Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിൽ നിന്ന് ജീവിതത്തിലേക്കൊരു വിമാനയാത്ര

air-lift-movie പോസ്റ്റർ

∙25 വർഷങ്ങൾക്കു മുൻപ് നടന്ന ഐതിഹാസികമായൊരു രക്ഷാ ദൗത്യത്തിന്റെ സിനിമാവിഷ്കാരമാണ് എയർലിഫ്റ്റ്

യുദ്ധഭൂമിയിൽ നിന്ന് 1,70,000 ആളുകളെ വിമാനമാർഗം ആയിരക്കണക്കിനു കിലോമീറ്ററുകൾ അപ്പുറമുള്ള മാതൃരാജ്യത്തെത്തിക്കുക. സിനിമയ്ക്കു വേണ്ടിയുണ്ടാക്കിയ കെട്ടുകഥയല്ല, ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ രക്ഷാദൗത്യത്തിന്റെ യഥാർഥ കഥയാണിത്. ഗിന്നസ് ബുക്കിൽ ഇടം നേടിയ, അഭിമാനകരമായ ഈ നേട്ടം കരസ്ഥമാക്കിയത് നമ്മുടെ രാജ്യമാണ് എന്നത് പുതുതലമുറയിൽ പലരും വിശ്വസിച്ചില്ലെന്നു വരും. 25 വർഷങ്ങൾക്കു മുൻപ് കുവൈത്ത് യുദ്ധ കാലത്ത് 488 വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ നടത്തിയ ഐതിഹാസിക ദൗത്യത്തിന്റെ സിനിമാവിഷ്കാരമാണ് രാജ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത എയർലിഫ്റ്റ്.

ചരിത്രത്തിലിടം പിടിച്ച ഈ ഓപ്പറേഷനല്ല, സിനിമയുടെ പ്രമേയം; അതിലേക്കു നയിക്കുന്ന സംഭവങ്ങളാണ്. ആക്രമണം തുടങ്ങി അതിസാഹസികമായ ഈ ദൗത്യത്തിന് ഗവൺമെന്റ് തയാറാകുന്നതു വരെ ഇന്ത്യാക്കാർ നേരിടേണ്ടി വരുന്ന ദുരന്ത ജീവിതം സിനിമയിലുണ്ട്.

AIRLIFT THEATRICAL TRAILER | Akshay Kumar, Nimrat Kaur |

സർക്കാർ സംവിധാനങ്ങൾ പകച്ചു നിൽക്കുന്ന സമയത്ത് ചില വ്യക്തികൾക്ക് ഒരു ആൾക്കൂട്ടത്തിന്റെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നു. രഞ്ജിത് ഖട്യാൽ എന്ന നായക കഥാപാത്രം കുവൈത്തിലെ പ്രമുഖനായ ബിസിനസുകാരനാണ്. ഇന്ത്യക്കാരനെന്നതിനേക്കാൾ കുവൈത്തിയെന്നറിയപ്പെടാൻ ആഗ്രഹിക്കുന്നയാൾ. പക്ഷേ തന്നെ വളർത്തിയ നാട് ഒരുദിവസം തകർന്നു വീഴുമ്പോൾ അവിടുത്തെ ഇന്ത്യാക്കാരുടെ മുഴുവൻ സംരക്ഷകനാകുന്നു അയാൾ.

akshay അക്ഷയ്

ആക്രമണം തുടങ്ങിയപ്പോൾ തന്നെ രാജകുടുംബവും മറ്റധികാരികളുമെല്ലാം നാടുവിട്ടു. സ്വയം രക്ഷപെടാൻ എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കുമ്പോഴും തന്റെ നാട്ടുകാർക്കൊപ്പം മാത്രമേ കുവൈത്ത് വിടൂ എന്ന് അയാളും കുടുംബവും തീരുമാനിക്കുന്നു. ആരും സഹായിക്കാനില്ലാത്ത ഒരു നാട്ടിലിരുന്ന് ഒട്ടും കാര്യക്ഷമമല്ലാത്ത സർക്കാർ സംവിധാനങ്ങളുള്ള തന്റെ രാജ്യത്തേക്ക് ഇങ്ങനെയൊരു മഹായാത്ര സംഘടിപ്പിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളാണ് എയർലിഫ്റ്റ് പറയുന്നത്.

