പ്രിൻസും ദിലീപും ചിരിപ്പിച്ച് തുടരും: റിവ്യൂ

Mail This Article
ദിലീപ് എന്ന നടന്റെ സിനിമയ്ക്ക് കാലങ്ങളായി ചേർക്കുന്ന ചില ചേരുവകളുണ്ട്. അതെന്തൊക്കെയാണെന്ന് ഒരു സാധാരണ മലയാളി പ്രേക്ഷകന് പറഞ്ഞു തരേണ്ടതുമില്ല. ഹാസ്യം കൃത്രിമമായി നിർമിച്ചെടുക്കാൻ വേണ്ടി പണിപ്പെട്ട് ചേർക്കുന്ന അത്തരം ചേരുവകൾ ഒടുക്കം അദ്ദേഹത്തിന്റെ പല സിനിമകളുടെയും ‘സ്വാദിനെ’ ബാധിച്ചിട്ടുമുണ്ട്. എന്നാൽ അത്തരത്തിലുള്ള അനാവശ്യമായ ഒരു കൂട്ടിച്ചേർക്കലുകളുമില്ലാതെ ഒരുക്കിയിരിക്കുന്ന ഒരു സാധാരണ ഫീൽഗുഡ് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.
ഒരു വർഷം മുമ്പ്, അതായത് 2024 ഏപ്രിൽ 18–നാണ് അവസാനമായി ഒരു ദിലീപ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ജനപ്രിയനായകൻ എന്ന ടാഗ്‌ലൈനിൽ അറിയപ്പെടുന്ന ഒരു താരത്തിന് ബിഗ് സ്ക്രീനിൽ വലിയ ഒരു ഇടവേള വന്നതെന്തു കൊണ്ടാണെന്നുള്ള ചോദ്യം ബാക്കിയാണ്. എങ്കിലും പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രം ഇൗ ഇടവേളയെ പോസിറ്റീവായി മാറ്റുന്ന ഒന്നാണ്. ദിലീപ് ചിത്രത്തിന് അത്യന്താപേക്ഷികമെന്ന് അദ്ദേഹം പോലും കരുതിയിരുന്ന പല ഘടകങ്ങളും വേണ്ടെന്നു വച്ചിരിക്കുന്ന ചിത്രം പക്ഷേ ദിലീപ് െന്ന നടന്റെ ഏറ്റവും വലിയ കരുത്തായ ഹാസ്യത്തെ വളരെ കൗശലവും കാലികവുമായി അവതരിപ്പിച്ചിട്ടുമുണ്ട്.
തന്റെ സഹോദരന്മാരെല്ലാവരും വിവാഹിതരായ ശേഷവും പ്രിൻസ് അവിവാഹിതനായി തുടരുകയാണ്. ആ വീട്ടിലെ വരുമാനമുള്ള ഏക അംഗവും പ്രിൻസ് തന്നെയാണ്. പക്ഷേ അവന് മാത്രം പെണ്ണ് കിട്ടുന്നില്ല. ഒടുക്കം അങ്ങനെയൊരു പെൺകുട്ടിയെ കണ്ടു മുട്ടുമ്പോഴോ ? അത് അതിനെക്കാൾ വലിയ പൊല്ലാപ്പാകുകയും ചെയ്യും. അങ്ങനെ ആകെത്തുകയിൽ പറഞ്ഞാൽ വിവാഹത്തിനു മുമ്പും പിമ്പുമുള്ള പ്രിൻസിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ഒട്ടും ലൗഡ് അല്ലാത്ത ഹാസ്യത്തിന്റെ കൈ പിടിച്ചാണ് സിനിമയുടെ കഥ ആദ്യ പകുതിയിൽ സഞ്ചരിക്കുന്നത്. പ്രിൻസിന്റെ കുടുംബത്തെയും പശ്ചാത്തലത്തെയും പരിചയപ്പെടുത്തിയാണ് ചിത്രം ആരംഭിക്കുന്നത്. എല്ലാ രംഗങ്ങളിലും ചിരിയുടെ മേമ്പൊടി ആവശ്യത്തിനുണ്ട്. വിവാഹിതനാകാനുള്ള പ്രിൻസിന്റെ പെടാപ്പാടാണ് ആദ്യ പകുതിയിൽ കാണിച്ചിരിക്കുന്നതെങ്കിൽ വിവാഹിതനായ ശേഷം അദ്ദേഹം പെടുന്ന പാടുകളാണ് രണ്ടാം പകുതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാം പകുതിയിൽ ഹാസ്യത്തിനൊപ്പം ഒരൽപം സാമൂഹിക പ്രതിബദ്ധത കൂടി സിനിമ പങ്കു വയ്ക്കുന്നുണ്ട്. മലയാളികൾ അടുത്ത കാലത്തായി പ്രത്യേകിച്ച് കോവിഡിനു ശേഷം കാണുകയും പിന്തുടരുകയും ചെയ്യുന്ന ചില ട്രെൻഡുകളെയും രീതികളെയും സിനിമ വിമർശിക്കുന്നുണ്ട്. നെഗറ്റീവ് വാർത്തകൾക്കും സംഭവങ്ങൾക്കും നമ്മുടെ സമൂഹത്തിൽ ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ദോഷവശങ്ങളെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്.
