ADVERTISEMENT

ചെകുത്താന്മാർ വാഴുന്ന, ത‌ീയും ചോരയുമാളിത്തിളയ്ക്കുന്ന നരകസാമ്രാജ്യത്തിന്റെ ഏതോ കോണിൽ നടക്കുന്ന യുദ്ധം. രക്തം കൊണ്ടെഴുതിയ കഥ. ഒരു സിനിമയിലെ വില്ലനെ നായകനാക്കി സ്പിൻ ഓഫ് സിനിമയെടുക്കുക അത്രയെളുപ്പമല്ല. കാവൽ മാലാഖയായ മിഖായേലിനെപ്പോലെയല്ല മാർക്കോ. മിഖായേൽ സ്വർഗത്തിന്റെ സൈന്യാധിപനാണെങ്കിൽ മാർക്കോ നരകത്തിന്റെ സംരക്ഷകനാണ്. ‘മാർക്കോ’യുടെ കഥ നടക്കുന്നതും നരകത്തിലാണെന്നു പ്രേക്ഷകർക്കു തോന്നാം. കാരണം സൂര്യനു താഴെ നടക്കുന്ന സകല തിന്മകളും ഈ സിനിമയിലുണ്ട്.

ജോർജ് പീറ്റർ അടക്കി വാഴുന്ന അടാട്ട് കുടുംബത്തിലെ അനുസരണയുള്ള ‘നായ’ എന്നാണ് മാർക്കോയെ ശത്രുക്കൾ പോലും വിശേഷിപ്പിക്കുന്നത്. ‘മിഖായേൽ’ സിനിമയില്‍ സിദ്ദീഖ് അവതരിപ്പിച്ച ജോർജ് പീറ്റർ എന്ന അതേ കഥാപാത്രം. ജോർജിനു താഴെ രണ്ടു സഹോദരങ്ങളാണ്. പെങ്ങൾ ആൻസിയും ഇളയ സഹോദരൻ വിക്ടറും. ജോർജിന്റെ അപ്പൻ മാർക്കോ സീനിയർ ആ കുടുംബത്തിലേക്കു കൊണ്ടുവന്ന അനാഥക്കുട്ടിയാണ് മാർക്കോ. ജോർജും വിക്ടറുമൊഴികെ മറ്റു കുടുംബാംഗങ്ങൾക്ക് പിഴച്ച സന്തതിയാണവൻ. ‘മിഖായേൽ’ സിനിമയിൽനിന്നു സംവിധായകൻ ഹനീഫ് അദേനി കടമെടുത്തിരിക്കുന്നത് ഇതുമാത്രമാണ്. അടാട്ട് കുടുബവും ജോർജ് പീറ്ററും അയാളുടെ കള്ളക്കടത്തിലെ പങ്കാളികളായ സിൻഡിക്കറ്റുകളെയുമാണ് ഈ യൂണിവേഴ്സിൽ അദേനി പരിചയപ്പെടുത്തുന്നത്.

വയലൻസ് വയലൻസ് വയലൻസ്... വയലൻസിന്റെ അതിപ്രസരമെന്നു പറഞ്ഞാൽ കുറഞ്ഞുപോകും. കടുകട്ടി മനസ്സുള്ളവർ പോലും പതറിപ്പോകുന്നത്ര ക്രൂരത നിറഞ്ഞ രംഗങ്ങളുടെ ധാരാളിത്തമാണ് ‘മാർക്കോ’യിൽ. ഇന്ത്യൻ സിനിമയിൽത്തന്നെ ഇതിനുമുൻപ് ഇതുപോലുള്ള വയലൻസ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടാകില്ല. പ്രത്യേകിച്ചും ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള സീനുകളൊക്കെ മാരകം. ജോൺ വിക്ക്, കിൽ, അനിമൽ പോലുള്ള സിനിമകളിൽ കണ്ട വയലൻസല്ല, അതുക്കും മേലെയെന്നു പറയേണ്ടി വരും. അതുകൊണ്ട് ലോല ഹൃദയർ ഈ വഴിക്കുവരരുത്.

ഹോളിവുഡ് ലെവലിലാണ് ആക്‌ഷൻ സീനുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘‘യൂ ആർ ഡീലിങ് വിത്ത് ദ് റോങ് റോങ് പഴ്സൻ’’ എന്ന ഡയലോഗോടെ വരുന്ന ഉണ്ണി മുകുന്ദന്റെ ഇൻട്രൊ സീനിൽത്തന്നെ സിനിമയുടെ ക്വാളിറ്റി പ്രകടമാണ്. ഹൈ ക്വാളിറ്റി ആക്‌ഷനൊപ്പം എക്സ്ട്രീം വയലൻസ്. മാസിനു വേണ്ടിമാത്രം എഴുതിച്ചേർക്കപ്പെട്ട സീനുകളൊന്നും ചിത്രത്തിലില്ല. കഥയുടെ വേഗത്തിനൊത്ത ആക്‌ഷൻ സീനുകളാണ് സിനിമയിലേത്.‌

marco-teaser

ഇന്ത്യൻ ജോൺ വിക്ക് എന്ന വിശേഷണം ഉണ്ണി മുകുന്ദനു ചാർത്തിക്കിട്ടിയാൽപോലും അദ്ഭുതമില്ല. സ്വാഗിലും ലുക്കിലും ആക്‌ഷൻ രംഗങ്ങളിലുമൊക്കെ ഉണ്ണി‌യുടെ സ്ക്രീൻ പ്രസൻസ് എടുത്തു പറയണം. പ്രത്യേകിച്ചും ഇന്റർവെല്ലിനു തൊട്ടു മുമ്പുള്ള ആക്‌ഷൻ സീക്വൻസിലെ ‘ഈവിൾ’ പ്രകടനം. ഡയലോഗ് ഡെലിവറിയിലും താരം കയ്യടി നേടുന്നുണ്ട്. തന്റെ നിഷ്കളങ്ക മുഖത്തുനിന്ന് ഡെവിളിഷ് ലുക്കിലേക്കുള്ള പരകായ പ്രവേശമാണ് സിനിമയിലുടനീളം. മാർക്കോ എന്ന പേരിന്റെ ഗാംഭീര്യം ആക്‌ഷനിലും ശരീരചലനങ്ങളിലും സംഭാഷണത്തിലുമെല്ലാം പ്രകടമാക്കാൻ‌ ഉണ്ണി മുകുന്ദനു കഴിയുന്നു.

ജോർജ് പീറ്ററായി സിദ്ദീഖും കട്ടയ്ക്കുണ്ട്. മിഖായേൽ സിനിമയിൽ എങ്ങനെയായിരുന്നോ അതേ ലുക്കിലാണ് മാർക്കോയിലും നടനെത്തുന്നത്. എന്നാൽ മിഖായേലിൽ പറഞ്ഞുമാത്രം േകൾക്കുന്ന ജോർജിന്റെ വില്ലത്തരവും ആ കഥാപാത്രത്തിന്റെ വലുപ്പവും ഈ സിനിമയിൽ കാണാം. ജോർജ് പീറ്ററിന്റെ ബിസിനസ് പങ്കാളി ടോണി ഐസക് ആയി എത്തുന്ന ജഗദീഷ് ആണ് ഞെട്ടിക്കുന്ന മറ്റൊരു താരം. ബോഡി ലാഗ്വേജിലും ലുക്കിലും ക്രൂരനായ വില്ലനായി ജഗദീഷ് അരങ്ങു വാഴുന്നു. സമീപകാലത്ത് ജഗദീഷിന്റെ മികച്ച വേഷങ്ങളുടെ കൂട്ടത്തില്‍ മറ്റൊരു പൊന്‍തൂവലാണ് ടോണി ഐസക്. 

ജഗദീഷിനേക്കാൾ ഞെട്ടിച്ചത് ടോണി ഐസക്കിന്റെ മകന്‍ റസ്സലിനെ അവതരിപ്പിച്ച പുതുമുഖ നടനാണ്; അനശ്വര നടൻ തിലകന്റെ രണ്ടാം തലമുറയിലെ അംഗം. നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു ഷമ്മി തിലകനാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. ആ കുടുംബത്തിൽനിന്നു മറ്റൊരു പ്രതിഭ കൂടി പിറവിയെടുത്തിരിക്കുന്നുെവന്നും പറയാം.

ഇടവേളയ്ക്കു ശേഷമെത്തുന്ന കൊടും ഭീകരൻ സൈറസ് ആയി കബീർ ദുഹാൻസിങ്. ടർബോയിൽ അടക്കം ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെങ്കിലും ആൾ ഇത്ര ടെറർ ആണെന്ന് അറിയാൻ മാർക്കോ വേണ്ടി വന്നു. മാർക്കോയുടെ സഹോദരൻ വിക്ടർ ആയി എത്തുന്നത് ഇഷാൻ ഷൗക്കത്ത് എന്ന പുതുമുഖമാണ്. തന്റെ അരങ്ങേറ്റം ഇഷാൻ മനോഹരമാക്കി. ആൻസൺ പോൾ, അജിത്ത് കോശി, അർ‍ജുൻ നന്ദകുമാർ, ശ്രീജിത്ത് രവി, സജിത രവി, മാസ്റ്റർ റയാൻ, ബോളിവുഡ് നടി യുക്തി തരേജ, ദിനേശ് പണിക്കർ, സനീഷ് നമ്പ്യാർ, വിപിൻ കുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ബോക്സ്ഓഫിസിൽ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ സ്വന്തം സിനിമയിലെ വില്ലനെ വച്ച് നായകനായി ഒരു സിനിമയെടുക്കുക എന്നത് ഏതു സംവിധായകനും വെല്ലുവിളിയാണ്. അവിടെയാണ്ഹനീഫ് അദേനിയുടെ വിഷൻ എത്ര മാത്രം മൂർച്ചയേറിയതായിരുന്നുവെന്ന് തിരിച്ചറിയേണ്ടത്. ‘മാർക്കോ’ എന്ന യൂണിവേഴ്സിലേക്ക് അയാൾ കൊണ്ടുവന്ന എല്ലാ ഘടകങ്ങളും കൃത്യമായി സംയോജിപ്പിക്കാനായി എന്നതും സിനിമയുെട വിജയത്തിനു കാരണമാണ്.

ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണം മാർക്കോയുടെ ‘പ്രതികാരത്തിന്’ ആക്കം കൂട്ടുന്നു. വിദേശ ആക്‌ഷൻ സിനിമകളിൽ കണ്ടിട്ടുള്ള ക്രിയേറ്റിവ് ഷോട്ടുകൾ ഇഷ്ടംപോലെ സിനിമയിലുണ്ട്. അത് പ്ലേസ് ചെയ്തിരിക്കുന്ന രീതിയും ക്യാമറ ആങ്കിളും ലൈറ്റിങ്ങുമൊക്കെ അതിഗംഭീരം. സംഗീത സംവിധായകന്‍ രവി ബസൂര്‍ ആണ് സിനിമയുടെ മറ്റൊരു മുതൽക്കൂട്ട്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ബിജിഎമ്മുമായി സിനിമയുടെ മൂഡ് നിലനിർത്തിക്കൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് രവിയുടെ മാജിക് ആണ്.

ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിങ് കട്ടുകളും പ്രശംസനീയം. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. പ്രേക്ഷകരെ ഒരുഘട്ടത്തിൽ പോലും മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നതിലും ഷമീറിന്റെ പങ്കുവലുതാണ്. സുനിൽ ദാസിന്റെ കലാ സംവിധാനവും സിനിമയോട് നീതിപുലർത്തി. ലൊക്കേഷനുകൾ അധികമില്ലെങ്കിലും ഫാക്ടറി പോലുള്ള സ്ഥലങ്ങളുടെ സെറ്റുകൾ യാഥാർഥ്യത്തോടു ചേർന്നു നിന്നു. സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കിങ്ങ്സ്റ്റൺ ഒരുക്കിയത്. ഏഴും ഒന്നിനൊന്നു മെച്ചം. സപ്ത റെക്കോർഡ്‌സ് ആണ് സൗണ്ട് ഡിസൈന്‍. ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം.ആർ. കലാസംവിധാനം:മേക്കപ്പ്: സുധി സുരേന്ദ്രൻ. വയലൻസിന്റെ അതിപ്രസരമുളള ആക്‌ഷൻ സിനിമയ്ക്ക് അതിനർഹിക്കുന്ന ബജറ്റു നൽകി അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇടവരുത്താതെ പൂർത്തിയാക്കിയ നിര്‍മാതാവ് ഷെരീഫ് മുഹമ്മദിനും അഭിമാനിക്കാം.

മാർക്കോ മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ ചര്‍ച്ചയായേക്കാവുന്ന ചിത്രമാണ്. സിനിമയെക്കുറിച്ച് സ്വാഭാവികമായും രണ്ട് അഭിപ്രായം ഉണ്ടായേക്കാം. എന്നിരുന്നാലും ഈ സിനിമ തീർക്കുന്ന ബെഞ്ച്മാർക്ക് വരാനിരിക്കുന്ന മലയാള സിനിമകൾക്കൊരു വെല്ലുവിളിയാണ്.

വാൽക്കഷ്ണം: ചോര ഇല്ലൊത്താരു െടയ്ൽ എൻഡ് സീൻ സിനിമയിലുണ്ട് 

English Summary:

Marco Malayalam Movie Review And Rating

REEL SMILE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com