Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടി, ചിരി, വെടി പിന്നെ കുറെ പുക

double-barrel-review

(പരീക്ഷണ ചിത്രമായ ഡബിൾ ബാരലിന് തീർത്തും ഒരു പരീക്ഷണ റിവ്യൂ. എഴുതിയിരിക്കുന്ന കാര്യങ്ങൾ സത്യമാണ്, സത്യം മാത്രമാണ്.)

‍ ‌ഒരാൾ പോലും നല്ലത് പറയാത്ത ഒരു സിനിമ. അതു കാണാൻ പോകുമ്പോൾ പ്രതീക്ഷകളും തീരെ ഇല്ലായിരുന്നു. അടിയും വെടിയുമല്ല ഇനി മിസ്സൈൽ വന്നാൽ പോലും വിരിമാറ് കാണിച്ചു കൊടുക്കാൻ തയ്യാറായി തന്നെയാണ് തീയറ്ററിലേക്ക് ചെന്നതും. ഒാണക്കാലത്ത് സാധാരണ കാണാറുള്ള തിരക്ക് ഇല്ല. ബാൽക്കണിയുടെ മുക്കാൽ പങ്കും ഫസ്റ്റ് ക്ലാസ്സിന്റെ പകുതിയും നിറഞ്ഞിട്ടുണ്ട്.

വരാനിരിക്കുന്ന വെടിവയ്പ്പിനും പൊട്ടിത്തെറിക്കും കാണികളെ സജ്ജമാക്കാനായിരിക്കണം ട്രാൻസ്പോർട്ടറിന്റെയും പുതിയ ബോണ്ട് പടത്തിന്റെയുമൊക്കെ ട്രെയിലറുകൾ ആദ്യമെത്തി .ലോജിക്കില്ലാത്ത കഥയാണ്, നൈജീരിയക്കാർ വരെ മലയാളം പറയും എന്നൊക്കെയുള്ള ജാമ്യ ബോർഡുകൾക്ക് പിന്നാലെ സിനിമ ആരംഭിച്ചു. അത്തള പിത്തള തവളാച്ചി മറിയം വന്നു വിളക്കൂതി.... എന്നു പാടി ആനിമേറ്റഡ് വിഷ്വലുകളോടെ ടൈറ്റിൽ കാർഡ് എത്തി. തീയറ്ററിലെ ലൈറ്റുകൾ പൂർണമായി അണയ്ക്കാത്തതിനാൽ പലരും അന്ധാളിപ്പോടെ മുഖത്തോട് മുഖം നോക്കുന്നത് കാണാമായിരുന്നു.

double-barrel-img

ആദ്യ സീനിൽ തന്നെ ലിജോ സിനിമയുടെ മൂഡ് എന്താണെന്നു മനസ്സിലാക്കി തരും. അടിയില്ല. നെടുനീളൻ ഡയലോഗുകളുമില്ല. വെടി മാത്രം. സണ്ണി വെയ്നും സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും അണി നിരന്ന ആദ്യ രംഗത്ത് നിന്നു നേരെ പൃഥിയുടെയും ഇന്ദ്രജിത്തിന്റെയും കഥാപാത്രങ്ങളിലേക്ക്. ലൈല മജ്നു എന്നീ രത്നങ്ങൾ സ്വന്തമാക്കാൻ വിവിധ സംഘങ്ങൾ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കഥയെന്ന് താമസിയാതെ തന്നെ മനസ്സിലായി. തുടർന്ന് ആര്യ, ചെമ്പൻ വിനോദ്, വിജയ് ബാബു, ഇഷ ഷെർവാണി പിന്നെ പേരറിയാത്ത കുറച്ചു പേർ കൂടി കഥയിൽ ചേരുന്നു. അതോടെ സീൻ കോൺട്ര.

മണ്ടന്മാരായ നാടൻ ഗുണ്ടകളെ കണ്ടിട്ടുണ്ടെങ്കിലും മരമണ്ടന്മാരായ അധോലോക ഗുണ്ടകൾ വ്യത്യസ്തതയായി. കിളി പോയ കഥാപാത്രങ്ങളുടെ പ്രകടനം എല്ലാവർക്കും രസിച്ചെന്നും വരില്ല. ഞങ്ങൾ നിലവാരമുള്ള കോമഡി കേട്ടാലെ ചിരിക്കൂ. ടോം ആൻഡ് ജെറിയും ഐസിയുവുമൊക്കെ ഞങ്ങൾ പണ്ടേ കണ്ടതാ എന്നൊക്കെ പറഞ്ഞ് മസിൽ പിടിച്ചിരിക്കുന്നവർ തുടക്കം മുതൽ ഒടുക്കം വരെ അങ്ങനെ തന്നെ ഇരിക്കേണ്ടി വരും. അല്ലാത്തവർക്ക് മതിമറന്നു ചിരിക്കാനല്ലെങ്കിലും ബോറടിക്കാതിരിക്കാനുള്ള വകുപ്പൊക്കെ ഉണ്ട്.

Double Barrel Official Theatrical Trailer

സംഭവബഹുലമായ ആദ്യ പകുതി കഴിഞ്ഞ് വെട്ടം വീണപ്പോഴെ ബാലരമ നമ്മുടെ വീട്ടിലും ഉണ്ടല്ലോടി എന്നു പറഞ്ഞു ഭാര്യയയെയും മക്കളെയും കൂടി ഒരാൾ ഇറങ്ങിപ്പോയി. ചില ചേച്ചിമാരാവട്ടെ ചേട്ടന്മാരെ നോക്കി മുഖം കറുപ്പിച്ച് ഇരിപ്പുറപ്പിച്ചു. വെടിശബ്ദം കാരണം മര്യാദയ്ക്ക് ഉറങ്ങാൻ പറ്റില്ലെന്ന് ചിലരുടെ പരാതി. ടിപ്പറിന്റെ മുന്നിൽ നിന്ന് രക്ഷപെട്ട് ട്രയിന്റെ മുന്നിൽ ചാടിയ മുഖഭാവത്തോടെ ചിലർ.

എന്തായാലും രണ്ടാം പകുതി തുടങ്ങിയപ്പോഴെ കക്ഷികളൊക്കെ ചാടിക്കേറി ഇരിപ്പുറപ്പിച്ചു. നൈജീരിയക്കാരായ രമേഷും സുരേഷും തുടങ്ങി തൃശൂർക്കാരൻ പൊടിയാടി സോമൻ വരെ അറിഞ്ഞോ അറിയാതെയോ രത്നങ്ങൾക്കായുള്ള ഒാട്ടത്തിൽ പങ്കു ചേർന്നു. രത്നവേട്ട ഒരിടത്ത് നടക്കുമ്പോൾ മറ്റൊരിടത്ത് ചെമ്പനും ആര്യയും രണ്ട് ആത്മാക്കളും കൂടിയുള്ള കറക്കമാണ്. സദാസമയം സിഗരറ്റ് പുകച്ച് കൊമ്പല്ലു കാട്ടി പൊട്ടിച്ചിരിക്കുന്ന ആത്മാവായി സ്വാതി റെഢ്ഡിയും അടിക്കാൻ മാത്രം അറിയാവുന്ന വെടി വയ്ക്കാനറിയാത്ത ആത്മാവായി സ്ഫടികത്തിലെ തുരപ്പൻ ബാസ്റ്റ്യനും.

പലയിടങ്ങളിൽ പല ഫ്രെയിമുകളിൽ സമാന്തരമായി സഞ്ചരിച്ചിരുന്ന കഥാപാത്രങ്ങൾ ക്ലൈമാക്സിൽ ഒരു കുന്നിൻ മുകളിൽ ഒന്നിച്ചെത്തുന്നു. പിന്നങ്ങോട്ട് മിസൈൽ ആക്രമണമല്ലായിരുന്നോ. ബൈക്കും കാറും ഹെലിക്കോപ്റ്ററും ആകെ മൊത്തം ഒരു 3-ാം ലോകമഹായുദ്ധ പ്രതീതി. പടക്കളത്തിൽ പകച്ചു പോയ കൗമാരങ്ങളായി നമ്മുടെ ആസിഫ് അലിയും പേളി മാണിയും. ആകെ മൊത്തം അടി‘വെടി’ പൊടിയരിക്കഞ്ഞി.

arya-double-barrel

100 കോടിക്കു വേണ്ടി അത്ര തന്നെ മുടക്കി നടത്തിയെന്നു തോന്നിപ്പിക്കുന്ന വെടിവയ്പ്പിനും പൊട്ടിത്തെറിക്കും ശേഷം ഒടുവിലത്തെ ചെറിയ ട്വിസ്റ്റും കൂടി ആകുമ്പോൾ ഡബിള്‍ ബാരൽ ശുഭപര്യവസായി ആകുന്നു. യുദ്ധഭൂമിയിൽ നിന്ന് വെടിയേൽക്കാതെ രക്ഷപെടാനുള്ള തത്രപ്പാടിലായിരുന്നു പലരും. കൂവലുകളോടെയാണ് ഭൂരിപക്ഷവും തീയറ്റർ വിട്ടതെങ്കിലും അങ്ങനെ കൂവാൻ തക്ക ഒന്നും ഇല്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം.

രണ്ടു രത്നങ്ങൾ സ്വന്തമാക്കാൻ വേണ്ടി പലർ നടത്തുന്ന ശ്രമങ്ങളെ കോമഡിയിൽ മുക്കി വ്യത്യസ്ത ട്രീറ്റ്മെന്റിൽ പൊരിച്ചെടുത്ത ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ അഭിനന്ദിക്കാതെ വയ്യ. ഭൂരിപക്ഷത്തിനും ദഹിക്കുമായിരുന്ന ഹീറോയിസം നിറഞ്ഞ വിജയഫോർമുലയിലൂടെ കഥയെ കൊണ്ടു പോകാതെ ഇത്തരമൊരു പരീക്ഷണചിത്രം ഒരുക്കിയ അദ്ദേഹത്തിന്റെയും നിർമാതാക്കളുടെയും ധൈര്യത്തെ അംഗീകരിക്കുന്നു.

ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം എന്തു കണ്ടാലും എല്ലാവർക്കും അത് സ്പൂഫ് ആണ്. ഡബിൾ ബാരൽ അത്തരത്തിൽ ഒരു സ്പൂഫ് സിനിമയല്ലെന്ന് ആദ്യം മനസ്സിലാക്കുക. വളരെ ക്യത്യമായ ഒരു ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ നർമത്തിൽ മുക്കി വ്യത്യസ്തതയോടെ അവതരിപ്പിക്കാനാണ് ഇതിന്റെ സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. പിന്നെ കഥയൊന്നും മനസ്സിലായില്ലെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്. സാമാന്യ ബുദ്ധിയുള്ള ആർക്കും ആദ്യ അര മണിക്കൂറിനുള്ളിൽ കഥ എന്താണെന്നു മനസ്സിലാകും. കഥാപാത്രങ്ങൾ പ്രേക്ഷകനെ ചുറ്റിക്കുമെങ്കിലും പറഞ്ഞു പരത്തുന്നതു പോലെ അത്ര ഭീകരമൊന്നുമല്ല ഇൗ സിനിമ.

ഒരു ഡയലോഗ് പോലുമില്ലാത്ത സണ്ണി വെയ്നെ മുതൽ 5 വയസ്സുകാരനെ വരെ ലിജോ തന്റെ വഴിക്ക് കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്, അതിൽ‌ അദ്ദേഹം ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. സ്വന്തം സിനിമകളിൽ എങ്ങനെയെങ്കിലും തല കാണിക്കാനായി സീൻ കൂട്ടിച്ചേർക്കുന്ന നിർമാതാക്കൾക്കിടയിൽ ഷാജി നടേശന്റെ ഉണ്ണി മേരിയെന്ന കഥാപാത്രം വ്യത്യസ്തനായി നിലനിൽക്കും. അഭിനയിച്ച് വിസ്മയിപ്പിച്ചൊന്നുമില്ലെങ്കിലും മല പോലത്തെ ശരീരവും ഉണ്ണിമേരിയെന്ന പേരും വച്ച് അദ്ദേഹം കാണികളെ ചിരിപ്പിക്കും.

അഭിനന്ദൻ രാമാനുജന്റെ ഛായാഗ്രഹണം ലിജോയെന്ന ക്രാഫ്റ്റമാന്റെ മനസ്സിനൊത്ത് നിന്നു. എഡിറ്റിങ് ഒന്നു കൂടി ടൈറ്റാക്കി സിനിമയുടെ ദൈർഘ്യം കുറച്ചിരുന്നെങ്കിൽ ആളുകള്‍ക്ക് കുറച്ചു കൂടി ഇഷ്ടപ്പെട്ടേനെ. എല്ലാവരും പറയും പോലെ ഡബിൾ ബാരൽ അത്ര മോശം സിനിമയൊന്നുമല്ല. ഹരിശ്രീ അശോകന്റെ തമാശകൾ കേട്ടു ശീലിച്ചവർക്ക് അധോലോക നായകൻ തമാശിക്കുന്നത് കേട്ടിട്ട് ദഹിക്കാത്തതു കൊണ്ടും പിന്നെ മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള മടി കൊണ്ടുമാവണം സിനിമ കാണാത്തവർ പോലും അതിനു നേറെ നിറയൊഴിക്കുന്നത്.

‍‘‘കടലു കുഴിച്ചെടുത്ത മണ്ണെല്ലാം എവിടെയാ ? അതൊക്കെ ആകാശത്ത് നക്ഷത്രങ്ങളായി..ഭൂമിത്തൊളളായിരം മണൽത്തരികൾ, ആകാശത്തൊളളായിരം നക്ഷത്രങ്ങൾ,കടലിൽ വീണ മണൽത്തരികളോ,മീനുകളുടെ കണ്ണുകളായി!’’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.