Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഠായി പോലെ മധുരം; ദം ലഗാ കെ ഹയ്ഷ

ഒരു സാമ്യവുമില്ലാത്ത ഒരു ചേർച്ചയുമില്ലാത്ത രണ്ടുപേർ വിവാഹിതരായാൽ എന്തു സംഭവിക്കും. സ്വഭാവികമായും വഴക്കിട്ട് പിരിയും. എന്നാൽ ചേർച്ചയില്ലായ്മയിലെ ചേർച്ച കണ്ടെത്തുകയാണ് ശരത്ത് കഠാരെയുടെ ദം ലഗാ കെ ഹയ്ഷ. സൗന്ദര്യമല്ല ദാമ്പത്യത്തിന്റെ അടിത്തറ പരസ്പര വിശ്വാസവും സ്നേഹവുമാണെന്ന് ബോളിവുഡ് മസാലകളൊന്നുമില്ലാതെ കാണിച്ചുതരികയാണ് മിഠായി പോലെ മധുരമുള്ള ഈ ചിത്രം.

വിദ്യാസമ്പന്നൻ അല്ലാത്ത അസാധരണത്വങ്ങളൊന്നുമില്ലാത്ത യുവാവാണ് പ്രേം. പത്താംതരം പോലും പാസാകാതെ കാസറ്റ് കടക്കാരനായി ജീവിതം കഴിച്ചുകൂട്ടുന്ന അയാൾ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിദ്യാസമ്പന്നയായ സന്ധ്യയെ വിവാഹം കഴിക്കുന്നു. കുമാർസാനുവിന്റെ കടുത്ത ആരാധകനായ പ്രേമിന്റെ പ്രണയ സങ്കൽപ്പങ്ങൾക്ക് ചേർന്നവളായിരുന്നില്ല സന്ധ്യ. അഴകളവുകൾ ഒന്നും അവകാശപ്പെടാനില്ലാത്ത തടിച്ചിയായ ഭാര്യയെ അംഗീകരിക്കാനാവാതെ പ്രേമും പ്രേമിന്റെ ബാലിശമായ പെരുമാറ്റങ്ങൾ സഹിക്കാനാവാതെ സന്ധ്യയും കലുഷിതമായ അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുന്നു.

dumlegakahaisha1

എന്നാൽ ഈ പോരായ്മകളെല്ലാം സ്നേഹത്തിൽ അലിയിച്ച് കളയുന്ന ഒരു സംഭവം ജീവിതത്തിൽ വരുന്നതോടെ ഹൃദയസ്പർശിയായ ഒരു അവസാനത്തിലേക്ക് ദം ലഗാ കെ ഹയ്ഷ എത്തിച്ചേരുന്നു.

പ്രേമായി ആയുഷ്മാൻ ഖുറാന മികച്ച പ്രകടനം കാഴ്ച്ചവെച്ചു, എങ്കിലും ഭൂമീപഠേക്കർ എന്ന തുടക്കകാരി സന്ധ്യയായപ്പോൾ ആയുഷ്മാൻ ഒരു പടി പിന്നിലേക്ക് പോയോ എന്ന് സംശയം. തുടക്കകാരിയുടെ പതർച്ചകളില്ലാതെ വെള്ളിത്തിരയിൽ വന്ന ഭൂമിയുടെ സന്ധ്യ പ്രേക്ഷകന്റെ ഹൃദയത്തിലിടം നേടുന്നു. എല്ലാ കൊമേഷ്യൽ ചേരുവകളുമുള്ള സിനിമ, ബോളീവുഡിലെ സാമ്പ്രദായിക സിനിമകളെ ചോദ്യം ചെയ്യുന്നു. അതോടൊപ്പം ദാമ്പത്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾക്കുമുള്ള മറുപടി കൂടിയാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ദം ലഗാ കെ ഹയ്ഷ

1995 കാലഘട്ടത്തിലെ ഹരിദ്വാർ പശ്ചാത്തലമാക്കി അരങ്ങേറുന്ന സിനിമ, പഴയ ടേപ്പ്റിക്കോഡർ വിഡിയോകാസ്റ്റ് യുഗത്തിന്റെ ഗൃഹാതുരത്വവും പ്രേക്ഷകനു സമ്മാനിക്കുന്നു. ആ കാലഘട്ടത്തിന്റെ സംഗീതം പ്രേക്ഷകനിലേക്ക് എത്തിക്കാൻ അരുൺമാലിക്കിന്റെ സംഗീതത്തിന് പൂർണ്ണമായും സാധിച്ചു.

90കളിലെ ഹരിദ്വാറിലെ ജീവിതവും, മാലിന്യവിമുക്തമായ ഗംഗയും, ഹരിദ്വാറിലെ തെരുവുകളും പുനസൃഷ്ടിക്കാൻ ചലച്ചിത്രത്തിന് കഴിഞ്ഞത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. ബോളീവുഡിലെ എക്കാലത്തെയും മികച്ച പ്രണയസിനിമകൾ സമ്മാനിച്ച യഷ്രാജ് ഫിലിംസിന്റെ പ്രണയകിരീടത്തിലെ മറ്റൊരു പൊൻതൂവലാണ് ദം ലഗാ കെ ഹയ്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.