ADVERTISEMENT

കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത്  അകന്നുപോയിട്ടും ഉള്ളിൽ വരിഞ്ഞുമുറുക്കപ്പെടുന്ന സഹോദരബന്ധത്തിന്റെ തീവ്രതയുടെ കഥപറയുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കൾ’. നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവുമൊരുക്കിയ ചിത്രത്തിൽ മലയാള സിനിമയിലെ മൂന്നു നെടുംതൂണുകളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ എന്നിവരുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയം. ‘കിഷ്കിന്ധാകാണ്ഡ’ത്തിനു ശേഷം ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിച്ചത്. 

കൊയിലാണ്ടിയിലെ ഒരു ഉൾഗ്രാമത്തിലുള്ള പുരാതനമായ തറവാട്ടിലെ അമ്മയാണ് നാരായണി. അമ്മ അത്യാസന്നനിലയിലായത് അറിഞ്ഞ് നാട്ടിലും വിദേശത്തുമുള്ള  മൂന്നാണ്മക്കൾ ഒന്നിച്ച് വീട്ടിലെത്തുന്നു. കുടുംബത്തിലെ കാരണവരുടെ സ്ഥാനത്തുള്ള മൂത്തമകൻ വിശ്വൻ, അമ്മയുടെ തുണയായി വീട്ടിലുള്ള രണ്ടാമത്തവൻ സേതു, യുകെയിൽ സ്ഥിരതാമസമാക്കിയ ഇളയമകൻ ഭാസ്കരൻ എന്നിവരാണ് നാരായണീന്റെ ആ മൂന്നാണ്മക്കള്‍. ഭാസ്കരൻ നഫീസയെ സ്നേഹിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും പടിയിറക്കപ്പെട്ടതോടെയാണ് വിദേശത്തേക്ക് ചേക്കേറിയത്. ഭാസ്കരന്റേയും നഫീസയുടെയും മകൻ മുതിർന്നതിനു ശേഷമാണ് അവരുടെ വീട്ടിലേക്കുള്ള ഈ ആദ്യവരവ്.  

ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ കിടക്കുന്ന അമ്മയെ കണ്ടത് ഭാസ്കരനെ ആകെ തളർത്തി. കാരണവരുടെ സ്ഥാനത്തുള്ള വിശ്വൻ, ഭാസ്കരനോടുള്ള കുടുംബത്തിന്റെ ഇഷ്ടക്കേട് മറച്ചുവയ്ക്കുന്നില്ല.  സേതുവിനാണെങ്കിൽ ഏറെക്കാലത്തിനു ശേഷം എല്ലാവരും ഒന്നുകൂടിയതിന്റെ സന്തോഷമാണ്. ആദ്യമായി തറവാട്ടിലെത്തിയ ഭാസ്കരന്റെ മകൻ നിഖിലും മൂത്ത ജ്യേഷ്ഠൻ വിശ്വന്റെ മകൾ ആതിരയും ഉറ്റ ചങ്ങാതിമാരായി. വെന്റിലേറ്റർ മാറ്റി നിമിഷങ്ങൾക്കുള്ളിൽ തന്നെ മരിക്കുമെന്ന് ഡോക്ടർ വിധിയെഴുതിയ അമ്മ ദിവസങ്ങൾ കഴിഞ്ഞിട്ടും വിടപറയാത്തത് ആൺമക്കളെ ആകെ കുഴപ്പത്തിലാക്കി.  ലീവ് തീർന്നു പോകാറായിട്ടും അമ്മ മരിച്ചിട്ടില്ല. വീണ്ടും ഒന്നിച്ചുകൂടിയപ്പോൾ വർഷങ്ങൾക്ക് മുൻപ് കൈമോശം വന്ന ബന്ധത്തിന്റെ ഊഷ്മളത സഹോദരന്മാർ ഊട്ടിഉറപ്പിക്കുന്നു. പക്ഷേ പതിയെപ്പതിയെ അവർക്കിടയിൽ വീണ്ടും അസ്വാരസ്യങ്ങൾ വീണ്ടും തലപൊങ്ങുകയാണ്.

കരുത്തുറ്റ അഭിനയേതാക്കളുടെ സാന്നിധ്യമാണ് നാരായണീന്റെ മൂന്നാണ്മക്കളെ ശ്രദ്ധേയമാക്കുന്നത്. ടൈറ്റിൽ കഥാപാത്രങ്ങളായ മൂന്നാണ്മക്കളായി എത്തുന്നത് അലൻസിയർ, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ്. മൂന്നുപേരുടെയും മത്സരിച്ചുള്ള അഭിനയം പ്രേക്ഷകനെ ഏറെ ആകർഷിക്കും. ശിഥിലമായ സഹോദരബന്ധവും അകന്നുപോകുമ്പോഴും തമ്മിൽ വലിച്ചടുപ്പിക്കുന്ന ബന്ധങ്ങളുടെ വൈകാരികതയും പ്രകടിപ്പിക്കുന്ന മൂവരുടെയും അഭിനയം പ്രേക്ഷകരുടെ കണ്ണുനനയിക്കും.സുരാജിന്റെ ഭാര്യയായി ഷെല്ലി എൻ. കുമാർ പതിവുരീതിയിൽ മികവുറ്റ പ്രകടനവുമായി എത്തിയപ്പോൾ സജിത മഠത്തിലാണ് ഒരൽപം കുശുമ്പുള്ള ജ്യേഷ്ഠത്തിയമ്മയായി അഭിനയിച്ചത്. പ്രേക്ഷകർക്ക് വിസ്മയമുണർത്തുന്ന പ്രകടനവുമായെത്തിയത് നിഖിൽ, ആതിര എന്നീ കഥാപാത്രങ്ങൾ അവതരിപ്പിച്ച തോമസ് മാത്യുവും ഗാർഗി അനന്തനുമാണ്.  ന്യൂയോർക്ക് ഇന്ത്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ നടിയാണ് ഗാർഗി അനന്തൻ.  വളരെ കുറച്ചു താരങ്ങളേ ഉള്ളൂവെങ്കിലും ഓരോരുത്തരുടെയും മികവുറ്റ അഭിനയമാണ് ചിത്രത്തെ സമ്പന്നമാക്കുന്നത്.

പച്ചയായ മനുഷ്യ ബന്ധങ്ങളുടെ ആവിഷ്കാരമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. തുറന്നു പറയാൻ മടിക്കുന്ന, പക്ഷേ ഓരോ മനുഷ്യന്റെയും ഉള്ളിൽ നിറഞ്ഞുകവിയുന്ന കുടിലതയും അസൂയയും സ്നേഹവും കാമവും ബന്ധങ്ങളുടെ സങ്കീർണതയും ഇഴയടുപ്പവും നിസ്സഹായതയുമെല്ലാം ഒട്ടും മറയില്ലാതെ ശരൺ വേണുഗോപാൽ തന്റെ ആദ്യ ചിത്രത്തിൽ തുറന്നുകാട്ടിയിട്ടുണ്ട്.  മാതാപിതാക്കൾ മരണാസന്നരാകുമ്പോൾ അവരുടെ ശേഷക്രിയ ചെയ്തു സ്ഥലം വിടാൻ കാത്തുനിൽക്കുന്ന മക്കളെക്കുറിച്ച് കേട്ടിട്ടുണ്ടാകും.  ഒരുപക്ഷേ അമ്മ ഇനി ജീവിതത്തിലേക്കില്ല എന്ന ചിന്തയോ അല്ലെങ്കിൽ ജോലിത്തിരക്കുകൾ ഒക്കെയായിരിക്കും ഇങ്ങനെ ചിന്തിക്കാനുള്ള കാരണം. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങൾക്കൊപ്പം ഒരു കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങലും ചിത്രത്തിൽ  ദൃശ്യവത്കരിക്കുന്നുണ്ട്. 

പഴയ തലമുറയോടൊപ്പം തന്നെ ന്യൂജനറേഷന്റെ കുഴഞ്ഞു മറിയുന്ന ബന്ധങ്ങളുടെ നേർക്കാഴ്ചകൂടിയാണ് ചിത്രം പറയുന്നത്.  മനസ്സിനെ ആർദ്രമാക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗ്രാമീണഭംഗിയും കാവും കുളവുമെല്ലാം ഒത്തുചേർന്ന് മനം കുളിർപ്പിക്കുന്ന അനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.  അതിസങ്കീർണമായ മനുഷ്യബന്ധങ്ങൾ തന്റെ ആദ്യസിനിമയുടെ പ്രമേയമാക്കുമ്പോഴും തുടക്കക്കാരന്റെ പതർച്ച ഒട്ടുമില്ലാതെ കയ്യടക്കം വന്നൊരു സംവിധായകന്റെ കലാസൃഷ്ടിയാണ് ശരണിന്റെ സമ്മാനം. 

‘‘വന്നടുത്തെന്നോ വേളി മുഹൂർത്തം പിടയ്ക്കായ്ക സന്നമാം ഹൃദന്തമേ ശാന്തമായിരുന്നാലും’’ എന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിതയാണ് "നാരായണീന്റെ മൂന്നാണ്മക്കൾ" ഓർമപ്പെടുത്തുന്നത്. വിദേശത്ത് താമസിക്കാൻ വിധിക്കപ്പെടുമ്പോഴും നാടിന്റെ പച്ചപ്പിൽ മുഖംപൂഴ്ത്താൻ വെമ്പുന്ന നാട്ടിൻപുറംകാരന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. നല്ല ചിത്രങ്ങൾക്ക് കൈകൊടുക്കുന്ന ഗുഡ്‌വിൽ എന്റർടൈന്റ്‌മെൻസിന്റെ ‘നാരായണീന്റെ മൂന്നാൺമക്കളും’ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മലയാളികൾക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്.

English Summary:

Narayaneente Moonnaanmakkal Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com