ADVERTISEMENT

മലയാളികളെ എങ്ങനെ പ്രണയിക്കണമെന്നും എങ്ങനെ പുഞ്ചിരിക്കണമെന്നും എങ്ങനെ കരയണമെന്നും എങ്ങനെ ദേഷ്യപ്പെടണമെന്നും പഠിപ്പിച്ചൊരു മനുഷ്യൻ. അദ്ദേഹം അനന്യസാധാരണമായ തന്റെ അഭിനയം കൊണ്ട്  ഇന്നലെകളിൽ വിസ്മയിപ്പിച്ചു... ഇന്നും വിസ്മയിപ്പിക്കുന്നു.. നാളെയും അതു തുടരും. ആ പ്രതീക്ഷ സംവിധായകൻ തരുൺമൂർത്തി തന്റെ സിനിമയുടെ അവസാന ഫ്രെയിമിൽ എഴുതി ഒപ്പിട്ടുവച്ചിട്ടുണ്ട്... ‘തുടരും’. കുറച്ചു ദിവസങ്ങളായി തുടരുന്ന വിവാദങ്ങളുടെയും വിമർശനങ്ങളുടെയും കൊടുങ്കാറ്റിൽ കടപുഴകാതെ നിന്ന മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ മറുപടി, ‘തുടരും’. 

അദ്ദേഹത്തിന് നല്ല കഥകൾ കൊടുക്കൂ നല്ല തിരക്കഥകൾ കൊടുക്കൂ. തന്നിലെ നടനെ അഴിച്ചുവിട്ട് സ്വയം തൃപ്തിയടയാൻ തക്ക കഥാസന്ദർഭങ്ങൾ കൊടുക്കൂ. അങ്ങനെയെങ്കിൽ മോഹൻലാലെന്ന വിസ്മയം തുടർന്നുകൊണ്ടേയിരിക്കും ‘തുടരും’ പോലെ. ദൃശ്യമോ ലൂസിഫറോ നേരമോ അല്ല ‘തുടരും’. സമീകരിക്കാവുന്ന പ്രമേയഘടനയോ അവതരണശൈലിയോ ഉള്ള അടുത്ത കാലത്തിറങ്ങിയ ഒരു മോഹൻലാൽ ചിത്രം ചൂണ്ടിക്കാണിക്കാനില്ല. ഫാമിലി ഡ്രാമയെന്നോ ഫാമിലി ത്രില്ലറെന്നോ വിശേഷിപ്പിക്കാവുന്ന ഗണത്തിലാണ് ‘തുടരും’.

കെ.ആർ.സുനിലും തരുൺ മൂർത്തിയും ചേർന്നൊരുക്കിയ തിരക്കഥയുടെ കരുത്താണ് സിനിമയുടെ ശക്തി. ചെരിപ്പിടാതെ മണ്ണിൽ ചവിട്ടിനടക്കുന്ന റാന്നിക്കാരനായ സാധാരണ ടാക്സിഡ്രൈവർ. രാവിലെ ഒരുകപ്പ് കാപ്പിയുമായി പത്രം വായിച്ചിരിക്കുന്ന സാധാരണക്കാരൻ. ഇളയരാജയുടെ പാട്ടുകളെ സ്നേഹിക്കുന്നൊരാൾ. ചെറിയ വരുമാനം കൊണ്ട് തൃപ്തിയോടെ ജീവിച്ചുപോവുന്ന മനുഷ്യൻ. ഭാര്യയോടും മക്കളോടും തമാശ പറഞ്ഞു നടക്കുന്ന കുടുംബസ്ഥൻ. അത്തരമൊരു കുഞ്ഞുവീട്ടിൽനിന്നാണ് കഥ തുടങ്ങുന്നത്.

സിനിമാപ്രേമം അവസാനിപ്പിച്ച് തമിഴ്നാട്ടിൽനിന്ന് തിരികെ നാട്ടിലെത്തി ടാക്സിയോടിച്ചു ജീവിക്കുകയാണ് ഷൺമുഖൻ. ഭാര്യ ലളിതയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം. ഷൺമുഖന്റെ ജീവിതം അയാളുടെ മാർക്ക് വൺ മോഡൽ കറുപ്പ് അംബാസഡർ കാറാണ്. ആ കാറു തന്നെ ഷൺമുഖന്റെ ജീവിതം മാറ്റിമറിക്കുകയാണ്. ‘വിന്റേജ്’ മോഹൻലാൽ–ശോഭന കൂട്ടുകെട്ടിൽനിന്ന് എന്താണോ നമ്മൾ കാണാനാഗ്രഹിക്കുന്നത്, അതെല്ലാം ആദ്യത്തെ ഒരു മണിക്കൂറിൽ തരുൺമൂർത്തി അവതരിപ്പിക്കുന്നുണ്ട്.

thudarum-movie

പിന്നീടങ്ങോട്ട് ഷൺമുഖൻ തന്റെ കാറിന്റെ ഗിയറൊന്ന് മാറ്റിയിടുകയാണ്. ചുരത്തിലൂടെ ഇരമ്പിക്കയറിപ്പോവുന്ന വാഹനം പോലെ കഥ കയറിക്കയറിപ്പോവുകയാണ്. അതിൽ, അഭിനയത്തിന്റെ ചടുലത നിറഞ്ഞ നിമിഷങ്ങളുമായി നായകൻ. എരിഞ്ഞു കത്തിക്കത്തി ആളിക്കത്തി കാട്ടുതീയാവുന്ന പെർഫോമൻസ്. ഒടുവിൽ പ്രേക്ഷർക്ക് സംതൃപ്തിയേകുന്ന അവസാനവും. 

