Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രേട്ടന്‍ ഇവിടെയാ, നമ്മളിലൊക്കെത്തന്നെ

മട്ടന്നൂര്‍ ചന്ദ്രമോഹനന്‍ അഥവാ ചന്ദ്രേട്ടന്‍ നമ്മളില്‍ പലരിലുമുണ്ട്. സമൂഹം കല്‍പിച്ചിരിക്കുന്ന ചെക്ക് ലിസ്റ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടതൊക്കെയുണ്ട് അയാള്‍ക്ക്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ, മകന്‍, അന്തസ്....

മറ്റൊരു ജീവിതം-ഒരു പക്ഷേ തനിക്ക് കൂടുതലിഷ്ടപ്പെട്ടത്- ആടിക്കൊണ്ട് അയാള്‍ പിന്നെയും നമ്മളിലൊരാളാകുന്നുണ്ട്. ആ രണ്ടാം വാഴ്വില്‍ അയാളൊരു കലാനിരൂപകനാണ്. ക്ളാസിക്കല്‍ നൃത്തമാസ്വദിച്ച്, പാട്ട് കേട്ട്, ലേഖനങ്ങളെഴുതി, കൂട്ടു കൂടി കള്ള് കുടിച്ച് നടക്കാനിഷ്ടപ്പെടുന്നൊരാള്‍.

അയാളുടെ ഇരട്ട വ്യക്തിത്വങ്ങളെ കൂട്ടിക്കെട്ടുന്ന ഒരേയൊരു കണ്ണി ഭാര്യ സുഷമയുടെ (അനുശ്രീ) 'ചന്ദ്രേട്ടന്‍ എവിടെയാ' എന്നു ചോദിച്ചുകൊണ്ടുള്ള നിര്‍ത്താതെയുള്ള ഫോണ്‍വിളി മാത്രമാണ്. തന്നിലെ ദ്വന്ദ്വങ്ങളെ ചേര്‍ത്ത്് കൊണ്ടുപോകാനുള്ള ഒരു ഞാണിന്‍മേല്‍ കളിയുടെ ഭാഗമായി, കുഴയുന്ന നാക്കുകൊണ്ടയാള്‍ നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നു, പിടിക്കപ്പെടുകയും.

dileep-anusree

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത പുതിയ ദിലീപ് ചിത്രം 'ചന്ദ്രേട്ടന്‍ എവിടെയാ' അതിന്റെ കാമ്പില്‍ ഒരു കുടുംബചിത്രമാണ്. (കുടുംബം, കുടുംബം എന്നു പറഞ്ഞ് അതിനെ ഇഷ്ടപ്പെട്ടും വെറുത്തും മുറിവുകളുണ്ടാക്കിയും ഉണക്കിയുമൊക്കെ നമ്മള്‍ സൃഷ്ടിച്ച ചലച്ചിത്രശാഖ). വിവാഹം എന്ന സ്ഥാപനത്തെ ഒരു വിമര്‍ശകന്റെ കണ്ണിലൂടെ കാണുന്ന ജനപ്രിയാഖ്യാനമാണ് ഒറ്റവരിയില്‍ ഈ ചിത്രം.

Chandrettan Evideya Official Trailer

നല്ല ഭര്‍ത്താവും അച്ഛനുമാകാനുള്ള ആത്മാര്‍ഥമായ ആഗ്രഹം കൊണ്ട് അയാള്‍ കുടുംബസമേതം ഒരു യാത്ര പോകുന്നു. തഞ്ചാവൂരിലേക്ക്. കല എല്ലാ രൂപത്തിലും തഴച്ച, സമ്പന്നമായ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും കല്‍ക്കമാനങ്ങളവശേഷിക്കുന്ന ഊരിലേക്ക്.

പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. ചന്ദ്രമോഹനന്‍ എന്താഗ്രഹിച്ചോ അതിന്റെ വിപരീതത്തിലേക്കുള്ള മറ്റൊരു യാത്രയുടെ തുടക്കമാകുന്നു തഞ്ചാവൂര്‍. അവിടുത്ത കേഴ്വികേട്ട വൈത്തീശ്വരം കോവിലിലെ നാഡീജ്യോതിഷി ആയിരം കൊല്ലം പഴക്കമുള്ള പോയ ജന്മത്തിന്റെ കഥ അയാള്‍ക്ക് ചൊല്ലിക്കൊടുക്കുന്നു. ആ ജന്മത്തിലയാള്‍ ചോളരാജാവിന്റെ ആസ്ഥാന കവിയായ വേല്‍ക്കൊഴു കൊട്ടുവനായിരുന്നെന്നും രാജ നര്‍ത്തകിയായ വസന്തമല്ലികയെ കാമിച്ചതിനു ചോളരാജാവ് യുദ്ധത്തിനയച്ചു കൊന്നുവെന്നും മണിച്ചിത്രത്താഴ് മട്ടിലൊരു കഥ. വസന്തമല്ലിക ആയിരം കൊല്ലമിപ്പുറം തന്റെ കാമുകനെ തേടിവരുമെന്നും അതിനാല്‍ കണവനില്‍ ഒരു കണ്ണുവേണമെന്നും സുഷമയോടു പറയുന്നു ജ്യോതിഷി. (യുക്തിവാദികളേ കഥയില്‍ ചോദ്യവുമായി ഈ വഴി വരല്ലേ)

dileep

തഞ്ചാവൂരില്‍ നിന്നും തിരിച്ചെത്തി തലയ്ക്ക് കനം കൂടി കിടന്നുറങ്ങുന്നൊരു രാത്രി ചന്ദ്രന്‍ കണ്ണാടിയില്‍ തനിക്ക് പകരം കുട്ടുവനെ കാണുകയും ഡോ. ഗീതാഞ്ജലിയുടെ (നമിത പ്രമോദ്) രൂപത്തില്‍ ഇന്തകാലത്തെ വസന്തമല്ലിക രംഗപ്രവേശം നടത്തുകയും ചെയ്യുന്നതോടെ അയാളുടെ ജീവിതം മാറുന്നു. ചന്ദ്രനും സുഷമയ്ക്കും ഗീതാഞ്ജലിക്കുമിടയില്‍ പിന്നീട് നടക്കുന്നതാണ് ചിത്രം.

