ADVERTISEMENT

ഈ ദുനിയാവിലെ ഏറ്റവും സുന്ദരമായ കാഴ്ച എന്താണ്? ലേബർ റൂമിൽ നിന്നും തുണിയിൽ പൊതിഞ്ഞുകൊണ്ടുവരുന്ന ഒരു കുഞ്ഞിന്റെ സുന്ദരമുഖം. ആ കാഴ്ച കാണാനിരിക്കുന്ന ദമ്പതിമാരുടെ കഥയാണ് ലിജു തോമസ് സംവിധാനം ചെയ്ത്‌ ഇന്ന് തിയറ്ററിലെത്തിയ 'അൻപോട് കണ്മണി' എന്ന ചിത്രം പറയുന്നത്.  ഒരു കല്യാണവും അതിന് ശേഷം ദമ്പതിമാർ അഭിമുഖീകരിക്കുന്ന ആ വിഷമമേറിയ ചോദ്യവുമാണ്  ചിത്രത്തിന്റെ ഇതിവൃത്തം. കാലിക പ്രസക്തിയുള്ള ഒരു വിഷയം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ചിത്രം തീയറ്ററിൽ ചിരിയോടൊപ്പം തന്നെ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നുമുണ്ട്.

ഏറെ ഇഷ്ടപ്പെട്ട് എല്ലവരുടെയും ആശീർവാദത്തോടെ വിവാഹിതരായവരാണ് നകുലനും ശാലിനിയും. അമ്മ മാത്രമുള്ള നകുലന്റെ ലോകത്തേക്ക് ശാലിനി കൂടി എത്തിയതോടെ ജീവിതം മനോഹരമായി മാറി. കല്ലിന്റെ ബിസിനസ്സ് നടത്തുന്ന സൽസ്വഭാവിയായ നകുലന് മൂന്ന് ഉറ്റസുഹൃത്തുക്കളുണ്ട്. അതിലൊരാൾക്ക് ഒന്നിനുപിന്നാലെ മറ്റൊന്നായി നാല് കുട്ടികളായി.  വിവാഹം കഴിഞ്ഞ് അധിക നാളാകുന്നതിനു മുൻപ് നകുലനും ശാലിനിയും ആ ചോദ്യം കേട്ടുതുടങ്ങി ‘വിശേഷം ആയില്ലേ?’  ആദ്യമാദ്യം ആ ചോദ്യം ശാലിനിയുടെ കവിളിൽ നാണത്തിന്റെ ചുവപ്പണിയിച്ചു.  പക്ഷേ ആ നാണം മാറി വിഷമവും പിന്നെ ദേഷ്യവുമാകാൻ അധികനാൾ വേണ്ടി വന്നില്ല.  വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ആളുകൾ വിധിയെഴുതി ശാലിനിക്കു കുഞ്ഞുണ്ടാകില്ല. ഒരിക്കൽ അമ്മായിഅമ്മയോട് ഇങ്ങനെ ചോദിച്ച ആളിനോട് ശാലിനിക്ക് ഒരു കടുംകൈ ചെയ്യേണ്ടി വന്നു. ശാലിനിയുടെയും നകുലന്റെയും അമ്മയുടെയും കുഞ്ഞു കുടുംബത്തിലേക്ക് അശാന്തിയുടെ വിത്തുകൾ വീഴാൻ അധികം കാലം വേണ്ടി വന്നില്ല.

അർജുൻ അശോകന്റെയും അനഘ നാരായണന്റെയും മത്സരിച്ചുള്ള അഭിനയമാണ് അൻപോട് കൺമണിയുടെ ഹൈലൈറ്റ്. നകുലനായി അർജുൻ അശോകൻ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അഭിനയപ്രകടനമാണ് കാഴ്ചവച്ചത്.  'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനഘ നാരായണന്‍ മനോഹരമായി ശാലിനി എന്ന കഥാപാത്രത്തെ തന്നിലൂടെ പകർത്തി. ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം നകുലന്റെ അമ്മയാണ്. മകനെയും മരുമകളെയും സ്നേഹിക്കുന്നുണ്ടെങ്കിലും അയൽക്കാരുടെ കുന്നായ്മയിൽ വീഴുന്ന അമ്മയായി മാല പാർവതി മികവുറ്റ പ്രകടനവുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. അല്‍ത്താഫ് സലിം, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, പി പി കുഞ്ഞികൃഷ്ണൻ,  മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

കല്യാണം കഴിഞ്ഞ് അധികമാകും മുൻപ് 'വിശേഷമായോ' എന്ന ചോദ്യം കേൾക്കാത്ത ദമ്പതിമാർ കേരളത്തിൽ ഉണ്ടാകില്ല. അൻപോട് കണ്മണി എന്ന സിനിമയിൽ ചർച്ച ചെയ്യുന്ന വിഷയം യഥാർത്ഥത്തിൽ സിനിമയുടെ എഴുത്തുകാരന് സംഭവിച്ചതാണെന്ന് നടൻ അർജുൻ അശോകൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വളരെ വ്യക്തിപരമായ  കാലികപ്രസക്തമായ ഇത്തരമൊരു വിഷയമാണ് അനീഷ് കൊടുവള്ളി സിനിമയ്ക്കു കഥയാക്കിയത്. കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും കുടുംബ ബന്ധത്തിന് തന്നെ വിള്ളൽ വീഴ്ത്താവുന്ന ഇത്തരമൊരു സാമൂഹ്യപ്രസക്തമായ വിഷയം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ഗൗരവമൊട്ടും ചോരാതെയാണ് അനീഷ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. 

പ്രേക്ഷകനെ മടുപ്പിക്കാത്ത രീതിയിൽ നർമ്മമുഹൂർത്തങ്ങൾ കോർത്തിണക്കിയതിനൊപ്പം ശാലിനിയുടെയും നകുലന്റെയും ജീവിത പ്രതിസന്ധികൾ പലപ്പോഴും പ്രേക്ഷകന്റെ കണ്ണുകൾ ഈറനണിയിക്കുന്നുണ്ട്.  സിനിമയുടെ കോമഡി ട്രാക്ക് എൻഗേജിങ് ആണ്.  ചെറിയ ഒരു പ്ലോട്ടിൽ സമൂഹം ചർച്ച ചെയ്യേണ്ട പല അന്ധവിശ്വാസങ്ങൾക്കും അശാസ്ത്രീയ ചികിത്സാരീതികൾക്കും ചെറിയ പ്രഹരം കൂടി ലിജു സിനിമയിലൂടെ നൽകുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിങ് സുനില്‍ എസ്. പിള്ളയുമാണ് നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് സാമുവല്‍ എബിയാണ്.

ദാമ്പത്യത്തിൽ ബന്ധുക്കളുടെയും സമൂഹത്തിന്റേയും ഇടപെടൽ കൊണ്ട് ജീവിതം തന്നെ കൈമോശം വരുന്ന ചിലരുണ്ട്. സമൂഹം എന്തുപറയും എന്ന ചിന്തയിൽ സ്വന്തം ജീവിതം നശിപ്പിക്കുന്ന മലയാളികളുടെ കണ്ണുതുറപ്പിക്കുന്ന ചിത്രമാണ് അൻപോട് കണ്മണി. ഒരുപാട് ആളുകളെ കണ്ണീർ കുടിപ്പിച്ചിട്ടുള്ള ഒരു വിഷയത്തെ എങ്ങനെ ചിലർ ലാഭം കൊയ്യാനുള്ള മാർഗം ആക്കുന്നു എന്ന് കൂടി ചിത്രം ചർച്ച ചെയ്യുന്നു. വിവാഹവും വന്ധ്യതയും കുടുംബ ബന്ധങ്ങളും ഉൾപ്പടെ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ ഏറെ ഗൗരവത്തോടെ ചർച്ചചെയ്യുന്ന ‘അൻപോട് കണ്മണി’ എന്ന ചിത്രം കേരളത്തിലെ കുടുംബ പ്രേക്ഷകർ ഗൗരവത്തോടെ കാണേണ്ട സിനിമ തന്നെയാണ്.

English Summary:

Anpodu Kanmani Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com