‘ചിരിപ്പിച്ച്’ ത്രില്ലടിപ്പിക്കാൻ ശ്രമിക്കുന്ന ‘റെട്രോ’; റിവ്യു Retro Review

Mail This Article
1990 കാലഘട്ടത്തിൽ നടക്കുന്ന കഥ. പ്രണയം, ചിരി, യുദ്ധം എന്ന ടാഗ്‌ലൈനുമായി എത്തുന്ന ഗ്യാങ്സ്റ്റർ–പ്രണയകഥയെന്ന് ഈ കാർത്തിക് സുബ്ബരാജ് ചിത്രത്തെ വിശേഷിപ്പിക്കാം. സൂര്യയെ വിന്റേജ് ഹീറോയായി അവതരിക്കുന്ന ‘റെട്രോ’ നടന്റെ ആരാധകരെ മാത്രം തൃപ്തിപ്പെടുത്തുന്ന ശരാശരി ചിത്രമായി മാറുന്നു.
ചെറുപ്പം മുതൽ മുഖത്ത് പുഞ്ചിരി വിടരാത്ത പാരിവേൽ ആണ് കഥാ നായകൻ. വയറിലൊരു വേൽ പുള്ളിയുമായി ജനിച്ച പാരിക്കു കോപവും ശൗര്യവും കൂടപ്പിറപ്പുപോലാണ്. ചിരിയുടെ ചക്രവർത്തിയായ സാക്ഷാൽ ചാർളി ചാപ്ലിൻ മുന്നിൽ വന്നു ചിരിപ്പിച്ചാലും പാരിയുടെ മുഖം തെളിയില്ല. അച്ഛൻ തിലകൻ നാട്ടിലെ പ്രധാന ഗ്യാങ്സ്റ്ററാണ്. അച്ഛനെപ്പോലെ വെട്ടും കുത്തും ആയുധക്കച്ചവടവുമായി നടക്കുന്നതിനിടെയാണ് പാരിയുടെ ജീവിതത്തിലേക്ക് രുക്മിണി എത്തുന്നത്.
അതോടെ ഗുണ്ടാപ്പണിയെല്ലാംവിട്ട് സമാധാനപരമായ കുടുംബജീവിതം നയിക്കാൻ പാരി ആഗ്രഹിക്കുന്നു. ഇതിനിടെ പാരിയുടെയും അച്ഛന്റയും ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങൾ കാര്യങ്ങളെല്ലാം മാറ്റിമറിക്കുന്നു.
കാർത്തിക് സുബ്ബരാജിന്റെ സിഗ്നേച്ചർ സ്റ്റൈലിലുള്ള പവർ പായ്ക്ക് മേക്കിങ് ആണ് സിനിമയുടെ ആദ്യ പകുതിയിൽ കാണാനാകുക. സിംഗിൾ ഷോട്ടും സന്തോഷ് നാരായണന്റെ സംഗീതവും സൂര്യയുടെ മാസ് പ്രകടനവുമായി ആകെ മൊത്തം വലിയ എനർജിയോടെ പോകുന്ന സിനിമ രണ്ടാം പകുതിയോട് അടുക്കുമ്പോൾ നേർവിപരീതമാകുന്നു. ഊഹിച്ചെടുക്കാവുന്ന കഥാഗതി, തിരക്കഥയിലെ കരുത്തില്ലായ്മ, ശക്തനായ പ്രതിനായകന്റെ കുറവ് ഇതൊക്കെ സിനിമയുടെ പോരായ്മകളാണ്.
പൂര്‍ണമായും ആക്‌ഷൻ എന്റർടെയ്നറായി കഥ പറയാനാണ് കാർത്തിക് സുബ്ബരാജ് ശ്രമിച്ചിരിക്കുന്നത്. കഥയിലെ പുതുമയില്ലായ്മ സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും അതിനെ തന്റെ മേക്കിങിലൂടെ മറികടക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. വെസ്റ്റേൺ ഹോളിവുഡ് ക്ലാസിക് സിനിമകളിലെ അനുസ്മരിപ്പിക്കുന്ന അവതരണശൈലിയാണ് ഇത്തവണ കാർത്തിക് പരീക്ഷിച്ചിരിക്കുന്നത്. ചില സീനുകൾ ക്ഷമയെ പരീക്ഷിക്കുന്നുണ്ടെങ്കിലും ഒരു പരിധിവരെ സംവിധായകൻ ഇതിൽ വിജയിക്കുന്നുമുണ്ട്. സൂര്യയും പൂജ ഹെഗ്ഡെയുമൊത്തുള്ള കെമിസ്ട്രി സിനിമയ്ക്കു ഗുണമായിട്ടുണ്ട്. ഇവർ ഒരുമിക്കുന്ന പ്രണയ ഗാന രംഗങ്ങളും സിനിമയ്ക്കു മുതൽക്കൂട്ടാണ്.

എന്നാൽ കഥയില്‍ നായക കഥാപാത്രത്തിനു കൊടുക്കേണ്ട ഐഡന്റിറ്റി ഈ സിനിമയിലില്ല. അതുകൊണ്ടു തന്നെ പാരിവേൽ എന്ന കഥാപാത്രവുമായി പ്രേക്ഷകനും ഒരു തരത്തിലും കണക്ട് ആകാൻ പറ്റുന്നില്ല. ആദ്യം മുതല്‍ അവസാനം വരെ ഒരു വൈകാരിക കണക്‌ഷനും ഈ സിനിമയിലൂടെ പ്രേക്ഷകനു ലഭിക്കാതിരിക്കുന്നതിന്റെ കാരണവും വളരെ വികലമായി എഴുതിയ തിരക്കഥ കൊണ്ടു മാത്രമാണ്.
സൂര്യയുടെ കഥാപാത്രം മാത്രമല്ല, ജോജു ചെയ്യുന്ന തിലകൻ, ജയറാമിന്റെ ഡോക്ടർ ചാപ്ലിൻ, പ്രകാശ് രാജ്, നാസർ ഇവർക്കൊന്നും കാര്യമായൊന്നും സിനിമയിൽ ചെയ്യാനായിട്ടില്ല. ജയിൽ സീക്വൻസിൽ സൂര്യയുടെ മുടി വിഗ്ഗ് ആണെന്നതാണ് ആദ്യ കാഴ്ചയിൽ തന്നെ വ്യക്തമാകും. 90കളിൽ റിലീസ് ചെയ്യുന്ന സിനിമയാണെങ്കിൽ ഈ തെറ്റുകുറ്റങ്ങൾ കണ്ടില്ലെന്നു നടിക്കാം, എന്നാല്‍ 90കളുടെ കഥ പറയുന്ന ഇന്നിറങ്ങുന്ന സിനിമകളിൽ ഇത്തരം പോരായ്മകൾ വ്യക്തമാക്കുന്നത്, അതിന്റെ മികവില്ലായ്മ തന്നെയാണ്.
ആക്‌ഷൻ രംഗങ്ങളിൽ സൂര്യ തകർത്താടുന്നുണ്ടെങ്കിലും പ്രേക്ഷകന് ഹൈ മൊമന്റ് നൽകാൻ സിനിമയിലെ ഒരു ഫൈറ്റിനും കഴിഞ്ഞില്ല. എന്നാൽ സൂര്യയുടെ ചെറുപ്പകാലം ചെയ്യുന്ന കുട്ടിയുടെ തീവണ്ടിയില്‍ വച്ചുള്ള ഫൈറ്റ് സീൻ അതി ഗംഭീരമായി കൊറിയോഗ്രഫി ചെയ്തിട്ടുണ്ട് താനും. സന്തോഷ് നാരായണന്റെ ഗാനങ്ങൾ കയ്യടിക്ക് അർഹമാണെങ്കിലും പശ്ചാത്തല സംഗീതം ചിലയിടങ്ങളില്‍ മാത്രം അരോചകമായി തോന്നി. സൂര്യയുടെ ഇൻട്രോയിൽ വരുന്ന മ്യൂസിക് എടുത്തുപറയണം.
ജയറാമിനെയും ജോജുവിനെയും കൂടാതെ ആവ്നി, സ്വാസിക, രമ്യ സുരേഷ്, രാക്കു (രാകേഷ് ജേക്കബ്), മണവാളൻ ടീം, സുജിത് ശങ്കർ എന്നീ മലയാളികളും ചിത്രത്തിലുണ്ട്. കരുണാകരൻ, സിങ്കംപുലി, തമിഴ്, പ്രേം കുമാർ, ഉദയ് മഹേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രാഹകനായ ശ്രേയാസ് കൃഷ്ണയുടെ ക്യാമറ മികവ് എടുത്തു പറയണം. ആൻഡമാൻ ലൊക്കേഷനിലെ ദൃശ്യങ്ങളെല്ലാം അതിമനോഹരം. ‘കനിമാ’ എന്ന പാട്ട് ചിത്രീകരിച്ചിരിക്കുന്ന രീതിയും അതേ തുടർന്നു വരുന്ന സിംഗിൾ ഷോട്ടും ഫൈറ്റും അതിഗംഭീരം.
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ‘റെട്രോ’ തിയറ്ററുകളിൽ. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സൂര്യ ആരാധകരിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്. നടന്റെ ആരാധകരെ പൂർണമായും തൃപ്തിപ്പെടുന്ന തരത്തിലുള്ള മേക്കിങ് ആണ് സിനിമയുടേതെന്നാണ് റിപ്പോർട്ട്. 168 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ഷെഫീഖ് മുഹമ്മദ് അലിക്ക് എഡിറ്റിങിൽ കുറച്ചുകൂടി കൈവയ്ക്കാമായിരുന്നു.
‘കങ്കുവ’യുടെ ദയനീയമായ പരാജയത്തിനുശേഷം റിലീസിനെത്തുന്ന സൂര്യ ചിത്രം കൂടിയാണിത്. തമിഴ്നാട്ടിൽ ചിത്രം നടന്റെ ആരാധകർ ഏറ്റെടുക്കും. എന്നാൽ മലയാളി പ്രേക്ഷകർക്ക് ‘റെട്രോ’ ‘പഴഞ്ചൻ’ അനുഭവമാകും സമ്മാനിക്കുക.