Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നോട്ടോടി മുന്നോട്ടാഞ്ഞ് 24; റിവ്യു വായിക്കാം

24-tamil-review

പിന്നോട്ടോടി മുന്നോട്ട് പോകുന്ന സിനിമയാണ് സൂര്യ നായകനായെത്തിയ 24. അടിയും ഇടിയും ഡാൻസും പാട്ടും ഗ്ലാമറും മാത്രമല്ല തമിഴ് സിനിമ എന്നു ബോധ്യപ്പെടുത്തി തരുന്ന വ്യത്യസ്ത പ്രമേയമുള്ള ഇൗ ചിത്രം ശരാശരി പ്രേക്ഷകനെ തൃപ്തിപ്പെടുത്തും.

ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളുടേതിന് സമാനമായ കഥയുള്ള 24 കണ്ണും കാതും കൂർപ്പിച്ച് പാഠപ്പുസ്തകം വായിക്കുന്നത്ര ശ്രദ്ധയോടെ കാണേണ്ട ഒന്നാണ്. മുന്നോട്ടും പിന്നോട്ടും സമയത്തെ കൊണ്ടു പോകാൻ സാധിക്കുന്ന ഒരു വാച്ചും അതു നേടുന്നതിനായി നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം.

suriya-samantha

1990–ലാണ് ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും. 26 കൊല്ലം മുമ്പോട്ടും പിന്നീട് പിറകോട്ടുമുള്ള കഥ. ഫ്ലാഷ് ബാക്കിൽ ആരംഭിക്കുന്ന സിനിമ സേതു, ആത്രേയാ എന്നീ സൂര്യയുടെ നായക വില്ലൻ വേഷങ്ങളിലൂടെ പുരോഗമിക്കുന്നു. ചിലയിടങ്ങളിൽ സിനിമ പ്രേക്ഷകനെ വല്ലാതെ കുഴയ്ക്കും. ഒന്നല്ല ഒരുപാട് സംശയങ്ങൾക്കും ഇട നൽകും. പക്ഷേ ഇത്തരം സിനിമകളിൽ ഇതൊക്കെ സാധാരണമാണെന്നതിനാൽ അതു മറക്കാം.

24 ന്റെ ഡയറക്ടർ കിലുക്കം കണ്ടത് 1000 തവണ

ത്രില്ലർ മൂഡിൽ മുന്നേറുന്ന ചിത്രത്തിനെ റൊമാൻസിന്റെ വാരിക്കുഴിയിലേക്ക് ഇടയ്ക്കിടെ തള്ളിയിടുന്നുണ്ട് സംവിധായകൻ. അവിടെ നിന്ന് പൊടി തട്ടി എണീക്കുമ്പോഴേക്കും ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടിപ്പോയിരിക്കും. ഇൗ മരം ചുറ്റി പ്രണയവും ചില തറ നമ്പറുകളുമൊക്കെ ചേരുമ്പോൾ ചിത്രത്തിന്റെ ദൈർഘ്യം കൂടുന്നു.

24-movie

ആത്രേയാ എന്ന സൂര്യയുടെ വില്ലൻ കഥാപാത്രം എന്തിന് ട്രെയിനിൽ നിന്ന് ചാടി എന്നു തുടങ്ങി ചോദ്യങ്ങൾ ഒരുപാട് 24 ഉയർത്തുന്നുണ്ട്. എങ്കിലും അതിൽ ബഹുഭൂരിഭാഗത്തിനും ഉത്തരം സിനിമയിലുണ്ട്. കഥയിൽ ചോദ്യമില്ലെന്നതിനാൽ ലോജിക്കുകൾ മാറ്റി വയ്ക്കാം.

suriya-thiru

മികവുറ്റ സംവിധാനവും പഴുതുകളടച്ച തിരക്കഥയുമായി വിക്രം കുമാർ മിന്നി. എടുത്തു പറയേണ്ടത് തിരുവിന്റെ ഛായാഗ്രഹണമാണ്. ലൈറ്റിങ്ങിനു ഒരുപാട് പ്രാധാന്യമുള്ള ഷോട്ടുകൾ അനവധിയുള്ള ചിത്രത്തിൽ അദ്ദേഹം തന്റെ കഴിവ് നന്നായി തന്നെ പ്രകടിപ്പിച്ചു. റഹ്മാന്റെ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ പശ്ചാത്തല സംഗീതം അതിനെക്കാൾ ഒരുപടി മുന്നിലായി.

vikram-suriya

മൂന്ന് റോളുകളിലെത്തിയ സൂര്യ തന്റെ അഭിനയസാധ്യത പരമാവധി പ്രകടിപ്പിച്ചു. ചില സമയത്ത് വില്ലൻ സൂര്യ തന്നെയാണെന്ന കാര്യം പ്രേക്ഷകർ വിസ്മരിച്ചു പോകും. സാമന്ത പതിവു പോലെ പുട്ടിന് പീര കണക്കെ തന്റെ കടമ ഭംഗിയായി നിറവേറ്റി. നിത്യ മേനോൻ കുറച്ച് ഭാഗങ്ങളിൽ മാത്രം വന്നുപോകുന്നു.

suriya-vikram-samantha

തമിഴ് സിനിമാലോകം കൈകാര്യം ചെയ്യാൻ മടികാണിക്കുന്ന സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രമാണ് 24. സങ്കൽപ്പങ്ങൾക്കപ്പുറത്തെ ശാസ്ത്രലോകത്തിന്റെ കൗതുകം തേടിപ്പോകുന്ന സിനിമകൾ ഹോളിവുഡിൽ മാത്രമാണ് നമ്മൾ കണ്ടിട്ടുള്ളൂ. തമിഴിൽ അടുത്തിടെ ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത കോമഡി ചിത്രം ഇന്‍ട്രു നേട്രു നാളൈ സമാനമായ പ്രമേയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

കുറച്ചു കൂടി ദൈർഘ്യം കുറച്ച് പ്രണയ രംഗങ്ങൾ പരമാവധി ഒഴിവാക്കി ഒന്നു കൂടി റിഫൈൻ ചെയ്തെടുത്തിരുന്നെങ്കിൽ 24 എല്ലാത്തുക്കും മേലെ പോകുമായിരുന്നു. പക്ഷേ മാസും മസാലയും മാത്രം ചേർത്ത് കുറെ കളറടിച്ച് പടം പിടിക്കുന്നവരെ വച്ചു നോക്കുമ്പോൾ 24 എന്ന സിനിമയും അതിന്റെ സംവിധായകനും അതിനേക്കൊളൊക്കെ ഉപരി അത് നിർമിച്ച് പ്രധാന വേഷത്തിൽ അഭിനയിക്കുക കൂടി ചെയ്ത സൂര്യയും വലിയ അഭിനന്ദനമർഹിക്കുന്നു. ആദ്യാവസാനം ആസ്വദിക്കാൻ പറ്റുമെന്ന് ഉറപ്പ് നൽകുന്നില്ലെങ്കിലും 24 നിങ്ങൾ നിരാശപ്പെടുത്തില്ലെന്നത് തീർച്ച.  

Your Rating: