Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആകാശവാണി’ ഒരു കുടുംബകാര്യം

aakashavani-review

ഏതൊരു വിവാഹിതരുടെയും ദാമ്പത്യ ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ പറ്റുന്ന അപൂർവമായ ചില നിമിഷങ്ങൾ ഉണ്ടാകും. ഒരുപക്ഷേ ഈയൊരു നിമിഷത്തിൽ നിന്നാകും അവർ പരസ്പരം മനസ്സിലാക്കാൻ തുടങ്ങി പുതുജീവിതം ആരംഭിക്കുക. ആകാശ്, വാണി എന്നീ ദമ്പതികളുടെ ജീവിതത്തിലും അങ്ങനെയൊരു അപൂർവനിമിഷം സംഭവിക്കുകയുണ്ടായി. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങൾ ആവിഷ്കരിച്ച കൊച്ചുചിത്രമാണ് ഖൈസ് മില്ലന്റെ ആകാശവാണി.

തണുത്തുപോയ ബെഡ് കോഫി, ബ്രേക്ക് ഫാസ്റ്റിൽ ഇഡ്ഡലിക്കൊപ്പം ഉപ്പ് കൂടിപ്പോയ ചമ്മന്തി തുടങ്ങി ചെറിയ ചെറിയ കാരണങ്ങൾ മതി വെളുപ്പാൻ കാലത്തൊരു യുദ്ധം പൊട്ടിപ്പുറപ്പെടാൻ. എന്നാൽ ആകാശിനും വാണിക്കും ഇങ്ങനെ വഴക്കിടാൻ പോലും സമയമില്ല. ജീവിതത്തിൽ അവരുടേതായ ജോലിത്തിരക്കിലാണ് രണ്ടുപേരും. തങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആകെയുള്ളൊരു മകനെപ്പോലും ബോർഡിങിൽ ആക്കിയിരിക്കുന്നു. ഈ തിരക്ക് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നൊരു പ്രശ്നങ്ങളിലാണ് കൊണ്ടു ചെന്നെത്തിക്കുന്നത്.

akvya

പുതുതലമുറയിലെ യുവതി–യുവാക്കൾക്കൊരു നല്ല സന്ദേശം എന്ന ലക്ഷ്യവുമായാണ് നവാഗതനായ ഖൈസ് മില്ലെൻ എത്തുന്നത്. നവാഗതന്റേതായ കുറച്ചുപോരായ്മകൾ പ്രകടമാണെങ്കിലും പ്രമേയത്തോട് നീതിപുലർത്തിയിട്ടുണ്ട്. കഥാപാത്രങ്ങൾ വളരെ കുറച്ചെത്തുന്ന സിനിമിയിൽ അഞ്ചോ ആറോ കഥാപാത്രങ്ങൾക്ക് മാത്രമാണ് സംവിധായകൻ പ്രാധാന്യം നൽകിയിരിക്കുന്നത്.

akashvani-movie3.jpg.image.784.410

കുടുംബപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന പ്രമേയമായതുകൊണ്ടു തന്നെ കുറച്ചുകൂടി രസകരവും വികാരഭരിതവുമായ രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. ഒരു കൊതുകു കണ്ട കഥ എന്ന ടാഗ്‌ലൈൻ ആണ് സിനിമയുടേത് എന്നാൽ കുറച്ച് കൊതുകുകൾ അവിടെയും ഇവിടെയും വന്നുപോകുന്നതല്ലാതെ മറ്റൊരു കഥയും കാണാനില്ല. ശക്തമായൊരു കഥ ഇല്ലാത്തതാണ് സിനിമയുടെ പ്രധാനപോരായ്മ. മികച്ചൊരു പ്രമേയമായിട്ടു കൂടി അതിനെ കൃത്യമായി ഉപയോഗിക്കാൻ തിരക്കഥാകൃത്തിന് സാധിച്ചില്ല. അവിടെയാണ് ആകാശവാണിയുടെ റിലേ കുറച്ച് നഷ്ടപ്പെടുന്നത്.

നീനയ്ക്ക് ശേഷം മറ്റൊരു മികച്ച പ്രകടനവുമായി വിജയ് ബാബു. എല്ലാത്തരം വേഷങ്ങളും അനായാസമായി തനിക്ക് അവതരിപ്പിക്കാനാകുമെന്ന് വീണ്ടും തെളിയിക്കുകയാണ് വിജയ്. ഒരിടവേളയ്ക്ക് ശേഷം കാവ്യ നായികയായി എത്തിയ ചിത്രം കൂടിയാണിത്. വാണി എന്ന ഭാര്യയായി കഥാപാത്രത്തോട് നീതിപുലർത്തി. എന്നാൽ മാധ്യമപ്രവർത്തകയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കാവ്യക്ക് സാധിച്ചിട്ടില്ല. ലാലു അലക്സ്, ശ്രീജിത്ത്‌ രവി, സൈജു കുറുപ്പ് , സേതു ലക്ഷ്മി എന്നിവരാണ് മറ്റുതാരങ്ങൾ. സഹതാരങ്ങളായി എത്തിയ സാന്ദ്ര തോമസും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും തങ്ങളുടെ വേഷം ഭംഗിയായി അവതരിപ്പിച്ചു.

akashwani-movie2.jpg.image.784.410

അനിൽ ഗോപാലന്റെ പാട്ടുകൾ ശ്രദ്ധ പിടിച്ചുപറ്റാൻ പോന്നവയല്ല. രാഹുൽ സുബ്രഹ്മണ്യത്തിന്റെ പശ്ചാത്തലസംഗീതം സിനിമയോട് ഇഴചേർന്നുനിന്നു. ഇന്ദ്രജിത്തിന്റേതാണ് ഛായാഗ്രഹണം. ലിജോ പോളിന്റെ ചിത്രസംയോജനം എടുത്തുപറയേണ്ടതാണ്.

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ജീവിതമൂല്യങ്ങളെ കാണാതെ പോകുന്ന പുതുതലമുറയിലെ ഭാര്യഭർതൃ ബന്ധത്തിന് തിരിച്ചറിവ് പകരുന്ന ചിത്രത്തിന്റെ ഗണത്തിൽ ആകാശവാണിയെ ഉൾപ്പെടുത്താം. ചെറിയ നർമങ്ങളും കുറച്ച് ജീവിതവുമായി കുടുംബവുമൊത്ത് കാണാവുന്ന ഒരു കൊച്ചുചിത്രം.

Your Rating: