Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയാൾ ഫഹദ് ഫാസില്‍ ആണ് !

fahad-ayal-njanalal

സംവിധായകന്‍ രഞ്ജിത്തിന്‍റെ കഥയില്‍ നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടെയെത്തിയ ‘ അയാള്‍ ഞാനല്ല ’ നന്മനിറഞ്ഞ അധികം പുതുമയില്ലാത്ത എന്നാൽ തെറ്റു‍ം പറയാൻ പറ്റാത്ത ഒരു കൊച്ചു സിനിമയാണ്. അനായാസമായ അഭിനയശൈലികൊണ്ടും കോമഡി നമ്പറുകള്‍ കൊണ്ടും നായകനായ ഫഹദ് മികച്ചു നിൽക്കുന്ന ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നതല്ല.

കേരളത്തിൽ നിന്ന് നാടുവിട്ട് ഗുജറാത്തിലുള്ള അമ്മാവനൊപ്പം ജീവിക്കുന്ന പ്രകാശന്‍ എന്ന യുവാവിന്റെ കഥയാണ് സിനിമ. ടയര്‍ റീസോളിങ് നടത്തി ജീവിക്കുന്ന ഇരുവരുടെയും മറ്റൊരു ചങ്ങാതിയാണ് അരവിന്ദേട്ടന്‍. എന്നാല്‍ അമ്മാവന്‍ മരിക്കുന്നതോടെ പ്രകാശന്‍ ഒറ്റയ്ക്കാകുന്നു. കൂട്ടിന് ലക്ഷകണക്കിന് രൂപ കടവും. നാട്ടിലെ തന്റെ സ്വത്ത് വിറ്റ് കടം വീട്ടാനൊരുങ്ങുന്ന പ്രകാശന്‍ കേരളത്തിലേക്ക് യാത്ര തിരിക്കുന്നതും പിന്നീട് അയാളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് അയാള്‍ ഞാനല്ല ചിത്രം.

fahad-sujoy

ആദ്യ പകുതി ഗുജറാത്തി കാഴ്ചകളും വിശേഷങ്ങളുമായി മുന്നോട്ട് പോകുന്നു. രണ്ടാം പകുതിയ്ക്ക് മുന്‍േപ കഥ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു. സ്ഥലം വില്‍ക്കാന്‍ ബംഗലൂരുവിലെ ഒരു സുഹൃത്തിനടുത്തെത്തുന്ന പ്രകാശന്‍ അവിടെ മറ്റൊരാളായി വേഷം കെട്ടുന്നതോടെയാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്.

രഞ്ജിത്തിന്‍റെ ചെറിയ കഥയെ തന്നാലാവും വിധം ആത്മാര്‍ത്ഥയോടെ അത് വെള്ളിത്തിരയിലെത്തിക്കാന്‍ വിനീതിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ രസകരമായ കഥാതന്തുവിനെ പരിപോഷിപ്പിക്കാന്‍ വിനീതിന് സാധിച്ചില്ല. അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം പക്ഷേ പ്രേക്ഷകനെ വലുതായി രസിപ്പിക്കില്ല. അവാർഡ് സിനിമ പോലെ ആരംഭിച്ച് ശേഷം ചെറിയ ചില തമാശകളിലേക്ക് വഴി മാറി ഒടുക്കം ശുഭമായി അവസാനിക്കുന്നു.

മലയാളത്തിന് പരിയചമില്ലാത്ത ലൊക്കേഷനാണ് സിനിമയുടെ പ്രത്യേകത. ഗുജറാത്തിലെ ഉപ്പുപാടങ്ങളും അവിടെ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗവും ശ്രദ്ധേയം. ശ്യാംദത്തിന്‍റെ ഛായാഗ്രഹണം ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു. ഗുജറാത്തി ഗാനങ്ങളും ഈണങ്ങളുമായി മനു രമേശ് ഒരുക്കിയ സംഗീതവും മികച്ചു നില്‍ക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിച്ചതായി. മനോജിന്‍റെ ചിത്രസംയോജനവും സിനിമയോട് നീതിപുലര്‍ത്തി.

mridula

ഒരു കൊമേഴ്സ്യല്‍ എന്‍റ്ര്‍ടെയ്നര്‍ അല്ലെങ്കില്‍ കൂടി ഒരു പുതുമ സിനിമയ്ക്ക് അവകാശപ്പെടാനില്ല. ലളിതമായ കഥയെ അതേ ലാഘവത്തോടെ സംവിധായകന്‍ ആവിഷ്കരിച്ചിരിക്കുന്നു. യുവപ്രേക്ഷകർ ആഗ്രഹിക്കുന്ന ട്വിസ്റ്റോ, സംഘര്‍ഷനിമിഷങ്ങളോ ഒന്നും തന്നെ ഇല്ല.

ഗുജറാത്തിയായും കൊയ്‌ലാണ്ടി ക്കാരനായ പ്രകാശനായും ഫഹദ് തിളങ്ങിയിട്ടുണ്ട്. കൊയ് ലാണ്ടി ഭാഷയെ‍ ഒട്ടും കൃത്രിമത്വം തോന്നാതെ മനോഹരമായി ഫഹദ് അവതരിപ്പിച്ചു. കൈയില്‍ കിട്ടുന്ന വേഷങ്ങള്‍ എന്തായാലും അത് ഭംഗിയായി അവതരിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ഫഹദ് ഫാസില്‍. ടി. ജി രവി, രഞ്ജി പണിക്കര്‍, ടിനി ടോം സിജോയ്‌ വര്‍ഗീസ്‌ എന്നിവര്‍ അവരുടെ വേഷം ഭംഗിയാക്കി. കോമഡി വിഭാഗം ലോലിതനും നോബിയും ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. മൃദുല മുരളിയും ദിവ്യ പിള്ളയുമാണ് നായികമാര്‍.

അയാൾ ഞാനല്ല ന്യൂജനറേഷൻ സിനിമയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ഫഹദിന്റെ കരിയറിലെ നിർണായക സമയത്തെത്തിയ മോശമല്ലാത്ത ഇൗ ചിത്രത്തെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിക്കുകയാണ് എല്ലാവരും.