ADVERTISEMENT

ഗാർഹിക പീഡന നിയമങ്ങളെയും അതിന്റെ പ്രയോഗങ്ങളെയും കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയാണ്  ആസിഫ് അലി നായകനായെത്തിയ ‘ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രം. നവാഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് പങ്കുവയ്ക്കുന്നത്. ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് ചിത്രം.  

സഹകരണ സംഘത്തിലെ താത്കാലിക ജീവനക്കാരനാണ് സഹദേവൻ. അച്ഛനും അമ്മയും വിവാഹിതയായ പെങ്ങളുമടങ്ങുന്ന കുടുംബത്തിലേക്ക് സഹദേവൻ താലിചാർത്തിക്കൊണ്ടുവന്ന പെണ്ണാണ് നയന. ചോദിക്കാതെ തന്നെ നൂറുപവൻ സ്വർണ്ണം തൂക്കി നൽകിയാണ് നയനയെ വീട്ടുകാർ പറഞ്ഞയച്ചത്. പറയത്തക്ക സ്വഭാവദൂഷ്യങ്ങളൊന്നുമില്ലാത്ത സാധാരണ ജീവിതം നയിക്കുന്ന സഹദേവൻ ഏറെ സ്വപ്നങ്ങളുമായാണ് മണിയറയിലേക്ക് കാലുകുത്തിയത്. പക്ഷേ, സഹദേവന്റെ ജീവിതം ആ വിവാഹത്തോടെ ഏറെ മാറിപ്പോവുകയാണ്. ‘ദുർനടപ്പുകാരനായ ഭർത്താവ്’ എന്ന് മുദ്ര കുത്തപ്പെടുന്ന സഹദേവൻ ഒടുവിൽ സ്വന്തം നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയെ രസകരമായി മുന്നോട്ട് നയിക്കുന്നത്.

ആസിഫ് അലി എന്ന നടന്റെ പക്വതയാർന്ന പ്രകടനമാണ് ചിത്രത്തിന്റെ ആകർഷണം.  കിഷ്കിന്ധാകാണ്ഡത്തിലേയും രേഖാചിത്രത്തിലേയും അതിശയപ്രകടനത്തിനു ശേഷം അതിമാനുഷനല്ലാത്ത അടുത്തവീട്ടിലെ നിസ്സഹായനായ സാധാരണ ചെറുപ്പക്കാരനായി കയ്യടക്കത്തോടെയുള്ള പ്രകടനമാണ് ആസിഫ് കാഴ്ചവച്ചത്.  പ്രേക്ഷകർക്ക് ഇത് താൻ തന്നെയല്ലേ എന്ന് തോന്നിപ്പിക്കുന്ന വിധം ഉള്ളിൽ തൊടുന്ന വികാരപ്രകടനങ്ങളാണ് ആസിഫിന്റെ പ്രകടനത്തെ മികവുറ്റതാക്കുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടും നീരജാ രാജേന്ദ്രനും അച്ഛനമ്മമാരായി മികവുറ്റ പ്രകടനം കാഴ്ചവച്ചു. രണ്ടുനായികമാരാണ് ചിത്രത്തിലുള്ളത്. സഹദേവന്റെ ഭാര്യ നയനയായി പുതുമുഖം തുളസിയും വക്കീലായി ശ്രേയാ രുക്മിണിയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. സീനിയർ അഭിഭാഷകരായെത്തിയ ജഗദീഷ്, വിജയകുമാർ എന്നിവരും അവരുടെ വേഷങ്ങൾ മികവുറ്റതാക്കി. അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.      

റിയലിസ്റ്റിക് കോമഡി ഫാമിലി ഡ്രാമ എന്നതിലുപരി ഒരു കോർട്ട് റൂം ഡ്രാമ എന്നുകൂടി ആഭ്യന്തര കുറ്റവാളിയെ വിശേഷിപ്പിക്കാം. നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഗാർഹിക പീഡനത്തിന്റെ മറുവശത്തെ കാഴ്ചയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പതിവായി സിനിമയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമായി വൈവാഹിക ബന്ധം എന്ന കാണാക്കുരുക്കിൽ പെട്ട് ജീവിതം തന്നെ നഷ്ടപ്പെടുന്ന പുരുഷന്മാരുടെ ഹൃദയസ്പർശിയായ രേഖാചിത്രം സംവിധായകൻ ചിത്രത്തിൽ വരച്ചിടുന്നുണ്ട്. വളരെ ലളിതമായ അവതരണമാണ് ചിത്രത്തിന്റേത്. വലിയ സസ്പെൻസില്ലാതെ മുൻപോട്ടു പോകുന്ന ചിത്രത്തിന്റെ കേന്ദ്രം നായകനാണ്. പൊലീസും കോടതിയും കേസും വാദപ്രതിവാദങ്ങളും ഉണ്ടെങ്കിലും ആത്യന്തികമായി ചിത്രം സംസാരിക്കുന്നത് കുടുംബത്തെക്കുറിച്ചാണ്. സാമൂഹ്യപ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്നതുകൊണ്ടു തന്നെ തിരക്കഥയിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന നിമിഷങ്ങളോ സന്ദർഭങ്ങളോ ഉണ്ടാകുമായിരുന്നെങ്കിൽ പ്രേക്ഷകരിൽ അതുണ്ടാക്കുന്ന ഇംപാക്ട് വലുതാകുമായിരുന്നു. 

ചിത്രത്തിലെ പശ്ചാത്തല സംഗീതം രാഹുൽ രാജിന്റേതാണ്.  ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിബാലും ക്രിസ്റ്റി ജോബിയുമാണ്.  അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും സോബിൻ കെ സോമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.   

തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ചില മനുഷ്യരുടെ കഥയാണ് ആഭ്യന്തര കുറ്റവാളി പറയുന്നത്.  ഗാർഹിക പീഡന നിയമത്തിന്റെ മറുവശം, അല്ലെങ്കിൽ അതിന്റെ ദുരുപയോഗം എന്ന വിഷയം ഇന്ന് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്. ഈ വിഷയത്തെ റിയലിസ്റ്റിക് ആയി  കോമഡിയുടെ മേമ്പൊടിയോടെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. എല്ലാ സ്ത്രീകളും ഇരകളല്ല, എല്ലാ പുരുഷന്മാരും മോശക്കാരല്ല എന്ന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്ന ചിത്രം  കുടുംബപ്രേക്ഷകർക്ക് ഒരുമിച്ചിരുന്ന് കാണാൻ പറ്റിയതാണ്.  നൂറു ശതമാനം പുരുഷപക്ഷ സിനിമയാണ് ആഭ്യന്തര കുറ്റവാളി എന്ന ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com