ഉള്ളു നിറയ്ക്കും ഈ തിറയാട്ട കാഴ്ചകൾ; ദേശക്കാരൻ റിവ്യു

Mail This Article
ചില ആചാരങ്ങളെ വെറും കലാരൂപങ്ങളാക്കി മാറ്റുമ്പോൾ വേദനിക്കുന്നത് കലാകാരൻ മാത്രമല്ല ഒരു സമൂഹം ഒന്നടങ്കം ആണെന്ന് പറയുകയാണ് ‘ദേശക്കാരൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനായ അജയ് കുമാർ. തിറയാട്ടം എന്ന ആചാരത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിച്ചതിനൊപ്പം തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന ചില അനാചാരങ്ങളെ തുറന്നു കാണിക്കാനും ദേശക്കാരനിലൂടെ സംവിധായകന് കഴിഞ്ഞു.
പ്രമേയം
ഗവേഷക വിദ്യാർഥിനിയായ അശ്വതിയുടെ തീസിസ് തിറയാട്ടമെന്ന കലാരൂപവും അത് അവതരിപ്പിക്കുന്ന ദേശക്കാരന്റെ ജീവിതവുമാണ്. പഠനത്തിന്റെ ഭാഗമായി അനുഷ്ഠാനകലയായി തിറയാട്ടം അവതരിപ്പിക്കുന്ന തെച്ചിക്കാട്ട് എന്ന ഗ്രാമത്തിലേക്ക് അശ്വതിയും കൂട്ടുകാരും എത്തുന്നു. തെച്ചിക്കാട്ടെ പരദേവതാക്ഷേത്രത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന തിറയാട്ടത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കണം എന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് അശ്വതിയും കൂട്ടരും അവിടേക്ക് എത്തുന്നത്. പരദേവതാ ക്ഷേത്രത്തിലെ തിറയാട്ടം ഉപേക്ഷിച്ച് ദേശക്കാരൻ നാടുവിട്ടതോടെ തുടങ്ങിയ അനിഷ്ട സംഭവങ്ങളിൽ നിന്നും മോചനം ആഗ്രഹിക്കുന്ന ഗ്രാമവാസികൾ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ദേശക്കാരനെ തിരിച്ചുകൊണ്ടു വരുന്നതിനായി ജാതിമതഭേദമന്യേ ഗ്രാമവാസികൾ ശ്രമിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേശക്കാരൻ നാടുവിടാൻ ഉണ്ടായ കാരണവും പിന്നീട് അയാളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും ഒക്കെ ചിത്രത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
കാലികമായ അവതരണം
തിറയാട്ടം എന്നത് വലിയൊരു ആചാര രൂപമാണെന്നും, അതൊരു സംസ്കാരത്തിന്റെ ഭാഗമാണെന്നും ചിത്രം അനാവരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ തിറയാട്ടത്തെ സംരക്ഷിക്കേണ്ടത് ഒരു കലാരൂപം എന്ന നിലയിൽ മാത്രമല്ല എന്നും അത് ഉൾക്കൊള്ളുന്ന വലിയ സംസ്കാരത്തെ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാൻ വേണ്ടി കൂടിയാണെന്നും ചിത്രം പറയുന്നു. തെക്കൻ മലബാറിന്റെ തനതു ആചാരമായ തിറയാട്ടം അവതരിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് മണ്ണാൻ സമുദായക്കാർ. മാന്ത്രികവും വൈദികവും അവർക്ക് കൃതഹസ്തം. തുന്നൽ പണിയിലെ വൈദഗ്ധ്യവും സമൂഹത്തിലെ മറ്റുള്ളവരിൽ നിന്നും അവരെ വേറിട്ടു നിർത്തി. ഒരുകാലത്ത് ഉയർന്ന ജാതിക്കാർ ഉൾപ്പെടെയുള്ളവർ തിറയാട്ട കലാകാരന്മാരായ മണ്ണാൻ സമുദായത്തെ ആദരിച്ചപ്പോൾ, തുടർന്നുവന്ന തലമുറ മണ്ണാൻ സമുദായത്തെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തി. തിറയാട്ട വേഷത്തിൽ മണ്ണാൻ ദൈവമായി നിറഞ്ഞാടുമ്പോൾ ആരാധിക്കുകയും, പിന്നീട് അവനെ കാണുമ്പോൾ 'മണ്ണാൻ എന്നും മണ്ണാൻ തന്നെയാണ്' എന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്ന സമൂഹത്തിലെ ദുഷ് ചിന്തകളെ ചിത്രം തുറന്നു കാണിക്കുന്നു. ഉയർന്ന ചിന്താഗതിയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമേ സമൂഹത്തിലെ വേർതിരിവുകളെയും അസഹിഷ്ണുതയേയും അതിജീവിക്കാൻ കഴിയുകയെന്നും ദേശക്കാരൻ അവന്റെ ജീവിതത്തിലൂടെ പറയുന്നു. ചതിക്കുഴികൾ ഏത് കാലഘട്ടത്തിലും ഉണ്ടാകുമെന്നും അതിനെ അതിജീവിക്കാൻ നല്ല മനസ്സുള്ളവർക്കൊപ്പം പ്രകൃതിയും ഉണ്ടാകുമെന്ന സങ്കല്പവും ചിത്രത്തിൽ അടയാളപ്പെടുത്തുന്നു.
