ഹൃദയത്തിലേക്ക് സർക്കീട്ടടിച്ച് ആസിഫ് അലി; സർക്കീട്ട് റിവ്യു

Mail This Article
ഒരു സിനിമയല്ലേ? പ്രേക്ഷകരെ പിടിച്ചിരുത്തണ്ടേ? ചില ഗിമിക്കുകൾ ഇല്ലാതെങ്ങനെ സിനിമ ചെയ്യും? വാണിജ്യ സിനിമയെക്കുറിച്ചുള്ള ഇത്തരം വിലയിരുത്തലുകളെ അപ്രസക്തമാക്കിക്കൊണ്ടാണ് ആസിഫ് അലി നായകനായ സർക്കീട്ട് പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. സിനിമയുടെ പ്രമേയത്തോട് പൂർണമായും സത്യസന്ധത പുലർത്തിക്കൊണ്ടുള്ള മേക്കിങ്, അതും ആസ്വാദനത്തിൽ ഒട്ടും കുറവ് വരുത്താതെ– അതാണ് സർക്കീട്ടിനെ മനോഹരമായ സിനിമയാക്കുന്നത്. ഇമോഷണൽ ഡ്രാമയിലേക്ക് വഴുതി വീണേക്കാവുന്ന ഒരു പ്രമേയത്തെ എംപതിയോടെ പങ്കുവയ്ക്കുകയാണ് സംവിധായകൻ താമർ. അതിൽ സംവിധായകന് കരുത്താകുന്നത് ആസിഫ് അലി എന്ന നടനും!
പ്രമേയം
എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു ഏഴു വയസ്സുകാരനാണ് സിനിമയുടെ കേന്ദ്രം. ബാലുവിന്റെയും സ്റ്റെഫിയും ഏകമകൻ. ഒന്നു പിന്തുണയ്ക്കാൻ ഒരു കുടുംബമില്ലാത്ത അനേകം പ്രവാസികളുടെ പ്രതിനിധികൾ കൂടിയാണ് അവർ. ജോലി ഉപേക്ഷിക്കുക എന്നത് ഒരു ഓപ്ഷൻ അല്ലാത്ത ഒന്നു ചേർത്തു പിടിക്കാനോ ചെന്നിരിക്കാനോ കുടുംബമെന്ന വ്യവസ്ഥിതിയുടെ തണൽ ഇല്ലാത്ത യങ് കപ്പിൾ ആണ് ബാലുവും സ്റ്റെഫിയും. മകൻ ജെപ്പു എന്ന ജെഫ്രിന്റെ പ്രശ്നം മനസ്സിലാക്കുന്നുണ്ടെങ്കിലും അത് എങ്ങനെ പരിഹരിക്കണമെന്ന് അവർക്ക് അറിയുന്നില്ല. മറ്റൊരിടത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ വലിയ പ്രതീക്ഷകളുമായി യുഎഇയിൽ എത്തിച്ചേരുന്ന ആമിർ. എങ്ങനെയെങ്കിലും ഒരു ജോലി നേടണം എന്നതു മാത്രമാണ് അയാളുടെ ലക്ഷ്യം. ജോലി കിട്ടുന്നതു വരെ പിടിച്ചു നിൽക്കാൻ അയാൾ പല വഴികൾ പയറ്റുന്നുണ്ട്. അങ്ങനെയൊരു വഴിത്തിരിവിൽ ജെപ്പുവും ആമിറും ഒന്നിച്ചാകുന്നതും അവരുടെ സർക്കീട്ടുമാണ് ചിത്രം പറയുന്നത്.