നായകനായ പ്രിൻസ് എന്ന കഥാപാത്രം ദിലീപിന്റെ കയ്യിൽ ഭദ്രമായിരുന്നു. ലൗഡ് ആയ തമാശകളിൽ നിന്ന് മാറി മറ്റൊരു തരം ഹാസ്യാവതരണശൈലിയാണ് അദ്ദേഹം ഇൗ സിനിമയിൽ പിന്തുടരുന്നത്. ജോണി ആന്റണി, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നീ മൂവർ സംഘം പ്രേക്ഷകനെ പലപ്പോഴും പൊട്ടിച്ചിരിപ്പിക്കും. ഇവരുടെ പല രംഗങ്ങൾക്കും തിയറ്ററിൽ കയ്യടികളുയർന്നു. ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് സ്ക്രീൻ സ്പേസ് കുറവാണ്.
നവാഗതനായ ബിന്റോ സ്റ്റീഫൻ ആദ്യ സംവിധാന സംരംഭം മോശമാക്കിയില്ല. എന്നിരുന്നാലും ചില ഭാഗങ്ങളിൽ ഒരു ഇമോഷനൽ കണക്റ്റ് ഇല്ലായിരുന്നു. തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദ് തന്റെ പതിവു ശൈലി വിട്ട് ഹാസ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. തന്റെ മുൻസിനിമകളിലേതു പോലെ പ്രേക്ഷകനും സമൂഹത്തിനും കാലികമായ ഒരു സന്ദേശം നൽകാനും ഷാരിസ് ഇൗ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ മുൻതിരക്കഥകൾ പോലെ അത്ര കെട്ടുറപ്പുള്ളതല്ല ഇൗ സിനിമയുടേത്. ബോഡി ഷെയിമിങ് തമാശകളും ‘പൊളിറ്റിക്കലി ഇൻകറക്റ്റ്’ സീനുകളുമൊക്കെയുണ്ടെന്ന് പറഞ്ഞ് പല ദിലീപ് സിനിമകളും മുൻപ് വിമർശനങ്ങൾ വരുത്തി വച്ചിട്ടുണ്ട്്. എന്നാൽ അത്തരത്തിൽ ആരോപിക്കാൻ പോലും പറ്റുന്ന ഒരു രംഗവും ഇൗ ചിത്രത്തിൽ ഇല്ലെന്നതും ശ്രദ്ധേയം.
ചെറിയ തമാശകളും നല്ല ചില മൊമെന്റ്സും ഒപ്പം ഇക്കാലത്ത് ആളുകൾ മനസ്സിലാക്കേണ്ടതും തിരിച്ചറിയേണ്ടതുമായ ചില സംഗതികളും ഒത്തു ചേരുന്ന സിനിമയാണ് പ്രിൻസ് ആൻഡ് ഫാമിലി. വലിയ ആരവങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം അതിന്റെ ഉള്ളടക്കത്തിലും ഇൗ ‘അടക്കവും ഒതുക്കവും’ ആണ് പുലർത്തുന്നത്. ഒരു തവണ കണ്ടിരിക്കാവുന്ന ഇൗ ചിത്രം കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്നതാണ്.