നുള്ള ദൃശ്യം. (Screen grab)
ഓൾ വി ഇമേജിൻ ആസ് ലൈറ്റ് സിനിമയിൽ നിന്നുള്ള ദൃശ്യം. (Screen grab)

കനി, ദിവ്യപ്രഭ,  ഛായ കദം എന്നീ മൂന്നു താരങ്ങളുടെ അകമഴിഞ്ഞ അഭിനയ പ്രകടനമാണ് പ്രസരിപ്പോടെ സിനിമയെ മുന്നോട്ട് നയിക്കുന്നത്. ദിവ്യപ്രഭ എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും അനു.  യുവത്വത്തിന്റെ പ്രസരിപ്പും ചാപല്യവും പ്രണയാനന്ദവും രതിയും ധീരതയും എല്ലാം അതിമനോഹരമായ കാഴ്ചാനുഭവമാക്കി മാറ്റുന്ന ഗംഭീര പ്രകടനമാണ് ദിവ്യപ്രഭ ചിത്രത്തിനായി നൽകിയത്. അതേസമയം പ്രണയശൂന്യതയും നിരാശയും ഭയവും എല്ലാം പ്രകടമാക്കുന്ന പ്രഭയെന്ന കഥാപാത്രത്തിന്റെ അതിസൂക്ഷ്മമായ വൈകാരിക തലങ്ങൾ കനിയുടെ മികവുറ്റ പ്രകടനത്തിലൂടെ ഉജ്ജ്വലമായി. പാർവതി എന്ന കഥാപാത്രമായി ഛായ കദവും മികവ് പുലർത്തി.  

സിനിമയിലെ പുരുഷ കഥാപാത്രങ്ങളിൽ ഹൃദു ഹാറൂൺ പുതുമുഖത്തിന്റെ പരിഭ്രമമില്ലാതെ ഷിയാസ് എന്ന കഥാപാത്രത്തെ ചുമലേറ്റി. ഹൃദുവും ദിവ്യയുമായുള്ള നിഷ്കളങ്കമായ പ്രണയരംഗങ്ങളൊക്കെ അതിമനോഹരമാണ്. അസീസ് നെടുമങ്ങാടാണ് പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു താരം. മുംബൈയിലെ ആശുപത്രിയിൽ ഭാഷ അറിയാതെ കുഴങ്ങുന്ന മലയാളി ഡോക്ടറുടെ വേഷം അസീസ് ഗംഭീരമാക്കി. താരങ്ങളുടെ മത്സരിച്ചുള്ള അസാമാന്യ പ്രകടനങ്ങളാണ് ചിത്രത്തിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്ന ഘടകം.

ഇന്ത്യൻ സിനിമയിലെ ന്യൂഡിറ്റി കാണിച്ചു കാനിലെത്തി എന്ന ആക്ഷേപം കേൾക്കേണ്ട സംവിധായികയല്ല പായൽ കപാഡിയ എന്ന് ചിത്രം കണ്ടവർക്ക് മനസ്സിലാകും. തിരക്കുപിടിച്ച നഗരത്തിൽ ഒലിച്ചുപോകുന്ന ജീവിതത്തിനും കാന്തം പോലെ പിടിച്ചുവലിക്കുന്ന നാട്ടിൻപുറത്തെ ഓർമ്മകൾക്കുമിടയിൽ കുരുങ്ങിക്കിടക്കുന്ന ചില നിസ്സഹായരായ മനുഷ്യരുടെ മാനസിക വ്യാപാരങ്ങളാണ് പായൽ ഒരു കാവ്യം പോലെ അഭ്രപാളിയിൽ പകർത്തിയത്. ന്യൂഡിറ്റിയും ലൈംഗികതയുമെല്ലാം ഒരു മനുഷ്യന്റെ ജീവിതത്തിൽ അനുഭവിക്കുന്നതിന്റെ അല്‍പദര്‍ശനംമാത്രമാണ് പായൽ അവതരിപ്പിച്ചത്.

ഒരു നുറുങ്ങുപോലും അതിഭാവുകത്വമോ അനാവശ്യമായ സീനുകളോ ചിത്രത്തിലില്ല. മുംബൈ എന്ന മഹാനഗരവും പായലിന് ഒരു കഥാപാത്രമാണ്. നിസ്സഹായരായ മനുഷ്യരുടെ അന്തഃസംഘർഷങ്ങളും പ്രണയ നൈരാശ്യവും രതിയും കുടിയിറക്കവും അന്തമില്ലാത്ത തിരക്കുമെല്ലാം നേരിട്ടനുഭവിക്കുന്ന നഗരവും കഠിന വേദന ഉള്ളിലൊതുക്കുന്ന മറ്റൊരു സ്ത്രീയായി മാറുന്നു.  മുംബൈ നഗരത്തിന്റെ ഒരു ക്രോസ്സ് സെക്‌ഷൻ തന്നെ സിനിമയിൽ കാണിക്കുന്നുണ്ട്. തിരക്കുപിടിച്ച ട്രെയിനുകളും സ്റ്റേഷനുകളും ബസ് സ്റ്റാൻഡും ചേരികളും പ്രഭാപൂരമായ തെരുവോരങ്ങളും രമ്യ ഹർമങ്ങളും അതിമനോഹരമായി ക്യാൻവാസിലൊതുക്കിയിരിക്കുന്നു. നഗരത്തിന്റെ തിരക്കും ട്രെയിനിലെ സീനുകളും ആശുപത്രിയും മനുഷ്യരുടെ വൈകാരിക പ്രകടനങ്ങളും എല്ലാം മനോഹരമായി പകർത്തിയ ക്യാമറ വർക്കും കയ്യടി അർഹിക്കുന്നുണ്ട്. റോഡുകളും ട്രെയിനുകളും ബസുകളും സ്ട്രീറ്റ് ഫൂഡ് കഴിക്കുന്ന ഷോട്ടുകളുമെല്ലാം വളരെ റിയലിസ്റ്റിക്കായ അനുഭവമാണ് നൽകുന്നത്.

അന്യഭാഷയിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൽ വച്ച് ഏറ്റവും മനോഹരമായ പരിഭാഷാ ചിത്രമാണ് പ്രഭയായ് നിനച്ചതെല്ലാം. വർണകാഴ്ചകൾക്കും ആഡംബരത്തിനുമിടയിൽ ജീവിതം കൈവിട്ടുമൊകുന്ന ചില മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ചിത്രം. ലളിതമായൊരു കഥ പായൽ കപാഡിയയുടെ ഉജ്ജ്വലമായ ആവിഷ്കാരം കൊണ്ടും താരങ്ങളുടെ അതിശയകരമായ പ്രകടനം കൊണ്ടും മഹത്തായൊരു കലാസൃഷ്ടിയായി മാറുന്നത് തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹമുള്ളവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

English Summary:

All We Imagine as Light movie review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com