Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻമരിയ മിടുക്കിയാണ്; റിവ്യു

aanmaria-review

സ്കൂളില്‍ പഠിക്കുന്ന സമയത്ത് പഠിപ്പിക്കുന്ന അധ്യാപകന് രണ്ട് തല്ലുവച്ച് കൊടുക്കണമെന്ന് ആഗ്രഹിച്ചവരുണ്ടോ? എന്നാൽ അങ്ങനെയൊരു ആഗ്രഹം ആൻമരിയയ്ക്കുണ്ടായിരുന്നു. സ്കൂളിലെ പി.ടി മാഷിനെ തല്ലണം അതും നല്ല ഒന്നാന്തരം വാടക ഗുണ്ടയെ കൊണ്ട്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ ആൻമരിയ കലിപ്പാകാനുള്ള കാരണങ്ങളും അത് തീർക്കാനുള്ള സാഹസങ്ങളുമൊക്കെയാണ് ഈ കൊച്ചുചിത്രം പ്രേക്ഷകന് കാട്ടിത്തരുന്നത്.

കൊച്ചുകുഞ്ഞുങ്ങളുടെ ചെറിയ ആഗ്രഹം അത് അവർ ചെറുതായിരിക്കുമ്പോൾ തന്നെ സാധിച്ച് കൊടുക്കണം. അവർ വലുതായി കഴിഞ്ഞാൽ അവരുടെ ആഗ്രഹങ്ങളും വലുതാകും. അപ്പോൾ ചില ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല. ഈ സന്ദേശമാണ് ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നത്. കുട്ടികളെയും കുടുംബങ്ങളെയും മാത്രം ലക്ഷ്യം വച്ച് ഒരുക്കിയിരിക്കുന്ന സിനിമ.

Ann Maria Kalippilaanu Official Trailer | Midhun Manuel Thomas | Sara Arjun | Sunny Wayne

ഡോക്ടർമാരായ റോയ്–ട്രീസ ദമ്പതികളുടെ ഏകമകൾ ആണ് ആൻമരിയ. പഠിക്കാൻ മിടുക്കിയായ ആൻ അച്ഛനെപ്പോലെ സ്കൂളിൽ പഠിക്കുമ്പോൾ കായികരംഗത്ത് ഒന്നാമതെത്തണമെന്നതാണ് സ്വപ്നം. എന്നാൽ സ്കൂളിലുണ്ടാകുന്ന ചെറിയൊരു സംഭവം കാര്യങ്ങള്‍ തകിടം മറിക്കുന്നു. ഇതേതുടർന്ന് ആൻമരിയയുടെ ജീവിതത്തിലേക്ക് പൂമ്പാറ്റ ഗിരീഷും ആംബ്രോസുമൊക്കെ കടന്നുവരികയും അതോടെ അവളുടെ ജീവിതം തന്നെ മാറിമറിയുകയുമാണ്.

കുട്ടികളുടെ സ്വപ്നങ്ങളും അവരുടെ ആഗ്രഹങ്ങളും കണ്ടില്ലെന്ന് നടിച്ച് കരിയർ മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന മാതാപിതാക്കളെക്കുറിച്ച് ചിത്രത്തിൽ പ്രതിപാദിക്കുന്നു. അച്ഛന്റെയും അമ്മയുടെയും വഴക്കുകളിൽ അവർ കേട്ടിട്ടില്ലാത്ത പദങ്ങളുടെ അർഥം ഗൂഗിളിൽ പോയി തിരഞ്ഞ് കണ്ടുപിടിക്കുന്ന തലമുറയെയും ഈ ചിത്രത്തിൽ കാണാം.

ann-maria-kalippilanu.jpg.image.784.410

ലളിതമായ കഥ. പുതുമകളില്ലാത്ത പ്രമേയം. സംവിധായകൻ മിഥുന്റെ കഥയ്ക്ക് ജോൺ മന്ത്രിക്കലും സംവിധായകനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഓരോ കഥാപാത്രങ്ങളെയും സൂക്ഷമമായി നിരീക്ഷിച്ച് മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ആൻമരിയ തന്നെയാണ് സിനിമയുടെ പ്രധാനആകര്‍ഷണം. മുൻപുള്ള സിനിമകളിലെ പ്രകടനം കൊണ്ട് അമ്പരപ്പിച്ച പത്തുവയസ്സുകാരി സാറ അർജ്ജുൻ, ആൻമരിയയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആൻമരിയയുടെ അമ്മയായി ലിയോണയും അച്ഛനായി സൈജു കുറുപ്പം അഭിനയിച്ചിരിക്കുന്നു.

ഒരു കോഴിയെ പോലും കൊല്ലാൻ കഴിയാത്ത പൂമ്പാറ്റ ഗിരീഷ് എന്ന ഗുണ്ടയായി സണ്ണി വെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോമഡിയുടെ കാര്യത്തിൽ അജുവും ധർമജനും ഒപ്പത്തിനൊപ്പം നിന്നു. വില്ലനായി എത്തിയ ജോൺ കൈപ്പള്ളിൽ തന്റെ വേഷം ഗംഭീരമാക്കി. ബേബിച്ചായനായി എത്തിയ സിദ്ദിഖ് പതിവുപോലെ കൈയടി നേടുന്നു. അഞ്ജലി അനീഷ്, ഷൈൻ ടോം ചാക്കോ, വിജയകുമാർ, സേതുലക്ഷ്മിയമ്മ, മാസ്റ്റർ വിശാല്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

aanmaria-kalipilanu

വിഷ്ണു ശർമയുടെ ഛായാഗ്രഹണം ആന്‍മരിയയെ കൂടുതൽ മിടുക്കിയാക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം. സൂരജ് എസ് കുറുപ്പിന്റെ പശ്ചാത്തലസംഗീതം സിനിമയോട് ഇഴചേര്‍ന്ന് നിന്നു. ലിജോ പോളിന്റെ ചിത്രസംയോജനവും എടുത്തുപറയേണ്ടതാണ്.

ആൻ മരിയ കലിപ്പിലാണെങ്കിലും മിടുക്കിയാണോന്ന് ചോദിച്ചാൽ അമക്കി മൂളാൻ ഒന്നു മടിക്കും. കാരണം കുട്ടിത്തവും കുറുമ്പുമൊക്കെ എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്ന് കരുതുക വയ്യ. എന്നു വച്ച് കുട്ടികളുടെ സിനിമയായി ആൻ മരിയയെ മുദ്ര കുത്താനുമാവില്ല. ചുരുക്കത്തിൽ പ്രേക്ഷകനെ മടുപ്പിക്കാത്ത ഒരു കൊച്ചു സിനിമയാണ് ഇൗ ആൻ മരിയ.  

നിങ്ങൾക്കും റിവ്യു എഴുതാം...കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

Your Rating: