പരകായ പ്രവേശത്തിന്റെ ‘പടക്കളം’; റിവ്യൂ Padakkalam Review

Mail This Article
കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ഒരു ക്ലീൻ എന്റർടെയ്നറാണ് നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’. പേര് സൂചിപ്പിക്കുന്നത് പോലെ ആദ്യാവസാനം ഒരു ഗെയിം മോഡിലാണ് പടക്കളം കഥ പറയുന്നത്. ലോജിക്ക് മറന്നുവച്ച് രണ്ടു മണിക്കൂർ ചിരിച്ച് മറിയാൻ തയാറാണെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം.
പരാകയ പ്രവേശം വിഷയമായി വന്നിട്ടുള്ള സിനിമകൾ മലയാളത്തിൽ വിരളമല്ല. ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’, ‘ആയുഷ്കാലം’, ‘അനന്തഭദ്രം’, ‘ഇതിഹാസ’, ‘നൻപകൽ നേരത്ത് മയക്കം’ തുടങ്ങി പരാകയ പ്രവേശത്തെ പല ഴോണറുകളിൽ അവതരിപ്പിച്ചിട്ടുള്ള സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. ‘അനന്തഭദ്രം’ ഹൊറർ പശ്ചാത്തലത്തിലും ‘ആയുഷ്കാലം’ ക്രൈം ത്രില്ലർ മൂഡിലും ‘നൻപകൽ’ ഇമോഷനൽ ഡ്രാമ ഴോണറുകളിലും കഥ പറഞ്ഞപ്പോൾ ‘പപ്പൻ പ്രിയപ്പെട്ട പപ്പനും’ ‘ഇതിഹാസയും’ പിന്തുടർന്നത് കോമഡി ട്രാക്കായിരുന്നു. സമാനമായ ശൈലിയാണ് ‘പടക്കള’ത്തിലും മനു സ്വരാജ് അവലംബിച്ചിട്ടുള്ളത്.
നടൻ ഇന്ദ്രജിത്താണ് ശബ്ദ സാന്നിധ്യത്തിലൂടെ ‘പടക്കളത്തിലേക്ക്’ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിനോദത്തിനു വേണ്ടി നിർമിക്കപ്പെടുന്ന ഒരു പകിട കളി പിന്നീട് മാനവരാശിയെ തന്നെ നശിപ്പിക്കാൻ പ്രഹരശേഷിയുള്ള ഒന്നായി മാറുന്നു. വിജയനഗര സാമ്രാജ്യകാലത്ത് നിർമിക്കപ്പെട്ട ഈ പകിടകളി കരയും കടലും കടന്ന് തിരുവിതാകൂർ രാജാവ് കാർത്തിക തിരുനാളിന്റെ അടുത്ത് എത്തുന്നവരെയുള്ള ഐതിഹ്യകഥ പറഞ്ഞ് ഇന്ദ്രജിത്ത് പ്രേക്ഷകരിലേക്ക് രസചരട് കൈമാറുന്നു. ഐതിഹ്യകഥ കേൾക്കുമ്പോൾ ഒരു ഹൊറർ സിനിമയുടെ ഛായ തോന്നാമെങ്കിലും ‘പടക്കളം’ ഇൻ ആൻഡ് ഔട്ട് കോമഡി ത്രില്ലറാണ്. ഭൂതകാലത്തിൽ നിന്ന് വർത്തമാനകാലത്തിലാണ് പിന്നീട് ‘പടക്കളം’ കഥ പറയുന്നത്. കാർത്തിക തിരുനാൾ എൻജിനീയറിങ് കോളജിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ‘പടക്കള’ത്തിലെ പ്രധാന താരങ്ങൾ. മൂവരും മത്സരിച്ച് അഭിനയിക്കുന്ന ചിത്രം തിയറ്ററിൽ ചിരിയുടെ മാലപടക്കം തീർക്കുന്നു. കോളജ് അധ്യാപകരുടെ വേഷത്തിലാണ് സൂരാജും ഷറഫൂദ്ദീനുമെത്തുന്നത്. സന്ദീപ് ബി.ടെക്. വിദ്യാർഥിയായി വേഷമിടുന്നു. അരുൺ അജികുമാർ, സാഫ്, അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തി മികവാർന്ന പ്രകടനം പുറത്തെടുക്കുന്നു.
വകുപ്പ് മേധാവിയുടെ കസേരയിലെത്താൻ വടംവലി നടത്തുന്ന ഷാജി, രഞ്ജിത്ത് എന്നീ അധ്യാപകരുടെ വേഷത്തിലാണ് യഥാക്രമം സുരാജും ഷറഫുദ്ദിനും എത്തുന്നത്. ഇരുവർക്കും ഇടയിലുള്ള ഈഗോയും മത്സരവുമൊക്കെ സിനിമയെ കൂടുതൽ രസകരമാക്കുന്നു. വകുപ്പ് മേധാവിയായി തിരഞ്ഞെടുക്കപ്പെടുന്ന സുരാജിന്റെ കഥാപാത്രത്തെ ഷറഫുദ്ദീന്റെ കഥാപാത്രം നിയന്ത്രിക്കുന്നത് മുതലാണ് സിനിമയുടെ ഗതി മാറുന്നത്. ഇരുവരുടെയും വിദ്യാർഥി കൂടിയായ സന്ദീപ് പ്രദീപിന്റെ കഥാപാത്രമായ ജിതിനും കൂട്ടുകാരും ഇതിനെ പിന്നിലെ രഹസ്യം തേടുന്നതോടെ ചിത്രം കൂടുതൽ ഉദ്വേഗജനകമാകുന്നു.
സിനിമയുടെ ഒരു ഘട്ടത്തിൽ മൂന്ന് കേന്ദ്രകഥാപാത്രങ്ങളും പരകായ പ്രവേശത്തിലൂടെ കഥാപാത്രങ്ങൾവച്ചുമാറുമ്പോൾ തിയറ്ററിൽ ചിരിയുടെ മാലപടക്കത്തിനുളള തിരികൊളുത്തലായി അത് മാറുന്നു. രാജേഷ് മുരുകേശന്റെ പശ്ചാത്തല സംഗീതം സിനിമയോട് ചേർന്നു നിൽക്കുന്നു. പഴയ സിനിമഗാനങ്ങൾ ഉപയോഗിക്കുന്ന ട്രെൻഡ് ‘പടക്കള’ത്തിലും തുടരുന്നു. റാംജി റാവു സ്പീക്കീങിൽ എസ്. ബാലകൃഷ്ണന്റെ സംഗീതത്തിൽ എസ്പിബി പാടി ഹിറ്റാക്കിയ കളിക്കളം എന്ന ഗാനം സിനിമയ്ക്കു അനുഗുണമായി ഉപയോഗിച്ചിട്ടുണ്ട്. യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ഈ സിനിമയെ സമീപിച്ചാൽ ഒട്ടേറെ ന്യൂനതകൾ കണ്ടെത്താൻ കഴിഞ്ഞേക്കും. വേനൽ അവധിക്കാലത്ത് കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന ആഖ്യാനമാണ് ‘പടക്കളം’ സ്വീകരിക്കുന്നത്, ആ രീതിയിൽ സമീപിച്ചാൽ സിനിമ മികച്ചൊരു അനുഭവമായി മാറും.