Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേട്ടയാടാത്ത കൺജറിങ് 2; റിവ്യു വായിക്കാം

conjuring-review

മേക്കപ്പും ശബ്ദ കോലാഹലങ്ങളും ഇരുട്ടും ഒക്കെ ചേർന്ന പേടിയുടെ ഒരു ചെറു ഡോസ്. തീയറ്ററിലിരിക്കുമ്പോൾ ചെറുതായി പേടിക്കും. എന്നാൽ പുറത്തിറങ്ങി ധൈര്യമായി വീട്ടിൽ പോകാം. ദിവസങ്ങൾ വേട്ടയാടാതെ രണ്ടു മണിക്കൂർ മാത്രം ചെറു പേടി സമ്മാനിക്കുന്ന കൺജറിങ് 2 പ്രതീക്ഷിച്ചത്ര എത്തിയില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം.

2013 ല്‍ ഇറങ്ങിയ കണ്‍ജറിങ്ങിന്റെ രണ്ടാം പതിപ്പായ കണ്‍ജറിങ്-2 വും യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിരിയിരിക്കുന്നത്. 1970 കാലഘട്ടത്തിലെ നോർത്ത് ഇംഗ്ലണ്ട് ആണ് പശ്ചാത്തലം. വര്‍ഷങ്ങളായി ഇംഗ്ലണ്ടിലെ എന്‍ഫീല്‍ഡില്‍ ജീവിക്കുന്ന പെഗി ഹോഡ്‌സണ്‍ എന്ന സ്ത്രീക്കും അവരുടെ നാലു മക്കള്‍ക്കും സ്വന്തം വീടിനുള്ളില്‍ പെട്ടന്നൊരു ദിവസം പല അസാധാരണ അനുഭവങ്ങളും ഉണ്ടാകുന്നു.

The Conjuring 2 - Official Teaser Trailer [HD]

ഇളയമകളായ ജാനറ്റിനാണ് സ്വാഭവത്തിൽ കുറച്ച് അസ്വസ്ഥതകൾ കണ്ടുതുടങ്ങുന്നത്. ആ വീട്ടിൽ പണ്ടു താമസിച്ചിരുന്ന ബിൽ എന്ന എഴുപതുകാരന്റെ ആത്മാവാണ് ജാനറ്റിനുള്ളിൽ കയറിയിരുക്കുന്നതെന്ന് മനസ്സിലാകുന്നതോടെ ആ കുടുംബം എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെടുന്നു.

പ്രേതബാധ സത്യമാണോ എന്നറിയാൻ പള്ളി പാരാനോര്‍മല്‍ അന്വേഷണ വിദഗ്ധരായ എഡ് വാറെന്‍–ലൊറൈന്‍ വാറെന്‍ ദമ്പതികളെ അങ്ങോട്ട് അയക്കുന്നു. അവിടെ എത്തിയപ്പോഴാണ് പൈശാചികമായ സംഭവങ്ങളെയാണ് തങ്ങള്‍ അഭിമുഖീകരിച്ചിരിക്കുന്നതെന്ന് ബോധ്യമാകുന്നത്. പെഗിക്കും കുടുംബത്തിനും ജാനറ്റിലൂടെ ഉണ്ടാകുന്ന ഭീകരമായ അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.

THE CONJURING 2 - Strange Happenings in Enfield Featurette

പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലുള്ള അവതരണം. എവിടെ, എങ്ങനെ ഞെട്ടിക്കണമെന്ന് കൃത്യമായി അറിയാം. പെട്ടന്നുള്ള കട്ട്, ഭീതജനകമായ പശ്ചാത്തലസംഗീതം, ക്ലോസ് അപ് ഷോട്ട്, നിശബ്ദത എന്നിവ കാഴ്ചക്കാരുടെ ഹൃദയമിടിപ്പു കൂട്ടും. സോ, ഇൻസീഡിയസ് എന്നീ ചിത്രങ്ങളിലൂടെ ആളുകളെ എങ്ങനെയൊക്കെ പേടിപ്പിക്കാമെന്ന കാര്യത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ആളാണ് ജയിംസ് വാൻ. കൺജറിങിന്റെ ആദ്യ ഭാഗത്തിലൂടെ തന്നെ അത് തെളിയിക്കുകയും ചെയ്തു.

conjuring-movie

രണ്ടാം ഭാഗത്തിലെത്തുമ്പോൾ പക്ഷേ സ്വാഭാവികത കുറഞ്ഞിട്ടുണ്ട്. പേടിപ്പിക്കാൻ വേണ്ടി മനഃപൂർവം കുത്തിനിറക്കുന്ന ചില രംഗങ്ങൾ സിനിമയിലുണ്ട്. ദ് അമിറ്റിവില്ലെ ഹൊറർ, ദ് എക്സോസിസ്റ്റ്, ദ് ബാബാഡുക് എന്നീ ചിത്രങ്ങളോട് കൺജറിങ് 2–വിന് ചില സാദൃശ്യങ്ങളുമുണ്ട്.

വെറ ഫർമിഗ, പാട്രിക് വിൽസൺ എന്നിവരാണ് വാറെൻ ദമ്പതികളെ അവതരിപ്പിക്കുന്നത്. ജാനെറ്റ് ആയി വേഷമിട്ടിരിക്കുന്ന മാഡിസൻ വോൾഫ് മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു.

janet

കഥയില്‍ പുതുമ ഒന്നും അവകാശപ്പെടാനില്ല. ചാഡ് ഹെയ്സ്, ക്യാരി ഡബ്ലിയു ഹെയ്സ് ജെയിംസ് വാന്‍ എന്നിവരുടേതാണ് തിരക്കഥ. കിര്‍ക്ക് മോറിയുടെ ചിത്രസംയോജനവും ഡോണ്‍ വര്‍ജസിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ജോസഫ് ബിഷാരയുടെ ഭീതിയുളവാക്കുന്ന സംഗീതമാണ് കൺജറിങിനെ കൂടുതൽ ഭീകരമാക്കുന്നത്.

conjuring

ചുരുക്കത്തിൽ ഹൊറർ സിനിമകൾ അധികം കാണാത്തവരാണെങ്കിൽ കൺജറിങ് 2 ഒരു സംഭവം തന്നെയായിരിക്കും. അല്ലാതെ കൺജറിങ് ആദ്യഭാഗം പോലെ പേടിച്ച് ബോധംകെടാമെന്ന് വിചാരിച്ച് പോയാൽ നിരാശപ്പെടേണ്ടി വരും.

Your Rating: