Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മാണ്ഡം എന്നാല്‍ ബാഹുബലി

prabhas-baahubali പ്രഭാസ്

എല്ലാം തികഞ്ഞ ഒരു ബ്രഹ്മാണ്ഡ ഇന്ത്യന്‍ ചിത്രം ഏതെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇനി ചരിത്രം നോക്കി തപ്പിത്തടയേണ്ടതില്ല. ധൈര്യമായി ഉത്തരം പറയാം ബാഹുബലി എന്ന്. വിശേഷണങ്ങള്‍ക്ക് അതീതമായ ഒരു ദൃശ്യാനുഭവം. ഇന്ത്യന്‍ സിനിമയ്ക്ക് മുഴുവന്‍ ഊറ്റം കൊള്ളാം. ഈ ചിത്രത്തിന്‍റെ പേരില്‍. ഇതിന്‍റെ സംവിധായകന്‍റെ പേരില്‍. അതെ ബാഹുബലി കണ്ടിരിക്കേണ്ട വിസ്മയചിത്രം തന്നെ.

പ്രതീക്ഷകളുടെ അമിതഭാരവുമായെത്തുന്ന ചിത്രങ്ങള്‍ ഒന്നു പോലും ആ അതിനൊത്തുയര്‍ന്ന ചരിത്രമില്ല. ബ്രഹ്മാണ്ഡ ചിത്രം, ഇതുവരെ കാണാത്ത സിനിമ എന്നൊക്കെയുള്ള അവകാശവാദങ്ങളുമായെത്തുന്ന സിനിമകള്‍ മിക്കതും മല പോലെ വന്നത് എലി പോലെ പോയി എന്ന അവസ്ഥയിലാകും തീയറ്റര്‍ വിടാറ് പതിവ്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമെന്ന പെരുമയുമായെത്തിയ ബാഹുബലി പെരുമയ്ക്കും അപ്പുറമുള്ള പ്രകടനം കാഴ്ച വച്ചെന്ന് മാത്രമല്ല ഒരോ സീനും ഒാര്‍ത്തു വയ്ക്കേണ്ട ഒരു ക്ലാസ് ബ്രഹ്മാണ്ഡ സിനിമയായി പരിണമിക്കുകയും ചെയ്തു.

മഹിഷ്മതി രാജ്യത്തെ കിരീടാവകാശിയാണ് ശിവ. എന്നാല്‍ ഒരു ആദിവാസി സമൂഹമാണ് ശിവയെ നോക്കി വളര്‍ത്തിയത്. വലിയൊരു വെളളച്ചാട്ടമാണ് അവരുടെ സാമ്രാജ്യത്തിന്‍റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. ആ വെള്ളച്ചാട്ടത്തിന് അപ്പുറം എന്തെന്ന് ആര്‍ക്കുമറിയില്ല. സാക്ഷാല്‍ പരമശിവന് മാത്രം കയറിവരാമെന്ന് വിശ്വസിക്കുന്ന ആ വെള്ളച്ചാട്ടം കടന്ന് ശിവ എത്തുന്നതോടെയാണ് ബാഹുബലി ആരംഭിക്കുന്നത്.

Baahubali - The Beginning Release Trailer

കണ്ണു നിറയെ കാണാനും ത്രില്ലടിച്ചിരിക്കാനും ആവോളം കാഴ്ചകളുള്ള ഇതിഹാസചിത്രമാണ് ബാഹുബലി. 300, ലോര്‍ഡ് ഓഫ് ദ് റിങ്സ് സിനിമകളൊക്കെ ഇഷ്ടചിത്രങ്ങളായി നെഞ്ചോട് ചേര്‍ത്ത വച്ചവര്‍ക്ക് ഇനി അഭിമാനത്തോടെ പറയാം ‘ബാഹുബലി’ ഞങ്ങളുടെ സിനിമയാണെന്ന്. പുരാണകഥയാണെങ്കില്‍ കൂടി ഇതുവരെ കാണാത്ത കാഴ്ചകളിലേക്ക് രാജമൗലി നമ്മെ കൂട്ടിക്കൊണ്ട് പോകും.

bahubali-movie-poster റാണ

ഇരട്ട വേഷത്തിലെത്തിയ പ്രഭാസ് ആകാരഭംഗി കൊണ്ടും പ്രകടനം കൊണ്ടും ബാഹുബലിക്ക് ഏറ്റവും അനുയോജ്യനായി. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച റാണാ ദഗ്ഗുപതിയും മികച്ചു നിന്നു. പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് രമ്യ കൃഷ്ണന്‍ പ്രക്ഷകരെ അമ്പരിപ്പിച്ചു. ആദ്യ ഭാഗത്തില്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീകഥാപാത്രവും രമ്യ കൃഷ്ണന്‍റെ ശിവഗാമിയെയായിരിക്കും. അവന്തിക എന്ന കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം നല്‍കാന്‍ തമന്നയ്ക്ക് കഴിയുന്നില്ല. നാസറും സത്യരാജും അവരുടെ പെരുമയ്ക്കൊത്ത പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അതിഥിതാരമായി സാക്ഷാല്‍ രാജമൗലിയും ചിത്രത്തിലെത്തുന്നുണ്ട്.

