പ്രണയത്തിനൊപ്പം പറക്കാം; പറന്ന് പറന്ന് പറന്ന് ചെല്ലാൻ റിവ്യു

Mail This Article
നഷ്ടപ്രണയം കെടാത്ത തീക്കനൽ പോലെയാണ്, അത് നെഞ്ചിലമർന്ന് നീറിക്കത്തുകയും ഒരു ഇളം കാറ്റിൽ പോലും ആളിക്കത്തുകയും ചെയ്യും. തറവാട്ട് മഹിമയുടെ പിടിയിലമർന്നുപോയ ചില നഷ്ടപ്രണയങ്ങളുടെ കഥയാണ് ജിഷ്ണു ഹരിന്ദ്രവർമ സംവിധാനം ചെയ്ത് ഇന്ന് റിലീസ് ചെയ്ത 'പറന്നു പറന്നു പറന്നു ചെല്ലാൻ' എന്ന സിനിമയുടെ പ്രമേയം. ത്രില്ലർ സിനിമകളുടെ അതിപ്രസരത്തിൽ മലയാളസിനിമയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗൃഹാതുരതയുണർത്തുന്ന ഫീൽ ഗുഡ് സിനിമയുടെ കുറവ് നികത്തുന്ന ചിത്രം കൂടിയാണ് 'പറന്നു പറന്നു പറന്നു ചെല്ലാൻ'.
ക്ഷയിച്ചുകൊണ്ടിരിക്കുന്നതെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു തറവാട്ടിലെ പെൺകുട്ടിയാണ് സന്ധ്യ. സന്ധ്യയെ പ്രണയിക്കുന്ന ജിജു നാട്ടിലെ അറിയപ്പെടുന്ന നാടക കലാകാരനാണ്. സർക്കാർ ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്ന ജോജുവും സന്ധ്യയും തങ്ങളുടെ പ്രണയസന്ദേശങ്ങൾ കൈമാറുന്നത് കോച്ചിങ്ങിനു പഠിക്കുന്ന പുസ്തകങ്ങൾ വഴിയാണ്. കാത്തിരിപ്പിനൊടുവിൽ പോലീസിൽ ജോലി കിട്ടിയ ജിജു സന്ധ്യയെ വിളിച്ചിറക്കി കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു. എന്തിനും ഏതിനും കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ ജിജുവിനുണ്ട്. സന്ധ്യയെ കാണാനെത്തിയ ജിജുവിനെ സന്ധ്യയുടെ ജ്യേഷ്ഠൻ പിടിച്ചതോടെ ജിജുവിനും സന്ധ്യയ്ക്കും കണ്ടുമുട്ടാൻ വിലക്കുകളായി. സന്ധ്യയുടെ അമ്മാവന്റെ മകൻ സതീശൻ കവലയിലിൽ നാട്ടുകാരുടെ മുന്നിലിട്ട് ജിജുവിനെ തല്ലിച്ചതക്കുന്നു. നാട്ടുകാരുടെ മുന്നിൽ നാണംകെട്ട ജിജുവിന് വാശിയായി. സതീശനെ തല്ലിയിട്ട് അയാളുടെ മുന്നിലൂടെ തന്നെ സന്ധ്യയുടെ കൈപിടിക്കും എന്ന് ജിജു ശപഥം ചെയ്തു. പക്ഷെ ജിജുവിനെയും സന്ധ്യയെയും ഞെട്ടിച്ചുകൊണ്ട് തറവാട്ടിൽ നടക്കുന്ന പാവക്കൂത്തിനു പിന്നിൽ മറ്റൊരു ഗൂഢാലോചന അരങ്ങേറുന്നുണ്ടായിരുന്നു. പ്രണയസാഫല്യത്തിനായി ജിജുവും സന്ധ്യയും നടത്തുന്ന സാഹസങ്ങളാണ് പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന സിനിമയെ ആവേശത്തിലാക്കുന്നത്.
