Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിറകൊടിഞ്ഞതല്ല ഈ കിനാക്കള്‍

ശങ്കര്‍ദാസിനെ പണ്ട് കഥപറഞ്ഞ് കേള്‍പ്പിച്ച് തുടങ്ങിയ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന തിരക്കഥ ഇതുവരെ സിനിമയാക്കാനുള്ള ഭാഗ്യം അംബുജാക്ഷന് ഉണ്ടായിട്ടില്ല. അന്ന് സഹസംവിധായകനായിരുന്ന ലാല്‍ജോസ് ഉള്‍പ്പടെയുള്ളവര്‍ മലയാളത്തില്‍ വലിയ സംവിധായകരായി മാറിയെങ്കിലും അംബുജാക്ഷന്‍ ഇന്നും സിനിമാമോഹവുമായി നടക്കുകയാണ്.

അങ്ങനെ പുതിയൊരു നിര്‍മാതാവിന്റെയും സംവിധായകന്റെയും മുന്നില്‍ നമുക്കെല്ലാം മനഃപാഠമായ തയ്യല്‍ക്കാരന്റെയും സുമതിയുടെയും പ്രണയകഥ അംബുജാക്ഷന്‍ വീണ്ടും പറയുകയാണ്. ആ കഥ പറച്ചിലില്‍ തയ്യല്‍ക്കാരനും സുമതിയ്ക്കുമൊപ്പം വിറകുവെട്ടുകാരനും ഗള്‍ഫുകാരനും പിന്നെ കാലത്തിന് അനുസരിച്ച് ന്യൂജനറേഷന്‍ പയ്യനായ ഒരു യുകെകാരനും ഒക്കെയുണ്ട്. ആ കഥയുടെ ദൃശ്യാവിഷ്കാരത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

sreenivasan-chirakodinja-ki

മലയാള സിനിമയിലെ കണ്ടു ശീലിച്ച കഥാസന്ദര്‍ഭങ്ങളെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് മനോഹരമായി അവതരിപ്പിക്കുകയാണ് സന്തോഷ് വിശ്വനാഥിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍. ഒരു സ്പൂഫ് സിനിമ എന്ന നിലയില്‍ മലയാളത്തില്‍ ഇന്നുവരെയാരും പരീക്ഷിക്കാത്തൊരു ആവിഷ്കാര രീതിയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ലാല്‍ജോസിന്റെ ശബ്ദവിവരണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. പാലുകാച്ചല്‍ കല്യാണം....കല്യാണം പാലുകാച്ചല്‍’‍....സിനിമയുടെ പ്രമേയം അഴകിയ രാവണിലൂടെ പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. കഥയില്‍ പിന്നീട് എന്തൊക്കെ സംഭവിക്കുമെന്നും ഊഹിക്കാം. എന്നാല്‍ അതെങ്ങനെ അവതരിപ്പിക്കും എന്നൊരു ആകാംക്ഷ സിനിമ കാണുന്നവരിലുണ്ടാകാം. അംബുജാക്ഷന്‍ ശങ്കര്‍ദാസിനോട് കഥപറയുന്ന ശൈലിയില്‍ തന്നെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലും അവതരിപ്പിക്കുന്നത്.

മേയ്ക്കിങ് ആണ് സിനിമയെ വേറിട്ടതാക്കുന്നത്. തുടക്കം തന്നെ അത് മനസ്സിലാക്കാനാകും. സിനിമയില്‍ ഇടയ്ക്കിടയ്ക്ക് ശല്യമായി എത്തുന്ന നിയമപരമായ മുന്നറിയിപ്പുകളെ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുന്നു സംവിധായകന്‍. അതുപോലെ സിനിമയിലെ ഓരോ രംഗങ്ങളിലും ഇത്തരമൊരു പരീക്ഷണം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്.

kunchakko-boban-chirakodinj

എന്നാല്‍ കഥയുടെ കാര്യത്തില്‍ ഒരു മാറ്റവും കൊണ്ടുവരാനായില്ല എന്നതാണ് സിനിമയുടെ പ്രധാനപോരായ്മ. തയ്യല്‍ക്കാരന്‍റെയും സുമതിയുടെയും പ്രണയകഥ ഒരുമുഴുനീള സിനിമയായി കാണുമ്പോഴുണ്ടാകുന്ന ഇഴച്ചില്‍ സിനിമയില്‍ കാണാനാകും. കഥയില്‍ കുറച്ചുകൂടി പുതുമയുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയേനേ.