ഒരു ആക്​ഷൻ ഹീറോയുടെ നിഴലുപോലും കഥാപാത്രത്തിൽ പതിക്കാതെ ശ്രദ്ധാപൂർവമാണ് അക്ഷയ്കുമാർ അഭിനയിച്ചിരിക്കുന്നത്. എടുത്തുപറയേണ്ട പ്രകടനമാണ് നായിക നിമ്രത് കൗറിന്റേത്. കൗർ അനശ്വരമാക്കിയ ലഞ്ച്ബോക്സിലെ വീട്ടമ്മയുടെ ഒരു ഛായയുമില്ലാത്തൊരു വീട്ടമ്മയാണ് എയർലിഫ്റ്റിലെ നായിക അമൃത ഖട്യാൽ. കുവൈത്തിലെ മലയാളികളെ പ്രതിനിധീകരിക്കുന്നൊരു കഥാപാത്രമായി നമ്മുടെ പ്രിയനടി ലെനയുമുണ്ട്. അവകാശങ്ങളെക്കുറിച്ചു മാത്രം വാതോരാതെ സംസാരിക്കുകയും അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന മലയാളി ശീലങ്ങളെ നന്നായി കളിയാക്കുന്നുമുണ്ട് സിനിമ.

akshay-lena ലെന, അക്ഷയ്

രഞ്ജിത് ഖട്യാൽ എന്നൊരാളുണ്ടോ??

ഒട്ടേറെ ഗവേഷണങ്ങൾക്കു ശേഷമാണ് സ്ക്രിപ്റ്റ് തയാറാക്കിയതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്. സിനിമയുടെ റിലീസിനു മുൻപേ തന്നെ രഞ്ജിത് ഖട്യാൽ എന്ന യഥാർഥ ഹീറോയെ അന്വേഷിച്ചു പോയ ആരാധകർ ഒട്ടേറെയാണ്.

അങ്ങനെയൊരു ആളുണ്ടോ എന്നു ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം. അന്ന് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച കുറച്ചാളുകളുടെ അനുഭവങ്ങൾ ചേർത്ത് രഞ്ജിത് ഖട്യാൽ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. അവരിൽ പ്രധാനിയായ ഒരു ബിസിനസുകാരന് രഞ്ജിത് ഖട്‌യാലിനോട് കുറച്ചധികം സാദ്യശ്യമുണ്ട്.

സിനിമ കാണാൻ കാരണങ്ങളേറെ

ഡി ഡേ, വെനസ്ഡേ, ബേബി തുടങ്ങിയ ത്രില്ലറുകളൊരുക്കിയ അതേ പ്രൊഡക്ഷൻ ടീമിന്റെ പുതിയ ചിത്രം പ്രതീക്ഷയ്ക്കുമപ്പുറം ഉയർന്നു. ഒതുക്കത്തിൽ കഥപറയുന്ന ദിശാബോധമുള്ള സ്ക്രിപ്റ്റ് തന്നെയാണ് സിനിമയുടെ വിജയം. രാജ കൃഷ്ണനും സുരേഷ് നായരും രാഹുൽ നൻഗിയയും ചേർന്നാണ് തിരക്കഥ.

akshay-nimrath

പരുഷവും ഗംഭീരവുമായ ദൃശ്യങ്ങൾ നിറഞ്ഞ ഈ സിനിമ പകർത്തിയിരിക്കുന്നത് പ്രിയാ സേത്ത് എന്ന വനിതാ ഛായാഗ്രാഹകയാണ്. 90കളോട് സമാനത പുലർത്തുന്ന ലൊക്കേഷനുകളി‍ൽ തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരമൊരു പ്രമേയത്തിനു യോജിക്കുന്നവയാണോ പാട്ടുകളെന്നു സംശയം തോന്നും.

488 വിമാനങ്ങളുപയോഗിച്ചു 59 ദിവസങ്ങളെടുത്തു നടത്തിയ രക്ഷാപ്രവർത്തനം വളരെക്കുറച്ചു സീനുകളിലൊതുക്കിയെന്നത് ഒരു പോരായ്മയായി പറയാം. പക്ഷേ മഹായാത്രയുടെയല്ല, അതിന്റെ മുന്നൊരുക്കങ്ങളുടെ കഥയാണ് എയർലിഫ്റ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.