ഉണ്ണി ലാലുവാണ് ചിത്രത്തിൽ ജിജുവായി എത്തുന്നത്. അടുത്തിടെ രേഖാചിത്രത്തിലെ വക്കച്ചനായി പ്രേക്ഷകപ്രശംസ നേടിയ ഉണ്ണി ലാലുവിന്റെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാണ് ജിജു. സന്ധ്യയായി സമൃദ്ധി താര മികവുറ്റ പ്രകടനം കാഴ്ചവച്ചു. വിജയരാഘവൻ ആണ് ചിത്രത്തിലെ മറ്റൊരു സാന്നിധ്യം. ആചാരവും വിശ്വാസവും കൂട്ടുപിണഞ്ഞു ജീവിതം തന്നെ നഷ്ടപ്പെട്ട കൊക്കാവേട്ടൻ എന്ന കഥാപാത്രം വിജയരാഘവന്റെ മറ്റൊരു മികച്ച അഭിനയമുഹൂർത്തത്തിനു തെളിവാണ്. സിദ്ധാർഥ് ഭരതൻ സതീശൻ എന്ന കഥാപാത്രവുമായി മികവിന്റെ മുഖമായി. സജിൻ ചെറുകയിൽ, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള പൊറാട്ട് നാടകത്തിന്റെ പശ്ചാത്തലത്തിലാണ് 'പറന്നു പറന്നു പറന്നു ചെല്ലാൻ' എന്ന സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അരങ്ങേറുന്ന ഒരു നാടന്‍ കലാരൂപമാണ് പൊറാട്ട് നാടകം. ക്ഷേത്രാചാരങ്ങളും പാവക്കൂത്തും അടിയുറച്ച വിശ്വാസങ്ങളുമായി ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവസുറ്റ കഥയാണ് ജിഷ്ണു ഹരിന്ദ്രവർമ സിനിമയ്ക്കായി എടുത്ത പ്രമേയം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. ജീവിതഗന്ധിയായ പ്രമേയവും കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്ത മേക്കിങ്ങുമാണ് ചിത്രത്തിന്റേത്. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. പാലക്കാടിന്റെ മനോഹാരിത ആവാഹിച്ചെടുത്ത ദൃശ്യഭംഗിയാണ് ചിത്രത്തിന്റെ കരുത്ത്. നിറപ്പകിട്ടാർന്ന കലാരൂപങ്ങളും പാവക്കൂത്തും ഗ്രാമീണഭംഗിയും ഒപ്പിയെടുത്ത മികവുറ്റ ഛായാഗ്രഹണവും മഹത്തായ കാഴ്ചാനുഭവമാണ് കാണികൾക്ക് പകരുന്നത്. പശ്ചാത്തലസംഗീതവും പാട്ടുകളുമാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. വയലാറിന്റെ ഗൃഹാതുരതയുണർത്തുന്ന പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ എന്ന ഗാനം ചിത്രത്തിലുൾപ്പെടുത്തിയത് അതിമനോഹരമായി.
ആദ്യപ്രണയത്തിന്റെ അനുഭൂതിയെപ്പറ്റി കവികൾ വാഴ്ത്തിപ്പാടാറുണ്ട്. നഷ്ടപ്രണയം നെഞ്ചിൽ ഒരു നെരിപ്പോടായി സൂക്ഷിച്ച് ജീവിതത്തിൽ എരിഞ്ഞടങ്ങുന്നവരും കുറവല്ല. പ്രണയവും സൗഹൃദവും കോർത്തിണക്കി അതിമനോഹരമായ ദൃശ്യാവിഷ്കാരത്തോടെ എത്തിയ പറന്ന് പറന്ന് പറന്ന് ചെല്ലാൻ എന്ന ചിത്രം പ്രേക്ഷകർക്ക് തീയറ്ററിൽ മനോഹരമായ അനുഭവമായി മാറുമെന്നുറപ്പാണ്.