മീറ്റ് ദ സ്പാര്‍ട്ടന്‍സ്, സ്കേറി മൂവി തുടങ്ങിയ ഹോളിവുഡ് സ്പൂഫ് സിനിമകള്‍ പോലെ മലയാളസിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്ന ആദ്യത്തെ മികച്ച സ്പൂഫ് സിനിമകളില്‍ ഒന്നായിരിക്കും ചിറകൊടിഞ്ഞ കിനാവുകള്‍. എന്നാല്‍ ഇത്തമൊരു അവതരണരീതിയെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്.

Chirakodinja Kinavukal Official Teaser

മലയാളികള്‍ക്ക് മറക്കാനാകാത്ത രംഗങ്ങളുടെ ക്ളീഷേ അവതരണം, ഇപ്പോഴും തുടര്‍ന്നുകൊണ്ടുപോകുന്ന പതിവ് സിനിമാരീതികള്‍ എന്നിവയെ ആവോളം വിമര്‍ശിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്്. ദേവാസുരം, ഗോഡ്ഫാദര്‍, കല്യാണരാമന്‍ തുടങ്ങി വരിക്കാശേരി മന വരെ ഈ സിനിമയിലൂടെ വന്നുപോകുന്നു. സംവിധായകനായ സന്തോഷ് വിശ്വനാഥും തിരക്കഥാകൃത്തായ പ്രവീണ്‍ എസും മലയാളസിനിമയ്ക്ക് പരിചിതമല്ലാത്ത ധീരമായൊരു പരീക്ഷണം തന്നെയാണ് ചിറകൊടിഞ്ഞ കിനാവുകളിലൂടെ നടത്തിയിരിക്കുന്നത്. അതില്‍ അവര്‍ക്ക് അഭിമാനിക്കാം. ഇത്തരമൊരു പ്രമേയവുമായി എത്തിയ സിനിമ നിര്‍മിക്കാന്‍ തയാറായ ലിസ്റ്റിന്‍ സ്റ്റീഫനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

അംബുജാക്ഷനായി ശ്രീനിവാസനെ പിന്നീട് കാണുമ്പോള്‍ അഴകിയ രാവണിലെ ആ പഴയ അംബുജാക്ഷനെ ഓര്‍ത്തുപോകും. കുഞ്ചാക്കോ ബോബന്‍ ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. തയ്യല്‍ക്കാരനായി ചാക്കോച്ചന്‍ മികച്ചുനിന്നപ്പോള്‍ യുകെക്കാരനെ അത്രയ്ക്കങ്ങ് ഭംഗിയാക്കാന്‍ നടനായില്ല. സുമതിയായി റിമ കല്ലിങ്കല്‍ മികച്ചപ്രകടനം കാഴ്ചവച്ചിരിക്കുന്നു.

rima-chirakodinja-kinavukal

വിറകുവെട്ടുകാരനായി എത്തിയ ജോയ് മാത്യു, കൂട്ടുകാരന്മാരായി വന്ന ഗ്രിഗറി, ഇടവേള ബാബു, സ്രിന്റ, കലാരഞ്ജിനി, മാമുക്കോയ, ലാലു അലക്സ്, സൈജു കുറുപ്പ് എന്നിവരും അവരുടെ വേഷം ഭംഗിയാക്കി. കരയോഗം പ്രസിഡന്‍റായി എത്തിയ ഇന്നസെന്‍റിന്‍റെ അതിഥിവേഷവും രസകരമായി. എസ് വൈത്തിയുടെ ഛായാഗ്രാഹണം, ദീപക് ദേവിന്റെ സംഗീതം, മഹേഷ് നാരായണന്റെ ചിത്രസംയോജനം ഇവയെല്ലാം ചിത്രത്തോട് നീതിനീതിപുലര്‍ത്തിയിട്ടുണ്ട്.

സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കുന്നുണ്ട് ' ഗുരുവിനോ അച്ഛനോ അളിയനോ അല്ല, കാശുമുടക്കി കയറാന്‍ ധൈര്യം കാണിക്കുന്ന നിങ്ങള്‍ക്കാണ് സിനിമ സമര്‍പ്പിക്കുന്നതെന്ന്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇതൊരു പരീക്ഷണ ചിത്രമാണ്. സിനിമയെ സീരിയസായി കാണുന്ന പ്രേക്ഷകന് ഇതൊരു തെറ്റില്ലാത്ത ചിത്രമായിരിക്കാം. എന്നാല്‍ രണ്ടു മണിക്കൂര്‍ മതിമറന്ന് ചിരിക്കണമെന്ന മോഹവുമായി എത്തുന്നവരെ ഈ സിനിമ നിരാശപ്പെടുത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.