ചിത്രത്തിലുടനീളം ഷൺമുഖനായി മോഹൻലാലും ലളിതയായി ശോഭനയും നിറയുന്നു. അവരുടെ പ്രകടനത്തിനു തോളോടു ചേർന്നു നിൽക്കുന്ന അഭിനയമുഹൂർത്തങ്ങളുമായി ബിനു പപ്പുവും തോമസ് മാത്യുവും അബിൻ ബിനോയും ഫർഹാൻ ഫാസിലുമടങ്ങുന്നവരുടെ പ്രകടനവും ശക്തമാണ്. ചിത്രത്തിന്റെ തുടക്കത്തിൽ നൊസ്റ്റാൾജിയ വാരിവിതറിക്കൊണ്ട് തമിഴ് സംവിധായകൻ ഭാരതിരാജയുടെ കഥാപാത്രത്തിന്റെ വരവ് ചെറുതെങ്കിലും മനോഹരമായിരുന്നു.

ആരാധകരെ രോമാഞ്ചം കൊള്ളിക്കാനായി തിരുക്കിക്കയറ്റുന്ന മാസ്സ് രംഗങ്ങൾ കണ്ടുമടുത്തവരാണ് പ്രേക്ഷകർ. എന്നാൽ അതെല്ലാം ഇവിടെ ഒഴിവാക്കിയിട്ടുണ്ട്. പകരം, ഗംഭീരമായ കഥാസന്ദർഭങ്ങളിൽ മാസ് പെർഫോമൻസ്  ഇണക്കിച്ചേർത്തിട്ടുണ്ട്. സ്വാഭാവികമായും കാണികൾ‍ക്ക് കയ്യടിക്കാതിരിക്കാനാവില്ല. അങ്ങനെ മാസാണന്നു പറയാതെ മാസ് കാണിച്ച് തരുൺമൂർത്തി, മോഹൻലാൽ ആരാധകരുടെ മനസ്സു നിറച്ചിട്ടുണ്ട്. നനവും തെളിമയുമുള്ള ദൃശ്യങ്ങളൊരുക്കിയ ഛായാഗ്രഹകന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്. കഥയുടെ പിരിമുറുക്കം കൂടിവരുമ്പോൾ ക്യാമറ കൊണ്ട് മാജിക്ക് കാണിക്കുകയാണ് ഷാജികുമാർ. നരനും പുലിമുരുകനും ഛായാഗ്രഹണം നിർവഹിച്ച ഷാജികുമാർ ആക്ഷൻ രംഗങ്ങളിൽ പാലിച്ച കയ്യടക്കമാണ് കയ്യടി അർഹിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്ററായിരുന്ന നിഷാദ് യൂസഫ് പാതിവഴിയിൽ അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്. വി.ബി.ഷഫീഖ് നിഷാദിന്റെ ചടുലമായ ശൈലി പിൻപറ്റി ചിത്രം പൂർത്തിയാക്കിയി. ഷോട്ടുകൾ ചേരുംപടി ചേർ‍ത്തി തുന്നിയൊരുക്കിയ കഥപറച്ചിൽ രീതി. ആദ്യ ഷോട്ടിലെ കാലിച്ചാക്കിനുപോലും കഥയിൽ കൃത്യമായ പ്ലേസ്മെന്റ് നൽകിയാണ് കഥ പറഞ്ഞിരിക്കുന്നത്. അനാവശ്യമായ ഒരു ഷോട്ടുപോലും ചിത്രത്തിലില്ല. കേരളത്തെ നടുക്കിയൊരു സംഭവത്തെ ചിത്രത്തിൽ വിഎഫ്എക്സിന്റെ സഹായത്തോടെ പുനർനിർമിച്ചിട്ടുമുണ്ട്. പശ്ചാത്തലസംഗീതം കൊണ്ട് കഥയുടെ പിരിമുറുക്കം കൂട്ടാൻ ജേക്സ് ബിജോയ് ശ്രദ്ധിച്ചിട്ടുണ്ട്. 

sobhana-mohanlal-thudarum

വളരെ ലളിതമായ, എന്നാൽ പ്രത്യേകതകൾ അവകാശപ്പെടാനില്ലാത്ത ഒരു കഥയാണ് ചിത്രത്തിന്റേത്. അതിനെ മെയ്ക്കിങ്ങ് കൊണ്ടും കഥപറച്ചിൽ ശൈലി കൊണ്ടും മറികടക്കുകയാണ് തരുൺ മൂർത്തി. ഓപ്പറേഷൻ ജാവയ്ക്കും സൗദി വെള്ളക്കയ്ക്കും ശേഷം മൂന്നാംചിത്രവുമായെത്തിയ തരുൺമൂർത്തിക്ക് അഭിമാനത്തോടെ പറയാം തന്റെ യാത്ര ശക്തമായി തുടരും. 

സാധാരണക്കാരുടെ താരമാണ് മോഹൻലാലെങ്കിലും മോഹൻലാലിനെ ഒരു സാധാരണക്കാരനായി ബിഗ് സ്ക്രീനിൽ കണ്ട കാലം പലരും മറന്നിരുന്നു. ബിഗ് ബജറ്റ് കോലാഹലങ്ങളിൽ പെട്ട് സ്റ്റാർഡത്തിനു മുന്നിൽ താണുപോയ നടന്റെ തട്ട് മോഹൻലാൽ പൂർവാധികം ശക്തിയോടെ വീണ്ടെടുത്തെന്ന് നിസ്സംശയം പറയാം. ‘ബോക്സ് ഒാഫിസേ കണ്ടറിയണം, ഇനി നിനക്കെന്താണ് സംഭവിക്കാൻ പോകുകയെന്ന് ?’

English Summary:

Thudarum Malayalam Movie Review And Rating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com