Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകമനസ് കീഴടക്കുന്ന ഭായ്ജാന്‍

Bajrangi Bhaijaan

സൽമാൻ ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണു ബജ്റംഗി ഭായിജാൻ എന്നു അമീർഖാൻ മാത്രമല്ല, പടം കണ്ടിറങ്ങുന്ന ഒാരോരുത്തരും പറയും. കഥയില്ലാത്ത ചിത്രങ്ങളിലാണു സൽമാൻ അഭിനയിക്കാറെന്നു പറയുന്നവർക്കുള്ള ചുട്ടമറുപടിയാണു ബജ്റംഗി ഭായിജാൻ. ബജ്റംഗി ഭായിജാൻ പ്രേക്ഷകരുടെ മനസ് കീഴടക്കുന്നതു കഥയിലെ നൻമ കൊണ്ടാണ്. പാക്ക് മണ്ണിലാണു കഥയുടെ തുടക്കം. പാക്ക് അധിനിവേശ കശ്മീരിലെ സുൽത്താൻപൂരെന്ന ചെറിയ ഗ്രാമത്തിലാണ് ആ വീട്. താഴ്‌വരയുടെ താഴെ അറ്റത്തുള്ള വീടിന്റെ വാതിലിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മൽസരം കാണാൻ ചടഞ്ഞിരിക്കയാണു ഗ്രാമവാസികളിൽ ചിലർ.

ക്രീസിൽ ബാറ്റുമായി ഷാഹിദ് അഫ്രീദി. നിറവയറുമായി മൽസരം കാണുന്ന വീട്ടമ്മ പിറക്കാനിരിക്കുന്ന കുഞ്ഞിനു ഷാഹിദ് എന്ന പേര് കാത്തു വയ്ക്കുന്നു.പിറന്നതു പെൺകുട്ടിയായതോടെ ഷാഹിദയെന്നു പേരു മാറ്റുന്ന അമ്മ അവളെ പൊന്നുപോലെയാണു നോക്കുന്നത്. ചെമ്മരിയാടുകളുടെ നടുവിൽ സന്തോഷത്തോടെ തുള്ളിച്ചാടുന്ന ഹർഷാലി മൽഹോത്ര അവതരിപ്പിക്കുന്ന കൊച്ചു ഷാഹിദയെ പ്രേക്ഷകർ ആദ്യ കാഴ്ചയിൽ തന്നെ നെഞ്ചിലേറ്റും. എന്നാൽ സംസാര ശേഷിയില്ലാത്ത ഷാഹിദ മാതാപിതാക്കൾക്കും ഗ്രാമത്തിനും തീരാദുഖമാകുന്നു.

Bajrangi Bhaijaan

പലരുടെയും ഉപദേശം കേട്ടു ഇന്ത്യയിലെ ഒരു ദർഗയിൽ മകളെ കൊണ്ടു പോയി പ്രാർത്ഥിക്കാൻ തീരുമാനിക്കുന്നു അമ്മ. ഇതിനായുള്ള ട്രെയിൻ യാത്രയിൽ അമ്മയ്ക്കു മകളെ നഷ്ടമാകുന്നു. ഇന്ത്യൻ അതിർത്തിയിൽ നഷ്ടമായ മകളെ തേടിയുള്ള അമ്മയുടെ അന്വേഷണം പാക് ഉദ്യോഗസ്ഥർ അവസാനിപ്പിച്ചു അവരെ തിരികെ നാട്ടിലേക്ക് അയക്കുന്നു. ഗുഡ്സ് ട്രെയിനിൽ കുരുക്ഷേത്ര എന്ന സ്ഥലത്തു വന്നിറങ്ങുന്ന ചെറിയ പെൺകുട്ടി അവിടെ വച്ചാണു കടുത്ത ഹനുമാൻ ഭക്താനായ പവനെ (സൽമാൻ) കാണുന്നത്.ആളുകൾ പവനെ ബജ്റംഗി ഭായിജാനെന്നാണു സ്നേഹത്തോടെ വിളിക്കുന്നത്. മിണ്ടാൻ കഴിയാത്ത പെൺകുട്ടി ഭക്ഷണത്തിനായി ബജ്റംഗിയുടെ പിന്നാലേ കൂടുന്നു. പവൻ ആദ്യം കുട്ടിയെ ഒഴിവാക്കാൻ ശ്രമിക്കുമെങ്കിലും പൊലീസുകാർ കുട്ടിയെ പവനോടൊപ്പം പറഞ്ഞയക്കുന്നു.

അച്ഛൻ മരിച്ചതിനാൽ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നു ജോലി അന്വേഷിക്കുന്ന ബജ്റംഗി മനസ്സിലാ മനസോടെ കുട്ടിയുമായി വീട്ടിലേക്കു പോകുന്നു.ഇന്ത്യയുടെ ഏതോ കോണിൽ നിന്നുള്ള ഹിന്ദുമതവിശ്വാസക്കാരിയെന്ന ധാരണയിൽ കുട്ടിയെ വീട്ടിൽ കൊണ്ടുപോകുന്ന പവൻ ഞെട്ടലോടെയാണു പാക്കിസ്ഥാൻകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെയാണു താൻ സംരക്ഷിക്കുന്നതെന്നു തിരിച്ചറിയുന്നത്.കടുത്ത ഹിന്ദുമതവിശ്വാസികളായ കുടുംബം പതിയെ ഷാഹിദയെ സ്നേഹിക്കാൻ തുടങ്ങുന്നു. കുട്ടിയെ തിരികെ നാട്ടിലേക്ക് അയക്കാനുള്ള പവന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. കുട്ടിക്ക് ഒൗദ്യോഗിക രേഖകളോ പാസ്പോർട്ടും ഒന്നുമില്ലാത്തതിനാൽ എംബസിയും അധികൃതരും കുഞ്ഞു ഷാഹിദയേയും പവനെയും കൈവിടുന്നു.

Salman, Kareena

എന്നാൽ തോറ്റു പിൻമാറാൻ കൂട്ടാക്കാത്ത ബജ്റംഗി ഭായിജാൻ കുട്ടിയുമൊത്തു അതിർത്തി കടക്കാൻ തീരുമാനിക്കുന്നു. സംസാര ശേഷിയില്ലാത്ത കുട്ടിയുമായി അതിർത്തി കടക്കാൻ നടത്തുന്ന ശ്രമങ്ങളും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണു ചിത്രത്തിന്റെ ബാക്കി. നവാസുദ്ദീൻ സിദ്ദിഖി, കരീന കപൂർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പ്രേക്ഷകരുടെ കണ്ണു നിറയ്ക്കുന്ന ക്ലൈമാക്സാണ് ചിത്രത്തിനുള്ളത്. മസിലുരുട്ടുന്ന സൽമാനെ കാണാൻ ചെല്ലുന്നവർക്കു ചിത്രം അപ്രതീക്ഷിത ഞെട്ടൽ സമ്മാനിക്കും. ബാഹുബലി ഒരുക്കിയ എസ്.എസ്.രാജമൗലിയുടെ പിതാവ് കെ.വിജയേന്ദ്രപ്രസാദിന്റെയാണു ചിത്രത്തിന്റെ കഥ. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണെന്നു അടിവരയിടുന്ന ചിത്രം റമസാൻ കാലത്ത് പ്രേക്ഷകർക്ക് നല്ല ഒരു വിരുന്നൊരുക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.