Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെയും കുടുംബങ്ങളുടെയും ഭാസ്കര്‍

കോമഡിയും ആക്ഷനും ഹീറോയിസവും ഫാമിലി മൂഡുമൊക്കെ സമം ചേര്‍ത്തുണ്ടാക്കിയ നല്ലൊരു കൂട്ടുകറിയാണ് ഭാസ്കര്‍ ദി റാസ്കല്‍. ആരാധകര്‍ക്കും കുംടുംബപ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ രുചിക്കുന്ന ഒരു സിനിമ. രണ്ടാം പകുതിയിലെ ചെറിയ ചില പാളിച്ചകള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ കാശ് മുതലാക്കാവുന്ന ചിത്രം.

സിദ്ദിഖ് എന്ന സംവിധായകനില്‍ നിന്നും മലയാളിക്ക് ലഭിച്ച മറ്റൊരു മികച്ച എന്റെര്‍ടെയ്നര്‍ ആണ് ഭാസ്കര്‍. ആവശ്യത്തിന് ആക്ഷനും അത്യാവശ്യം നല്ല കോമഡികളും. പക്ഷേ കുടുംബ ചിത്രമെന്ന പരിധിയ്ക്കുള്ളില്‍ ഭാസ്ക്കറിനെ തളച്ചിടാന്‍ സംവിധായകന് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. രണ്ടാം പകുതിയിലെ ഇഴച്ചിലില്‍ നിന്ന് ഇക്കാര്യം വ്യക്തമാകും.

ഭാസ്കര്‍ അതിസമ്പന്നനാണ്. എന്നാല്‍ ആള് കുറച്ച് റാസ്കലും. അച്ഛന്റെ ഈ റാസ്കല്‍ സ്വഭാവം മകന് ഒട്ടും ഇഷ്ടമല്ല താനും. അമ്മ മരിച്ച ആദിയെ ഭാസ്കറാണ് വളര്‍ത്തിയതും. ആദിയും ഭാസ്കറുമുള്ള ലോകത്തിലേക്ക് ഹിമയും അവരുടെ മകള്‍ ശിവാനിയും കടന്നുവരുന്നതോടെ കഥ മാറുകയാണ്.

ഭാസ്കറിന്റെ മകനായ ആദി(സനൂപ്)ക്ക് ഹിമ(നയന്‍താരയ)യോട് വല്ലാത്ത അടുപ്പമാണ്. ഇതേ അടുപ്പം ശിവാനി (ബേബി അനിഘ)ക്ക് ഭാസ്കറിനോടും ഉണ്ട്. ഭാസ്കറും ഹിമയും ഒന്നിക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം. ഇതിനു വേണ്ടി അവര്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം.

nayanthara-mammootty

ഇൌ പ്രമേയത്തെ നേരത്തെ പറഞ്ഞ ചേരുവകളൊക്കെ ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ ഒരു പരിധി വരെ വിജയിച്ചു. ഏവരെയും തൃപ്തിപ്പെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒന്നാം പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് ചിത്രം മാറുമ്പോള്‍ പെട്ടെന്ന് ഒരു ബ്രേക്കിട്ട അനുഭവമാണ് ഉണ്ടാകുക. അവിടെ നിന്ന് ക്ളൈമാക്സിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ ചെറുതായി കൈവിട്ടു പോകുകയും ചെയ്യുന്നു. വില്ലന് ചിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുമില്ല. ചിലപ്പോഴൊക്കെ സിദ്ദിഖിന്റെ മുന്‍ ചിത്രങ്ങളിലേതിനു സമാനമായ ചില രംഗങ്ങളും കടന്നു വരുന്നുണ്ട്.

കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, ഹരിശ്രീ അശോകന്‍ എന്നിവരാണ് സിനിമയുടെ കോമഡി ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്തത്. കൂട്ടത്തില്‍ ജൂനിയര്‍ ആണെങ്കിലും സാജുവാണ് മറ്റു രണ്ടു പേരെക്കാളും കൂടുതല്‍ സ്കോര്‍ ചെയ്തത്. സിദ്ദിഖ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ജനാര്‍ദ്ദനന്‍ ദാസ്ക്കറിന്റെ അച്ഛന്റെ വേഷത്തിലെത്തുന്നു. ബാലതാരങ്ങളായ മാസ്റ്റര്‍ സനൂപും ബേബി അനിഘയും പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ അഭിനയിച്ചു.

isha-talwar-in-bhaskar

ഫാമിലി ഡ്രാമയും കോമഡിയും അക്ഷനും രസകരമായി സംയോജിപ്പിച്ചാണ് സിദ്ധിഖ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നര്‍മ്മ സംഭാഷണളേക്കാള്‍ സിറ്റ്വേഷന്‍ കോമഡിയിലൂടെയാണ് സംവിധായകന്‍ ചിത്രത്തെ കൈപിടിച്ച് കൊണ്ടു പോകുന്നത്.വിജയ് ഉലകനാഥിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും ഭാസ്ക്കറിനെ ഒരു ഉത്സവചിത്രമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

സിദ്ദിഖിന്റെ പ്രതാപകാല സിനിമകളോട് കിട പിടിക്കുന്നതല്ല ഭാസ്കറെങ്കിലും ഇൌ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല. അവധിക്കാലത്ത് കുട്ടികളും കുടുംബവുമൊന്നിച്ച് സിനിമയ്ക്ക് പോകാനിരിക്കുന്നവര്‍ക്ക് ധൈര്യമായി ഭാസ്കര്‍ കാണാന്‍ പോകാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.