Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തരമാറ്റിന്റെ പത്തേമാരി

Follow Facebook
pathe-main-2

വഴി വെട്ടുന്നവരുടെ കഥയാണ് പത്തേമാരി. ഗൾഫ് എന്ന സ്വപ്നദേശത്തേക്കുള്ള വഴി വെട്ടിത്തെളിച്ചവരുടെ കഥ. അതിമനോഹരവും അതേ സമയം ഹൃദയസ്പർശിയുമായി അവതരിപ്പിച്ചിരിക്കുന്ന അടുത്ത കാലത്തിറങ്ങിയ അതിഗംഭീര ചിത്രം. പത്തേമാരിയെ വെറും അവാർഡ് സിനിമയായി കണ്ടവരോട് ഒന്നേ പറയാനുള്ളൂ. അവാർഡല്ല ജീവിതമാണ് ഇൗ സിനിമ.

ഒരു പ്രവാസിയുടെ 50 കൊല്ലത്തെ ജീവിതം. അതാണ് പത്തേമാരിയുടെ കഥ. അതിലപ്പുറം ഒന്നുമില്ല. ആ കഥയെ, ആ ജീവിതത്തെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയത് സംവിധായകനായ സലിം അഹമ്മദും നായകൻ മമ്മൂട്ടിയും. ഗൾഫ് എന്ന ‘കേരളത്തിലെ സ്വർഗത്തിൽ’ വീണവരുടെയും വാണവരുടെയും കഥ.

pathemari-1

ആദ്യ പകുതി രണ്ടാം പകുതി എന്നൊക്കെ പറഞ്ഞ് പത്തേമാരിയെ വിഭജിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. പത്തേമരിയെ ഒരു സിനിമയായി ഒരു ജീവിതമായി മുഴുവനായി കാണണം. ആദ്യ നിമിഷം തുടങ്ങി അവസാന ഭാഗം വരെ എത്തുമ്പോൾ ഇൗ ചിത്രത്തോടുള്ള നിങ്ങളുടെ ഇഷ്ടം കൂടുക മാത്രമെ ഉള്ളു.

ഇരുവഴിയില്‍ പെരുവഴി നല്ലൂ

പെരുവഴിയേ പോ ചങ്ങാതി

പെരുവഴി കണ്മുന്നിലിരിക്കെ

പുതുവഴി നീ വെട്ടുന്നാകില്‍

പലതുണ്ടേ ദുരിതങ്ങൾ...

‌‌വഴി വെട്ടുന്നവരോട് എന്ന ഇൗ കക്കാട് കവിത സ്കൂളിൽ പഠിക്കാത്തവരായി ആരുമില്ല. ഗൾഫ് എന്ന പുതുവഴി വെട്ടി നമുക്ക് മാർഗമുണ്ടാക്കി തന്ന നമ്മുടെ പൂർവികന്മാരുടേതാണ് ഇൗ സിനിമ. അവർക്കുള്ളതാണ് ഇൗ ചിത്രം. ഒാരോ പ്രവാസിക്കും അവന്റെ കുടുംബത്തിനും ഉള്ള ഒാർമപ്പെടുത്തലാണ് ഇൗ സിനിമ. ഗൾഫുകാരന്റെ ഭാര്യ, അമ്മ, മകൻ, കൂട്ടുകാരൻ എന്നൊക്കെ ഉൗറ്റം കൊള്ളുന്നവർക്കു കൂടി ഉള്ളതാണ് പത്തേമാരി. അതേ പത്തേമാരി സിനിമയല്ല. ജീവിതമാണ്.

നാട്ടിൽ അഞ്ചും ആറും കക്കൂസുള്ളവന്മാരാണ് ഇവിടെ കക്കൂസിൽ പോകാൻ ക്യൂ നിൽക്കുന്നത് എന്ന ഒറ്റ ഡയലോഗ് മതി ഇൗ ചിത്രത്തെ അളക്കാൻ. നാട്ടിലെ ഒാരോ ആഘോഷവും ദൂരെ നിന്ന് കാണേണ്ടി വരുന്ന പ്രവാസിയുടെ ദു:ഖം അതിതീവ്രമായി ആവിഷ്ക്കരിച്ചിരിക്കുന്നു ഇൗ ചിത്രത്തിൽ. തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് കൊടുക്കുന്നതൊന്നും സ്നേഹമല്ലല്ലോ എന്ന് പള്ളിക്കൽ നാരായണൻ ഒടുക്കം പറയുമ്പോൾ കണ്ണ് നിറയാതിരിക്കാൻ പാടു പെടുന്നുണ്ടാവും കാണികൾ.

മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ പറ്റുന്നതെന്നു പറഞ്ഞ് ഒരുപാട് കഥാപാത്രങ്ങൾ പലപ്പോഴും പലരും ഉയർത്തിക്കാട്ടാറുണ്ട്. പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ ആ ഗണത്തിൽ പെടുന്ന ഒന്നാണ്. നാരായണന്റെ ജീവിതം മനോഹരമായി വെള്ളിത്തിരയിൽ ആടിത്തീർത്തു മമ്മൂട്ടി. എടുത്തു പറയേണ്ട മറ്റൊരു കാര്യം ജ്യുവൽ മേരിയെന്ന പുതുമുഖത്തെക്കുറിച്ചാണ്. ജുവലിന്റെ രണ്ടാം സിനിമയാണ് ആദ്യം റിലീസ് ചെയ്തതെങ്കിലും അവരുടെ അഭിനയചാരുത ഇൗ ഒറ്റ ചിത്രം കൊണ്ട് തന്നെ വ്യക്ത്മാകും. ഒപ്പം ശ്രീനിവാസനും സിദ്ദിഖും തുടങ്ങി വലിയൊരു താരനിരയും.

മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും വിജയ് ശങ്കറിന്റെ എഡിറ്റിങ്ങും ഒന്നിനൊന്ന് മെച്ചം. ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയ ബിജിപാലും അഭിനന്ദനമർഹിക്കുന്നു. വിഎഫ്എ്കസും ഗ്രാഫിക്സും കുറച്ചു കൂടി മെച്ചപ്പെടുത്തമായിരുന്നു. എല്ലാത്തിനും മീതെ സലിം അഹമ്മദ് എന്ന സംവിധായക പ്രതിഭയുടെ കയ്യൊപ്പും.

pathemari-main

അയൽപക്കത്തെങ്കിലും ഒരു ഗൾഫുകാരനുണ്ടെങ്കിൽ ഇൗ സിനിമ നിങ്ങളെ സ്പർശിക്കുമെന്ന് പറഞ്ഞ സലിമിന്റെ വാക്കുകൾ എത്രയോ സത്യം. പത്തേമാരി ആത്യന്തികമായി ഒരു രചയിതാവിന്റെ മാത്രം ചിത്രമല്ല. ഒരു സംവിധായകന്റെയും നായകന്റെയും സിനിമയാണ്. ഒരാൾക്കും ഒരിക്കലും കുറ്റം പറയാനാകാത്ത സിനിമ.

പത്തേമാരി നിങ്ങളെ ചിരിപ്പിക്കുന്ന ഒന്നല്ല. മറിച്ച് നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നന്മയെയും മൂല്യബോധത്തെയും ഉയർത്തുന്ന ചിത്രമാണ്. ഇൗ സിനിമ ഒരിക്കൽ കണ്ടാൽ നിങ്ങൾ ഒരിക്കലും മറക്കില്ല. നിങ്ങൾ പുരുഷനോ സ്ത്രീയോ പ്രായമുള്ളവരോ അല്ലാത്തവരോ ഏത് വിഭാഗത്തിൽ പെട്ടവരോ ആയിക്കൊള്ളട്ടെ. ആരായാലും എന്തായാലും ഇൗ സിനിമ നിങ്ങൾക്കിഷ്ടമാകും.

ഇൗ ചിത്രം വിജയിക്കണ്ടത് മൂല്യമുള്ള കലാസൃഷ്ടികളെ ഇരുകൈയ്യും നീട്ടി വരവേൽക്കുന്ന മലയാളി സമൂഹത്തിന്റെ ആവശ്യമാണ്. അതേ പത്തേമാരി പത്തരമാറ്റുള്ള ചിത്രമാണ്. ഒാരോ ലയാളിയും കണ്ടിരിക്കേണ്ട ചിത്രം.

പത്തേമാരികൾ ഇനിയും ഉണ്ടാകട്ടെ... പള്ളിക്കൽ നാരായണന്മാർ ജനിക്കട്ടെ... നല്ല സിനിമകൾ മരിക്കാതിരിക്കട്ടെ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.