Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷൻ സീറോ, റിയാലിറ്റി ഹീറോ

action-hero-biju-review

‘ബിജു ഒരു ആക്ഷൻ ഹീറോ അല്ല, അയാൾക്ക് പറന്നുയരാൻ ചിറകുകകളില്ല. നമുക്കിടയിൽ ജീവിക്കുന്ന സാധാരണപൊലീസ് ഉദ്യോഗസ്ഥൻ’. ഭരത് ചന്ദ്രൻ, ഇൻപെക്ടർ ബൽറാം ശൈലിയിലുള്ള പൊലീസല്ല, തനി നാടൻ എന്ന് ഒറ്റവാക്കിൽ പറയാം. എടുത്തു പറയാൻ ശക്തമായ കഥയോ തിരക്കഥയോ ഇല്ലാത്ത എന്നാൽ സാധാരണക്കാരന് പരിചിതമായ ജീവിതയാഥാർഥ്യങ്ങളോട് വളരെയേറെ അടുത്തുനിൽക്കുന്ന ഒരു സാധാരണ സിനിമയാണ് ആക്ഷൻ ഹീറോ ബിജു.

പതിവ് പൊലീസ് ചേരുവയായ വില്ലൻ–നായകൻ വഴിയേ പോകാതെ സബ് ഇൻസ്പെകർ ബിജു പൗലോസിന്റെ ചുറ്റുപാടുകളിലൂടെ വന്നുപോകുന്ന ജീവിതങ്ങളിലൂടെയാണ് എബ്രിഡ് ഷൈൻ ഒരുക്കിയ ആക്ഷൻ ഹീറോ ബിജു മുന്നോട്ട് പോകുന്നത്. പ്രത്യേകമായി ചിട്ടപ്പെടുത്തിയ കഥയോ പ്രമേയമോ സിനിമക്കില്ല. കേരളത്തിലെ സമകാലിക സംഭവങ്ങളെ ബിജുവിന്റെ ജീവിതത്തിൽ കോർത്തിണക്കി നർമത്തിലൂടെ തികച്ചും യാഥാർഥ്യത്തോടെ സംവിധായകൻ അവതരിപ്പിക്കുന്നു.

nivin-biju

സ്വന്തം നാടിനോടും ജനങ്ങളോടും ജോലിയോടും നൂറുശതമാനം ആത്മാർത്ഥത പുലർത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എസ്ഐ ബിജു പൗലോസ്. നാളികേരമാണ് (തേങ്ങ) ബിജുവിന്റെ ഇഷ്ട കായ്ഫലം. വേറൊന്നുമല്ല ജയിലിൽ വരുന്ന കുറ്റവാളികൾക്ക് നാളികേരം തോര്‍ത്തില്‍ പൊതിഞ്ഞ അടിയാണ് ബിജുവിന്റെ സ്പെഷൽ. വലിയ മാഫിയ കിങുകളെയോ അധോലോകനായകന്മാരെയോ ബിജുവിന് നേരിടേണ്ടി വരുന്നില്ല. കള്ളന്മാർ, കഞ്ചാവ് കടത്തുന്നവർ, പൂവാലന്മാർ ഇവരൊക്കെയാണ് ബിജുവിന്റെ സ്ഥിരം പുള്ളികൾ.

ഇത്ര റിയലിസ്റ്റിക്കായി ഒരു പൊലീസ് സിനിമ മലയാളത്തിൽ അവതരിപ്പിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ജനമൈത്രി പൊലീസ് സ്റ്റേഷനും അവിടെ പരാതി പറയാൻ വരുന്ന സാധാരണക്കാരന്റെ അറിഞ്ഞതും അറിയാത്തതുമായ അനുഭവങ്ങളും സംവിധാകയനായ എബ്രിഡ് ഷൈന്‍ ഈ സിനിമയിൽ പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു. എന്നാൽ ആദ്യ സിനിമയായ 1983യിൽ പുലർത്തിയ ഒരു മിതത്വവും ഒതുക്കവും ആക്ഷൻ ഹീറോ ബിജുവിൽ കാണാനാകുന്നില്ല.

എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീഖും ചേർന്നാണ് തിരക്കഥ. ആക്ഷനും പ്രണയത്തിനും പ്രാധാന്യം കൊടുക്കാതെ കാലികമായ സംഭവങ്ങളെ മാത്രം കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല പ്രേക്ഷകന് ചിന്തിച്ചെടുക്കാനാവുന്ന കഥാഗതികളും പോരായ്മയാണ്. എ റൈഡ് വിത്ത് എ പോലീസ് ഓഫീസര്‍ എന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ഈ സിനിമയുടെ സ്വഭാവം സൂചിപ്പിക്കുന്നു. ചില കഥകളുടെ ബാക്കിയൊന്നും കണ്ടെന്നു വരില്ല. മാത്രമല്ല ഉപകഥകളുമായി ചിത്രത്തിന് പിന്നീടൊരു ബന്ധവും ഉണ്ടാകുന്നില്ല. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ആവശ്യമില്ലാത്തൊരു ഹീറോയിസം, നർമത്തിന് പുറമെ വൈകാരിത രംഗങ്ങൾക്ക് അധികമായ പ്രാധാന്യം കൊടുക്കുവാൻ ശ്രമിച്ചതും സിനിമയെ മോശമായി ബാധിക്കുന്നു.

action-hero-biju

ജോർജിൽ നിന്നും ബിജുവിലേക്കുള്ള നിവിന്റെ മാറ്റം എടുത്തുപറയേണ്ടതാണ്. മീശ പിരിയും ഉശിരൻ ഡയലോഗുകളുമായി നിവിൻ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. നായികയായി എത്തിയ അനു ഇമ്മാനുവലിന് കാര്യമായൊന്നും െചയ്യാനില്ല.

ജൂഡ് ആന്റണി ജോസഫ്, പ്രജോദ് കലാഭവന്‍, സൈജുകുറുപ്പ്, മേജർ രവി‍, വത്സലാമേനോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദേവി അജിത്, രോഹിണി, വിന്ദുജ മേനോൻ, സാജൻ പള്ളുരുത്തി എന്നിവരാണ് മറ്റുതാരങ്ങള്‍. മിനിമോൻ ആയി എത്തിയ ജോജു ജോര്‍ജ് കൈയടി അർഹിക്കുന്നു. രണ്ടു സീനുകളിൽ മാത്രം വന്നുപോകുന്ന സുരാജ് വെഞ്ഞാറമൂടും മേഘനാഥനും തകര്‍പ്പന്‍ പ്രകടമാണ് കാഴ്ചവച്ചിരിക്കുന്നത്.

നവാഗതനായ അലക്സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണം അതിമനോഹരം. സിനിമയുടെ ആദ്യ ഷോട്ട് തന്നെ ഗംഭീരം. ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം ഡ്രോൺ കൊണ്ടുവന്നതും പ്രശംസനീയം. മനോജിന്റെ എഡിറ്റിങും സിനിമയോട് നീതിപുലർത്തി. ജെറി അമൽദേവിന്റെ ഗാനങ്ങളും രാജേഷ് മുരുകേശന്റെ പശ്ചാത്തലസംഗീതവും സിനിമയുടെ മുതൽക്കൂട്ടാണ്. എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിങ്ക് സൗണ്ട് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. രാജാകൃഷ്ണന്റെ ശബ്ദസംവിധാനം എടുത്തുപറയേണ്ടതാണ്.

action-hero-nivin

പേരിലെ ആക്ഷന്‍ കണ്ട് പ്രതികാരമോ, നിവിൻ പോളിയുടെ മുന്‍ചിത്രങ്ങൾ പോലെ പ്രണയമോ പ്രതീക്ഷിച്ച് ആരും പോകരുത്. ജീവിതത്തോട് ചേർന്നുനിൽക്കുന്ന എന്നാൽ സിനിമ എന്ന നിലയിൽ ആവശ്യമായ നാടകീയതകൾ തീരെ ഇല്ലാത്ത കേരളത്തിലെ പൊലീസുകാർക്കൊരു സല്യൂട്ട് ആണ് നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.