ചിരിപ്പിച്ച് ത്രില്ലടിപ്പിച്ച് ‘ഡൊമിനിക്’; റിവ്യു
Dominic and the Ladies Purse Review

Mail This Article
കുഞ്ഞുകുഞ്ഞു തമാശകളുമായി തുടങ്ങി പിരിമുറുക്കം നിറഞ്ഞ കുറ്റാന്വേഷണത്തിലേക്ക് ഗതിമാറുന്ന സിനിമ. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യചുവടുവയ്പ്പ് തികച്ചും വ്യത്യസ്തമാണ്. കണ്ടുമടുത്ത കുറ്റാന്വേഷണ സിനിമകളിൽനിന്ന് വ്യത്യസ്തവും ഏറെ രസകരവുമാണ് ‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’. ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണ അനുഭവത്തിനൊപ്പം രസകരമായ സിറ്റുവേഷനൽ ഹ്യൂമറുമായി ഒരു ‘കോമഡി ഇൻവെസ്റ്റിഗേഷൻ’ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
‘വിണ്ണൈത്താണ്ടി വരുവായ’ പോലുള്ള റൊമാന്റിക് സിനിമകളും, ‘എന്നൈ അറിന്താൽ’, ‘കാക്ക കാക്ക’ പോലുള്ള ക്രൈം ത്രില്ലറുകളും ‘വേട്ടയാട് വിളയാട്’ പോലെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമെടുത്ത് തമിഴിൽ ക്രാഫ്റ്റ് തെളിയിച്ച ഗൗതം മേനോൻ ആദ്യമായാണ് മാതൃഭാഷയായ മലയാളത്തിലേക്കു വന്നിരിക്കുന്നത്. തമിഴിൽ കണ്ടു പരിചയിച്ച ഗൗതം മേനോനെയല്ല മലയാളത്തിൽ കാണാൻ കഴിയുന്നത്. ഷെർലക് ഹോംസ്, ഹെർക്യൂൾ പൊയ്റോട്ട് തുടങ്ങിയ കുറ്റാന്വേഷണ കഥാപാത്രങ്ങളെപ്പോലെ പുതിയൊരു സീരീസിന് തുടക്കമിടാൻ സാധ്യതയുള്ള ‘സിഐ ഡൊമിനിക്’ എന്ന മലയാളി സ്വകാര്യ ഡിറ്റക്റ്റീവിനെയാണ് ഇത്തവണ കുറ്റാന്വേഷണത്തിനായി ഗൗതം മേനോൻ തുറന്നുവിട്ടിരിക്കുന്നത്. ഡൊമിനിക് എന്ന കഥാപാത്രത്തെ വച്ച് ഇനിയും മികച്ച കഥകൾ പറയാനുള്ള സാധ്യത ചിത്രം തുറന്നിടുന്നുണ്ട്.
കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി തട്ടിമുട്ടി പോവുകയാണ് സിഐ ഡൊമിനിക്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്. ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്റെ ‘വിഘ്നേഷി’ൽനിന്നാണ് സിനിമ തുടങ്ങുന്നത്.
അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽനിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു. പ്രത്യേക സാഹചര്യത്തിൽ ഈ പഴ്സ് കണ്ടുപിടിക്കേണ്ട ചുമതല ഡൊമിനിക്കിന് ആകുന്നു. വെറും നിസ്സാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് നീങ്ങുകയാണ്. ആദ്യപകുതിയിലെ തമാശകളിൽനിന്ന് രണ്ടാംപകുതിയിലേക്ക് എത്തുന്നതോടെ ചിലരുടെ തിരോധാനം, കൊലപാതകം തുടങ്ങി കഥാഗതി ചടുലമാവുന്നു.
എൺപതുകളിൽ ‘ദ് ന്യൂസ്’ പോലൊരു സിനിമയുടെ സ്വകാര്യ ഡിറ്റക്റ്റീവ് ത്രില്ലിങ്ങ് സിനിമകളുടെ ട്രെൻഡ് തുടങ്ങിവച്ചത് സുരേഷ് ഗോപിയാണ്. ടൈഗർ പോലുള്ള കിടിലൻ എന്റർടെയനർ നൽകിയ സുരേഷ്ഗോപിയുടെ മകൻ ഗോകുൽ സുരേഷാണ് മമ്മൂട്ടിയുടെ അസിസ്റ്റന്റായി എത്തുന്നത്. ഷെർലക് ഹോംസിന്റെ വീരകഥകളാണ് അക്കാലത്ത് സഹായി വാട്സൺ എഴുതിയതെങ്കിൽ ഇവിടെ ഡൊമിനിക്കിന്റെ യൂട്യൂബ് ചാനലിലെ വിഡിയോ ഒരുക്കുന്നത് അസിസ്റ്റന്റ് വിഘ്നേഷാണ്. വളരെ ലൈറ്റായ തമാശകൾ സസൂക്ഷ്മം ഉപയോഗിച്ചിരിക്കുന്ന സ്ക്രിപ്റ്റാണ് ചിത്രത്തിന്റേത്. മാത്രമല്ല ഡൊമിനിക് എന്ന കഥാപാത്രത്തിനും കൃത്യമായ ഐഡന്റിറ്റി തിരക്കഥയിൽ നൽകുന്നുണ്ട്. അയാളുടെ സ്വഭാവം, മാനറിസം തുടങ്ങിയ കാര്യങ്ങൾ സിനിമയുടെ ചേരുവകളിൽ രസകരമായി തന്നെ ബന്ധിപ്പിക്കുന്നു.
ഒരു കുറ്റാന്വേഷകന് അത്യാവശ്യം വേണ്ട ‘ഒബ്സർവേഷൻ–കോൺസൻട്രേഷൻ തിയറി’യെക്കുറിച്ച് സംസാരിക്കുകയും അതൊക്കെ അടപടലം തെറ്റിപ്പോവുകയും ചെയ്യുന്ന നായകൻ. ‘ഇന്ദ്രപ്രസ്ഥ’ത്തിൽ ‘നാസയ്ക്കു വേണ്ടി സോഫ്റ്റ്‌വെയറുണ്ടാക്കിയ’ തൊക്കെ പരാമർശിച്ച് മമ്മൂട്ടിയെത്തന്നെ സിനിമയിൽ ട്രോളുന്നുണ്ട്. ഒരു പാസ് വേഡ് കണ്ടെത്താൻ ശ്രമിക്കുമ്പോൾ സുരേഷ് ഗോപിയുടെ ‘ദ് ടൈഗറിലെ’ പാസ്വേർഡായിരുന്ന ‘വാപ്പച്ചീസ് ലെഗസി’ എടുത്തിട്ട് ഗോകുൽ സുരേഷും അലക്കുന്നുണ്ട്.

ഡിറ്റക്ടീവിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോർത്തിണക്കിയുള്ള മികച്ചൊരു കുറ്റാന്വേഷണ സിനിമയാണ് ഡൊമിനിക്. ലളിതമായൊരു കഥാഗതിയെ രസകരമായി അവതരിപ്പിച്ച് കയ്യടി നേടുന്നുണ്ട് ഗൗതം മേനോൻ. അതിൽ വിജയിക്കുന്നതോടെ തന്റെ പ്രതാപകാലത്തെ ക്രാഫ്റ്റ് ഇപ്പോലും കൈവശമുണ്ടെന്ന് ഗൗതം മേനോൻ തെളിയിക്കുന്നു. തുടർഭാഗത്തിന് സാധ്യതയുള്ള രീതിയിലാണ് സിനിമ അവസാനിക്കുന്നതും.
നീരജ് രാജനും സൂരജ് രാജനുമൊരുക്കിയ തിരക്കഥ വളരെ ലളിതമായ ട്രീറ്റ്മെന്റാണ് സ്വീകരിച്ചിരിക്കുന്നത്. മമ്മൂട്ടി–ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോംചാക്കോ, വഫ ഖദീജ, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ശ്രദ്ധേയമായ പ്രകടനം നടത്തുന്നുണ്ട്. ഗൗതം മേനോന്റെ ‘എന്നൈ നോക്കി പായും തോട്ട’യ്ക്ക് സംഗീതമൊരുക്കിയ ദർബുക ശിവയാണ് ചിത്രത്തിനു സംഗീതമൊരുക്കിയത്.
തിയറ്ററുകളെ കടുത്ത വയലൻസ് ചോരപ്പുഴയിൽ മുക്കുന്ന കാലമാണ്. ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയാണെങ്കിൽ വയലൻസിന്റെ ഡോസ് കൂടണമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക്. സമീപകാലത്ത് ‘കണ്ണൂർ സ്ക്വാഡ്’, ‘ടർബോ’ പോലുള്ള ഹെവി ഐറ്റംസാണ് മമ്മൂട്ടി ചെയ്തത്. എന്നാൽ മുൻധാരണകളെല്ലാം തൂത്തുവാരി പുറത്തുകളഞ്ഞ് ഫ്രഷ് ആയൊരു കഥ പറച്ചിലിനാണ് ഗൗതം മേനോന്റെ ശ്രമം. മാത്രമല്ല ആക്‌ഷനും കോമഡിയും ത്രില്ലുമായി ഒരേ ഫോമിൽ മമ്മൂട്ടിയും. കുടുംബവും കുട്ടികളുമായി കണ്ണുംപൂട്ടി ടിക്കറ്റെടുത്ത് കാണാവുന്ന ‘രസകരമായ’ കുറ്റാന്വേഷണ സിനിമയാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്.