Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിമധുരം ഇൗ അനുരാഗം; റിവ്യു വായിക്കാം

anuraga-karikin-vellam

പ്രേമമെന്നാൽ അങ്ങനെയാണ് അത് ഇടയ്ക്ക് അങ്ങ് പൊട്ടി പോകും. എന്നാൽ പ്രേമിക്കുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത ചില ഒാർമകൾ സമ്മാനിച്ചാകും അതു കടന്നു പോകുക. ആ ഒാർമകളിലൂടെ സഞ്ചരിക്കുന്ന അനുരാഗ കരിക്കിൻ െവള്ളം പ്രേമിക്കുന്നവർക്കും പ്രേമിച്ചവർക്കും പ്രേമിക്കാനിരിക്കുന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സിനിമയാണ്.

anuraga-karikkin-vellam-songs

പ്രേമസാഫല്യത്തിനായി പൊലീസ് ആയ വ്യക്തി, പ്രേമം തിരിച്ചറിയാൻ വൈകുന്ന വ്യക്തി, സുഹൃത്തിന്റെ പ്രണയം പൊളിയുമ്പോൾ ഇടയ്ക്ക് ഗോളടിക്കുന്ന ചങ്ങാതി, പ്രണയം ശല്യമായി മാറുന്ന അവസ്ഥ, പ്രണയം ജീവിതം തന്നെ മാറ്റി മറിക്കുന്ന സന്ദർഭങ്ങൾ ഇങ്ങനെ നിരവധി രീതിയിൽ അനുരാഗം എന്ന വികാരത്തെ അവതരിച്ചറിയാൻ ഈ സിനിമയിലൂടെ സാധിക്കും. നർമ്മത്തിന്റെ മേമ്പൊടി കൂടിയായപ്പോൾ പുതുമുഖ സംവിധായകനായ ഖാലിദ് റഹ്മാന് തരക്കേടില്ലാത്ത തുടക്കം കിട്ടിയെന്നു തന്നെ പറയാം.

സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് തിരക്കഥയാണ്. വ്യത്യസ്തമായ ഒരു ആശയത്തെ മികച്ച രീതിയിൽ തൂലികയിലൂടെ ആവിഷ്ക്കരിക്കാൻ തിരക്കഥാകൃത്തായ നവീൻ ഭാസ്കറിന് കഴിഞ്ഞു. ഒരു റൊമാന്റിക് എന്റർടെയ്നർ എന്നതിനേക്കാൾ ഒരു ഫാമിലി എന്റർടെയ്നർ എന്ന തരത്തിൽ സിനിമ മികച്ചു നിൽക്കുന്നു. തമാശനിറഞ്ഞ ഒന്നാം ഭാഗമാണ് സിനിമയെ കൂടുതൽ രസകരമാക്കുന്നത്. പൈങ്കിളി പ്രണയവും അതിലെ രസിപ്പിക്കുന്ന ഡയലോഗുകളും തിയറ്ററിൽ ചിരിപടർത്തുന്നതാണ്.

biju-sudheer

ഇടിയനായ പൊലീസുകാരനായും മികച്ച കുടുംബനാഥനായും ബിജുമേനോൻ ഒരിക്കൽകൂടി തന്റെ ഭാഗം മികച്ചതാക്കി. താന്തോന്നിയായി നടക്കുന്ന യുവത്വത്തിന്റെ പ്രസരിപ്പികളെ ആസിഫ് അലി മികച്ചതാക്കിയപ്പോൾ നായികയായി എത്തിയ രജീഷാ വിജയന്റെ പ്രകടനത്തെയും പ്രശംസിക്കാതിരിക്കാൻ കഴിയില്ല. വീട്ടമ്മയുടെ ഉത്തരവാദിത്തങ്ങളും സ്നേഹവും ലാളനയും ആശാ ശരത്തിന്റെ അഭിനയത്തിലും പ്രകടമായി. ശ്രീനാഥ് ഭാസി, സൗബിൻ, സുധീർ കരമന, ഇർഷാദ് എന്നിവരും കഥാപാത്രങ്ങൾകൊണ്ട് വ്യത്യസ്തരായി.

asif

പ്രശാന്ത് പിള്ളയുടെ സംഗീതവും മികച്ചതാണ്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും സിനിമയോട് നീതി പുലർത്തി. പുതുമുഖ സംവിധായകനാണെങ്കിൽ പോലും സിനിമയുടെ അവതരണത്തിൽ യാതൊരു രീതിയിലുമുള്ള കുറവുകളോ നിഴലിച്ചു നിൽക്കുന്നില്ല. . പല നിറങ്ങളിൽ വിവിധ രുചികളിൽ പല പാനീയങ്ങൾ ലഭ്യമാണെങ്കിലും നല്ല കരിക്കിൻ വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന സുഖവും സംതൃപ്തിയും കിട്ടുമോ ? ഇല്ല. അതു പോലെ വലിയ ആരവങ്ങളും താരബാഹുല്യങ്ങളുമൊന്നുമില്ലെങ്കിലും അനുരാഗ കരിക്കിൻ വെള്ളം നമ്മെ എല്ലാ അർത്ഥത്തിലും തൃപ്തരാക്കും.

teams

പ്രേക്ഷക മനസിൽ നിരവധി നന്മകളും സ്നേഹാശ്വാസങ്ങളും സുന്ദരനിമിഷങ്ങളും സമ്മാനിച്ച് കടന്നുപോകുന്ന സിനിമ. കലർപ്പില്ലാത്ത ആശയവും ശുദ്ധ നർമ്മവും ഒപ്പം പ്രണയവും ചേരുന്ന അനുരാഗ കരിക്കിൻ വെള്ളം പ്രേക്ഷകന് മികച്ച അനുഭവമായിരിക്കും. പെരുന്നാൾ റിലീസുകളിൽ കുടുംബസമേതം മതിമറന്ന് ആസ്വദിക്കാവുന്ന ചിത്രം കൂടിയാണ് അനുരാഗ കരിക്കിൻ വെള്ളം.

റിവ്യു നിങ്ങൾക്കും എഴുതാം–കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

Your Rating: