സസ്പെൻസും സർപ്രൈസും ഒളിപ്പിച്ച് ‘പ്രാവിൻകൂട് ഷാപ്പ്’; റിവ്യു Pravinkoodu Shappu Review

Mail This Article
ഒരു കള്ളുഷാപ്പിൽ നടക്കുന്ന കൊലപാതകം, തുടർന്നുണ്ടാകുന്ന കുറ്റാന്വേഷണം. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിലാണ് ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന സിനിമയുടെ നടക്കുന്നത്. കള്ളുകുടിയും ചീട്ടുകളിയുമൊക്കെയായി ഷാപ്പ് സജീവമായ, ദിവസം ഷാപ്പിനകത്തൊരു മരണം നടക്കുന്നു. ഷാപ്പുടമ കൊമ്പൻ ബാബുവിനെയാണ് ഷാപ്പിനുള്ളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണുന്നത്. ബാബു എന്തിന് മരിച്ചു? അത് ആത്മഹത്യയോ കൊലപാതകമോ? സംഭവം നടക്കുമ്പോൾ ഷാപ്പിനകത്ത് ഉണ്ടായിരുന്നത് 11 പേർ. ആരും പുറത്തേക്കും പോയിട്ടില്ല, പുതിയതായി ആരും അകത്തേയ്ക്കും വന്നിട്ടില്ല. ഈ പതിനൊന്നു പേരും സംശയത്തിന്റെ നിഴലിൽ ആകുന്നിടത്താണ് ‘പ്രാവിൻ കൂട് ഷാപ്പി’ന്റെ കഥ തുടങ്ങുന്നത്.
കേസന്വേഷണത്തിന്റെ ചുമതല എസ്ഐ സന്തോഷിനാണ്. ഇതുവരെ ഏറ്റെടുത്ത പതിനഞ്ച് കേസും തെളിയിച്ചിട്ടുള്ള ചോരത്തിളപ്പുള്ള പൊലീസുകാരൻ. അതുകൊണ്ട് തന്നെ അതിന്റേതായ എടുത്തുചാട്ടവും സന്തോഷിനുണ്ട്. സന്തോഷിനെ സംബന്ധിച്ചടത്തോളം ഇതുവെറും നിസ്സാര കേസ്. സംഭവസ്ഥലത്തു നിന്നും ലഭിക്കുന്ന ചെറിയ ചെറിയ തെളിവുകളിൽ നിന്നുപോലും അയാൾ ഞൊടിയിടയിൽ ക്രൈം സീൻ മനസ്സിലാക്കിയെടുക്കുന്നു. വളരെ പെട്ടന്നു തന്നെ കൊലയാളിയെയും കണ്ടെത്തുന്നു. എന്നാൽ സന്തോഷിനു പോലും അറിയാത്ത ചില നിഗൂഢതകൾ ഈ കേസിലുണ്ടായിരുന്നു.
സന്തോഷ് കണ്ടുപിടിച്ച ആൾ തന്നെയാണോ യഥാർഥ കൊലയാളി? എന്താണ് ഈ കേസിലെ നിഗൂഢത? . ഏറെ ആവേശഭരിതമായ ആദ്യ പകുതിക്കുശേഷം ഈ ചോദ്യങ്ങൾ ബാക്കിവച്ചാണ് സിനിമയുടെ രണ്ടാം പകുതി തുടങ്ങുന്നത്. സ്ഥിരം കുറ്റാന്വേഷണ സിനിമകളുടെ ടെംപ്ലേറ്റുകളിൽ നിന്നും മാറി ഏറെ വ്യത്യസ്തമായ അവതരണ ശൈലിയാണ് സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥയും ശ്രീരാജിന്റേതാണ്. ഡാർക്ക് ഹ്യൂമർ എലമന്റ്സും സിനിമയുടെ ഗൗരവം ചോരാത്ത വിധത്തിൽ കോർത്തിണക്കുന്നുണ്ട്. കഥ നടക്കുന്നത് തൃശൂരിന് പരിസരത്തെ ഒരു ഗ്രാമത്തിലായതിനാല്‍ ഭാഷാശൈലി പൂര്‍ണമായും തൃശൂർ സ്ലാങ് ആണ് കഥാപാത്രങ്ങളിൽ പ്രയോഗിച്ചിരിക്കുന്നത്.
സന്തോഷ് ആയി എത്തുന്ന ബേസിൽ ജോസഫ് ആണ് സിനിമയുടെ ‘ഫയർ’ ഫാക്ടർ. ഊർജസ്വലനും അൽപം സങ്കീർണത നിറഞ്ഞതുമായ കഥാപാത്രത്തെ ബേസിൽ ഗംഭീരമാക്കിയെന്നു പറയാം. കോമഡിയുടെ കാര്യത്തിലും ബേസിലിന്റെ ‘ഒറ്റയാൻ’ പ്രകടനം സിനിമയിലുടനീളം കാണാം. ശാരീരിക പരിമിതികളുള്ള കണ്ണൻ എന്ന കഥാപാത്രമായെത്തുന്ന സൗബിൻ ഷാഹിർ ആണ് ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം കാഴ്ച വച്ചത്. ഏറെ നിഗൂഢതകളുള്ള ഈ കഥാപാത്രത്തെ അനായസമായി സൗബിൻ അവതരിപ്പിക്കുന്നു. സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം നിയാസ് ബക്കറിന്റെ സിലോണാണ്. ചെമ്പൻ വിനോദ്, ചാന്ദ്നി ശ്രീധരൻ, കൊമ്പൻ ബാബുവായി വരുന്ന ശിവജിത് പത്മനാഭൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശബരീഷ് വർമ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഷൈജു ഖാലിദിന്റെ ക്യാമറയാണ് പ്രാവിൻ കൂടിനെ കൂടുതൽ കരുത്തുറ്റതാക്കുന്നത്. പ്രത്യേകിച്ചും മൂത്രപ്പുരയിൽ വച്ചുള്ള സിംഗിൾ ടേക്ക് ഫൈറ്റ് സീൻ. ആ ഫൈറ്റിന്റെ കൊറിയോഗ്രഫിയും അതി ഗംഭീരമാണ്. മനോഹരമായ നിരവധി ഫ്രെയിമുകൾ ചിത്രത്തിൽ കാണാൻ കഴിയും. വിഷ്ണു വിജയ്‌യുടെ സംഗീതവും സിനിമയുടെ താളത്തിനൊപ്പം ചേർന്നു പോകുന്നു. ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങും നീതി പുലർത്തി.
നിരവധി സസ്പെൻസുകളും ‘മാജിക്കൽ’ എലമന്റ്സും ഒളിപ്പിച്ചുവച്ചിട്ടുള്ള ചിത്രം സാങ്കേതികമായും മികവു പുലർത്തുന്നു.