സിനിമയിലെ തിറയാട്ടം
തിറയാട്ട കലാകാരന്മാർ അനുഷ്ഠിക്കുന്ന വ്രതം ഉൾപ്പെടെയുള്ളവയേയും അവർ സമൂഹത്തിൽ നിന്നും അവർ നേരിട്ടിരുന്ന വെല്ലുവിളികളെയും ദേശക്കാരനിലെ കണ്ണപ്പെരുവണ്ണാന്റെ ജീവിതത്തിലൂടെ ചിത്രം കാണിച്ചുതരുന്നു. അധിക്ഷേപിക്കുന്നവരെ അക്ഷരം കൊണ്ട് പ്രതിരോധിക്കണമെന്നും അതിനേറ്റവും നല്ല മാർഗ്ഗം വിദ്യാഭ്യാസമാണെന്നും ആനന്ദിന്റെ ജീവിതത്തിലൂടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ പ്രേക്ഷകരോട് സംവദിക്കുന്നു.
നൃത്ത ചുവടുകളോടെയുള്ള ചടുലമായ ആട്ടമാണ് തിറയാട്ടത്തിന്റെ പ്രത്യേകത. വ്യത്യസ്തമായ മുഖത്തെഴുത്തും വൈവിധ്യം നിറഞ്ഞ വേഷവിധാനങ്ങളുമാണ് ഓരോ തിറയ്ക്കുമുള്ളത്. ഭഗവതി, പരദേവത, ഗുളികൻ, ഭദ്രകാളി, രക്തേശ്വരി, നാഗ കാളി, ഗുരു, കുട്ടിചാത്തൻ, അഗ്നി ഭൈരവൻ തുടങ്ങി വിവിധ തിറയാട്ടങ്ങളെ വളരെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു തിറയാട്ടത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള ട്രാൻസിഷൻ വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥയുടെ ഒഴുക്കിനെ ബാധിക്കാതെ തന്നെ ഓരോ തിറയാട്ടത്തിനും അതിന്റേതായ പ്രാധാന്യം കല്പിച്ച് അവതരിപ്പിക്കാൻ ശ്രമിച്ചതിന് സംവിധായകൻ കയ്യടി അർഹിക്കുന്നു.
പ്രകടനങ്ങൾ
കണ്ണൻ പെരുവണ്ണാനായും മകൻ ഡോക്ടർ ആനന്ദായും മികവുറ്റ പ്രകടനമാണ് അജയ് കുമാർ കാഴ്ചവച്ചിരിക്കുന്നത്. ടി.ജി രവി, വിജയൻ കാരന്തൂർ, ചെമ്പിൽ അശോകൻ, ശ്രീജിത്ത് കൈവേലി, ഗോപിക അനിൽ, പ്രിയ ശ്രീജിത്ത്, രമാ ദേവി, മാസ്റ്റർ അസ്വൻ ആനന്ദ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യദു രാധാകൃഷ്ണനാണ് ദേശക്കാരന്റെ മനോഹരമായ രംഗങ്ങൾ പകർത്തിയിരിക്കുന്നത്. നിഖിൽ പ്രഭയുടെ സംഗീതവും നന്ദു കർത്തയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. തവരക്കാട്ടിൽ പിക്ചേഴ്സ് ബാനറിൽ അനിൽ ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജാതി ചിന്തകൾ കൊടുംപിരി കൊണ്ടിരുന്ന ഒരു കാലഘട്ടത്തെയും അതിൽ നിന്നും വിദ്യാഭ്യാസത്തിലൂടെ മുക്തി നേടിയ ഒരു തലമുറയേയും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ദേശക്കാരൻ ശ്രമിച്ചിട്ടുണ്ട്. കലാരൂപങ്ങളെ അന്യം നിന്നു പോവാതെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ചിത്രം പറഞ്ഞു പോകുന്നു. തിറയാട്ടത്തിന്റെ ആചാരങ്ങളെ ഒട്ടും അതിശയോക്തിയില്ലാതെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം കണ്ടിരിക്കേണ്ട മനോഹരമായ ഒരു ചലച്ചിത്രാനുഭവമാണ്.