Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാപ്റ്റനുണ്ട്, അയൺമാനുണ്ട്, സ്പൈഡർമാനുണ്ട്! കണ്ടോളൂ കണ്ടോളൂ...

captian-america-civil-war

ട്വന്റി-ട്വന്റി സിനിമയിൽ ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങൾ പരസ്പരം കൊമ്പ് കോർത്തപ്പോൾ ആരാധകർ തിയറ്ററുകൾ ഇളക്കി മറിച്ച ഓർമയുടെ ആവർത്തനമായിരുന്നു, മാർവൽ ചിത്രങ്ങൾക്ക് ആരാധകർ ഏറെയുള്ള കൊച്ചിയിലെ തിയറ്ററിൽ ഇന്നലെ കണ്ടത്.‌ അവതരണത്തിൽ ട്വന്റി ട്വന്റിയുടെ ഇംഗ്ലീഷ് പതിപ്പായി വരും ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ. മാർവൽ ചിത്രത്തിന്റെ എല്ലാ രൗദ്രഭാവങ്ങളും ആവാഹിച്ച സിനിമ. അവസാന നിമിഷം വരെ പ്രേക്ഷകനെ സീറ്റിൽ പിടിച്ചിരുത്തുന്ന ടെയിൽ എൻഡ് ആഖ്യാന വൈഭവവും മാർവൽ ചിത്രങ്ങളുടെ സവിശേഷതയാണ്.

Marvel's Captain America: Civil War - Trailer 2

ആശയപരമായ അഭിപായ വ്യത്യാസങ്ങൾ മൂലം സൂപ്പർതാരങ്ങൾ (അവൻജേഴ്സ്) ഇരുചേരിയാകുന്നതും പിന്നീട് വൈരാഗ്യം വളർന്ന് പരസ്പരം പോരടിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് പ്രമേയം. ഫ്ലാഷ് ബാക്ക് രംഗങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ രംഗങ്ങളിൽ തന്നെ സസ്പെൻസ് നിറയ്ക്കുന്ന സീനുകൾ.

വാനോളമുയർത്തുന്ന പ്രതീക്ഷകൾ തൃപ്തിപ്പെടുത്തുന്ന മികച്ച ദൃശ്യാനുഭവം തന്നെയാണ് സിവിൽ വാർ. അടുത്തിറങ്ങിയ ബാറ്റ്മാൻ-സൂപ്പർമാൻ ചിത്രത്തിന് സമാനമായി സൂപ്പർ താരങ്ങൾ പരസ്പരം കൊമ്പ് കോർക്കുകയാണ് സിവിൽ വാറിൽ. മാർവൽ കോമിക്സിനെ ആധാരമാക്കി ആന്റണി- ജോയ് റുസ്സോ സഹോദരന്മാരാണ് ചിത്രം സംവിധാനം. ചെയ്തിരിക്കുന്നത്.

Marvel's Captain America: The Winter Soldier - Trailer 2

മാർവൽ ആരാധകർ ഈ അടുത്തിടെ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. 2014 ൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ പോസ്റ്ററുകളിലൂടെയും ട്രെയിലറുകളിലൂടെയും വാർത്തകളിൽ ഇടം നേടി. ക്യാപ്ടൻ അമേരിക്ക സീരിസിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രം. 'അവൻജേഴ്സ്-ഏജ് ഓഫ് അൾട്രോണി'ന്റെ തുടർചിത്രം.

captain-america-civil

മുൻ ക്യാപ്ടൻ അമേരിക്ക സിനിമയിലെ വില്ലനായ വിന്റർ സോൾജ്യർ, ചിത്രത്തിലെ ശക്തമായ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നായി തിരിച്ചെത്തുന്നു. മികച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ക്യാപ്റ്റനായി ക്രിസ് ഇവാൻസും അയൺമാനായി റോബർട്ട് ഡൗണി ജൂനിയറും വിന്റർ സോൾജ്യറെ അവതരിപ്പിച്ച സെബാസ്റ്റ്യൻ സ്റ്റാനും അടക്കം താരങ്ങൾ എല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. സ്പൈഡർമാനും മാർവൽ കോമിക്സിലെ ബ്ലാക്ക്‌പാന്തർ എന്ന കഥാപാത്രവും ഇതിനു മുൻപിറങ്ങിയ മാർവൽ ചിത്രമായ ആന്റ്മാനിലെ ടൈറ്റിൽ കഥാപാത്രവും ചിത്രത്തിൽ അണി ചേരുന്നു. സ്പൈഡർമാൻ ചുരുക്കം രംഗങ്ങളിൽ ഒതുങ്ങിപ്പോയെങ്കിലും കഥാഗതിയിലെ പിരിമുറുക്കത്തിന് അയവു വരുന്നത് ചിലന്തിപ്പയ്യന്റെ വരവോടെയാണ്.

ചിത്രത്തിലെ കൃത്രിമത്വം അനുഭവപ്പെടാത്ത സിജിഐ ഗ്രാഫിക്സ് സാങ്കേതികവിദ്യ കാഴ്ച്ചയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ചടുലമായ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ആസ്വാദന ശേഷി വർദ്ധിപ്പിക്കുന്നു. മാർവൽ കോമിക്സിൽ നിന്നും പ്രകടമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എടുത്തു പറയുന്ന ഒരു പോരായ്മ മൂലകഥയിൽ അല്പം വെള്ളം ചേർത്തു എന്നത് മാത്രമാണ്. കോമിക്സിൽ നിന്നും സിനിമയിലേക്കുള്ള പുനരാഖ്യാനം അതാവശ്യപെടുന്നത് കൊണ്ട് ആ പോരായ്മ മറക്കാം.

Captain America: The First Avenger - Trailer

നഷ്ടബോധത്തിൽ നിന്നും ഉയിർക്കുന്ന പ്രതികാരത്തിന്റെ കഥ കൂടി ചിത്രം രഹസ്യമായി പറഞ്ഞു വയ്ക്കുന്നു. മാർവൽ കോമിക്സിലെ ഏറ്റവും മികച്ച ഒരു സൂപ്പർഹീറോ 'ട്രിലജി'യ്ക്ക് ശുഭകരമായ തിരശ്ശീല വീഴുകയാണ് ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിലൂടെ. രണ്ടര മണിക്കൂർ ആസ്വദിച്ചിരുന്നു കാണാം ഈ ഹോളിവുഡ് ട്വന്റി ട്വന്റി.

വാൽക്കഷണം- രണ്ട് ടെയിൽ എൻഡ് സീനുകൾ ഉള്ളത് കൊണ്ട് അവസാനം വരെ സീറ്റിൽ അമർന്നു ഇരിക്കുക.

മുന്നറിയിപ്പ്- അടിപൊളി പടമാണെന്ന് കരുതി മുൻഭാഗങ്ങൾ കാണാതെ പടത്തിനു കയറിയാൽ 'ഹോട്ടലാണെന്ന് കരുതി ബാർബർ ഷാപ്പിൽ കയറിയ' അനുഭവമായിരിക്കും. ജാഗ്രതൈ!

Your Rating: