തഗ് ഉണ്ട്, ലൈഫ് ഇല്ല; ‘തഗ് ലൈഫ്’ റിവ്യു

Mail This Article
അധോലോകം, അനാഥത്വം, ചതി, ഗുണ്ടാപ്പക, അവിഹിതം, തങ്കച്ചി പാസം അങ്ങനെ ക്ലീഷേകളുടെ കുത്തൊഴുക്കുള്ള സിനിമയാണ് മണിരത്നം ചിത്രമായ ‘തഗ് ലൈഫ്’. വലിയ പ്രതീക്ഷയോടെ ഉഗ്രൻ താരനിരയും അണിയറക്കാരുമായി വന്ന ചിത്രം പക്ഷേ കടുത്ത കമൽ–മണി ആരാധകർക്കു പോലും അത്ര ദഹിക്കണമെന്നില്ല.
‘നായകൻ’ ബോംബെയിലായിരുന്നെങ്കിൽ ‘തഗ് ലൈഫി’ൽ ഡൽഹിയിലാണ് കഥ നടക്കുന്നത്. രംഗരായ ശക്തിവേലിന്റെയും സദാനന്ദന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്യാങുകൾ. ഇവർ തമ്മിലുള്ള കുടിപ്പകയിൽ നിന്നു തുടങ്ങുന്ന സിനിമ. കഥയുടെ തുടക്കം മുതൽ അവസാനം വരെ ക്ലീഷേകളാണ്. കഥയിൽ പറയത്തക്ക പുതുമകളില്ലെങ്കിലും മെയ്ക്കിങ്ങിലെ മികവ് കുറവുകളെ കുറച്ചൊക്കെ മറികടക്കാൻ സഹായിക്കുന്നു. ദളപതിയും ചെക്ക ചിവന്ത വാനവും കൂട്ടിയിണക്കിയതു പോലൊരു തിരക്കഥയാണ് ചിത്രത്തിന്റേത്.
കമൽഹാസനും മണിരത്നവും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മണിരത്നം കൊണ്ടുവന്ന കഥ മാറ്റം വരുത്തി ‘നായകൻ’ എലമന്റ് കൊണ്ടുവന്നത് കമൽഹാസനാണെന്നു കേൾക്കുന്നു. ഇടവേളയോട് അടുക്കുമ്പോൾ അജിത്തിന്റെ ‘വിവേഗം’ സിനിമയെയും ‘തഗ് ലൈഫ്’ ഓർമിപ്പിക്കും.
ഇന്ത്യൻ സിനിമയുടെ മാസ്റ്റര്‍ ഫിലിം മേക്കറിലൊരാളായ മണിരത്നത്തിന്റെ ഫോം നഷ്ടപ്പെട്ടുവെന്ന് പരക്കെയൊരു വിമർശനമുണ്ടെങ്കിലും പൊന്നിയിൻ സെൽവനിലൂടെ അതെല്ലാം അദ്ദേഹം തിരുത്തിയെഴുതിയിരുന്നു. പക്ഷേ തഗ് ലൈഫിൽ കാര്യങ്ങൾ വീണ്ടും തലകീഴായി മാറിയിരിക്കുന്നു.കഥയുടെ തിരഞ്ഞെടുപ്പിലേക്കു വരുമ്പോൾ അദ്ദേഹത്തിനു ചുവടിടറുന്നു. ‘കടൽ’ സിനിമയിൽ തുടങ്ങിയ ‘ക്ലീഷേ സ്റ്റോറി ടെല്ലിങ്’ ഇവിെടയും തുടരുന്നു.
മണിരത്നം ആരാധകർക്ക് ഈ സിനിമ കടുത്ത നിരാശയാകും സമ്മാനിക്കുക. സാധാരണ മണിരത്നം സിനിമകളിൽ കണ്ടുവരുന്ന ക്രാഫ്റ്റോ അവതരണ മികവോ ഈ സിനിമയിൽ കാണാനാകില്ല.
സിനിമയിൽ ആത്മാവു നൽകി പണിയെടുത്തിരിക്കുന്നത് രണ്ടേ രണ്ടുപേരാണ്, എ.ആർ.റഹ്മാനും ഛായാഗ്രാഹകനായ രവി കെ. ചന്ദ്രനും. സംഗീതവും ഫ്രെയിമുകളുമാണ് ചിത്രത്തിന്റെ എല്ലാ പോരായ്മകളെയും ഒരു പരിധി വരെ മറച്ചു പിടിക്കുന്നത്. ഒരു മണിരത്നം സിനിമയിലെ ഫ്രെയിമുകളെ കുറിച്ച് എപ്പോഴുമെപ്പോഴും എടുത്തു പറയേണ്ടതില്ലെങ്കിലും ഇൗ സിനിമയിൽ അതു മാത്രമാണ് എടുത്തു പറയാനുള്ളത് എന്നതു കൊണ്ട് വീണ്ടും കുറിക്കുന്നു. റഹ്മാൻ പാട്ടിലും ബാക്ക്ഗ്രൗണ്ട് സ്കോറിലും തന്റെ ക്ലാസ് അതുപോലെ നിലനിർത്തുന്നു. സൗണ്ട് ഡിസൈനിങും അതീവ മികവു പുലർത്തുന്നു. ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്ങും രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും കയ്യടി അർഹിക്കുന്നു.
കമൽഹാസൻ–ചിമ്പു കോംബോ മികച്ചു നിന്നും ഈ പ്രായത്തിലും ആക്‌ഷൻ, പ്രണയരംഗങ്ങളിൽ കമൽ മികവു പുലർത്തി. തൃഷ ആരാധകര്‍ക്കു ഇഷ്പ്പെടാനുളള വക സിനിമയിലുണ്ട്. ജോജു ജോർജിനെയും ചിത്രത്തിൽ പൂർണമായി ഉപയോഗിച്ചിട്ടില്ല. മലയാളിയായ കാഞ്ഞിരപ്പള്ളിക്കാരൻ പത്രോസ് ആയാണ് ജോജു എത്തുന്നത്. ശക്തിവേൽ എന്ന കഥാപാത്രത്തിനു മാത്രം ഊന്നൽ കൊടുത്ത് എഴുതിയ തിരക്കഥയായതുകൊണ്ടു തന്നെ ചിമ്പുവിന്റെ അമരൻ എന്ന കഥാപാത്രത്തിനും പ്രാധാന്യം നൽകിയിട്ടില്ല. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ മഹേഷ് മഞ്ജരേക്കറെയും അലി ഫസലിനെയും രാജശ്രീ ദേശ്പാണ്ഡയെയും പോലുള്ളവരെ വെറും നോക്കുകുത്തികളായി നിർത്തിയിരിക്കുന്നു. സന്യ മല്‍ഹോത്രയെ ഒരു ഗാനരംഗത്തിൽ മാത്രം കാണാം.
സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിൽ പറയുന്നതുപോലെ യാക്കൂസ ഗ്യാങും ജപ്പാന്‍ കണക്‌ഷനുമൊന്നും ആരും ഇതിൽ പ്രതീക്ഷിക്കേണ്ട. കണ്ടും കേട്ടും പഴകിയ ഒരു കഥയെ വളരെ സാധാരണമായി അവതരിപ്പിച്ചിരിക്കുന്നുവെന്നല്ലാതെ എടുത്തു പറയത്തക്ക മേന്മകളൊന്നും സിനിമയ്ക്കില്ല. ചുരുക്കി പറഞ്ഞാൽ തഗ് ഉണ്ട് ലൈഫ് ഇല്ല അത്ര തന്നെ.