Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാൻസ് കൊള്ളാം, പക്ഷേ സിനിമ!!

abcd-two-review

കഥകളിയെപ്പറ്റി ഒരു സിനിമയെടുത്താൽ അതിൽ കഥകളി മാത്രം കാണിച്ചുകൊണ്ടിരുന്നാൽ കാഴ്ചക്കാരനു ബോറടിക്കും: ഇത് കാണാനായിരുന്നെങ്കിൽ ഏതെങ്കിലും പൂരപ്പറമ്പില്‍ പോയാൽ മതിയായിരുന്നില്ലേ എന്ന് അവർ ചോദിച്ചാൽ ഉത്തരം പറയുക ദുഷ്കരം. ഡാൻസിനെപ്പറ്റി ഒരു സിനിമയെടുത്താലും ഇതേ അവസ്ഥയാണ്. റിയാലിറ്റി ഷോകളും യൂട്യൂബ് വിഡിയോകളുമായി പലതരം ഡാൻസ് കാഴ്ചകളുടെ പൂരമാണിപ്പോൾ. അതിനിടയിൽ Anybody Can Dance-2 (ABCD-2) എന്ന പേരിലൊരു സിനിമയെടുക്കുമ്പോൾ സ്വാഭാവികമായും അതിൽ ഡാൻസ് മാത്രം പോരാ, സിനിമയും വേണം. പ്രത്യേകിച്ച് ഇതിനു മുൻപ്, ഇതേ വിഷയത്തിലെടുത്ത ചിത്രത്തിൽ ഇപ്പറഞ്ഞ ചേരുവകളെല്ലാം അത്യാവശ്യം ഭംഗിയായി ചേർത്തിരുന്ന സാഹചര്യത്തിൽ.

എബിസിഡി–1ന്റെ തുടർച്ചയായിട്ടാണ് റെമോ ഡിസൂസയുടെ പുതിയ ചിത്രം എബിസിഡി– 2 എത്തിയത്. പക്ഷേ ഒന്നാം ഭാഗത്തിലെ ചില കഥാപാത്രങ്ങളുണ്ടെന്നതൊഴിച്ചാൽ എബിസിഡി–2 തികച്ചും വ്യത്യസ്തമാണ്. പുതിയ പശ്ചാത്തലം, കഥ, ഒട്ടേറെ പുതിയ കഥാപാത്രങ്ങൾ, ഒപ്പം പുതുപുത്തൻ നൃത്തക്കാഴ്ചകളും.

അന്ധേരിയിലെ ചേരിയിൽ നിന്ന് ലോകത്തിന്റെ നെറുകയിലെത്തിയ ‘ഫിക്ടിഷ്യസ്’ എന്ന ഡാൻസ് ട്രൂപ്പിന്റെ യഥാർഥ കഥയാണ് എബിസിഡി 2വിനു പ്രചോദനമായത്. മുംബൈ സ്റ്റണ്ണേഴ്സ് എന്ന ഡാൻസ് ട്രൂപ്പിന്റെ കഥയാണ് എബിസിഡി 2. മറ്റൊരു ഡാൻസ് ട്രൂപ്പിന്റെ സ്റ്റെപ്പുകൾ കോപ്പിയടിച്ചെന്നാരോപിച്ച് സ്റ്റണ്ണേഴ്സിനെ ഒരു മത്സരത്തിൽ നിന്ന് അയോഗ്യരാക്കുന്നതോടെയാണ് ഈ സിനിമയുടെ തുടക്കം. എല്ലാവരുടെ മുന്നിലും ചതിയന്മാരായി. ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടണം. അതിനൊരൊറ്റ വഴിയേയുള്ളൂ. ലാസ് വേഗാസിൽ നടക്കുന്ന ലോക ഹിപ് ഹോപ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കണം. അതിനുള്ള ശ്രമങ്ങൾക്കിടയിൽ അവർക്കൊരു ഗുരുവിനെയും ലഭിക്കുന്നു–വിഷ്ണു. പിന്നീടുള്ള മുംബൈ സ്റ്റണ്ണേഴ്സിന്റെ ലാസ് വേഗാസിലേക്കുള്ള നൃത്തയാത്രയാണ് എബിസിഡി 2.