ആസിഫ് അലി
ലെവൽ ക്രോസ്, കിഷ്കിന്ധാ കാണ്ഠം, രേഖാചിത്രം എന്നീ ചിത്രങ്ങളിലൂടെ നടൻ എന്ന നിലയിൽ പുതിയ ആകാശങ്ങൾ കീഴടക്കുന്ന ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. സ്ക്രീനിൽ ആസിഫിന്റെ കണ്ണു നിറയുമ്പോൾ ആ നനവ് പ്രേക്ഷകരുടെ കണ്ണിലും ഉണ്ടാകുന്നുണ്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും അപ്പാടെ പ്രേക്ഷകരുടെ നെഞ്ചുലയ്ക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമേയുള്ളൂ– ആസിഫ് അലി! അയാളിലെ നടന്റെ അതിഗംഭീര അഭിനയമുഹൂർത്തങ്ങൾ സർക്കീട്ടിലുണ്ട്. കരിയറിൽ കൂടുതൽ വിജയങ്ങൾ സംഭവിക്കുമ്പോൾ മണ്ണിൽ ചവുട്ടി നിൽക്കുന്ന റിയലിസ്റ്റിക് പെർഫോമൻസുകൾ കുറഞ്ഞുപോകുന്ന അവസ്ഥയ്ക്ക് അപവാദമാവുകയാണ് ആസിഫ് അലി. അയാളുടെ കണ്ണുകളിൽ ഇപ്പോഴും ഒരു സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും പല റേഞ്ചിൽ കാണാം. അത്തരം ഒരുപാട് നിമിഷങ്ങൾ ഈ ചിത്രം സമ്മാനിക്കുന്നുണ്ട്. സിനിമയിൽ കുറച്ചു പണം കടം ചോദിക്കാൻ ആസിഫിന്റെ കഥാപാത്രം നടത്തുന്ന ഫോൺവിളികൾ കാണിക്കുന്നുണ്ട്. ആകെ ചുരുങ്ങിപ്പോകേണ്ടി വരുന്നവന്റെ ശരീരഭാഷ അസാധ്യ മികവോടെ ആസിഫ് അലി ആ സീനുകളിൽ കാണിക്കുന്നുണ്ട്.

ഓർഹാൻ മുതൽ ഷിൻസ് ഷാൻ വരെ
ആസിഫ് അലി മാത്രമല്ല ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എല്ലാവരും മനോഹരമായി ആ കഥയുടെ ക്യാൻവാസിനൊപ്പം നിൽക്കുന്നുണ്ട്. അതിൽ എടുത്തു പറയേണ്ട പ്രകടനം നവാഗതനായ ഓർഹാൻ ഹൈദരിന്റേതാണ്. എഡിഎച്ച്ഡിയുള്ള ജെപ്പുവായി അക്ഷരാർഥത്തിൽ ജീവിക്കുന്ന പ്രകടനമാണ് ഓർഹാൻ കാഴ്ച വച്ചത്. നിഷ്കളങ്കവും സ്വാഭാവികവുമായ പ്രകടനം ആരുടെയും മനസ്സ് കീഴടക്കും. ദീപക് പറമ്പോൽ, ദിവ്യപ്രഭ, പ്രശാന്ത് അലക്സാണ്ടർ, ഗോപാൽ അടാട്ട്, സ്വാതിദാസ് പ്രഭു എന്നിവരും മികച്ചതാക്കി. ചെറിയ സ്ക്രീൻ സ്പേസിൽ പ്രത്യക്ഷപ്പെടുന്ന ഷിൻസ് ഷാനും രമ്യ സുരേഷും പ്രേക്ഷകരുടെ ഉള്ളിൽ ഇടം കണ്ടെത്തുന്നുണ്ട്.