ഇതുപോലൊരു വിസ്മയചിത്രം ഒരുക്കിയതിന് എസ് എസ് രാജമൗലിക്ക് നന്ദി. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാഹുല്‍ കൊദ, മദന്‍ കര്‍കി, രാജമൗലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരുക്കുന്നത്. ചിത്രത്തിലെ വാൾപയറ്റും സംഘട്ടനരംഘന രംഗങ്ങളുമൊക്കെ അതീവ ഭംഗിയോടെ റിയലിസ്റ്റിക്കായി ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ചിത്രത്തിന്‍റെ അവസാന ഭാഗത്തെ യുദ്ധരംഗങ്ങള്‍ മാത്രം മതി അദ്ദേഹത്തിന്‍റെ കഴിവ് ബോധ്യപ്പെടാന്‍.

sabu-cyril-bahubali സാബു സിറില്‍ (ഇടത് )

സാബു സിറിലിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്ക് ബാഹുബലിയാണെന്ന് നിസംശയം പറയാം. ചിത്രത്തിനായി റോബോട്ടിക് ആനയെയും കുതിരയെയും വരെ അദ്ദേഹം നിര്‍മിച്ചു. മഹിഷ്മതിയുടെ തലസ്ഥാനത്ത് കൂറ്റന്‍ സ്വര്‍ണപ്രതിമ ഉയര്‍ത്തുന്ന രംഗം, അതിരപ്പള്ളിയില്‍ ചിത്രീകരിച്ചിരിക്കുന്ന വെള്ളച്ചാട്ടത്തിലെ ദൃശ്യങ്ങള്‍ അങ്ങനെ എടുത്തു പറയാനാണെങ്കില്‍ ഒരുപാടുണ്ട് ചിത്രത്തില്‍.

ആദ്യ ഭാഗങ്ങളിലെ പ്രഭാസിന്‍റെയും തമന്നയുടെയും ചിലപ്രണയരംഗങ്ങള്‍ ചിത്രത്തെ ചെറുതായി വലിച്ചു നീട്ടുന്നുണ്ടെങ്കിലും ഉദ്വേഗം ജനിപ്പിക്കുന്ന നിമിഷങ്ങളിലേക്കാണ് ചിത്രത്തിന്‍റെ രണ്ടാം പകുതി നമ്മെ കൊണ്ടുപോകുന്നത്. ആദ്യ അരമണിക്കൂറിന് ശേഷം ബാഹുബലി ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഇതുവരെയുണ്ടായിട്ടുള്ള വാണിജ്യ സിനിമകളെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുകയാണ്. രണ്ടാം പകുതി വിഷ്വല്‍ ഇഫക്ട്‌സുകളാല്‍ സമ്പന്നമാണ്. ഓരോ സംഭവങ്ങളും അസാധാരണമായ രീതിയില്‍ സന്നിവേശിപ്പിക്കാന്‍ സംവിധായകനും എഡിറ്റര്‍ക്കും സാധിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലും കഥ കൊണ്ടു പോകുന്ന രീതിയിലും തുടങ്ങി ഓരോ ഷോട്ടും, സ്വീകന്‍സും പോലും പ്രേക്ഷകനെ ഒരു ഘട്ടത്തിലും മുഷിപ്പിക്കില്ല.

rana-rajamouli രാജമൗലി

ഗാനരംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ബാഹുബലിയുടെ ഏറ്റവും വലിയ ആകര്‍ഷണം. എം എം കീരവാണിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ഗാനങ്ങള്‍ അത്ര രസിപ്പിക്കില്ല. കെ കെ സെന്തല്‍കുമാറിന്റ ക്യാമറകണ്ണുകളിലൂടെ തീര്‍ത്ത ദൃശ്യ വിരുന്നും കോട്ടഗിരി വെങ്കിടേഷ റാവുവിന്റെ എഡിറ്റിംഗും എടുത്തു പറയേണ്ടതു തന്നെ. 4500 വിഎഫ്എക്സ് ഷോട്ടുകളാണ് ചിത്രത്തിനായി ഉപയോഗിച്ചത്. ഇതുതന്നെ ഇന്ത്യന്‍ സിനിമയില്‍ ഒരു റെക്കോര്‍ഡ് ആണ്. ശ്രീനിവാസ് മോഹനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാജമൗലിയുടെ ഭാര്യ രാമ രാജമൗലിയാണ് കോസ്റ്റ്യും ഡിസൈനര്‍.

പറഞ്ഞ് നിര്‍ത്തേണ്ടിടത്ത് തന്നെയാണ് ബാഹുബലി അവസാനിക്കുന്നത്. പ്രേക്ഷകനടക്കം ഇനി എന്തെന്ന് ആലോചിച്ച് പോകുന്ന നിമിഷം. നൂറു എതിരാളികളെ കൊല്ലുന്നവന്‍ വീരന്‍, ആ എതിരാളികളില്‍ നിന്ന് മക്കളെ രക്ഷിക്കുന്നവന്‍ കടവുള്‍... അതെ ബാഹുബലി ഒരു അത്ഭുതമാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ പുതിയൊരു ഏടാണ് കുറിക്കപ്പെട്ടിരിക്കുന്നത്. കാത്തിരിക്കാം ഈ ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗത്തിനായി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.