കണ്ട് മടുത്ത, മടുപ്പിക്കുന്ന കഥയില്ലാ വേഷങ്ങളില്‍ നിന്നും ദിലീപിനെ മോചിപ്പിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും നല്ല ഗുണം. മധ്യവര്‍ഗ യാഥാര്‍ഥ്യത്തില്‍ ചവിട്ടി നിന്ന് സാധാരണ പ്രേക്ഷകരെ ലക്ഷ്യമിട്ട് പറഞ്ഞിരിക്കുന്ന ചിത്രം, കച്ചവട സിനിമയുടെ മസാലക്കൂട്ടുകള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്.

പുതുമലയാളകഥയുടെ ഒച്ചകളിലൊന്നായ സന്തോഷ് എച്ചിക്കാനത്തിന്റേതാണ് തിരക്കഥ. മലയാളിയുടെ സമകാല ജീവിതത്തെ കൃത്യമായി വരച്ചിട്ട കഥാകാരന്റെ തിരനാടകത്തിന്റെ രസച്ചരട് ഇടയ്ക്കിടെ അയയുകയും വീണ്ടും മുറുകുകയും ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. സാന്ദര്‍ഭിക തമാശയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ചിലപ്പോഴൊക്കെ ഫലിക്കാതെ വരുന്നു. ചിലപ്പോള്‍ നന്നായി ഫലിക്കുകയും. എങ്കിലും കാഴ്ചക്കാരെ നിരാശരാക്കാതെ അല്‍പ്പമൊന്നുലച്ച് ഒരു നല്ല കഥാകാരന്റെ കൈയ്യടക്കത്തോടെ കഥയെ വട്ടമെത്തിക്കുന്നു എച്ചിക്കാനം.

ചന്ദ്രമോഹന്റെ സങ്കീര്‍ണ വ്യക്തിത്വത്തെ വൃത്തിയായി അവതരിപ്പിക്കുന്നതിനിടയിലും ദിലീപിന്റെ സ്ഥിരം കഥാപാത്രങ്ങളുടെ നിഴല്‍ ചിലപ്പോഴൊക്കെ പടരുന്നുണ്ട്. അനുശ്രീ 'ഡയമണ്ട് നെക്ലേസി'ലെ നിരുപദ്രവകാരിയായ നഗരം കൊതിക്കുന്ന നാട്ടിന്‍ പുറത്തുകാരിയെ ഓര്‍മിച്ച് കൊണ്ട് തുടങ്ങുകയും സുഷമയെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രത്യേകിച്ചും അവസാന രംഗങ്ങളില്‍ രംഗം കീഴടക്കുകയും ചെയ്യുന്നു.

chandrettan-evideya-shootin

അധികമൊന്നും ചെയ്യാനില്ലെങ്കിലും വസന്തമല്ലികയുടെ ആട്ടച്ചുവടുകളിലൂടെ നമിതയും കാഴ്ചക്കാരെയാകര്‍ഷിക്കുന്നു. മുകേഷിന്റെ ശേഖരേട്ടന്‍, സുരാജ് വെഞ്ഞാറമൂടിന്റെ ഇളയത് എന്നീ കഥാപാത്രങ്ങള്‍ക്ക് അവര്‍ തന്നെ വേണമെന്നില്ലായിരുന്നു. കഥയ്ക്ക് കളമൊരുക്കുക എന്ന ജോലി മാത്രമാണവരുടേത്.

സുഷമയുടെ ഉപദേശകയായി കെപിഎസി ലളിതയും ചന്ദ്രമോഹന്റെ സഹപ്രവര്‍ത്തകനായി സൌബിന്‍ ഷാഹിറും തങ്ങളുടെ ഭാഗം കൃത്യമാക്കിയിരിക്കുന്നു. ചെമ്പന്‍ വിനോദിന്റെ അളിയന്‍ കഥാപാത്രത്തിന് ആ നടന്റെ അഭിനയശേഷിയെ ഉപയോഗിക്കാനുള്ള സാധ്യതയില്ലയെന്ന് അയാളുടെ മുന്‍കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടവര്‍ക്ക് തോന്നിയേക്കാം.

പ്രശാന്ത് പിള്ളയുടെ സംഗീതം പ്രത്യേകിച്ച് 'വസന്തമല്ലികേ' എന്ന ഗാനം നേരത്തേ തന്നെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ബവന്‍ ശ്രീകുമാറിന്റെ എഡിറ്റിങും ചിത്രത്തിന്റെ ആഖ്യാനത്തെ സഹായിച്ചിട്ടുണ്ട്.

സിദ്ധാര്‍ഥിന് സന്തോഷിക്കാം. മനുഷ്യ ജീവിതത്തിന്റെ കുഴഞ്ഞു മറിഞ്ഞ വിവിധാവസ്ഥകളെ സാധാരണക്കാരനിഷ്ടപ്പെടുന്ന രീതിയില്‍ പറഞ്ഞ ഒരു സിനിമാധാരയുടെ തുടര്‍ച്ചയായിരിക്കുന്നതില്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.