Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനപ്രിയ ജനതാ ഗാരേജ്; റിവ്യു

janatha-garage-review

ഒരു തെലുങ്ക് സിനിമ ഡബ്ബ് ചെയ്ത് മലയാളത്തിലാക്കിയതാണെന്ന കുറവ് ഒഴിച്ചു നിർത്തിയാൽ ജനതാ ഗാരേജ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു മുഴുനീള എന്റെർടെയിനറാണ്. മോഹൻലാലിന്റെ മികച്ച അഭിനയമുഹൂർത്തങ്ങളും ജൂനിയർ എൻടിആറിന്റെ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും ഒത്തു ചേരുന്ന മാസ് മസാലാ ചിത്രമാണ് ഇത്.

എല്ലാം റിപ്പയർ ചെയ്തു കൊടുക്കപ്പെടുന്ന സ്ഥലമാണ് ജനതാ ഗാരേജ് എന്ന വർക്ക്ഷോപ്പ്. അവിടെ വാഹനങ്ങളുടെ പ്രശ്നങ്ങൾക്കും മനുഷ്യന്റെ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. അതിന്റെ ഉടമസ്ഥനാണ് സത്യ എന്ന മോഹൻലാലിന്റെ കഥാപാത്രം. സത്യയുടെ മകനായ രാഹുൽ ആയി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ അദ്ദേഹത്തിന്റെ അനുജന്റെ മകനായ ആനന്ദ് ആയാണ് ജൂനിയർ എൻടിആർ എത്തുന്നത്. സത്യയും കുടുംബവും നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

mohanlal-ntr

മോഹൻലാലിനെ സൈഡ് ബെഞ്ചിലിരുത്തി ജൂണിയർ എൻടിആർ നടത്തുന്ന അഭ്യാസപ്രകടനമല്ല ഇൗ ചിത്രം. മോഹൻലാലിലൂടെയാണ് ഇൗ ചിത്രം ആരംഭിക്കുന്നതും മുന്നോട്ടു പോകുന്നതും അവസാനിക്കുന്നതും. ആക്ഷൻ, മാസ്, സെന്റിമെന്റ്സ്, പാട്ട്, ഡാൻസ് അങ്ങനെ ഒരു എന്റെർടെയിനറിനു വേണ്ട അവശ്യം ചേരുവകകളെല്ലാം ജനതാ ഗാരേജിലുണ്ട്. എന്നാൽ ഇവയൊന്നും അധികമാകുന്നില്ലെന്നതാണ് ഇൗ ചിത്രത്തിന്റെ പ്രത്യേകതയും. ആർക്കും ഒട്ടും അരോചകമല്ലാത്ത വിധം എല്ലാം കൃത്യം അളവിൽ ചേർത്തിരിക്കുന്നു.

ചിത്രത്തിന്റെ തുടക്കത്തിലുള്ള ഫ്ലാഷ്ബാക്ക് രംഗങ്ങളിലും മറ്റും മോഹൻലാലാണ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നത്. ജൂനിയർ എൻടിആർ എത്തുന്നതോടെ ഇവരിരുവരും ചേർന്നാകുന്നു പിന്നീടുള്ള പ്രകടനം. ആക്ഷൻ മാസ് രംഗങ്ങൾ എൻടിആർ മികച്ചതാക്കിയപ്പോൾ സെന്റിമെന്റ്സ് നിറഞ്ഞ അഭിനയ മുഹൂർത്തങ്ങൾ അനായാസം കൈകാര്യം ചെയ്ത് മോഹൻലാൽ താൻ ഏത് ഭാഷയിലും കംപ്ലീറ്റ് ആക്ടർ തന്നെയാണെന്ന് തെളിയിച്ചു.

നിത്യ മേനോൻ, സാമന്ത, ദേവയാനി, തുടങ്ങിയ അഭിനേതാക്കൾക്കൊക്കെ പേരിന് മാത്രം പ്രാധാന്യമാണുള്ളത്. ചിത്രത്തിന്റെ മൂഡിന് തീർത്തും അനുയോജ്യമായിരുന്നു ദേവീ ശ്രീ പ്രസാദിന്റെ ഗാനങ്ങൾ. പശ്ചാത്തല സംഗീതം മികച്ചതാണെങ്കിലും മാസ് ഫീൽ കൂട്ടുന്ന തരത്തിലുള്ളതല്ല. സാധാരണ തെലുങ്ക് സിനിമകളിൽ നിന്ന് വ്യത്യസ്തമായി വാം ടോൺ ഉപയോഗിച്ചിരിക്കുന്ന തിരുവിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. ദൈർഘ്യം കൂടിപ്പോകാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യമായിരുന്നിട്ടും അതിനെ മറികടന്ന് ചിത്രത്തെ രണ്ടരമണിക്കൂറിൽ താഴെ ഒതുക്കിയതിന് എഡിറ്ററായി വെങ്കടേശ്വര റാവുവും അഭിനന്ദനമർഹിക്കുന്നു.

തിരക്കഥയും സംവിധാനവും നിർവഹിച്ച കൊർട്ടാല ശിവയുടെ കരിയറിലെ മറ്റൊരു മികച്ച ചിത്രമായിരിക്കും ജനതാ ഗാരേജ്. ‌എആർ മുരുകദോസിനെപ്പോലെയൊക്കെ തന്റെ സാമൂഹ്യ പ്രതിബദ്ധത കൂടി ഇൗ ചിത്രത്തിലൂടെ ശിവ പ്രകടിപ്പിക്കുന്നുണ്ട്.

lalettan

സിനിമയ്ക്ക് മൊത്തമുള്ള ഒരു പഞ്ചിന് ക്ലൈമാക്സിനോടടുക്കുമ്പോൾ ചെറിയൊരു കുറവ് വരുന്നതായി അനുഭവപ്പെടും. ചില രംഗങ്ങൾക്ക് കൂടുതൽ വൈകാരികതയും മറ്റു ചിലതിന് കൂടുതൽ മാസ് ഫീലും കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടി മികച്ചതായേനെ. വൈകാരിക രംഗങ്ങളിലെ ജൂനിയർ എൻടിആറിന്റെ പ്രകടനം തീർത്തും മോശമാണെന്നതും പറയാതെ വയ്യ.

കഥയും കഥാപാത്രങ്ങളുമൊക്കെ കണ്ടു പഴകിയതാണെങ്കിലും ക്ലീഷെ തെലുങ്ക് ചിത്രങ്ങളുടെ കൂട്ടുകൾ ഒന്നുമില്ലാത്ത ഒട്ടും ബോറടിക്കാതെ ആർക്കും കണ്ടിരിക്കാവുന്ന ചിത്രമാണ് ജനതാ ഗാരേജ്. തെലുങ്കിൽ ചിത്രം വൻവിജയമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഡബ്ബിങ് ഒരു കുറവായി അംഗീകരിക്കാതിരുന്നാൽ മലയാളികൾക്കും ഇൗ ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം.  

Your Rating: