ADVERTISEMENT

എൺപതുകളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച നൃത്തരൂപമാണ് ‘മൂൺവാക്ക്’. ‘മൂൺവാക്ക്’ എന്നൊരു ടൈറ്റിലുമായി ഒരു സിനിമയെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ ആവോളമായിരിക്കും. ‘മൂൺവാക്ക്’ പ്രമേയമാക്കി ബോളിവുഡിലും ഹോളിവുഡിലും നിരവധി ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ അത്തരമൊരു സിനിമ ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്.  മലയാളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച ‘മൂൺവാക്ക്’ എന്ന ചിത്രം പോപ്പും ബ്രേക്കും കൊണ്ട് യുവാക്കളെ ആവേശത്തിൽ ആറാടിക്കാൻ ഇങ്ങു കൊച്ചു കേരളത്തിലെയും സിനിമാ പ്രവർത്തകർക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്.  മൈക്കിൾ ജാക്സൻ ഓർമ്മയായിട്ട് വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നമ്പറായ 'മൂൺവാക്ക്' എന്ന പേരിൽ ബ്രേക്ക് ഡാൻസിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയുമായി എത്തിയിരിക്കുകയാണ് നവാഗതനായ വിനോദ്.എ.കെ എന്ന സംവിധായകൻ. മ്യൂസിക്കൽ റൊമാന്റിക്ക് ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രം ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേർന്നാണ് നിർമ്മിച്ചത്.   

ഗാനരംഗത്തിൽ നിന്ന്
ഗാനരംഗത്തിൽ നിന്ന്

തീരദേശത്തെ ബീച്ചിൽ കളിച്ചും തല്ലുകൂടിയും വളർന്ന ഉറ്റ സുഹൃത്തുക്കളാണ് വരുണ്‍, ജേക്ക്, അരുൺ, ഷാജി, ഷിബു എന്നിവർ. പ്രീഡിഗ്രിക്ക് പഠിക്കുന്ന ഇവർ നാട്ടിലെ ക്ലബ് വാർഷികത്തിന് പോയപ്പോൾ യാദൃച്ഛികമായാണ് ഒരു നൃത്തരൂപം കാണുന്നത്. ആകർഷകമായ ചടുലമായ നൃത്തചുവടുകളോടെ മുടി നീട്ടി വളർത്തി കാതിൽ നീണ്ട കമ്മലിട്ട്, മനോഹരമായ തിളങ്ങുന്ന വസ്ത്രവും ബെൽറ്റും ഷൂസുമൊക്കെ ധരിച്ച നർത്തകർ ജേയ്ക്കിനെയും കൂട്ടുകാരെയും ആകർഷിച്ചു.  പിന്നീട് ഈ ഡാൻസ് പഠിക്കുക എന്നതായി ഇവരുടെ ലക്‌ഷ്യം. എൻട്രൻസ് കോച്ചിങ്ങിനു പോകുന്ന ജെയ്ക്കിന്റെ അമ്മ വിദേശത്താണ്. അച്ഛനാണ് ജെയ്ക്കിന്റെ കാര്യം നോക്കുന്നത്. ക്ലാസ് കട്ട് ചെയ്ത് നൃത്തം പരിശീലിച്ച ഇവർ പ്രദേശത്തെ ക്ലബ് പരിപാടികളും കോളേജിലെ യുവജനോത്സവങ്ങളിലും നൃത്തം അവതരിപ്പിച്ചു തുടങ്ങി. ഡാൻസ്‌ ഗ്രൂപ്പിന് ‘മൂൺവാക്കേഴ്സ്’ എന്ന പേരാണ് അവർ തിരഞ്ഞെടുത്തത്. അടുത്തുള്ള മില്ലിൽ അരി പൊടിപ്പിക്കാൻ വരുന്ന കൂലിപ്പണിക്കാരനായ സുര കൊതിയോടെ ഇവരുടെ ഡാൻസ് കണ്ടുനിൽക്കുക പതിവായിരുന്നു. പതിയെപ്പതിയെ സുരയും മൂൺവാക്കേഴ്‌സിലെ അംഗമായി.  പഠനം ഉഴപ്പി ഡാൻസ് കളിക്കാനിറങ്ങിയ ജെയ്‌ക്കിനും കൂട്ടർക്കും നാട്ടിൽ നിന്നും വീട്ടിൽ നിന്നും വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. സിരയിൽ നുരയുന്ന ബ്രേക്ക് ഡാൻസ് എന്ന ഭ്രാന്തിനു പിന്നാലെ പായുമ്പോഴും കുടുംബബന്ധങ്ങൾ പിന്നോട്ട് വലിക്കുന്ന നിസ്സഹായരായ ചെറുപ്പക്കാരുടെ കഥയാണ് ‘മൂൺവാക്ക്’ പറയുന്നത്. 

അനുനാഥ്, സുജിത്ത് പ്രഭാകർ, ഋഷി കൈനിക്കര, സിദ്ധാർത്ഥ് ബാബു, മനോജ് മോസസ്, സിബി കുട്ടപ്പൻ, പ്രേംശങ്കർ എസ്, അപ്പു ആശാരി, അർജുൻ മണിലാൽ, അരുൺ വിജയ്, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   പുതുമുഖങ്ങൾ ആണെങ്കിലും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ച് സിനിമയ്ക്ക് ജീവൻ നൽകുന്നതിൽ ഇവർ വിജയിച്ചു. കൗമാരത്തിൻ്റെ മുഖമുദ്രയായ പാട്ടും ഡാൻസും പ്രണയവും ഹരമാക്കിയ ചെറുപ്പക്കാരുടെ വേഷം പുതുമുഖങ്ങൾ അഭിനയിച്ചു തകർത്തു എന്നുതന്നെ പറയേണ്ടിവരും. ഓരോ ചുവടിലും ഡാൻസ് നമ്പറുകളിട്ടുകൊണ്ട് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആറാടിക്കുകയായിരുന്നു ഈ ചെറുപ്പക്കാർ. കഴിവുറ്റ ഒരു കൂട്ടം പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമായിട്ടായിരിക്കും ‘മൂൺവാക്ക്’ സിനിമാചരിത്രത്തിൽ രേഖപ്പെടുത്തുക.  ഇവർക്കൊപ്പം മീനാക്ഷി രവീന്ദ്രൻ, ശ്രീകാന്ത് മുരളി, വിഷ്ണു ഗ്രൂവി, സഞ്ജന ദോസ്, വീണ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  

moonwalk

മ്യൂസിക്കൽ റൊമാന്റിക് കോമഡി എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ് ‘മൂൺവാക്ക്’ എന്ന ചിത്രം. ലളിതവും എന്നാൽ ഹൃദസ്പർശിയായതുമായ കഥയാണ് സിനിമയുടേത്. വിനോദ്.എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും പരിചയപ്പെടുത്താൻ കൂടുതൽ സമയം എടുത്തത് ആദ്യപകുതിയിൽ ഒരൽപം വിരസതയുണർത്തി. തിരുവനന്തപുരത്തിന്റെ നാട്ടുഭാഷ രസകരമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും എല്ലാ പ്രേക്ഷകർക്കും മനസ്സിലാക്കിയെടുക്കാൻ കഴിയുമോ എന്ന് സംശയമാണ്‌. 90 കളിലെ വസ്ത്രധാരണവും ഹെയർ സ്റ്റൈലും ഭാഷാപ്രയോഗങ്ങളും തനിമ നഷ്ടപ്പെടാതെ ചിത്രത്തിലെത്തിച്ചിട്ടുണ്ട്. 90കളിൽ യുവാക്കൾക്കിടയിൽ പ്രചാരത്തിലിരുന്ന ചെത്ത്, പങ്ക്, ചീള് പിള്ളേര്, ഞെരിപ്പ്, പൊളപ്പൻ, തുടങ്ങി നിരവധി വാക്കുകളും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമായി. വലിയ ട്വിസ്റ്റുകളോ സങ്കീർണ്ണമായ സംഭവങ്ങളോ സിനിമയിൽ പ്രതീക്ഷിക്കരുത്. 

പരസ്യ ചിത്രങ്ങളുടെ അനുഭവ പരിചയവുമായായി തന്റെ ആദ്യചിത്രം സംവിധാനം ചെയ്ത വിനോദ് എകെ ഇരുത്തം വന്ന സംവിധായകന്റെ മികവ് പുലർത്തിയിട്ടുണ്ട്. സാധാരണ നൃത്ത സിനിമകളുടെ രീതികളെ പിന്തുടരാതെ, കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും പ്രണയവും വൈരവുമെല്ലാം കോർത്തിണക്കിയ ഒരു തനത് ശൈലി ചിത്രത്തിന്‌ നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകരെ രണ്ടു ചുവടു വയ്ക്കാൻ പ്രേരിപ്പിക്കുന്ന ഹൈ എനർജിയാണ് ചിത്രത്തിന്റെ പ്രത്യേകത. 

ഹൈ മൊമെന്റുകൾക്ക് ഊർജ്ജം പകരുന്ന സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളയാണ്. ചിത്രത്തിന്റെ മൂഡ് നിലനിർത്തിക്കൊണ്ട് ക്‌ളൈമാക്‌സിൽ പ്രേക്ഷകരെ ഒരു ഉന്മാദത്തിലേക്ക് കൊണ്ടുപോകുന്ന സംഗീതം ഹരം കൊള്ളിക്കും. അൻസാർ ഷായുടെ ഛായാഗ്രഹണവും ദീപു ജോസഫിന്റെ എഡിറ്റിങ്ങും അതിവേഗത്തിലുള്ള നൃത്ത ചുവടുകൾ കൃത്യതയോടെ ഒപ്പിയെടുത്ത് വേഗവും താളവും നിലനിർത്തി പ്രേക്ഷകരിൽ എത്തിച്ചിട്ടുണ്ട്. പലപ്പോഴും മീഡിയം-ലോങ് ഷോട്ടുകളിലാണ്  നൃത്തരംഗങ്ങൾ പകർത്തിയിരിക്കുന്നത്.   

മഴയിൽ തണുത്ത കേരളത്തിലെ പ്രേക്ഷകർക്ക് സിരകളിൽ ചൂട് പകർന്നുകൊണ്ടാണ് ‘മൂൺവാക്ക്’ തിയറ്ററിലെത്തിയത്. ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസിന്റെ തമ്പുരാനായ മൈക്കിൾ ജാക്സന് സമർപ്പിച്ചുകൊണ്ടെത്തിയ മൂൺവാക്ക് മൈക്കിൾ ജാക്സൺ എന്ന പേര് പരാമർശിക്കാതെ തന്നെ അദ്ദേഹത്തോടുള്ള ആദരവ് മനോഹരമായി പ്രകടിപ്പിച്ചിട്ടുണ്ട്. 90കളിലെ സാമൂഹ്യ പശ്ചാത്തലം ഗൃഹാതുരതയുണർത്തുന്ന പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.  നൃത്തവും സംഗീതവും പ്രണയവും ഉന്മാദവും മാസ്സ് രംഗങ്ങളും ഒന്നുപോലെ സമന്വയിപ്പിച്ച ചിത്രം 70കളിലും 80കളിലും ജനിച്ച പ്രേക്ഷകരെ അവരുടെ ചെറുപ്പത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനൊപ്പം ന്യൂജൻ പ്രേക്ഷകർക്കും ത്രില്ലടിപ്പിക്കുന്ന കാഴ്ചാനുഭവമാകും.

English Summary:

Moonwalk Malayalam Movie Review: A Breathtaking Dance Drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com