പേരിൽ പോലും ഒളിഞ്ഞിരിക്കുന്ന ബ്രില്യൻസ്; ‘ക്വാളിറ്റി സിനിമ’; ‘രേഖാചിത്രം’ റിവ്യു
Rekhachithram Review

Mail This Article
നമുക്ക് ഏവർക്കും അറിയാവുന്നൊരു ചരിത്രം, നോവൽ, സംഭവം അതേതുമാകട്ടെ. അതിൽ നിന്നുള്ള ‘യാഥാർഥ്യ’ത്തെ അടർത്തി മാറ്റി സമാന്തരമായ മറ്റൊരു കഥയോ കഥാപാത്രങ്ങളെയോ സൃഷ്ടിച്ച് വ്യത്യസ്തമായ രീതിയിൽ പുനരവതരിപ്പിക്കുക എന്നതാണ് ഓൾടർനേറ്റ് ഹിസ്റ്ററി എന്നു പറയുന്നത്. ടറന്റീനോയുടെ ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ഇതൊക്കെ ഈ ‘ഓൾടർനേറ്റ് ഹിസ്റ്ററി’ വിഭാഗത്തിൽപെടുന്ന സിനിമകളാണ്.
സമാനമായ കഥാവിഷ്കര ശൈലിയാണ് സംവിധായകനായ ജോഫിൻ ടി. ചാക്കോയും തിരക്കഥാകൃത്തായ ജോൺ മന്ത്രിക്കലും ‘രേഖാചിത്രം’ എന്ന സിനിമയിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. 1985ൽ റിലീസ് ചെയ്ത ഒരു സൂപ്പർഹിറ്റ് മലയാള ചിത്രത്തിന്റെ പിന്നണിയിൽ ‘സംഭവിച്ച’ നമുക്കാർക്കും അറിയാത്തൊരു കഥ. അതെങ്ങനെ വർത്തമാനകാലവുമായി കണക്ട് ചെയ്യുന്നു എന്നതാണ് കഥയുടെ ഏറ്റവും വലിയ സവിശേഷത.
ഇനി സിനിമയുടെ കഥയിലേക്കു വരാം. ഡ്യൂട്ടിക്കിടയിൽ ഓൺലൈൻ റമ്മി കളിച്ച് സസ്പെഷനിലായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വിവേക്. നല്ല നടപ്പിനായി വലിയ ബഹളങ്ങളോ സെൻസിറ്റീവ് കേസുകളോ അധികമില്ലാത്ത, പൊതുവെ ശാന്തമായ മലക്കപ്പാറ സ്റ്റേഷനിലേക്കു വിവേകിനെ സ്ഥലം മാറ്റുന്നു. എന്നാൽ വിവേക് ചാർജെടുത്ത ആ ദിവസം തന്നെ മലക്കപ്പാറ സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്ത് രാജേന്ദ്രൻ എന്നൊരാൾ ആത്മഹത്യ ചെയ്യുന്നു. സ്ഫോടനാത്മകമായ ഒരു കൊലപാതക വിവരം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയതിനുശേഷമാണ് അയാൾ ആത്മഹത്യ ചെയ്യുന്നത്.
കൊല നടക്കുന്നത് 1985ൽ, എന്തായിരുന്നു കൊലയ്ക്കു പിന്നിലെ ലക്ഷ്യം? കൊല്ലപ്പെട്ടത് ആര്? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയിറങ്ങുകയാണ് വിവേക്. സഹപ്രവർത്തകർക്കു മുന്നിലും മാധ്യമങ്ങൾക്കു മുന്നിലും നാണം കെട്ടു നിൽക്കുന്ന വിവേകിന് ഒരുപിടി വള്ളിയായി തീരുകയാണ് ഈ കേസ്.
ഒരു പതിവു കുറ്റാന്വേഷണ സിനിമയുടെ ഫോർമാറ്റ്. എന്നാൽ അവിടെ നിന്നും കഥ മാറുന്നു. ചിത്രത്തിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍റെ കൗതുകം വര്‍ധിപ്പിക്കുന്നത് ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി സ്വഭാവമാണ്. തിരക്കഥയുടെ കരുത്തും, സിനിമയ്ക്കു വേണ്ടി സംവിധായകനും അണിയറ പ്രവർത്തകരും നടത്തിയ ഡീറ്റെയ്‌ലിങും ഇവിടെയാണ് പ്രകടമാകുന്നത്. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്നതിന്റെ സാധ്യതകളെ ഏറ്റവും സൂക്ഷമമായി തന്നെ തിരക്കഥയില്‍ നിന്നും ഫ്രെയിമിലേക്കു മനോഹരമായി കോർത്തെടുക്കുന്നുണ്ട്.
