ഭാര്യയാൽ പീഡിപ്പിക്കപ്പെടുന്ന ഭർത്താവ്; രസകരമായ പ്രമേയം; ‘മച്ചാന്റെ മാലാഖ’ റിവ്യു Machante Maalakha Review

Mail This Article
ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കി നിരവധി സിനിമകളും കഥകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കുടുംബ ജീവിതത്തിൽ സ്ത്രീകൾ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്? വൈവാഹിക ജീവിതത്തിൽ സ്നേഹബന്ധത്തിന്റെ പേരിൽ പരാതി പറയാതെ വെന്തുരുകി ജീവിക്കുന്ന പുരുഷന്മാരുടെ കഥയാണ് ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാന്റെ മാലാഖ’ പറയുന്നത്. സൗബിൻ ഷാഹിറും നമിത പ്രമോദും പ്രധാനതാരങ്ങളായെത്തിയ ചിത്രം സ്നേഹബന്ധങ്ങളുടെ കഥപറയുന്ന കാമ്പുള്ള കുടുംബ ചിത്രമാണ്.
കെഎസ്ആർടിസി ബസ് കണ്ടക്ടറാണ് സജീവൻ. പെങ്ങളും അളിയനും കുഞ്ഞുങ്ങൾക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന സജീവന് കല്യാണപ്രായം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയിട്ടില്ല. എറണാകുളത്തേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ബിജിമോൾ എന്ന പെൺകുട്ടി സജീവന്റെ ജീവിതത്തിലേക്ക് ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ചു കയറി വന്നത്. ബസ് മാറിക്കയറിയത്തിലുള്ള അരിശം കണ്ടക്ടറോട് തീർത്ത ബിജിമോൾ സജീവനെതിരെ പരാതി കൊടുത്തു. തുടർന്ന് ബിജിമോൾ ഇല്ലാത്ത റൂട്ട് തെരഞ്ഞുപിടിച്ച് പോയ സജീവന് അവിടെയും ബിജിമോളുടെ മുന്നിൽ തന്നെ ചെന്ന് ചാടി. ആദ്യമുണ്ടായ ദേഷ്യം മാറി ബിജിമോളോട് സജീവന് ഒരിഷ്ടം തോന്നിത്തുടങ്ങി.
എന്തിനും ഏതിനും നാട്ടുകാരുടെയും ഭർത്താവിന്റെയും തലയിൽ ചാടിക്കയറുന്ന കുഞ്ഞുമോൾ എന്ന അമ്മയും ഭാര്യയുടെ ചൊൽപടിക്കുനിൽക്കുന്ന അച്ഛനുമാണ് ബിജിമോൾക്കുള്ളത്. ബിജിമോളെ കല്യാണം കഴിക്കുന്നവൻ വീട്ടിൽ ദത്ത് നിൽക്കണം എന്നായിരുന്നു അമ്മയുടെ ഒരേ ഒരു ഡിമാൻഡ്. മൂക്കത്ത് ദേഷ്യമുള്ള ബിജിമോളെ തന്നെ തനിക്ക് കെട്ടണമെന്ന് സജീവൻ പറഞ്ഞപ്പോൾ സ്നേഹധനനായ അളിയൻ ദാസേട്ടനും പെങ്ങൾക്കും സുഹൃത്തിനുമൊക്കെ ചെറിയ എതിർപ്പുണ്ടായിരുന്നു. ഒടുവിൽ സജീവൻ ബിജിമോളെ സ്വന്തമാക്കി പെൺവീട്ടിൽ പൊറുതി തുടങ്ങി. സ്നേഹിച്ചും പിണങ്ങിയും കുടുംബജീവിതം ആരംഭിച്ച സജീവന്റെയും ബിജിമോളുടെയും ബന്ധത്തിലെ ഉയർച്ചതാഴ്ചകളാണ് മച്ചാന്റെ മാലാഖ പറയുന്നത്.
മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമൊപ്പം പരിചയസമ്പന്നരായ അഭിനേതാക്കളുടെ പ്രകടനം കൂടിയാണ് മച്ചാന്റെ മാലാഖയെ മികവുറ്റതാക്കുന്നത്. സൗബിനും നമിത പ്രമോദുമാണ് സജീവനും ബിജിമോളും ആയി എത്തിയത്. ഒരു സാധാരണക്കാരനായ സജീവൻ എന്ന സാധു മനുഷ്യന്റെ കഥാപാത്രം സൗബിൻ സാഹിർ പതിവുപോലെ മികവുറ്റതാക്കി. നമിത പ്രമോദ് ബിജിമോൾ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ചു. ഞെട്ടിച്ച മറ്റൊരു കഥാപാത്രം നടി ശാന്തികൃഷ്ണയുടെ അമ്മായിയാമ്മ ആയിരുന്നു. സ്വതവേ സൗമ്യയും ആർദ്രയുമായി കാണപ്പെടുന്ന ശാന്തികൃഷ്ണയുടെ മറ്റൊരു മുഖമാണ് ചിത്രത്തിൽ കാണാനാകുക.

ഒരുപാട് അഭിനയ സാധ്യതകളുള്ള വേഷം വളരെ ഭംഗിയായി തന്നെ ശാന്തികൃഷ്ണ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിട്ടുണ്ട്. നമിതയുടെ അച്ഛനായി വന്ന മനോജ് കെ യു അടിച്ചമർത്തപ്പെട്ട ഭർത്താവിന്റെ വേഷം തകർത്തഭിനയിച്ചു. സർപ്രൈസ് എൻട്രി ആയത് ധ്യാൻ ശ്രീനിവാസന്റെ വക്കീലാണ്. ദാസേട്ടനായി ദിലീഷ് പോത്തനും രമേഷേട്ടനായി വിനീത് തട്ടിലും അഭിനയമികവ് പുലർത്തി. ആര്യ, ശ്രുതി ജയൻ, ആൽഫി പഞ്ഞിക്കാരൻ, ഷീലു എബ്രഹാം, ബാലതാരം ആവണി തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം സംഗീത സംവിധായകൻ ഔസേപ്പച്ചൻ അതിഥി താരമായി എത്തിയിട്ടുണ്ട്.
വളരെ വ്യത്യസ്തമായ കഥയും തിരക്കഥയുമാണ് മച്ചാന്റെ മാലാഖയുടെ നട്ടെല്ല്. ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമായ പുരുഷ പീഡനത്തോടൊപ്പം കേട്ടുകേൾവിയില്ലാത്ത മറ്റൊരു പ്രമേയം കൂടി ബോബൻ സാമുവൽ തന്റെ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. പുരുഷ കമ്മീഷനുവേണ്ടി മുറവിളി കൂട്ടുന്ന പുതിയകാലത്ത് ഗാർഹിക പീഡനം അനുഭവിക്കുന്ന പുരുഷൻമാരും നമ്മുടെ സമൂഹത്തിലുണ്ടെന്ന് ചിത്രത്തിലൂടെ ബോബൻ സാമുവൽ അടിവരയിടുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും സ്നേഹത്തിന്റെ ശക്തിയും ഹൃദയത്തിൽ തൊടുന്ന ഭാഷയിലാണ് ബോബൻ സാമുവൽ കൈകാര്യം ചെയ്തിട്ടുള്ളത്. ജെക്സൻ ആന്റണിയും അജീഷ് പി. തോമസും ചേർന്നാണ് സിനിമയുടെ രചന. ഗ്രാമ്യഭംഗി മനോഹരമായി പകർത്തിയ ദൃശ്യാവിഷ്കാരമാണ് ചിത്രത്തിനായി വിവേക് മേനോൻ ഒരുക്കിയത്. ഏറെ നാളിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സംഗീതം ഈ കുടുംബ ചിത്രത്തിന് ഇമ്പമേകി.
പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന സംവിധായകനാണ് ബോബൻ സാമുവൽ. ഇക്കുറി ഏറെ വ്യത്യസ്തതയുള്ള ഒരു പുരുഷപക്ഷ ചിത്രമാണ് ബോബൻ സാമുവൽ തിയറ്ററിലെത്തിച്ചത്. സ്വന്തം കുടുംബജീവിതത്തിൽ ഇടപെടാൻ മറ്റാരെയും അനുവദിക്കരുത് എന്നൊരു ഗുണപാഠം കൂടി മച്ചാന്റെ മാലാഖ നൽകുന്നുണ്ട്. സ്നേഹബന്ധങ്ങളുടെ ശക്തിയും കുടുംബത്തിൽ പരസ്പര വിശ്വാസത്തിന്റെ പ്രാധാന്യവും വിളിച്ചോതുന്ന ‘മച്ചാന്റെ മാലാഖ’ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു കുടുംബ ചിത്രമാണ്.