താമറിന്റെ ബ്രില്യൻസ്
ഓരോ കഥാപാത്രത്തിനും കൃത്യമായ ക്യാരക്ടർ ആർക് നൽകിയാണ് എഴുതിയിരിക്കുന്നത്. കഥാപാത്രങ്ങളെ അവരുടെ വർത്തമാനകാലത്തിലാണ് പ്രേക്ഷകർ കണ്ടുമുട്ടുന്നതെങ്കിലും അവരുടെ ഭൂതകാലത്തിന്റെ നിഴലുകൾ കൃത്യമായി വായിച്ചെടുക്കാം. അതാണ് തിരക്കഥയുടെ ബ്രില്യൻസ്. അതുകൊണ്ടാണ് അവരുടെ വേദനയും നിസ്സഹായവസ്ഥയും പ്രേക്ഷകർക്കും കണക്ട് ആകും. അതുപോലെ എംപതി എന്ന വികാരം പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുന്നതിലും സിനിമ പുലർത്തുന്ന കയ്യടക്കം അഭിനന്ദനീയമാണ്. നാലാൾ കൂടുന്നിടത്തേക്ക് കൊണ്ടു പോകാൻ കഴിയാത്തത്ര വാശിയും ദേഷ്യവുമുള്ള കുട്ടിയെ ഒരു ‘തലവേദന’ ആയി ചിത്രീകരിക്കാതെ ആ കുട്ടിയുടെ പ്രശ്നങ്ങളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ‘രണ്ടെണ്ണം പൊട്ടിച്ച്’ ആ കുട്ടിയെ അടക്കി നിർത്താനല്ല പ്രേക്ഷകർക്കു തോന്നുക. അവന്റെ പ്രശ്നങ്ങളും അവസ്ഥയും മനസ്സിലാക്കുമ്പോഴുള്ള എംപതിയാണ് പ്രേക്ഷകരെ സിനിമയിലേക്ക് ചേർത്തു നിറുത്തുന്നത്.

സൂക്ഷ്മമായും തീവ്രമായും ആ കഥ പറയുന്നതിന് ആവശ്യമുള്ള എല്ലാം സംവിധായകൻ ചേർത്തു വച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത ഒരു ഷോട്ടോ കഥാപാത്രമോ ശബ്ദം പോലുമോ ഒരു രസംകൊല്ലിയായി പോലും ആ കഥാപരിസരത്തില്ല. അതുപോലെ വെട്ടിയൊതുക്കി സുന്ദരമാക്കിയിട്ടുണ്ട് സംഗീത് പ്രതാപ് എന്ന എഡിറ്റർ. ഈ കഥയെ ആഴത്തിൽ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നുണ്ട് ഗോവിന്ദ് വസന്തയുടെ സംഗീതം. ചിലപ്പോഴൊരു താരാട്ടായി, മറ്റു ചിലപ്പോൾ തേങ്ങലായി, ഇനിയും ചില ഇടങ്ങളിൽ സാന്ത്വനമായി ഒഴുകിപ്പരക്കുകയാണ് ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതവും പാട്ടുകളും. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ആസിഫിന്റെ ആമിറും കുട്ടിത്താരം ഓർഹാനും തമ്മിലുള്ള ഒരു കഥപറച്ചിൽ സീക്വൻസ് ഉണ്ട് സിനിമയിൽ. നിഴലുകൊണ്ട് കഥ പറയുന്ന ആ സീനിനെ മികവുറ്റതാക്കുന്നത് അയാസിന്റെ ക്യാമറ കൂടിയാണ്.
കലർപ്പില്ലാത്ത ചലച്ചിത്രം
നിറകൺചിരിയോടെ കാണാവുന്ന ചിത്രമെന്ന് ഒറ്റവാക്കിൽ പറയാവുന്ന സിനിമയാണ സർക്കീട്ട്. സിനിമ കണ്ടിറങ്ങിയതിനു ശേഷവും ആസിഫിന്റെ ആമിറും ജെപ്പുവിന്റെ കുടുംബവും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കും. മുഖ്യധാരാ സിനിമകൾ പലപ്പോഴും വിട്ടുപോകുന്ന കുട്ടികളുടെ മനസ്സു തിരിച്ചറിയുന്ന സിനിമ കൂടിയാണ് സർക്കീട്ട്. കുട്ടികൾക്കു വേണ്ടി കൂടിയും ഈ സിനിമ കാണേണ്ടതുണ്ട്. ചുരുക്കത്തിൽ, കുടുംബസമേതം കാണാവുന്ന മികച്ച സിനിമയാണ് സർക്കീട്ട്.