Disney's ABCD 2

‘ഡാൻസ് ഇന്ത്യ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥികളെ ഉൾപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി ഡാൻസ് മൂവി എന്ന ടൈറ്റിലുമായെത്തിയ എബിസിഡി–1 ഒരു ധീരമായ നീക്കം തന്നെയായിരുന്നു. പരിചിതമുഖങ്ങളായി പ്രഭുദേവയും കെകെ മേനോനെയും പോലുള്ള ചിലർ മാത്രം. ശേഷിച്ചവരെല്ലാം പുതുമുഖങ്ങൾ. നായികയായിപ്പോലും ‘സോ യൂ തിങ്ക് യു ക്യാൻ ഡാൻസ്’ എന്ന അമേരിക്കൻ റിയാലിറ്റി ഷോയിലെ താരമായ ലോറൻ ഗോട്ട്ലിബ്. ചിത്രം വൻവിജയവുമായിരുന്നു. പക്ഷേ ചിലരെങ്കിലും അന്നു പറഞ്ഞു, റിയാലിറ്റി ഷോയിലെ പിള്ളേരെ കൊണ്ടുവന്ന് സിനിമ അത്തരമൊരു ഷോയാക്കിയെന്ന്. സിനിമാറ്റിക് എലമെന്റ്സ് ഒന്നുമില്ലെന്ന വിമർശനവും കേട്ടു. എന്നാൽ സ്റ്റെപ് അപ്, സ്ട്രീറ്റ് ഡാൻസ് പോലുള്ള ഹോളിവുഡ് ഹിറ്റ് സീരീസുകളുടെ കോപ്പിയാകാതെ തികച്ചും ഇന്ത്യൻ സ്റ്റൈലിൽ തന്നെ അവതരിപ്പിച്ചു എബിസിഡി 1 മികവുറ്റതാക്കി മാറ്റുകയായിരുന്നു റെമോ.

പക്ഷേ പുതിയ ചിത്രം അൽപം കൂടി ‘സിനിമാറ്റിക്’ ആക്കാമെന്നു കരുതിയാകണം ബോളിവുഡിന് പരിചിതരായ രണ്ട് താരങ്ങളെ എബിസിഡി രണ്ടാം ഭാഗത്തിലേക്ക് റെമോ എത്തിച്ചത്–ലീഡ് റോളുകളിൽ വരുൺ ധവാനും ശ്രദ്ധ കപൂറും ഒപ്പം പ്രഭുദേവയും. പുതുമുഖങ്ങളെ പാടേ ഉപേക്ഷിച്ചില്ലെങ്കിലും എണ്ണത്തിൽ കുറച്ചു. പക്ഷേ സിനിമയും നൃത്തവും ഒരുപോലെ വിളക്കിച്ചേർക്കണമെന്ന റെമോയുടെ ലക്ഷ്യം എബിസിഡി 2വിൽ ചുവടുതെറ്റി. ഉഗ്രൻ ത്രീഡി സാങ്കേതികതയും കണ്ണഞ്ചിപ്പിക്കുന്ന നൃത്തപ്രകടനങ്ങളുമൊഴിച്ചാൽ എബിസിഡി 2വിന് കെട്ടുറപ്പുള്ള ഒരു തിരക്കഥയോ മികച്ച സംഭാഷണങ്ങളോ പോലുമില്ല. ചിത്രത്തിന്റെ സംവിധായകനും കൊറിയോഗ്രഫറും റെമോയാണ്. ഡാൻസിന്റെ കാര്യത്തിൽ എബിസിഡി 1നേക്കാൾ ഏറെ ഉയരത്തിലാണ് പുതിയ ചിത്രം.

varun-shradha

എന്നാൽ ചലച്ചിത്രപരമായി പിന്നാക്കമായിപ്പോയി. മികച്ച തിരക്കഥയുടെ അഭാവത്തിൽ വരുൺ ധവാനോ ശ്രദ്ധ കപൂറിനോ പോലും ഒന്നും ചെയ്യാനുമില്ലായിരുന്നു. കാരണം അവർക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ വെല്ലുവിളി ഉയർത്താൻ തക്കാതായ ഒരു സന്ദർഭം പോലും ചിത്രത്തിലില്ല. മറിച്ച് അവരുടെ ചുവടുകളിലേക്കായിരിക്കും പ്രേക്ഷകന്റെ മുഴുവന്‍ ശ്രദ്ധ. ഡാൻസിലാകട്ടെ അഭിനേതാക്കളിൽ ഒരാൾ പോലും മോശം പറയിക്കില്ല. അവിടെ വരുണോ ശ്രദ്ധയോ ഒന്നുമായിരുന്നില്ല താരം, ആ ടീം വർക്കായിരുന്നു. ചിത്രത്തിന്റെ ഹൈലൈറ്റും അതുതന്നെയാണ്.

ഇന്ത്യൻ ദേശി സ്റ്റൈലിൽ അടിത്തറ കെട്ടിക്കൊണ്ടു തന്നെ കണ്ടംപററി സ്റ്റൈലും ക്ലാസിക്കലും ഹിപ്ഹോപുമെല്ലാം മിക്സ് ചെയ്തുള്ള നൃത്തസംവിധാനത്തിന് റെമോ ഡിസൂസയുടെ കൊറിയോഗ്രഫി ടീമിനെ അഭിനന്ദിക്കാതെ വയ്യ. ചുവടുകളിൽ അടിപതറാതെ അടിച്ചുപൊളിച്ച വരുൺ ധവാനും സംഘത്തിനും അവരുടെ മികവുറ്റ പരിശ്രമത്തിന് ഒരു നല്ല കയ്യടി കൊടുക്കുക തന്നെ വേണം. നൃത്തച്ചുവടുകൾക്ക് പിന്തുണ പകർന്നുകൊണ്ട് മികവുറ്റ ത്രീഡി സാങ്കേതികതയുമുണ്ട്. മുംബൈയിൽ നിന്ന് ലാസ് വേഗാസിലേക്കുള്ള യാത്രക്കാഴ്ചകൾ ഒപ്പിയെടുത്ത ഛായാഗ്രഹണവും മികച്ചത്.

വിജയിച്ചുകയറുമെന്നുറപ്പുള്ള തിരിച്ചടികൾ, എല്ലായിപ്പോഴും രക്ഷകന്റെ റോളിലെത്തുന്ന വിഷ്ണു സാർ എന്നിങ്ങനെയുള്ള സ്ഥിരം ക്ലീഷേകൾ, എന്തിനാണെന്നു പോലുമറിയാതെ പൂജാബത്രയുടെ കഥാപാത്രം, എന്താണോ ഉദ്ദേശിച്ചത് അത് പ്രേക്ഷകനിലെത്താത്ത വിധം മോശമായ ഒരു പാതിവെന്ത കുടുംബട്വിസ്റ്റിനുള്ള ശ്രമം, അയഞ്ഞുതൂങ്ങിയ പ്രണയം...പാകപ്പിഴകൾ ഏറെയാണ് എബിസിഡി 2വിൽ.

പക്ഷേ നർത്തകരിൽ ആരെങ്കിലും തെറ്റായ മൂവ്മെന്റ് നടത്തിയാൽ മൊത്തം തകിടം മറിഞ്ഞു പോകുന്ന ഡാൻസിലെ ഫോർമേഷനോട് ഉപമിക്കാം ചിത്രത്തെ. എല്ലാം പെർഫെക്ട് ആയി നിർത്തേണ്ട അവസ്ഥയാണിത്. മികച്ച നൃത്തത്തിനും പാട്ടിനുമൊപ്പം കെട്ടുറപ്പുള്ള ഒരു തിരക്കഥയും സംവിധാന മികവും വേണ്ടിയിരുന്നു പ്രേക്ഷകന് മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കാൻ. എന്നാൽ എബിസിഡി 2വിൽ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും വരെ പാളി, എന്നിട്ടും ആ ഫോർമേഷൻ വീഴാതെ നിലനിന്നത് അസാധാരണമായ ഡാൻസ് കാഴ്ചകളിലൂടെയായിരുന്നെന്ന് നിസ്സംശയം പറയാം.

സാധിക്കുമെങ്കിൽ ഈ ചിത്രം ത്രീഡിയിൽ തന്നെ കാണാൻ ശ്രമിക്കുക. കാരണം ഗംഭീരമായലങ്കരിച്ച ഒരു വലിയ സ്റ്റേജിനു മുന്നിലിരിക്കുന്ന പ്രതീതിയോടെ ഓരോ നൃത്തപ്രകടനവും നമുക്ക് ആസ്വദിക്കാം. അല്ലെങ്കിൽ ഒരു സാധാരണ ബോളിവുഡ് സെന്റി–മസാല സിനിമയുടെ പ്രതീതിയേ എബിസിഡി–2 ഉണ്ടാക്കുകയുള്ളൂ. അതാകട്ടെ അത്ര രസിപ്പിക്കുന്നതുമാകാനിടയില്ല. കുട്ടികൾക്കു വേണ്ടിയാണ് താൻ ഈ ചിത്രം ചെയ്തതെന്നായിരുന്നു വരുൺ ധവാൻ പറഞ്ഞത്. കുട്ടികൾക്കിഷ്ടപ്പെടും ഈ ചിത്രമെന്നതുറപ്പ്, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിൽ മനംമയങ്ങിയിരുന്നാൽ മതിയെങ്കിൽ എബിസിഡി 2 മുതിർന്നവർക്കും ഇഷ്ടപ്പെടാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.