മലയാളികള്‍ക്ക് സുപരിചിതമായ എണ്‍പതുകളിലെ ഒരു സിനിമയും അതിന്‍റെ ലൊക്കേഷനുമാണ് ചിത്രത്തിലെ അന്വേഷണത്തിന്‍റെ പ്രധാന പശ്ചാത്തലം. പുതിയ കാലത്തിരുന്ന് നാല് പതിറ്റാണ്ടിന്‍റെ അകലമുള്ള മറ്റൊരു കാലത്ത് നടന്ന ക്രൈമിന്‍റെ അന്വേഷണം എന്നതാണ് തിരക്കഥയിലെ പ്രത്യേകത. അതിനായി അന്നത്തെ കാലം, ആളുകൾ, ഷൂട്ടിങ് സെറ്റ് ഇതൊക്കെ പുനഃസൃഷ്ടിക്കണം. യഥാര്‍ഥ്യത്തോട് ചേർന്നു നിൽക്കുന്ന രീതിയിൽ ഇതൊക്കെ പുനഃസൃഷ്ടിച്ചെടുക്കാൻ സംവിധായകനു കഴിഞ്ഞു. ഒറിജിനാലിറ്റിക്കു വേണ്ടി അന്ന് ആ സിനിമയിൽ പ്രവർത്തിച്ച സിനിമാ പ്രവർത്തകരുെട മക്കളെ വരെ ഈ സിനിമയിൽ കൊണ്ടുവന്നു. അന്ന് ആ സിനിമയിൽ അസോഷ്യേറ്റ് ആയി, പിന്നീട് മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനായി മാറിയ കമലിന്റെ ചെറുപ്പം, അഭിനയിച്ചത് അദ്ദേഹത്തിന്റെ മകനായ ജെനുസ് ആണ്.
അറുപത്തൊൻപതുകാരനായ ഒരു മലയാളി താരം ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. എൺപത് കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ഒരു സീൻ വരുമ്പോൾ ഉപയോഗിക്കുന്ന ഡയലോഗ് ഡെലിവറിയിലെ ശബ്ദത്തിൽ പോലും പ്രായ വ്യത്യാസം കൊണ്ടുവരാൻ ടീം ശ്രമിച്ചിട്ടുണ്ട്. അതായത് അത്രത്തോളം റിസർച്ച് ചെയ്താണ് ഇവർ ഈ സിനിമയിലെ ഓരോ സീൻസും ചെയ്തിരിക്കുന്നതെന്ന് നിസംശയം പറയാം.

ചടുലമായ വേഗത്തിൽ നീങ്ങുന്ന ഒരു ക്രൈം സസ്പെൻസ് ത്രില്ലറല്ല രേഖാചിത്രം. പതിഞ്ഞ താളത്തിൽ പഴുതുകളടച്ച് മുന്നേറുന്ന ക്രൈം ഡ്രാമയാണ്. തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. അതിനോടു പൂർണമായും നീതിപുലർത്തുന്ന മേക്കിങും. ഓൾടർനേറ്റ് എൻഡിങിന്റെ സാധ്യതകൾ കൃത്യമായി മനസ്സിലാക്കി, ഇത്രയും സങ്കീർണമായ ഒരു തിരക്കഥ സിനിമയാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ വേഗതയോ സസ്പെൻസോ ട്വിസ്റ്റുകളോ ഇന്റർവെൽ പഞ്ചോ ഒന്നും ചിത്രത്തിലില്ല. 40 വർഷം മുമ്പുള്ള ഒരു സിനിമയുടെ ചെറിയൊരു കോണിൽ നിന്നും അടർത്തിയെടുത്തൊരു ഭാഗം പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിലൂടെ സഞ്ചരിച്ച് വികസിക്കുകയാണ്. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആവേശം നിറഞ്ഞതും അത്യന്തം വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥയെ പ്രേക്ഷകർക്കു കൂടി കണക്ട് ആക്കുന്ന രീതിയിൽ എഴുതാൻ കഴിഞ്ഞു എന്നതാണ് ഇവരുടെ വിജയം.
ആദ്യ ചിത്രമായ പ്രീസ്റ്റിൽ നിന്നും ഏറെ വ്യത്യമാർന്ന പ്രമേയം. മുതിർന്ന സംവിധായകർ പോലും കൈവയ്ക്കാൻ ഭയപ്പെടുന്ന ഈ തിരക്കഥയെ അനായസമായി തോളിലേറ്റി സമർഥമായി തന്നെ എക്സിക്യൂട്ട് ചെയ്യാൻ ജോഫിനു കഴിഞ്ഞു. അതിനൊപ്പം തന്നെ തന്റെ ആദ്യ നായകനായ മമ്മൂട്ടി, ജോഫിനു നൽകിയ പിന്തുണയും ഈ സിനിമയ്ക്കു മുതൽക്കൂട്ടാണ്. ചിത്രത്തിന്റെ ‘വൗ’ ഫാക്ടർ തന്നെ മമ്മൂട്ടിയാണ്. അദ്ദേഹത്തെ പോലും ഈ സിനിമയിൽ പ്ലേസ് ചെയ്തിരിക്കുന്ന രീതി എടുത്തു പറയണം. സിനിമയ്ക്കൊരു ബാധ്യതയാകുന്ന തരത്തിലല്ല, ഈ സിനിമയുടെ ജീവവായു അദ്ദേഹമാണെന്നു പറയാം. അതുകൊണ്ടു തന്നെയാകാം അങ്ങനെയൊരു ക്ലൈമാക്സും ഈ ചിത്രത്തിനു വന്നു ചേർന്നത്.
2025ലും തന്റെ ഫോം ആസിഫ് അലി നിലനിർത്തുന്നു. തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തിലും പറയേണ്ടതില്ല. വിവേക് എന്ന കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തുന്ന പ്രകടനം. വൈകാരിക പ്രകടനങ്ങൾ തീരെ ഇല്ലാത്തൊരു വേഷമാണ്, എന്നാൽ ഒരു മാസ് മൊമന്റിൽ ആ കഥാപാത്രത്തിന്റെ തീവ്രത അറിയുന്നുമുണ്ട്.
ആസിഫ് അലിക്കൊപ്പം സ്ക്രീൻ സ്പേസുള്ള മറ്റൊരു കഥാപാത്രം അനശ്വര രാജന്റേതാണ്. ഏറെ ദുരൂഹുതകൾ ഒളിപ്പിച്ചുവച്ച നിഷ്കളങ്കയായ ....പെൺകുട്ടിയായി (ആ കഥാപാത്രത്തിന്റെ പേരൊരു സ്പോയിലർ ആയി മാറും) അനശ്വരയും തിളങ്ങി. സിദ്ദീഖ്, മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, ഭാമ അരുൺ, സുധി കോപ്പ, മേഘ തോമസ്, ടി.ജി. രവി, ശ്രീജിത്ത് രവി, ഷഹീൻ സിദ്ദീഖ്, പഴയകാല നടി സലീമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭദ്രമാക്കി. ചില സർപ്രൈസ് അതിഥി താരങ്ങളും പ്രശസ്തരും ചിത്രത്തിന്റെ നിർണായഘട്ടങ്ങളിൽ വന്നുപോവുന്നുണ്ട്.

അപ്പു പ്രഭാകർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. കഥ നടക്കുന്ന രണ്ടു കാലഘട്ടങ്ങളെയും ഏറ്റവും യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ അണിയറക്കാർക്കു കഴിഞ്ഞു. പഴമയെയും പുതുമയെയും ഇഴ ചേർത്തുകൊണ്ടുള്ള സൂക്ഷ്മമായ എഡിറ്റിങും ചിത്രത്തിന്റെ താളത്തിനൊപ്പം ചേർന്നു നിൽക്കുന്നു. സിനിമയുടെ സ്വഭാവത്തോടു ചേർന്നു നിൽക്കുന്ന കട്ടുകളാണ് ഷമീർ മുഹമ്മദ് നൽകിയിരിക്കുന്നതും. വിഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്ന മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസിന്റെ വർക്കും ക്വാളിറ്റി നിലനിർത്തി. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും സിനിമയ്ക്കു യോജിച്ചു പോകുന്നു. ഷാജി നടുവിലിന്റേതാണ് കലാസംവിധാനം. പഴയകാല സിനിമയുടെ സെറ്റുകളും വസ്ത്രധാരണവുമൊക്കെ ശ്രദ്ധയോടെ തന്നെ ഒരുക്കിയിട്ടുണ്ട്. മലയാള സിനിമയുടെ വിന്റേജ് കാലത്തിലേക്കു കൂടിയാണ് സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
‘രേഖാചിത്രം’ എന്ന സിനിമയുെട ടൈറ്റിലിൽ തന്നെ ഒരു ബ്രില്യൻസ് ഒളിഞ്ഞിരിപ്പുണ്ട്. ഇതുപോലെ നിരവധി കൗതുകങ്ങളും ബ്രില്യൻസും ഒളിപ്പിച്ചു വച്ചിട്ടുള്ള ഇമോഷനൽ ക്രൈം ഡ്രാമയാണ് ഈ സിനിമ.