സരസം, കാലികം; സംശയമില്ലാതെ കാണാം ‘സംശയം’: റിവ്യു

Mail This Article
മുന്നിൽ കാണുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ സമീപിക്കുന്ന ചിലരുണ്ട് പക്ഷേ, സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില ബന്ധങ്ങളിലേക്ക് ആ സംശയം നീണ്ടാലോ? സ്വീകരിക്കാനും തിരസ്കരിക്കാനും കഴിയാത്ത ചില സത്യങ്ങളിലേക്ക് നീളുന്ന സംശയങ്ങളുടെ കഥയുമായാണ് നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്ത ‘സംശയം’ തിയറ്ററുകളിൽ എത്തുന്നത്. നിറത്തെ സംബന്ധിച്ച് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ചില തെറ്റായ പ്രവണതകളെ പ്രതിപാദിച്ചുകൊണ്ട് രാജേഷ് രവി തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ വിനയ് ഫോർട്ടും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കാരനാണ് മനോജൻ. ഭാര്യ വിമലയും അച്ഛനും അടങ്ങുന്ന മനോജന്റെ കുടുംബത്തിലെ ഏകദുഃഖം കുഞ്ഞുങ്ങളില്ല എന്നുള്ളതാണ്. മനോജന്റെ കർക്കശക്കാരനായ അച്ഛൻ കുട്ടികളുണ്ടാകാത്തതിൽ വിമലയെ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്താൻ തുടങ്ങി. അങ്ങനെയിരിക്കെ മനോജനും വിമലക്കും ഒരു ആൺകുഞ്ഞു ജനിക്കുന്നു. ഇരുവരുടെയും സന്തോഷത്തിന് അതിരുകളില്ലായിരുന്നു. മനോജനെക്കാളും വിമലയേക്കാളും അതിൽ സന്തോഷിച്ചത് മനോജന്റെ അച്ഛനാണ്. പെൻഷനായി വീട്ടിലിരിക്കുന്ന അച്ഛന്റെ പ്രിയവിനോദം കൊച്ചുമോനെ കളിപ്പിക്കലായി മാറി.
മനോജന്റെ കുടുംബം സന്തോഷകരമായി മുന്നോട്ട് നീങ്ങവേ ഒരു രാത്രി വിമലയുടെ മനസ്സിൽ ഒരു സംശയമുദിച്ചു. വിമല ആ സംശയം മനോജനോട് പറഞ്ഞു. അതുകേട്ട് ആദ്യം ചിരിച്ചു തള്ളിക്കളഞ്ഞെങ്കിലും മനോജന്റെ മനസ്സിൽ ആ സംശയം ഒരു ഒഴിയാബാധയായി വളർന്നു. വിട്ടുകളയാൻ വിമല പറഞ്ഞെങ്കിലും ആ സംശയം മനോജന്റെ ജീവിതത്തെയാകെ മാറ്റിമറിക്കുകയായിരുന്നു. ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച മുസ്ലിം ദമ്പതിമാരാണ് ഹാരിസും ഫൈസയും. ജീവിതത്തിൽ ഒന്നു ചുവടുറപ്പിക്കാൻ ഹാരിസ് ശ്രമിക്കവേ മനോജന്റെ മനസ്സിലെ സംശയം ഹാരിസിന്റെയും ഫൈസയുടെയും ജീവിതത്തെക്കൂടി തകിടം മറിക്കുകയായിരുന്നു.
മനോജനായി വിനയ് ഫോർട്ടും വിമലയായി ലിജോ മോളും ആണ് ചിത്രത്തിലെത്തുന്നത്. ഏറെ വ്യത്യസ്തമായ മേക്കോവറിലാണ് വിനയ് ഫോർട്ട് ഈ ചിത്രത്തിലെത്തിയത്. സാധാരണക്കാരനായ ഒരു കോഫി ഹൗസ് ജീവനക്കാരനായി വിനയ് വടക്കേ മലബാർ സ്ലാങ്ങുമായി കഥാപത്രത്തോട് നീതിപുലർത്തുന്ന പ്രകടനം കാഴ്‌ചവച്ചു. ഏത് കഥാപാത്രം ചെയ്താലും ലിജോമോൾ അതിനോട് നീതിപുലർത്താറുണ്ട്. ലിജോമോളുടെ വിമലയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനമാണ് നടത്തിയത്. ഷറഫുദ്ദീൻ ഹാരിസായി ചിത്രത്തിലെത്തിയപ്പോൾ ഫൈസയായി പ്രിയംവദ കൃഷ്ണനാണ് അഭിനയിച്ചത്. ഇരുവരും മുസ്ലിം ദമ്പതികളായി മികച്ച പ്രകടനം കാഴ്ചവച്ചു. കർക്കശക്കാരനായ അച്ഛനായി എത്തിയത് പി.പി കുഞ്ഞിക്കൃഷ്ണനാണ്. എടുത്തുപറയത്തക്ക പ്രകടനമാണ് കുഞ്ഞികൃഷ്ണന്റേത്. സിദ്ദിഖ്, സിബി തോമസ്, പി. ശിവദാസ്, രാജേഷ് അഴീക്കോടൻ, പ്രിയ, അമ്പിളി, വിജിലേഷ്, ഗ്രീഷ്മ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒരു വിഷയം കയ്യടക്കത്തോടെ സരസമായി അവതരിപ്പിച്ചതിൽ നവാഗതനായ രാജേഷ് രവി കയ്യടി അർഹിക്കുന്നു. ചിലയിടങ്ങളിൽ ദുർബലമാകുന്ന തിരക്കഥയെ മേക്കിങ് മികവിലൂടെ സംവിധായകൻ മറികടക്കുന്നു. ലളിതമായ കഥ പറച്ചിലാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. പ്രേക്ഷകന് അശാന്തിയും ആശങ്കയും സൃഷ്ടിച്ച് ഉദ്വേകജനകമായ നിമിഷങ്ങളും ചിത്രം സമ്മാനിക്കുന്നു. മനേഷ് മാധവന്റെ ഛായാഗ്രഹണവും ലിജോ പോളിന്റെ എഡിറ്റിങ്ങും മികവ് പുലർത്തി. ഹിഷാം അബ്ദുൽ വഹാബിന്റെ ഹൃദ്യമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആസ്വാദ്യകരമായി.
ആധുനിക കാലത്തും നിറത്തിന്റെ പേരിൽ മാറ്റിനിറുത്തപ്പെടുന്നുണ്ടെന്ന വിഷയത്തെ ഗൗരവത്തോടെയാണ് സിനിമ സമീപിക്കുന്നത്. കുഞ്ഞുങ്ങളുണ്ടാകാത്തതിന്റെ പേരിൽ ഇന്നും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന വസ്തുതയും സംവിധായകൻ മലയാളികൾക്ക് മുന്നിൽ സജീവ ചർച്ചയ്ക്കായി തുറന്നു വയ്ക്കുന്നു. കാലികപ്രസക്തമായ നിരവധി സങ്കീർണ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന രീതിയിൽ ശ്രദ്ധേയമായ 'സംശയം' അഭിനേതാക്കളുടെ മികവാർന്ന പ്രകടനം കൊണ്ടു കൂടിയാണ് കാണേണ്ട ഒരു സിനിമയാകുന്നത്. സാമൂഹ്യപ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം പ്രായഭേദമന്യേ എല്ലാവർക്കും തിയറ്ററിൽ ആസ്വദിക്കാവുന്ന ഒന്നാണ്.