Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ നാദിർഷ കലക്കി !

amar-akbar-anthony-review

തമാശയ്ക്ക് തമാശയും പഞ്ചിന് പഞ്ചും തുടങ്ങി ഒരു കൊമേഴ്സ്യൽ എന്റെർടെയിനറിനു വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. മിനിസ്ക്രീൻ വിട്ട് നാദിർഷ ബിഗ്സ്ക്രീനിൽ സംവിധായകന്റെ തൊപ്പി അണിഞ്ഞെത്തിയപ്പോൾ തന്റെ ‘സൽപ്പേരിന്’ കോട്ടംതട്ടും വിധമായില്ല.

നാദിര്‍ഷയുടെ ആദ്യസംവിധാനസംരംഭം ഒട്ടും മോശമായില്ല എന്നുവേണം പറയാന്‍. മിമിക്രി എന്ന കലയുടെ അനുഭവസമ്പത്ത് നന്നായി തന്നെ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. നിലവാരമുള്ള കോമഡി നമ്പറുകള്‍ അമര്‍ അക്ബര്‍ അന്തോണിയെ കൂടുതല്‍ രസകരമാക്കുന്നു.

അടിച്ചുപൊളിയും പ്രണയവുമൊക്കെയായി ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചോ കോളിളക്കം സൃഷ്ടിക്കുന്ന രാഷ്ട്രീയകോലാഹലങ്ങളെക്കുറിച്ചോ ആലോചിക്കാതെ ജീവിതം അടിച്ചുപൊളിക്കുന്ന മൂന്ന് പേരാണ് അമറും അക്ബറും അന്തോണിയും. 2006ല്‍ പുറത്തിറങ്ങിയ ക്ളാസ്മേറ്റ്സിന് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒന്നിച്ച ചിത്രം നിരാശപ്പെടുത്തില്ല.

prithvi-indran-jayan

ജോലിയില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് തായിലന്റിലെ പട്ടായയില്‍ ടൂര്‍ പോകണമെന്നതാണ് മൂന്നുപേരുടെയും ജീവിതാഭിലാഷം. അതിനായി തുകയെല്ലാം സ്വരുക്കൂട്ടി വയ്ക്കുമ്പോഴായിരിക്കും എന്തെങ്കിലും പ്രശ്നമുണ്ടാകുക. അങ്ങനെ ടൂറും കുളമാകും...ജീവിതം രസകരമായി മുന്നോട്ട് പോകുമ്പോഴാണ് അമറിന്റെയും അക്ബറിന്റെയും അന്തോണിയുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു ദുരന്തമുണ്ടാകുന്നത്.

ആദ്യപകുതി തമാശ നിറഞ്ഞതാണെങ്കിൽ രണ്ടാം പകുതി ഗൗരവമേറിയതാണ്. ഒരു അടിച്ചുപൊളി സിനിമയാണെങ്കില്‍ കൂടി ഗൗരവമേറിയ സാമൂഹികപ്രശ്നം കൂടി സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. നമ്മുടെ ഇടയില്‍ നടക്കുന്ന, എന്നാല്‍ ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ലെന്ന രീതിയില്‍ കണ്ണച്ചുവിടുന്ന ആളുകളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ സിനിമ. കള്ളുകുടിച്ചും പ്രേമിച്ചും ആഘോഷിക്കാന്‍ മാത്രമല്ല യുവത്വമെന്ന ചെറിയൊരു സന്ദേശം കൂടി നല്‍കിയാണ് സിനിമ അവസാനിക്കുന്നത്.

കോമഡി നമ്പറുകളായി പൃഥ്വിയും ഇന്ദ്രനും ജയസൂര്യയും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. പോളിയോ ബാധിച്ച വയ്യാത്ത കാലുമായി ജയസൂര്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കോമഡി വഴങ്ങില്ലെന്ന് പറഞ്ഞ വിമര്‍ശകരുടെ വായടപ്പിച്ച് പൃഥ്വിരാജ് അമറായി തിളങ്ങി. അനിയനൊപ്പം തന്നെ രസകരമായ നമ്പറുകളുമായി ഇന്ദ്രജിത്തിന്റെ അന്തോണിയും.

namitha-pramod

ജടായി സാബുവായി എത്തിയ കലാഭവന്‍ ഷാജോണ്‍, ഉണ്ണിയായി രമേശ് പിഷാരടി, കെപിഎസി ലളിത, അബു സലിം, കോട്ടയം പ്രദീപ്, ശശി കലിങ്ക, സ്രിന്റ, ബിന്ദു പണിക്കര്‍, സിദ്ദിഖ്, സാജു നവോദയ എന്നിവരും തങ്ങളുടെ വേഷം ഒട്ടും മോശമാക്കിയില്ല. നായികയായി എത്തിയ നമിത പ്രമോദിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ഫാത്തിമയെന്ന പാത്തുവായി കൊച്ചു മിടുക്കി മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ദിലീപിനെ പ്രതീക്ഷിച്ചെത്തിയവർ‌ക്ക് മറ്റൊരു സർപ്രൈസ് ആണ് നാദിർഷ ഒരുക്കി വച്ചിരിക്കുന്നത്.

സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നതും നാദിര്‍ഷ തന്നെയാണ്. സിനിമയ്ക്ക് ഇണങ്ങും വിധം പശ്ചാത്തലസംഗീതം ഒരുക്കിയ ബിജിപാലും ഫോര്‍ട്ട്കൊച്ചിയെ ഒന്നുകൂടി മനോഹരമാക്കിയ സുജിത് വാസുദേവും പ്രശംസയര്‍ഹിക്കുന്നു. നവാഗതരായ ബിബിന്‍ ജോര്‍ജിന്റെയും വിഷ്ണുവിന്റെയുമാണ് തിരക്കഥ.

vishnu-bibin തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും

ചിത്രം അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ മറ്റൊരു തലത്തിലേക്ക് മാറുന്നു. പ്രേക്ഷകരാരും പ്രതീക്ഷിക്കാത്തൊരു ക്ളൈമാക്സ് ആണ് മറ്റൊരു പ്രത്യേകത. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റും ഹീറോയിസത്തിനായി നീളം കൂട്ടിയ ആക്ഷന്‍രംഗങ്ങളും ചിലരെ കുറച്ച് മുഷിപ്പിച്ചേക്കാം. മാത്രമല്ല ഊഹിക്കാവുന്ന കഥാഗതിയും സിനിമയുടെ ഒരു പോരായ്മയാണ്. വിമർശകർക്ക് വിമർശിക്കാൻ ആവോളമുണ്ടെങ്കിലും അതൊന്നും നോക്കാതെ മനസ്സു തുറന്ന് ചിരിക്കാനെത്തുന്നവരെ ചിത്രം തൃപ്തിപ്പെടുത്തും.

nadirsha-sujith

ചിരി മാത്രം ലക്ഷ്യമാക്കി തിയറ്ററുകളിലെത്തുന്നവര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് ചിരിക്കാനും ദ്വയാര്‍ഥപ്രയോഗങ്ങള്‍ ഇല്ലാത്ത കോമഡികൾ കാണാനിഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കും ധൈര്യമായി കാണാവുന്ന സിനിമ. അമറും അക്ബറും അന്തോണിയും നിങ്ങളെ കയ്യിലെടുക്കും തീർച്ച.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.