രസകരമായ കല്യാണ യാത്ര; ‘ഒരു ജാതി ജാതകം’ റിവ്യു
Oru Jaathi Jathakam Review

Mail This Article
കല്യാണം ജീവിതലക്ഷ്യമാക്കി നടക്കുന്ന ജയേഷ് എന്ന ചെറുപ്പക്കാരൻ. പ്രായം 38 കഴിഞ്ഞു. നല്ല വീട്, നല്ല ജോലി, നല്ല സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാമുണ്ട്. എന്നിട്ടും കല്യാണമങ്ങോട്ട് സെറ്റാകുന്നില്ല. കല്യാണം വൈകുന്നതിന് അയാളുടേതായ ചില ഡിമാന്റുകളും കാരണമാണ്. എങ്കിലും അയാൾ ഭാവി വധുവിനെ തേടിയുള്ള യാത്ര തുടരുകയാണ്. പേഴ്സനൽ മാര്യേജ് അസിസ്റ്റന്റ് വരെ ജയേഷിനുണ്ട് എന്നതാണ് കൗതുകം. ‘ഒരു ജാതി ജാതകം’ ജയേഷിന്റെ രസകരമായ കല്യാണ യാത്രകളാണ്. പൊട്ടിച്ചിരിയുടെ കല്യാണ മാലയുമായി അതിങ്ങനെ തുടക്കം മുതൽ അവസാനം വരെ തുടരുന്നുവെങ്കിലും മികച്ച തിരക്കഥയുടെ അഭാവം സിനിമയെ ശരാശരി അനുഭവമാക്കുന്നു. എം. മോഹനന്റെ ‘ഒരു ജാതി ജാതക’ത്തിന് വിനീത് ശ്രീനിവാസന്റെ ആദ്യ നോൺ സ്റ്റോപ്പ് കോമഡി ചിത്രം എന്ന സവിശേഷത കൂടിയുണ്ട്. എങ്കിലും വലിയ പ്രതീക്ഷകളൊന്നുമില്ലാതെ കണ്ടിരിക്കണമെന്നു മാത്രം.
കല്യാണം കഴിക്കാൻ മുട്ടി നടക്കുകയാണ് മാമ്പ്രത്ത് ജയേഷ്. അയാളുടെ ഓരോ പെണ്ണുകാണൽ ചടങ്ങും മഹാ സംഭവങ്ങളാണ്. എത്ര കല്യാണം മുടങ്ങിയാലും ജയേഷ് അതിനെയൊക്കെ അതിജീവിക്കും. ആർത്തിയോടെ അടുത്ത പെണ്ണിനെ തേടി അലയും. രസകരമായ ആ യാത്രകളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഒരു ജാതി ജാതകം. കഥാപരിസരത്തിൽ പറയാൻ വലിയ പുതുമകളൊന്നും ഇല്ലെങ്കിലും ചിരിയുടെ മേമ്പടിയോടെ ചിത്രം ഒരുക്കിയിരിക്കുന്നു എന്നതാണ് ആശ്വാസം. അപ്രതീക്ഷിതമായ ട്വിസ്റ്റുകളേക്കാൾ രസകരമായ സംഭവങ്ങളാണ് സിനിമയുടെ ജീവൻ. അപ്പോഴും കെട്ടുറപ്പില്ലാത്ത കഥ പ്രേക്ഷകരെ അലോസരപ്പെടുത്തിയേക്കാം.
തുടക്കം മുതൽ ഓരോ രംഗവും ആസ്വാദകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട് വിനീത് ശ്രീനിവാസൻ. ഇളകി മറിഞ്ഞും ആർത്തുല്ലസിച്ചുമൊക്കെ ജയേഷിനെ വിനീത് ശ്രദ്ധേയമാക്കിയിട്ടുണ്ട്. കഥാഗതിയിൽ കഥാപാത്രത്തിന്റെ മാറ്റങ്ങളെ കൃത്യമായി അവതരിപ്പിക്കാനും വിനീതിനായിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളിലൊക്കെ ചിരിക്കുവേണ്ടി ചിരി തിരുകി കയറ്റിയിട്ടുമുണ്ട്.
ജയേഷിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾ ഓരോന്നും പ്രകടനം കൊണ്ടും കൈയ്യടി നേടുന്നുണ്ട്. എട്ടു നായികമാരാണ് ബിഗ് സ്ക്രീനിൽ വന്നു പോകുന്നത്. നിഖിലാ വിമൽ, യാദു, സയനോരാ ഫിലിപ്പ്, ഇന്ദു തമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് നായികമാർ.
എം മോഹനന്റെ ചിത്രങ്ങളിലെ സ്ഥിരം ചേരുവയായ സ്നേഹവും നന്മയും തമാശയുമൊക്കെ ആവോളം ഒരു ജാതി ജാതകത്തിലുണ്ട്. എന്നാൽ തിരക്കഥയുടെ പോരായ്മ സിനിമയിലുടനീളം പ്രകടമാണ്. ബാബു ആന്റണി രസകരമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മൃദുൽ നായർ, വിധു പ്രതാപ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈറാണ് ചിത്രം നിർമിക്കുന്നത്. വിശ്വജിത് ഒടുക്കത്തിലിന്റെ ഛായാഗ്രഹണം ചിത്രത്തെ ആകർഷകമാക്കുന്നുണ്ട്. രാകേഷ് മണ്ടോടിയാണ് തിരക്കഥ സംഭാഷണം. മനു മഞ്ജിത്ത്-ഗുണ ബാലസുബ്രമണ്യം ടീമാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ ആസ്വദിച്ച് കണ്ടിറങ്ങാവുന്ന ശരാശരി ചിത്രം മാത്രമാകുന്നു ‘ഒരു ജാതി ജാതകം’.