Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷമയോടെ കാണാം, കാത്തിരിപ്പിന്റെ അനാർക്കലി

anarkali-movie-review

പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും കഥയാണ് അനാർക്കലി. പ്രണയം മരണം പോലെ ശക്തമെന്ന് വിളിച്ചു പറയുന്ന, പ്രണയത്തിനായി കാത്തിരിക്കുന്നവരുടെ കഥ.

പ്രണയത്തിന്റെ പാഠപുസ്കങ്ങളിൽ നാം പഠിച്ചു വളർന്ന ഒരു കഥയാണ് സലീമിന്റെയും അനാർക്കലിയുടെയും ദുരന്തപ്രണയം. ഇവിടെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ചെറിയൊരു മാറ്റം വരുത്തിയാണ് സച്ചി തന്റെ അനാർക്കലിയുമായി എത്തിയിരിക്കുന്നത്. ഒരു കാമുകനോ കാമുകിയോ അവർ ഒന്നാകാൻ എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ തയാറാകുമോ? അങ്ങനെയൊരു കാത്തിരിപ്പിന്റെ പ്രണയകഥയാണ് അനാർക്കലിയും പറയുന്നത്. ജീവനുതുല്യം സ്നേഹിക്കുന്ന ശാന്തനുവിന്റെയും നാദിറയുടെയും കാത്തിരിപ്പിന്റെ കഥ.

11 വർഷങ്ങൾക്കു മുൻപ്‌ നേവിയിൽ നിന്നും പുറത്താക്കപ്പെട്ട ശാന്തനു ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ലക്ഷദ്വീപിലെ കവരത്തിയിലെത്തുന്നത്. ശാന്തനുവിന്റെ ഭൂതകാലത്തിലേക്ക് കഥ പറഞ്ഞുപോകുന്ന ചിത്രം പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് മുന്നോട്ട് പോകുന്നു.

anarkali

ആദ്യ പകുതി പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണെങ്കിലും രണ്ടാം പകുതിയുടെ ചില ഭാഗങ്ങളിൽ‌ കാഴ്ചക്കാരന് ഇഴച്ചിൽ അനുഭവപ്പെടും. ഒരൽപ്പം ദൈർഘ്യം തന്നെയാണ് ഇതിന് പ്രധാനകാരണം. 2 മണിക്കൂർ 47 മിനിട്ടാണ് ചിത്രത്തിന്റെ നീളം. മാത്രമല്ല തീവ്രത നിറഞ്ഞ ഒരു പ്രണയാവിഷ്കാരവും പശ്ചാത്തലവും പ്രേക്ഷകന് അത്ര കണ്ട് അനുഭവപ്പെടുകയുമില്ല. നർമത്തിനേക്കാൾ സംഗീതത്തിനാണ് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. പൂർണമായും അനാർക്കലി ഒരു സംഗീതസാന്ദ്രമായ പ്രണയകഥയാണ്.

35കാരനായും, 25കാരനായും പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ്‌ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്‌. നാദിറയായി എത്തിയ പ്രിയാൽ ഗോർ മലയാളത്തിലെ തന്റെ അരങ്ങേറ്റം മോശമാക്കിയില്ല. ജാഫർ ഇമാം എന്ന ക്രൂരനായ (സൈനിക) മേലുദ്യോഗസ്ഥനായി കബീർ ബേഡി മികച്ചു നിന്നു. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന അദ്ദേഹത്തിന്റെ ശബ്ദം തന്നെയാണ് അഭിനയത്തെ വേറിട്ടു നിർത്തിയ പ്രധാന ഘടകം.

സക്കറിയ എന്ന കഥാപാത്രമായി ബിജു മേനോൻ തകർത്ത് അഭിനയിച്ചു. പ്രത്യേകിച്ചും ക്ലൈമാക്സിനു തൊട്ടുമുൻപുള്ള ചില രംഗങ്ങളിൽ അദ്ദേഹം പ്രേക്ഷകനെ ഞെട്ടിക്കും. ജസ്‌രി ഭാഷ സംസാരിക്കുന്ന ലക്ഷദ്വീപ് സ്വദേശി കോയയായി സുരേഷ്‌ കൃഷ്ണയും, ഷെറിൻ മാത്യു എന്ന ബോൾഡ് ആയ ഡോക്ടറായി എത്തിയ മിയയും മികച്ചു നിന്നു. സംസ്കൃതി ഷേണായി, അരുൺ, സുദേവ് നായർ, മധുപാൽ, ശ്യാമപ്രസാദ്‌, മേജർ രവി, രഞ്ജി പണിക്കർ തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കി.

prithvi-sachi

തിരക്കഥാകൃത്തക്കളായ സച്ചി–സേതുവിലെ സച്ചിയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ് അനാർക്കലി. സംവിധാനരംഗത്തേക്ക് കടക്കുന്ന ഒരു നവാഗതനെ സംബന്ധിച്ചടത്തോളം മികച്ച തുടക്കം തന്നെയാണ് സച്ചി കാഴ്ചവച്ചിരിക്കുന്നത്. കഥയിൽ കുറച്ചുകൂടി ശ്രദ്ധപതിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അനാർക്കലിയെ കൂടുതൽ സുന്ദരിയാക്കാമായിരുന്നു. മറ്റൊരു സിനിമയിലും കാണാത്തപോലെ കവരത്തിയുടെ പശ്ചാത്തലം കുറച്ചുകൂടി വിശദീകരിക്കുന്നുണ്ട് ഇൗ ചിത്രത്തിൽ.

സ്റ്റോറി ബോർഡ്, ഓഡിയോഗ്രഫി തുടങ്ങിയവ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ലക്ഷദ്വീപിന്റെ മനോഹാരിത അതിമനോഹരമായി തന്നെ സുജിത്ത് വാസുദേവ് ഒപ്പിയെടുത്തിരിക്കുന്നു. സുജിത്തിന്റെ ഛായാഗ്രഹണം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരോ ഷോട്ടും ഫ്രെയിമും വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും കടലിനടിയിലെ രംഗങ്ങളൊക്കെ ഗംഭീരം.

Kabir Bedi | I Me Myself | Manorama Online

വിദ്യാസാഗർ ഈണമിട്ട ഗാനങ്ങളെല്ലാം ഇമ്പമുള്ളതാണ്‌. എന്നാൽ പശ്ചാത്തല സംഗീതം ചിലപ്പോഴൊക്കെ സിനിമയിലെ രംഗങ്ങളുമായി ചേർന്നു നിൽക്കാതെ തോന്നി. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങിൽ സിനിമയുടെ ദൈർഘ്യം മാത്രമാണ് പോരായ്മയായി തോന്നിയത്.

വികാരനിർഭരമായ തീവ്രരംഗങ്ങളോ ആകാംക്ഷജനിപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നും തന്നെ ചിത്രത്തിൽ ഇല്ല. നിഷ്കളങ്കമായ, ഹൃദയസ്പർശിയായ ഒരു പ്രണയചിത്രം പ്രതീക്ഷിച്ചുപോകുന്ന ചിലർക്കെങ്കിലും അനാർക്കലി മനോഹരിയായി തോന്നും. ഒരൽപം ദൈർഘ്യക്കൂടുതലും പ്രണയത്തിന്റെ ബോറൻ വഴികളിലൂടെയുള്ള അനാവശ്യ സഞ്ചാരങ്ങളും ഒഴിച്ചു നിർത്തിയാൽ കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം.

വാൽക്കഷ്ണം: 1966ൽ അനാർക്കലി എന്ന പേരിൽ ഒരു മലയാളചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ചരിത്ര താളുകളിൽ നിന്നു മിനഞ്ഞെടുത്ത ചിത്രത്തിൽ നസീർ സലീം രാജകുമാരനെയും കെആർ വിജയ അനാർക്കലിയെയുമാണ് അവതരിപ്പിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.