ദുരൂഹമന്ദഹാസം വിരിയുന്ന പെൺമുഖങ്ങൾ; ‘ദ് സീക്രട്ട് ഓഫ് വിമൻ’ റിവ്യു
The Secret of Women Review

Mail This Article
‘ഒരു സ്ത്രീ ചായ ബാഗ് പോലെയാണ്. ചൂടുവെള്ളത്തിൽ വീഴുന്നതു വരെ അവൾ എത്ര ശക്തയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല.’- ഇത് പറഞ്ഞത് മറ്റാരുമല്ല, അമേരിക്കയുടെ പ്രഥമവനിത ആയിരുന്ന അന്ന എലീനർ റൂസ് വെൽറ്റ് ആണ്. സ്ത്രീകളെക്കുറിച്ച് കവികളും എഴുത്തുകാരും പാടാത്തതും പറയാത്തതുമായി ഒന്നുമില്ല. അവൾ അബലയാണെന്നും ദുർബലയാണെന്നും എഴുതിയവരും പറഞ്ഞവരും ഏറെയാണ്.
മലയാളസിനിമയിൽ പലപ്പോഴും സ്ത്രീ എന്നത് ഉപഭോഗ വസ്തുവായും ആണിന് വിധേയപ്പെട്ട് നിൽക്കുന്നവളായും മാത്രമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇതിനെയെല്ലാം തച്ചുടയ്ക്കുന്ന, വ്യത്യസ്തമായ നിരീക്ഷണവുമായി എത്തിയിരിക്കുന്ന ചിത്രമാണ് ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത് ‘ദ് സീക്രട്ട് ഓഫ് വിമൻ’. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം പ്രജേഷ് സെൺ മൂവി ക്ലബ് ആണ്. ഇമോഷനൽ ത്രില്ലർ എന്ന ജോണറിലാണ് ചിത്രം എത്തുന്നത്.
വ്യത്യസ്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ സമൂഹത്തിൻ്റെ വ്യത്യസ്തമായ നേർക്കാഴ്ചകളാണ് ഇവർ. എല്ലാവിധ സുഖസൌകര്യങ്ങൾക്ക് നടുവിലും ഒരു പുരുഷനാൽ ജീവിതത്തിൻ്റെ സ്വസ്ഥത നഷ്ടപ്പെടുന്ന ജീനയും കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതത്തിൽ ആഭാസകരമായ പുരുഷനോട്ടങ്ങളിൽ നിന്നും സ്വയം സംരക്ഷിച്ചു നിർത്തുന്ന ഷീലയും സ്ത്രീകൾ ഇങ്ങനെ കൂടിയാണെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നു. എല്ലാ ആണുങ്ങളും പെണ്ണിനെ കണ്ടാൽ കാമാന്ധത കൊണ്ട് നിറയുന്നവരല്ലെന്നും ദ സീക്രട്ട് ഓഫ് വിമൻ വ്യക്തമാക്കുന്നു.
ടോക്സിക് ആകുന്ന ബന്ധങ്ങൾ എങ്ങനെയാണ് സ്ത്രീകൾ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും ഈ ചിത്രത്തിൽ വ്യക്തമാക്കുന്നു. സസ്പെൻസും മിസ്റ്ററിയും നിറഞ്ഞുനിൽക്കുന്ന ചിത്രം ആദ്യം മുതൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തും. ചിത്രം ആരംഭിക്കുന്നത് ഒരു പാട്ടോടു കൂടിയാണ്. ഷഹബാസ് അമൻ്റെ 'നഗരമേ തരിക നീ, തിരികെയെൻ ഹൃദയം' എന്ന ഗാനത്തോടു കൂടിയാണ് തുടക്കം. പതിഞ്ഞ തുടക്കം ആദ്യം ചെറുതായി അലോസരപ്പെടുത്തുമെങ്കിലും പാട്ട് കഴിയുന്ന നിമിഷത്തിൽ തന്നെ പ്രേക്ഷകൻ സിനിമയുടെ ട്രാക്കിലേക്ക് കയറും.
അപ്രതീക്ഷിതമായി ഒരു പുരുഷൻ തൻ്റെ സ്വൈര്യജീവിതത്തിലേക്ക് കടന്നുവരുമ്പോൾ സമചിത്തതയോടെ പിടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രങ്ങളാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. ലോകം കണ്ട ഏറ്റവും പ്രശസ്തമായ ചിത്രമാണ് ലിയനാർഡോ ഡാ വിഞ്ചിയുടെ സൃഷ്ടിയായ മൊണാലിസ. ഒന്നിനും പിടികൊടുക്കാതെ നിൽക്കുന്ന മൊണാലിസയുടെ പുഞ്ചിരി തന്നെയാണ് ചിത്രത്തിലെ നിഗൂഢത. അതിന് സമാനമാണ് ഈ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും. ചുണ്ടിലെ ഒളിപ്പിക്കുന്ന പുഞ്ചിരിയിൽ അവർ ഒളിപ്പിക്കുന്നത് ഒരുപാട് രഹസ്യങ്ങൾ കൂടിയാണ്.
വർഷങ്ങളായി സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിട്ടുള്ള ലെബിസൺ ഗോപിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. അനിൽ കൃഷ്ണയാണ് സംഗീതം. എഡിറ്റിങ് - കണ്ണൻ മോഹൻ. നിരഞ്ജന അനൂപും സുമ ദേവിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജീനയെയും ഷീലയെയും അവതരിപ്പിച്ചിരിക്കുന്നത്. എൽദോ ആയി മിഥുൻ വേണുഗോപാലും സെന്തിൽ ആയി അധീഷ് ദാമോദരനും എത്തുന്നു. അജു വർഗീസ്, ശ്രീകാന്ത് മുരളി, പൂജ മഹേഷ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സാക്കിർ മണോലി, എൽദോ, അങ്കിത്ത് ഡിസൂസ, ജിതേന്ദ്രൻ, ശിൽപ ജോസഫ്, തിത്തിരത്ത് ഭുങ്കുന്തോട്, രാഘവൻ, ഉണ്ണി ചെറുവത്തൂർ, റഫീഖ് ചൊക്ലി, സജിൻജോർജ്, കലേഷ്, സാജൻ, ബിനീഷ് വെട്ടിക്കിളി, റോണി വിൽഫ്രഡ്, ജിത്തു, ബാബു ജോസ്, ശ്രീകാന്ത്, ചന്ദ്ര ബോസ്, ജിജു ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജാനകി ഈശ്വർ ആണ് ചിത്രത്തിലെ ഇംഗ്ലീഷ് ഗാനങ്ങൾ രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും.
റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ നിരവധി പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ സിനിമയ്ക്ക് ലഭിച്ചു. നിരവധി ഫിലിം ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിക്കാൻ ഭാഗ്യവും കിട്ടി. പ്രദീപ് കുമാർ വി വിയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് പ്രജേഷ് സെൻ ആണ്. നിധീഷ് നടേരി, ജാനകി ഈശ്വർ എന്നിവരാണ് ഗാനരചന. ഷഹബാസ് അമനും ജാനകി ഈശ്വരുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം അഫ്രീൻ കല്ലൻ, ഡയറക്ടർ അസിസ്റ്റന്റ് എം കുഞ്ഞാപ്പ, അസോ. ഡയറക്ടേഴ്സ് വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ. പശ്ചാത്തലസംഗീതം ജോഷ്വാ വി ജെ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ - ബിജിത് ബാല.